Current Date

Search
Close this search box.
Search
Close this search box.

മരണവെപ്രാളം യാഥാര്‍ത്ഥ്യമാവുമ്പോള്‍

death.jpg

മരണമെന്ന യാഥാര്‍ത്ഥ്യം. ദൈവത്തിന്റെ അലംഘനീയ വിധി. സാമര്‍ത്ഥ്യം വിലപ്പോവാത്ത സമയം. മരണത്തിന്  മുന്നില്‍ എന്ത് സാമര്‍ത്ഥ്യം! ശക്തന്‍മാരുടെ ശക്തി ക്ഷയിക്കുന്ന സന്ദര്‍ഭം. തന്ത്രങ്ങള്‍ പരാജയപ്പെടുന്ന ഘട്ടം. സമ്പന്നന്റെ പ്രതീക്ഷയും സൗധങ്ങളും തകര്‍ന്നു നിലംപരിശാകുന്ന വേള.

പടക്കളത്തിലെ ധീരനായ പോരാളിയും സമര്‍ത്ഥനായ യുദ്ധതന്ത്രജ്ഞനുമായിരുന്ന അംറ് ബിന്‍ അല്‍ ആസ്വ് മരണാസന്നനായി കിടക്കുന്ന സന്നര്‍ഭം.  – മകന്‍ അബ്ദുല്ലാഹ് ബിന്‍ അസ്സാഹിദ് പറഞ്ഞു. ‘പ്രിയ പിതാവേ, മരണത്തെക്കുറിച്ച് എനിക്ക് വിവരിച്ചു തന്നാലും. സത്യം മാത്രം പറയുന്ന താങ്കള്‍ക്കാണതിന്  കഴിയുക’. പിതാവ് മറുപടി പറഞ്ഞു. ‘പൊന്നു മോനേ, ഈ ലോകത്തെ മുഴുവന്‍ പര്‍വ്വതങ്ങളും എന്റെ നെഞ്ചത്ത് കയറ്റി വെച്ചതായി എനിക്ക് തോന്നുന്നു. സൂചിക്കുഴയിലൂടെയാണ് എന്റെ  ശാസ്വോഛാസം എന്നെനിക്ക് അനുഭവപ്പെടുന്നു’.

കഅ്ബുല്‍ അഹ്ബാറിനോട് ഖലീഫ ഉമര്‍(റ) ഇതേ ചോദ്യം ചോദിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘മുള്ളുകള്‍ നിറഞ്ഞ ഒരു വടി കൊണ്ട് പ്രഹരിക്കുന്നത് പോലെയാണത്. ഓരോ മുള്ളും എല്ലുകളിലേക്ക് ആഴ്ന്നിറങ്ങിയ ശേഷം ആ വടി വലിച്ചെടുക്കുമ്പോള്‍ എല്ല് മുഴുവന്‍ ശരീരത്തില്‍ നിന്ന് വലിച്ചെടുക്കപ്പെടുന്ന പോലത്തെ ഭീകരമായ അനുഭവം’

സമ്പന്നതയുടെ മടിത്തട്ടില്‍ സര്‍വ്വവിധ ഭൗതിക ഐശ്വര്യങ്ങളും അനുഭവിച്ച് സുഖലോലുപനായി ജീവിച്ച ഒരു ഭൂതകാലം, ഉമവീ ഖലീഫയായിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിനുണ്ടായിരുന്നു. പരിചാരക വൃന്ദങ്ങള്‍ക്കിടയില്‍ തിന്നും കുടിച്ചും മദിച്ചും രാജകീയമായി ജീവിച്ച സന്ദര്‍ഭം. പക്ഷെ ഖലീഫ സ്ഥാനത്തെത്തിയ ഘട്ടത്തില്‍, മുന്‍ കഴിഞ്ഞ ഖലീഫമാരുടെ പാത പിന്തുടര്‍ന്നതോടെ ആ സൗകര്യങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചത് ഖബറിലെ ആദ്യരാത്രിയുടെ ഭയാനകതയെ ഓര്‍ത്തായിരുന്നു. ഖലീഫ പദവിയില്‍ ഒരാഴ്ച പിന്നിട്ടതോടെ, അദ്ദേഹം ആകെ ശോഷിച്ച് എല്ലും തോലുമായി. ശരീരത്തിന്റെ നിറമാകെ മാറി. ഒരൊറ്റ ജോഡി വസ്ത്രം മാത്രമായിരുന്നു ആകപ്പാടെ ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ഈ രൂപമാറ്റത്തിന്റെയും ക്ഷീണത്തിന്റെയും കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി പറഞ്ഞു. ‘രാത്രിയില്‍ അദ്ദേഹം ഉറങ്ങാറില്ല. അഥവാ കിടന്നാല്‍ തന്നെ തീക്കനലില്‍ കിടന്ന കണക്കെ പിടക്കുന്ന മനസോടെയാണ് രാത്രികള്‍ തള്ളി നീക്കാറ്. ‘മുഹമ്മദ് നബി (സ) യുടെ സമുദായത്തെ നയിക്കാനുള്ള ബാധ്യത എന്നില്‍ അര്‍പ്പിതമായിരിക്കുന്നു. നാളെ പരലോകത്ത് വച്ച് ദരിദ്രരും കുട്ടികളും വിധവകളുമടങ്ങുന്ന സമൂഹത്തിന്റെ കാര്യത്തില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടുമല്ലോ’ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കും’.

ഒരിക്കല്‍ അദ്ദേഹം പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പോകുന്ന വഴിയില്‍ ഖബറിടങ്ങള്‍ക്കരികിലൂടെ നടക്കാനിടയായി. ദീര്‍ഘനേരം അവിടെ നിന്ന് കരഞ്ഞ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ‘എന്റെ സഹോദരങ്ങളുടെയും പിതാക്കന്‍മാരുടെയും വല്യുപ്പമാരുടെയും അയല്‍ക്കാരുടെയും ഖബ്‌റുകളാണിവ. മരണം ഇവരെ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടയോ’..?    മരണം പറയും: ‘ഞാനവരുടെ കണ്ണുകള്‍ ഭക്ഷിച്ചിരിക്കുന്നു. കൈകള്‍ തോളെല്ലില്‍ നിന്നും, കാലുകള്‍ മുട്ടില്‍ നിന്നും വേര്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ അവയവയങ്ങളും ഛിന്നഭിന്നമാക്കിയിരിക്കുന്നു’. ഇതും പറഞ്ഞ് വീണ്ടും വീണ്ടും അദ്ദേഹം വിങ്ങിപ്പൊട്ടി.

ദൈവം തമ്പുരാന്‍ പറയുന്നു. ‘മരണവെപ്രാളം യാഥാര്‍ത്ഥ്യങ്ങളും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്നുവോ അതാണിത്. കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്റെ ദിവസം. കൂടെയൊരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത്. (അന്ന് സത്യനിഷേധിയോടു പറയപ്പെടും). തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു.’ ( ഖാഫ് 19-22)

വിശാലമായ സാമ്രാജ്യത്തിനധിപനായിരുന്ന ഖലീഫ ഹാറൂന്‍ റഷീദ് ,  ബാഗാദില്‍ വലിയൊരു കൊട്ടാരം പണിത ശേഷം മുഴുവന്‍ കവികളെയും വിളിച്ചു വരുത്തി അതിനെ വര്‍ണ്ണിച്ച് കവിത എഴുതാനാവശ്യപ്പെട്ടു. കൂട്ടത്തില്‍ ഭൗതിക വിരക്തനായ കവി അബുല്‍ അതാഹിയ, ഭൗതിലോകത്തിന്റെയും അതിലുള്ളവയുടെയും നശ്വരതയെക്കുറിച്ചും മരണത്തെക്കുറിച്ചും വിവരിച്ചപ്പോള്‍, താന്‍ ചെയ്ത വിവരക്കേടോര്‍ത്ത് ഖലീഫ കരഞ്ഞു പോയി.

മരണം ആസന്നമാകുമ്പോള്‍ അശ്രദ്ധരുടെ പ്രതികരണം
ദഹബി പറയുന്നു. അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ മരണാസന്നായിക്കിടന്നപ്പോഴുള്ള രോദനം, അലക്കുകാരനായ അയല്‍വാസി കേള്‍ക്കാനിടയായി. ‘ഞാനൊരു അലക്കുകാരനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ ! ഞാന്‍ ഖലീഫയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ’. ഇറാഖിലെ മുസ്അബ് ബിന്‍ സുബൈറിനെ കൊലപ്പെടുത്തിയത് ഈ അബ്ദുല്‍ മലികായിരുന്നു.

സച്ചരിതരുടെ മരണവേള
മരണാസന്നനായ മുആദ് ബിന്‍ ജബല്‍ (റ) പറഞ്ഞു. ‘നാഥാ, രാത്രി നമസ്‌ക്കാരത്തിനും പകലിലെ നോമ്പിനും പണ്ഡിതന്‍മാരൊത്തുള്ള സഹവാസത്തിനും വേണ്ടിയല്ലാതെ ഞാനെന്റെ സമയം ചിലവഴിച്ചിട്ടില്ല. അതിനാല്‍ നീയെന്നെ നരകത്തിലേക്കു വഴിനടത്തല്ലേ പടച്ചവനേ’.

എന്നാല്‍ നമ്മളുടെ അവസ്ഥയോ, സുഭിക്ഷമായി ഭക്ഷണം കഴിച്ച, ആഢംബര വാഹനത്തില്‍ യാത്ര ചെയ്ത, കൊട്ടാര സദൃശമായ സൗധങ്ങളില്‍ താമസിച്ച അനുഭവങ്ങളാണോ നമുക്ക് പറയാനുണ്ടാവുക. പ്രമുഖ ഹദീസ് പണ്ഡിതനായ അഅ്മശിന്റെ മരണവേളയില്‍ മക്കള്‍ കരയുന്നത് കണ്ട അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ കരയണ്ട, അറുപത് വര്‍ഷമായി ഒരു നമസ്‌ക്കാരവും മുടക്കാതെയാണ് ഞാന്‍ അല്ലാഹുവിലേക്ക് പോകുന്നത’്.

ആമിര്‍ ബിന്‍ സാബിത്ത് ‘എന്നെ സുജൂദിലായിരിക്കെ മരിപ്പിക്കണേ’ എന്ന് നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അപ്രകാരം തന്നെ അദ്ദേഹം ഒരു മഗ്‌രിബ് നമസ്‌ക്കാരത്തിലെ സുജൂദിലായിരിക്കെ അന്തരിച്ചു. എത്ര നല്ല മരണം.

അതിനാല്‍ ദൈവവിശ്വാസികളേ, സമയം നഷ്ടപ്പെടുത്താതെ സല്‍ക്കര്‍മങ്ങളില്‍ ഏര്‍പ്പെടുക. തിരിഞ്ഞു നോക്കാന്‍ പോലും സമയം തരാതെ കടന്നു വരുന്ന അതിഥിയായ മരണത്തെ സുസ്‌മേരവദനരായി സ്വീകരിക്കുവാന്‍ നമുക്കു സാധിക്കണം.  

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles