Current Date

Search
Close this search box.
Search
Close this search box.

മാധ്യമ പ്രവര്‍ത്തകരോടുള്ള വസിയ്യത്ത്

media.jpg

ഇസ്‌ലാമിക മാര്‍ഗത്തിലെ പ്രതിരോധ പ്രവര്‍ത്തനത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇസ്‌ലാമിന്റെ പ്രകാശം പരത്തുന്ന ജാലകങ്ങളെയാണ് അവന്‍ പ്രതിനിധീകരിക്കുന്നത്. അതിനാല്‍ തന്നെ ഉല്‍കൃഷ്ട ഗുണങ്ങള്‍ ആര്‍ജിച്ച് ഇതര മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിം മാധ്യമ പ്രവര്‍ത്തകന്‍ മാതൃകയാകേണ്ടതുണ്ട്.

ഇസ്‌ലാമിക സ്വത്വത്തിലാണ് മുസ്‌ലിം മാധ്യമപ്രവര്‍ത്തകന്റെ വ്യക്തിപരവും സാംസ്‌കാരികവുമായയ അസ്ഥിത്വം രൂപപ്പെടുത്തേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആധുനികവും അടിസ്ഥാനപരവുമായ എല്ലാ യോഗ്യതകളും അവന്‍ നേടിയെടുക്കണം. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ സൂക്ഷിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കുന്നു.

1.  ഈമാന്‍ പുതുക്കുകയും കര്‍മങ്ങള്‍ അല്ലാഹുവിനുമാത്രം അര്‍പിക്കുകയും എല്ലാം അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. എങ്കില്‍ നിന്റെ ജോലിയില്‍ ബറകത്തും പരലോകത്ത് ഉത്തമ പ്രതിഫവും ലഭിക്കും. നിന്റെ ജോലി അപ്രകാരം ഒരു ഇബാദത്ത് ആക്കി മാറ്റുക.

2. ഇസ്‌ലാമിക മാധ്യമ പ്രവര്‍ത്തനം എന്നത് കേവലമായ ഒരു ജോലിയല്ല, മറിച്ച് ഇബാദത്തും സമര്‍പ്പണവും അല്ലാഹുവിന്റെ ദീനിനെ ഭൂമുഖത്ത് ഔന്നിത്യത്തോടെ ഉയര്‍ത്തി നിര്‍ത്താനുമുള്ള ജിഹാദുമാണ്. അതിനാല്‍ മുജാഹിദുകളുടെ പ്രതിഫലം നിനക്ക് ലഭിക്കും.

3. മാധ്യമ മേഖലയില്‍ ഇസ്‌ലാമിക ശരീഅത്ത് മുറുകെ പിടിക്കുക. സംശയങ്ങളുള്ളവയില്‍ നിന്നും ഹറാമില്‍ നിന്നും സൂക്ഷമത പാലിക്കുക.

4. സാഹചര്യത്തിന്റെ സമ്മര്‍ദ്ധമുണ്ടാകുമ്പോഴും പ്രലോഭനങ്ങള്‍ നേരിടുമ്പോഴും നിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കുക. അല്ലാഹുവിനോടും നിന്റെ സമുദായത്തോടും രാഷ്ട്രത്തോടും കൂറുപുലര്‍ത്തുകയും ചെയ്യുക.

5. മാധ്യമരംഗത്തെ കര്‍മശാസ്ത്രവിധികളും അതിര്‍ വരമ്പുകളും തിരിച്ചറിയുക. അത് നിന്നെ ഇസ്‌ലാമിക തത്വങ്ങളില്‍ നിന്ന് വഴുതി മാറുന്നതില്‍ നിന്ന് സംരക്ഷിക്കും. അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവന് ദീനില്‍ അവഗാഹം നല്‍കും എന്നാണല്ലോ പ്രവാചക അധ്യാപനം.

6. ഉപകാരപ്രദമായ നൂതന സാങ്കേതിക വിദ്യകള്‍  ആര്‍ജിക്കുന്നതില്‍ മത്സരിക്കുക. അതില്‍ വ്യുല്‍പത്തി നേടിയവരില്‍ നിന്ന് കൂടുതല്‍ പഠിക്കുക. പ്രവാചകന്‍ പറഞ്ഞു: വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അത് എവിടെ കണ്ടാലും അതിന് ഏറ്റവും അര്‍ഹന്‍ അവന്‍ തന്നെ.

7. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതിക്കും വേണ്ടി നിലകൊളളുക. പക്ഷപാതിത്വത്തോടു കൂടി ആരോടും പെരുമാറരുത്. എല്ലാവരും മനുഷ്യ സന്തതികളാണ്.

8. വ്യക്തിഹത്യ, സംഘടനാ തേജോവധം  തുടങ്ങിയവയില്‍ നിന്ന് അകന്നു നില്‍ക്കുക. തിന്മയെ നന്മകൊണ്ട് നേരിടുക. കല്ലുകൊണ്ട് എറിയുന്നവര്‍ക്കും മധുരമുള്ള ഫലം നല്‍കി പ്രതികരിക്കുന്ന വൃക്ഷത്തെ പോലെയാകുക നീ.

9. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും രാഷ്ട്രത്തോടും ശത്രുത വെച്ചു പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഇരയാകാതിരിക്കുക. പ്രലോഭനങ്ങളും മറ്റുമായി വരുന്നവരെ കരുതിയിരിക്കുക.

10. അന്യായമായുള്ള ധനസമ്പാദനവും സാമ്പത്തിക ഇടപാടുകളും സൂക്ഷിക്കുക. ഹറാമില്‍ ഊട്ടപ്പെട്ട എല്ലാം നരകത്തോടു കൂടുതല്‍ അടുത്തുനില്‍ക്കുന്നതാണ്.

11. ജനങ്ങളെ തൃപ്തിപ്പെടുത്താനായി ദൈവിക കോപം വിളിച്ചുവരുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതിരിക്കുക. അല്ലാഹുവിന്റെ തൃപ്തിയിലാണ് ശാശ്വത വിജയം.

12. നിന്റെ ജോലി എളുപ്പമാകുക എന്ന ലക്ഷ്യത്തോടെ അനീതിയും അക്രമവും പ്രവര്‍ത്തിക്കുന്നതിലേക്ക് ചായയരുത്. ദീനിനോട് യുദ്ധം പ്രഖ്യാപിച്ചവരോട് നീ ഇടപഴകുകയും ചെയ്യരുത്.

13. അധാര്‍മികവും മ്ലേഛവുമായ വിനോദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. നിന്നെ എത്ര വിസ്മയിപ്പിച്ചാലും നന്മയും തിന്മയും സമമാകുകയില്ലല്ലോ..

14. മറ്റുളളവരുടെ അഭിപ്രായങ്ങളെ ആദരിക്കുക. നിന്റെ അഭിപ്രായം തെറ്റാവാന്‍ സാധ്യതയുള്ള ശരിയാണ്. ഇതരരുടേത് ശരിയാകാന്‍ സാധ്യതയുള്ള തെറ്റാണ് എന്ന കാഴ്ചപ്പാട് പുലര്‍ത്തുക. ഇതിലൂടെ നിന്നോട് അഭിപ്രായ ഭിന്നതയുളളവരുടെ സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ സാധിക്കും.

15. നിയമങ്ങളെയും ഭരണഘടനയെയും മാനിക്കുക. പ്രത്യക്ഷമായ രീതിയില്‍ മതവിരുദ്ധമാകാത്തതില്‍ നീ നിയമം ലംഘിക്കരുത്. നിയമപരമായ മാര്‍ഗേണ ലക്ഷ്യത്തിലെത്തുക എന്നതായിരിക്കണം നിന്റെ ലക്ഷ്യം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles