Current Date

Search
Close this search box.
Search
Close this search box.

മുന്‍വിധി നന്നല്ല

tie1.jpg

ആശുപത്രിയില്‍ നിന്നും ലഭിച്ച അടിയന്തര സന്ദേശം സ്വീകരിച്ച് ഡോക്ടര്‍ കുതിച്ചെത്തി. ഒരു പിഞ്ചുകുട്ടിയുടെ ജീവന്‍ അപകടത്തിലാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണം. ഡോക്ടര്‍ വസ്ത്രം മാറി ഓപ്പറേഷനുള്ള ഒരുക്കങ്ങളുമായി ധൃതിയില്‍ തിയേറ്ററിലേക്ക് കുതിച്ചു. അവിടെ പുറത്ത് കുട്ടിയുടെ പിതാവ് വളരെ അസ്വസ്തയോടെ കാത്തിരിക്കുന്നു. ഡോക്ടറെ കണ്ടയുടനെ അയാള്‍ തട്ടിക്കയറി : ‘എത്ര സമയമായി കാത്തിരിക്കുന്നു. എന്റെ മകന്റെ ജീവന്‍ അപകടത്തിലാണ്. നിങ്ങള്‍ക്കൊന്നും യാതൊരു ഉത്തരവാദിത്വ ബോധവുമില്ലേ?’ ഡോക്ടര്‍ സൗമ്യമായി പുഞ്ചിരിച്ചു. എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു : ‘ക്ഷമിക്കണം. ഞാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഫോണ്‍കോള്‍ വന്നയുടനെ ഞാന്‍ പുറപ്പെട്ടു. നിങ്ങള്‍ ശാന്തനാകൂ’. ‘ഞാന്‍ എങ്ങിനെ ശാന്തനാകും? നിങ്ങളുടെ മകനാണ് ഓപ്പറേഷന്‍ തിയേറ്ററിലുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ശാന്തനാകാന്‍ കഴിയുമോ? നിങ്ങളുടെ സ്വന്തം മകന്‍ മരണപ്പെടുകയാണെങ്കില്‍ നിങ്ങളെന്താണ് ചെയ്യുക?’ അയാള്‍ രോഷത്തോടെ ചോദിച്ചു.

ഡോക്ടര്‍ വീണ്ടും പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു : ‘പരിശുദ്ധ വേദഗ്രന്ഥത്തില്‍ പറഞ്ഞ വാക്യം ഞാനപ്പോള്‍ പറയും. ‘ നമ്മളെല്ലാം മണ്ണില്‍ നിന്ന് വന്നു. മണ്ണിലേക്ക് തന്നെ മടങ്ങുകയും ചെയ്യും’. ഡോക്ടര്‍മാര്‍ ഒരിക്കലും ഒരു ജീവനും രക്ഷിക്കുന്നില്ല. അതിനാല്‍ മകന് വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുക. ഞങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിച്ചു നോക്കട്ടെ.’

‘ഉത്കണ്ഠയില്ലാത്ത ആള്‍ക്ക് ഉപദേശം നല്‍കുക എന്നത് എളുപ്പമുള്ള ജോലിയാണ്’ അയാള്‍ പിറുപിറുത്ത് കൊണ്ടിരുന്നു.

മണിക്കൂറുകള്‍ക്കകം ഓപറേഷന്‍ നടന്നു. ഡോക്ടര്‍ പുറത്തിറങ്ങി. ആ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. ‘ദൈവമാണ് മഹാന്‍! അവന് നന്ദി. താങ്കളുടെ മകന്‍ സുരക്ഷിതനാണ്.’ കുട്ടിയുടെ പിതാവിന്റെ പ്രതികരണത്തിന് കാത്തുനില്‍ക്കാതെ ഡോക്ടര്‍ ധൃതിയില്‍ നടന്നു. ‘കൂടുതല്‍ വല്ലതും അറിയണമെങ്കില്‍ നെഴ്‌സിനോട് ചോദിക്കുക’ ഇതും പറഞ്ഞ് ഡോക്ടര്‍ മറഞ്ഞു.

‘എന്റെ മകന്റെ വിവരങ്ങള്‍ അറിയിക്കാന്‍ പോലും ഇയാള്‍ക്ക് സമയമില്ലേ? വല്ലാത്തൊരു മനുഷ്യന്‍ തന്നെ’ നഴ്‌സിനെ കണ്ടപാടെ കുട്ടിയുടെ പിതാവ് ദേഷ്യത്തോടെ പറഞ്ഞു. പെട്ടെന്നാണ് അയാള്‍ അത് ശ്രദ്ധിച്ചത്. നഴ്‌സിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. അവര്‍ പറഞ്ഞു ‘ആ മനുഷ്യന്റെ മകന്‍ ഇന്നലെയാണ് മരണപ്പെട്ടത്. ഒരു റോഡപകടമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ ഓപറേഷന് വിളിക്കുമ്പോള്‍ സ്വന്തം മകന്റെ മയ്യിത്ത് ഖബറടക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം. അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പെ അദ്ദേഹം ഇവിടെ ഓടിയെത്തി. ഇപ്പോള്‍ ബാക്കി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധൃതിയില്‍ അദ്ദേഹം പോയത്.’ നിറകണ്ണുകളോടെ അവര്‍ പറഞ്ഞു. ഇതുകേട്ട് കുട്ടിയുടെ പിതാവ് ഷോക്കേറ്റത് പോലെ തരിച്ചു നിന്നു.

ഈ കഥ വലിയൊരു മൂല്യബോധം പ്രസരിപ്പിക്കുന്നുണ്ട്. ഒരു കാര്യത്തെ കുറിച്ചോ വ്യക്തിയെ കുറിച്ചോ ഗുരുതരമായ രീതിയില്‍ മുന്‍വിധികള്‍ പാടില്ല. നമ്മള്‍ പ്രത്യക്ഷത്തില്‍ പെട്ടെന്ന് കാണുന്നത് ഒന്നുമല്ല യഥാര്‍ഥ കാഴ്ച്ചകളും വസ്തുതകളും. മുന്‍വിധികളില്‍ പലതും ശരിയായെന്നു വരാം. പക്ഷെ അതൊരു പൊതു കാഴ്ച്ചപ്പാടായി മാറിയാല്‍ പ്രശ്‌നമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത് : ‘നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുക, കാരണം ചില ഊഹങ്ങള്‍ പാപമാകാന്‍ സാധ്യതയുണ്ട്.’ (സൂറ ഹുജുറാത്ത്)

മറ്റൊരു സംഭവം നോക്കൂ. നാട്ടിലെ പ്രമാണിയും സമ്പന്നനുമായ ഒരാളുടെ അടുത്ത് ചിലര്‍ ഒരു സ്ഥാപനത്തിന്റെ പിരിവിന് വന്നു. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ എത്രയോ തുഛമായ തുകയാണ് അദ്ദേഹം നല്‍കിയത്. ഇത് പിരിവിന് വന്നവരില്‍ വലിയ പ്രയാസമുണ്ടാക്കി. അദ്ദേഹത്തെ ഏതാണ്ടൊക്കെ പറയുകയും ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം അവരിലൊരാള്‍ സ്ഥാപനത്തിലെ അക്കൗണ്ടന്റുമായി നടത്തിയ സംഭാഷണമധ്യേ ഈ വ്യക്തിയെക്കുറിച്ച പരാമര്‍ശമുണ്ടായി. ‘എല്ലാവര്‍ഷവും ലക്ഷത്തോളം രൂപ സ്‌പോണ്‍ഷര്‍ഷിപ്പ് ഇനത്തില്‍ നല്‍കുന്ന വ്യക്തിയാണയാള്‍’ എന്ന് അക്കൗണ്ടന്റ് പറഞ്ഞതുകേട്ട് പിരിവിന് പോയ വ്യക്തി സ്തംഭിച്ചു പോയി. എല്ലാവരും ഇങ്ങനെയായിരിക്കുമെന്നല്ല. പക്ഷെ അങ്ങിനെ ഒരുപാട് പേരുണ്ടെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല എന്നതാണ്.

ഒരു കോളേജില്‍ പരുക്കന്‍ സ്വഭാവമുള്ള ഒരധ്യാപകനുണ്ടായിരുന്നു. ചെറിയ വൈരൂപ്യമുണ്ട് അയാള്‍ക്ക്. അയാളുടെ നോട്ടത്തിന് പോലും ഒരു ക്രൗര്യഭാവമുണ്ടായിരുന്നു. അയാളുമായി ഒരിക്കലും അടുത്തിടപഴകിയിട്ടില്ലാത്ത ചില വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് ‘കാട്ടു പോത്ത്’ എന്ന് പേര് പതിച്ചു നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥിക്ക് ആ സ്ഥാപനത്തിലെ ഏറ്റവും സ്‌നേഹസമ്പന്നനും മനുഷ്യത്വവുമുള്ള വ്യക്തി ആ അധ്യാപകനാണെന്ന് ബോധ്യമായി. കൂട്ടുകാരോട് അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

മുന്‍വിധികളും ഊഹങ്ങളും ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി കാര്യങ്ങളില്‍ ഒരു ഉറപ്പിലേക്കെത്തുക എന്നതാണ്. പഠിച്ചും നിരീക്ഷിച്ചും മനസ്സിലാക്കിയുമാണ് അത് ചെയ്യേണ്ടത്. പ്രവാചകന്‍ പഠിപ്പിച്ചതും അതാണ്. ‘സംശയകരമായ കാര്യങ്ങള്‍ വെടിഞ്ഞ് ഉറപ്പുള്ളതിലേക്ക് പോവുക’.

Related Articles