Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകളില്‍ ഉണ്ടാകേണ്ടത്

mahallu.jpg

പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനായ തമ്പുരാന്റെ പേരില്‍ വായിക്കാന്‍ കല്‍പിച്ചുകൊണ്ട്  അവതീര്‍ണമായ ഗ്രന്ഥത്തിന്റെ അവകാശികളാണ് മുസ്‌ലിംകള്‍. ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ ഏറെ നിരക്ഷരര്‍ ഉള്ളത് ഈ ‘ഉത്തമ സമുദായ’ ത്തിലാണ്. ഡമസ്‌കസിലും ബഗ്ദാദിലും കൊര്‍ദോവയിലുമുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ക്ക് എവിടെയും തുല്യതകള്‍ ഇല്ലായിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു. രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക എന്ന കല്‍പന നെഞ്ചേറ്റിയത് കൊണ്ടാണ് വൈദ്യശാസ്ത്രത്തിലെ അവസാന വാക്കായ ഇബ്‌നുസീനയും ചരിത്രത്തിന്റെ ആധികാരിക ശബ്ദമായി മാറിയ ഇബ്‌നു ഖല്‍ദൂനും തത്വചിന്തയുടെ ആചാര്യനായ ഇബ്‌നു റുഷ്ദുമൊക്കെ ഉണ്ടായത്. ആവേശത്തോടെയും രോമാഞ്ചത്തോടെയും ഈ കഥകള്‍ വായിച്ചു പോകുമ്പോള്‍, ഖേദപൂര്‍വം ഓര്‍ത്തുപോകുകയാണ്, കേരളത്തിലെ അതിസമ്പന്ന ഗള്‍ഫ് കേന്ദ്രങ്ങളിലൊന്നും കാര്യമായ ഗ്രന്ഥാലയമോ വായനശാലയോ പോലുമില്ല, പത്ത്-പത്തര മണിയോടെ പൂട്ടുന്ന മദ്‌റസകളിലോ, മല്‍സര ബുദ്ധിയോടെ പണിതുയര്‍ത്തിയ പള്ളി പരിസരത്തോ, ഇത്തരം ഗ്രന്ഥശാലകള്‍ ഏര്‍പ്പെടുത്താന്‍ നിഷ്പ്രയാസം സാധിക്കും.

ലോകമൊട്ടാകെ ഹരിതവല്‍ക്കരണവും പരിസ്ഥിതി സംരക്ഷണവുമൊക്കെ സജീവമായി ചര്‍ച്ച ചെയ്തുവരുന്നു. അന്ത്യനാളിന്റെ കാഹളം വിളി കേട്ടാലും കൈയിലുള്ള ഫലവൃക്ഷ തൈ നടണമെന്നാണ് പ്രവാചകന്റെ കല്‍പന. ഒരാള്‍ നട്ടുവളര്‍ത്തിയ മരത്തണലില്‍ വഴിയാത്രക്കാര്‍ വിശ്രമിച്ചാലും, അതിന്മേല്‍ കായ്ച്ച പഴങ്ങള്‍ പക്ഷി മൃഗാദികള്‍ ഭക്ഷിച്ചാലും മരണാനന്തരവും പ്രതിഫലം കിട്ടുമെന്നും നബിതിരുമേനി പഠിപ്പിച്ചിരിക്കുന്നു. ആര്‍ത്ത് പെയ്യുന്ന മഴയും ഫലഭൂയിഷ്ഠമായ മണ്ണുമുള്ള മലയാള നാട്ടില്‍ മാങ്ങയും, ചക്കയും, സപ്പോട്ടയും, കദളിപ്പഴവും, പപ്പായയും ജൈവവളം ചേര്‍ത്ത് കൃഷി ചെയ്യാന്‍ മുന്‍കൈ എടുക്കേണ്ടത് മുസ്‌ലിംകളല്ലേ?

ആകാശത്തില്‍ നിന്ന് മഴവര്‍ഷിപ്പിച്ച മഹാ അനുഗ്രഹത്തെ പറ്റി അല്ലാഹു ഖുര്‍ആനില്‍ അനേകം തവണ എടുത്തോതിയിട്ടുണ്ട്. ആ മഴവെള്ളം പാഴായിപ്പോകാതെ സൂക്ഷിച്ച് വെച്ച് ശ്രദ്ധിച്ചു വിനിയോഗിക്കേണ്ടതിനെ പറ്റി സാധാരണ ബോധവല്‍ക്കരിക്കേണ്ടത് വിവരമുള്ളവരുടെ ബാധ്യതയാണ്.

പച്ചപിടിച്ചു നില്‍ക്കുന്ന പറമ്പുകളും ഗ്രന്ഥശാലയില്‍ പോയി വായിക്കുകയും ചര്‍ച്ച നടത്തുകയും സംവാദസായാഹ്നങ്ങള്‍ നടത്തുകയും ചെയ്യുന്ന യുവജനങ്ങളും അതത് കാലത്തെ ഏറെ വളര്‍ച്ച പ്രാപിച്ച കോഴ്‌സുകളില്‍ ചേര്‍ന്ന് അധ്വാനിച്ചു പഠിക്കുന്ന വിദ്യാര്‍ഥികളും ഉള്ള മഹല്ലുകളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമങ്ങള്‍ നടക്കേണ്ടത്. ഇത്തരം ഒരു മാതൃകാ സമൂഹം സജീവമായി നിലകൊള്ളുമ്പോഴാണ് ഇതര ജനവിഭാഗങ്ങള്‍ക്ക് അവരുടെ ആശയാദര്‍ശങ്ങളുടെ പ്രസക്തി ബോധ്യപ്പെടുക.
 

Related Articles