Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ജീവിതപാഠങ്ങള്‍

life-less.jpg

അബൂദര്‍ദ്ദാഅ്(റ), മുആദുബ്‌നു ജബല്‍(റ) എന്നിവര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍, പ്രവാചകന്‍(സ) പറഞ്ഞു: ”നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മയെ നന്മകൊണ്ട് മായ്ച്ചുകളയുക. ജനങ്ങളുമായി നല്ല സ്വഭാവത്തില്‍ വര്‍ത്തിക്കുകയും ചെയ്യുക” (തിര്‍മിദി)

ഈ ഹദീഥ് വായിക്കുമ്പോള്‍ മൂന്ന് കാര്യങ്ങളാണ് എന്റെ മനസ്സില്‍ കടന്നുവരാറുള്ളത്. സൂക്ഷ്മതയും പ്രത്യാശയും സമ്പൂര്‍ണതയുമാണ് നമ്മുടെ ജീവിതത്തിന്റെ ആധാരശിലകളായി വര്‍ത്തിക്കേണ്ടതെന്നാണ് പ്രവാചകന്‍(സ) ആവശ്യപ്പെടുന്നത്. ഹദീഥിന്റെ ആദ്യഭാഗത്തില്‍, എവിടെയായിരുന്നാലും നാം തഖ്‌വ(സൂക്ഷ്മത) ഉളളവര്‍ ആകണമെന്നും തിരുദൂതര്‍ പഠിപ്പിക്കുന്നു. എങ്ങനെയാണ് നമുക്ക് തഖ്‌വ കൈവവരിക്കാനാവുക? ജീവിതത്തിലുടനീളം ദൈവിക ബോധം കാത്തുസൂക്ഷിക്കാന്‍ എങ്ങനെ സാധിക്കും? എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ആദം നബി(അ) യുടെ രണ്ട് പുത്രന്മാരായിരുന്ന ഹാബീലിന്റെയും ഖാബീലിന്റെയും കഥ നമുക്ക് സുപരിചിതമാണ്. അല്ലാഹു ഖുര്‍ആനില്‍ അത് ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.
”നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: ”ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും.” അപരന്‍ പറഞ്ഞു: ”ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.” (അല്‍-മാഇദ: 27)

ഇരുവരും അല്ലാഹുവിന് ബലിയര്‍പ്പിച്ചു. എന്നാല്‍ ഹാബീലിന്റെ ബലിയാണ് അല്ലാഹു സ്വീകരിച്ചത്. ഇതില്‍ അരിശം മൂത്തിട്ടാണ് നിന്നെ കൊല്ലുമെന്ന് ഹാബീലിനോട് ഖാബീല്‍ ആക്രോശിച്ചത്. ബൈബിള്‍ വ്യത്യസ്തമായാണ് ഈ കഥയെ വിവരിക്കുന്നത്. കന്നുകാലി വളര്‍ത്തലായിരുന്നു ഹാബീലിന്റെ ജോലി. എന്നാല്‍ ഖാബീല്‍ കര്‍ഷകനായിരുന്നു. തന്റെ കന്നുകാലികളില്‍ നിന്ന് ഏറ്റവും മുന്തിയ ഇനമാണ് ഹാബീല്‍ അല്ലാഹുവിന്റെ പേരില്‍ ബലിയര്‍പ്പിച്ചത്. എന്നാല്‍ തന്റെ കൃഷിയില്‍ നിന്ന് മിച്ചം വന്നതാണ് ഹാബീല്‍ തന്റെ ബലിയായി സമര്‍പ്പിച്ചത്. ഹാബീല്‍ തന്റെ ബലിയില്‍ ആത്മാര്‍ത്ഥത കാണിക്കുകയും നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും നല്ലത് ബലിയായി നല്‍കുകയും ചെയ്തു. എന്നാല്‍ ഖാബീല്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയില്ല. ഒരു ചടങ്ങ് പോലെ അയാള്‍ തന്റെ ബലി നിര്‍വഹിച്ചു.

ഒരു പ്രതികാര കഥ എന്നതിനപ്പുറം ചിന്തിച്ചാല്‍ രണ്ട് തരത്തിലുള്ള ആരാധനാ രീതികളാണ് ഇത് കാണിച്ചുതരുന്നത്. ഹാബീല്‍ തന്റെ സഹോദരനോട് പറഞ്ഞത് തന്നെയാണ് അവര്‍ ഇരുവരും തമ്മിലുണ്ടായിരുന്ന വ്യത്യാസവും. ആര്‍ ഭയഭക്തി പുലര്‍ത്തുന്നുവോ അവരുടെ ആരാധനകര്‍മ്മങ്ങളാണ് അല്ലാഹു സ്വീകരിക്കുക. ആരാധനകളുടെ അടിവേര് ദൈവഭക്തിയും സൂക്ഷ്മതയും ആയിരിക്കണമെന്നാണ് ഹാബീല്‍ ഖാബീലിനോട് പറഞ്ഞത്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് നാം ചെയ്യുന്ന ഹലാലായ എന്ത് കാര്യവും ആരാധനയാണ്. കര്‍മ്മങ്ങളെ വെറും ആരാധനകള്‍ എന്ന തരത്തിലല്ല നാം കാണേണ്ടത്. നമ്മുടെ ഓരോ കര്‍മ്മവും അല്ലാഹുവിനുള്ള കാണിക്ക ആയിരിക്കണം. ഭൂമിയില്‍ ഒരു വ്യക്തിക്ക് നാം കാണിക്ക സമര്‍പ്പിക്കുമ്പോള്‍ അത് എത്രത്തോളം മുന്തിയതും നിലവാരമുള്ളതുമായിരിക്കണം എന്ന് നാം ആഗ്രഹിക്കുമോ അതിനേക്കാള്‍ സൂക്ഷ്മത ദൈവിക സന്നിധിയിലേക്ക് നാം അര്‍പ്പിക്കുന്ന കര്‍മ്മങ്ങളാകുന്ന കാണിക്കകളില്‍ നാം പുലര്‍ത്തേണ്ടത്.

അങ്ങനെയെങ്കില്‍ നാം നിര്‍വഹിക്കുന്ന ആരാധനകര്‍മ്മങ്ങളും നാം ചെയ്യുന്ന ജോലിയും മറ്റുള്ളവരുമായി നാം നടത്തുന്ന സംഭാഷണങ്ങള്‍ വരെ അല്ലാഹുവിനുള്ള കാണിക്കയായി മാറ്റാനും അതുവഴി സൂക്ഷ്മത കൈവരിക്കാനും നമുക്ക് സാധിക്കും. ആരാധകര്‍മങ്ങളും പ്രവര്‍ത്തനങ്ങളും സംസാരങ്ങളും ഈ ഭൂമിയില്‍ അവസാനിക്കുകയില്ലെന്നും ഇതൊക്കെ നമ്മുടെ കാണിക്കയായി അല്ലാഹുവിലേക്ക് പായ്ക്ക് ചെയ്ത് അയക്കപ്പെടാന്‍ പോവുകയാണെന്നുമുള്ള ബോധം നമുക്കുണ്ടാകും. അതുകൊണ്ട് അവ എത്രത്തോളം മനോഹരമാക്കാന്‍ പറ്റുമോ അത്രത്തോളം മനോഹരമാക്കാന്‍ നാം ശ്രദ്ധിക്കും. എവിടെയായിരുന്നാലും തഖ്‌വ പുലര്‍ത്തുക എന്നതിന്റെ ലളിതമായ വിവക്ഷയും ഇതു തന്നെ. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും, അത് നാം എവിടെയായിരുന്നാലും അല്ലാഹുവിലേക്ക് കാണിക്കയായി അയക്കപ്പെടുകയാണ്. അപ്പോള്‍ അവയെ കഴിവിന്റെ പരമാവധി ഭംഗിയാക്കാന്‍ നാം കാണിക്കുന്ന ആ ജാഗ്രത. അതാണ് തഖ്‌വ.

ഓരോ ദിവസവും അല്ലാഹുവിനോടുള്ള സത്യസാക്ഷ്യം നാം പുതുക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ കടമകള്‍ ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ നിനക്കുള്ളവരാണ് എന്ന് വാക്കു കൊടുത്തു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും ബലികളും നിനക്കുള്ളതാണെന്ന് ഉറപ്പു നല്‍കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ അവയ്ക്ക് വിരുദ്ധമായി ആണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഹദീഥിന്റെ രണ്ടാം ഭാഗത്തില്‍ പ്രത്യാശയാണ് റസൂല്‍ പഠിപ്പിക്കുന്നത് എന്ന് സൂചിപ്പിച്ചു. തിന്മയെ നന്മ കൊണ്ട് അതിജീവിക്കുക. അതിന് രണ്ട് കാര്യങ്ങള്‍ അനിവാര്യമാണ്. ആദ്യമായി, സ്വന്തത്തെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണമെങ്കില്‍ എന്താണ് നാം പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. മനസ്സിന്റെ ആന്തരാവസ്ഥയും പ്രവര്‍ത്തനങ്ങളുടെ ബാഹ്യാവസ്ഥയും മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവുമായി എത്ര അടുത്താണെന്നും എത്ര അകലയാണ് ഞാന്‍ എന്നും തിരിച്ചറിയണം. ചിലപ്പോഴൊക്കെ നമ്മുടെ പാപങ്ങളെ കുറിച്ച് മനസ്സ് കുറ്റബോധം പ്രകടിപ്പിക്കാതിരിക്കില്ല. ബാഹ്യമായ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ മോശത്തരം നമുക്കോ പുറമേയുള്ളവര്‍ക്കോ അനുഭവപ്പെടുന്നില്ലെങ്കിലും മനസ്സ് ചിലപ്പോള്‍ എന്തൊക്കെയോ അശുഭകരമായി പിറുപിറുക്കുന്നുണ്ടാകും. അതിന് ചെവിയോര്‍ക്കണം. അത് ശ്രദ്ധിക്കുകയും പരിഗണിക്കുകയും വേണം. അതിനെ വിശലകനം ചെയ്ത് വിലയിരുത്തി പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണം.

തെറ്റുകള്‍ സംഭവിക്കാത്തവരോ പാപങ്ങള്‍ ചെയ്യാത്തവരോ ആയി ആരുമില്ല. കാരണം, അത് മനുഷ്യസഹജമാണ്. എന്നാല്‍ തെറ്റ് ചെയ്താലും പശ്ചാത്തപിച്ച് മടങ്ങുക എന്നതാണ് ഉദാത്തമായ ഗുണം. സ്വന്തം പാപങ്ങളെ തിരിച്ചറിയുമ്പോള്‍ സ്വന്തത്തോട് വെറുപ്പല്ല തോന്നേണ്ടത്. മറിച്ച്, സ്വന്തത്തോട് തന്നെ ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകാണ് വേണ്ടത്. കാരണം, തൗബ അല്ലെങ്കില്‍ പശ്ചാത്തപം എന്നത് ഒരു ആത്മവിശ്വാസം കൂടിയാണ്. അതുകൊണ്ട് സ്വന്തത്തെ തിരിച്ചറിയുക എന്നത് തന്നെയാണ് പ്രധാനം. രണ്ടാമതായി, പാപങ്ങളെ തിരിച്ചറിയാന്‍ ഉതകുന്ന വിധത്തില്‍ ശരീഅത്തിനെ മനസ്സിലാക്കണം എന്നതാണ്. പരസ്യമായി മനുഷ്യര്‍ ചെയ്യുന്ന ധാരാളം പാപങ്ങളുണ്ട്. മറ്റുള്ളവര്‍ കാണുന്നതിലോ അറിയുന്നതിലോ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല. കാരണം, തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധം പോലും അവര്‍ക്കില്ല. സാമൂഹ്യ ബന്ധങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പലപ്പോഴും ഇത്തരം തെറ്റുകള്‍ നാം ആവര്‍ത്തിക്കുന്നു. അവയെ ചെറുക്കണമെങ്കില്‍ ശരീഅത്തില്‍ അറിവു നേടുകയും അത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയുമാണ് വേണ്ടത്. ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും നല്ല ആളുകളുമായി സഹവസിക്കുകയും നന്മയില്‍ സഹകരിക്കുകയും നന്മ വളര്‍ത്തുകയുമാണ് നാം ചെയ്യേണ്ടത്. അതിലാണ് ജീവിതം സമ്പൂര്‍ണമാകുന്നത് എന്ന് റസൂല്‍ പഠിപ്പിക്കുന്നു.

വിവ: അനസ് പടന്ന

Related Articles