Current Date

Search
Close this search box.
Search
Close this search box.

‘മരണനിമിഷങ്ങളെ ധന്യമാക്കിയവര്‍ ‘

cardiogram.jpg

നമുക്ക് ഏതാനും നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാം, മനുഷ്യന്‍ ഇഹലോകത്ത് നിന്ന് വിടവാങ്ങുന്ന, മരണത്തിന്റെ ഭീകരമുഖത്തെ മുന്നില്‍ കാണുന്ന നിമിഷങ്ങള്‍. സകല ആസ്വാദനങ്ങളും തകര്‍ന്നടിയുന്ന നിമിഷങ്ങളാണവ. ‘മരണവെപ്രാളം യാഥാര്‍ഥ്യമായി ഭവിക്കുന്നു.’ (ഖാഫ് 19)
ഗുണപാഠവും, ചിന്തയുമുണര്‍ത്തുന്ന നിമിഷമാണത്. അവയില്‍ ചില പാഠങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പകര്‍ന്ന് നല്‍കട്ടേ? നമുക്ക് ഹൃദയങ്ങളെ അദൃശ്യലോകത്തേക്ക് ചലിപ്പിക്കാം, മനസ്സിന്റെ മോഹങ്ങളൊക്കെയും സ്വര്‍ഗീയാരാമത്തിലേക്ക് ഉയര്‍ന്ന് പറക്കട്ടെ….’അവരുടെ ചരിത്രത്തില്‍ ബുദ്ധിയുള്ളവര്‍ക്ക് ഗുണപാഠമുണ്ടായിരുന്നു’.
നബി തിരുമേനി (സ) പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഉണര്‍ത്തുകയാണ്. ‘എല്ലാ അടിമയും ഏതൊരു സാഹചര്യത്തിലാണോ മരണപ്പെട്ടത് അതുപോലെയാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക.’

യാത്രാനിമിഷം
സല്‍ക്കര്‍മിയായ, ധാരാളം ആരാധനകള്‍ നിര്‍വഹിച്ചിരുന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം മക്കയില്‍ ഇഹ്‌റാം ചെയ്‌തെത്തി. കൂടെ കുറച്ച് കൂട്ടുകാരുമുണ്ടായിരുന്നു. അവര്‍ എത്തിയപ്പോഴേക്കും ഇശാ നമസ്‌കാരം അവസാനിച്ചിരുന്നു. അദ്ദേഹം അവരെയും കൊണ്ട് നമസ്‌കാരം തുടങ്ങി. ഹറമിലാണ് നമസ്‌കാരം. നന്മയുടെ പാതയിലാണുള്ളത്. സൂറത്തുള്ളുഹാ ആയിരുന്നു അദ്ദേഹം പാരായണം ചെയ്തിരുന്നത്. ‘താങ്കള്‍ക്ക് വരാനിരിക്കുന്നതാണ് ആദ്യത്തേതിനേക്കാള്‍ ഉത്തമം’ എന്നര്‍ത്ഥം വരുന്ന ആയത്ത് പാരായണം ചെയ്ത് കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ശ്വാസം നിലച്ച് തുടങ്ങി. ‘താങ്കളുടെ നാഥന്‍ താങ്കള്‍ക്ക് ഔദാര്യം നല്‍കുകയും അപ്പോള്‍ താങ്കള്‍ തൃപ്തിയടയുകയും ചെയ്യും’ എന്ന ആയത്ത് പാരായണം ചെയ്ത് അദ്ദേഹം ചലനമറ്റ് താഴെ വീണു. ‘അല്ലയോ ശാന്തി നേടിയ ആത്മാവേ. നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക.’ (ഫജ്ര്‍ 27,28)

മറ്റൊരാള്‍, അദ്ദേഹം തന്റെ യുവത്വത്തിന്റെ പ്രസരിപ്പില്‍ തന്നെ പള്ളിയില്‍ ബാങ്ക് വിളിക്കുന്നയാളായിരുന്നു. അതിനിടെ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കുടുംബം മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറി. എന്നാല്‍ ബാങ്ക് വിളിക്ക് നേരമാവുന്നതിന് മുമ്പ് എല്ലാ ദിവസവും തന്നെ പള്ളിയിലെത്തിക്കണമെന്ന നിബന്ധനയോടെയാണ് അദ്ദേഹം അവരുടെ കൂടെ പോയത്. അങ്ങനെ അദ്ദേഹം എല്ലാ ദിവസവും ളുഹ്‌റിന് മുമ്പ് ബന്ധുക്കളുടെ സഹായത്തോടെ പള്ളിയിലെത്തുകയും ഇശാ നമസ്‌കാരത്തിന് ശേഷം തിരിച്ച് പോവുകയും ചെയ്യും. വര്‍ഷങ്ങളോളം ഈ പതിവ് തുടര്‍ന്നു. പക്ഷെ, അദ്ദേഹത്തിന് രോഗം ബാധിക്കുകയും, നടക്കാന്‍ വയ്യാതാവുകയും ചെയ്തു.
ഒരു ദിവസം അദ്ദേഹത്തിന് അല്‍പമൊന്ന് ആശ്വാസം തോന്നിയപ്പോള്‍ മക്കളോട് വുദു ചെയ്യുന്ന സ്ഥലത്തേക്ക് തന്നെ കൂട്ടിക്കൊണ്ട് പോവാന്‍ നിര്‍ദേശിച്ചു. അപ്രകാരം അദ്ദേഹം വുദു ചെയ്ത് വന്നു ബാങ്ക് വിളിച്ചതിന് ശേഷം ഇഖാമത്ത് കൊടുക്കാന്‍ തുടങ്ങി. ഇഖാമത്ത് കൊടുക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞ് വീണു മരിച്ചു. ബാങ്കുമായി നിരന്തര ബന്ധം കാത്തു സൂക്ഷിച്ച ആ ജീവിതത്തിന് അല്ലാഹു നല്‍കിയ പരിസമാപ്തി എത്ര മഹത്തരം! പ്രവാചകന്‍ (സ) ഇപ്രകാരം അരുളിയിരിക്കുന്നു ‘അന്ത്യനാളില്‍ മൂന്ന് വിഭാഗമാളുകള്‍ക്ക് കസ്തൂരിയുടെ ഗന്ധമുണ്ടായിരിക്കുന്നതാണ്. എല്ലാവരും അവര്‍ക്ക് ചുറ്റും വന്ന് കൂടിയിരിക്കും. അഞ്ച് നേരത്തെ നമസ്‌കാരത്തിന് വിളിക്കുന്ന ബാങ്കുകാരന്‍ അവരിലൊന്നാണ്.’

ഫുളൈല്‍ ബിന്‍ ഇയാദിന്റെ മകന്‍ അലി നിര്‍മല മനസ്സുള്ള യുവാവായിരുന്നു. സ്വര്‍ഗ-നരകങ്ങളെക്കുറിച്ചോ, മരണത്തെയോ, ഖബ്‌റിനെയോകുറിച്ചോ ഓര്‍മിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം പൊട്ടിക്കരയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു പള്ളിയില്‍ ഇമാമായിരുന്നു. തന്റെ മകന്‍ പിന്നിലുണ്ടെന്നറിഞ്ഞാല്‍ അദ്ദേഹം അവനെ വേദനിപ്പിക്കാത്ത, പ്രയാസപ്പെടുത്താത്ത ആയത്തുകളായിരുന്നു പാരായണം ചെയ്തിരുന്നത്. മകന്‍ പിന്നിലില്ലെന്ന് ബോധ്യപ്പെട്ടാല്‍ നമസ്‌കരിക്കുന്നവരെ കരയിപ്പിക്കുന്ന, അവരുടെ ഹൃദയത്തെ മറിച്ചിടുന്ന വചനങ്ങളായിരിക്കും അദ്ദേഹം പാരായണം ചെയ്തിരുന്നത്. ഒരു ദിവസം മകന്‍ പിന്നിലില്ലെന്ന് ധരിച്ച ഫുളൈല്‍ സൂറത്തുല്‍ മുഅ്മിനൂന്‍ പാരായണം തുടങ്ങി. നരകവാസികളെ വിശേഷിപ്പിക്കുന്ന ‘അവര്‍ പറയും: ‘ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴ്‌പെടുത്തി. ഞങ്ങള്‍പിഴച്ച ജനതയായിപ്പോയി. ‘ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ! ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിക്രമികള്‍ തന്നെയായിരിക്കും. അല്ലാഹു പറയും: ‘നിങ്ങളവിടെത്തന്നെ അപമാനിതരായി കഴിയുക. എന്നോടു മിണ്ടരുത്.’ എന്നര്‍ത്ഥമുള്ള ആയത്തായിരുന്നു അദ്ദേഹം പാരായണം ചെയ്തിരുന്നത്. അത് കേട്ട് പിന്നില്‍ നമസ്‌കരിക്കുകയായിരുന്ന അലി ബോധമറ്റു വീണു. കാര്യമറിഞ്ഞ ആ പിതാവ് നമസ്‌കാരം ലഘൂകരിച്ചു.
നമസ്‌കാരത്തിന് ശേഷം അവന്റെ മുഖത്ത് വെള്ളം തെളിക്കുകയും ബോധം തിരിച്ച് ലഭിക്കുകയുമുണ്ടായി. മറ്റൊരിക്കല്‍ അതുപോലെത്തന്നെ മകന്‍ പിന്നിലില്ലെന്ന് വിചാരിച്ച ഫുളൈല്‍ സൂറത്തുസ്സുമറിലെ നരകവുമായി ബന്ധപ്പെട്ട ആയത്ത് പാരായണം ചെയ്തു. പക്ഷെ നമസ്‌കാരത്തിനെത്തിയിരുന്ന മകന്‍ അലി അത് കേട്ടു വീണ്ടും ബോധംകെട്ടു വീണു. നമസ്‌കാരത്തിന് ശേഷം എല്ലാവരും അവന്റെ മുഖത്ത് വെള്ളം തെളിച്ചു. പക്ഷെ ഒരു നിലക്കും അവന് ബോധം തെളിഞ്ഞില്ല. എല്ലാ നിലക്കും പരിശ്രമിച്ചിട്ടും അവന്‍ അനങ്ങിയത് പോലുമില്ല. തന്റെ മകന്‍ അലി ഈ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നുവെന്ന് ആ പിതാവ് തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. ‘അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.’ (നിസാഅ് 69)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles