Current Date

Search
Close this search box.
Search
Close this search box.

മരണത്തിന്റെ മറ്റൊരു മുഖം

dead.jpg

നമ്മുടെ ഭാവനകളിലും അനുഭവങ്ങളിലും സംസ്‌കാരത്തിലും മരണത്തിന് വളരെ വികൃതമായ മുഖമാണുള്ളത്. സ്‌നേഹിക്കുന്നവരോടുള്ള വിടവാങ്ങലും ശരീരത്തിന്റെ നാശവുമാണത്. ജീവിത പുസ്തകത്തിന്റെ മടക്കിവെച്ച്, പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ച് മണ്ണിലലിയുന്ന പ്രക്രിയയാണത്. അതുകൊണ്ട് മരണത്തോടൊപ്പം ദുഖമുണ്ടായിരിക്കും. നിരാശ അതിന്റെ കൂട്ടുകാരനായുണ്ടാകും. അതിനെതുടര്‍ന്ന് വിലാപങ്ങളുയരുന്നു. അനുശോചനങ്ങള്‍ പ്രവഹിക്കുന്നു. ആശ്വസിപ്പിക്കാന്‍ സന്ദര്‍ശകരെത്തുന്നു. പ്രാര്‍ഥനകളില്‍ മുഴുകുന്നു.

ചിലര്‍ക്ക് മരണമെന്നത് മനുഷ്യന്റെ ഭൗതിക ശരീരത്തിന് സംഭവിക്കുന്ന കേവലം ചില മാറ്റങ്ങള്‍ മാത്രമാണ്. അതിനപ്പുറമുള്ളതെല്ലാം അവര്‍ അവഗണിക്കുന്നു. മരിക്കുമ്പോള്‍ ശരീരത്തിന്റെ അവസ്ഥ മാറുന്നു. ദേഹത്തിന് ദേഹിയെ നഷ്ടമാകുന്നു. ചലനശേഷിയും കഴിവുകളും ഇല്ലാതാകുന്നു. അവന്‍ വെറും ഒരു അചേതനവസ്തുവായി മാറുന്നു. ഇനി അത് മണ്ണില്‍ കുഴിച്ചുമൂടുകയല്ലാതെ വേറെ വഴിയില്ല. മറമാടുന്നതോടെ ശരീരം നശിച്ചുപോകുന്നു. ഇത് മാത്രമാണോ മരണം? കാഴ്ചയും കേള്‍വിയും ഹൃദയവുമുള്ള മനുഷ്യന്റെ പൂര്‍ണനാശവും അവസാനവുമാണോ അത്?

വിശുദ്ധ ഖുര്‍ആന്‍ ഈ കാര്യങ്ങള്‍ നമ്മുടെ ഭാവനക്കോ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കോ വിട്ടുകൊടുത്തിട്ടില്ല. ഖുര്‍ആന്‍ ഒരു സൃഷ്ടിയുടെ അസ്ഥിത്വം രൂപപ്പെടുന്നത് മുതല്‍് അത് സ്വര്‍ഗത്തിലോ നരകത്തിലോ എത്തുന്നതുവരെയുള്ള മുഴുവന്‍ ചിത്രങ്ങളും വിവരിക്കുന്നുണ്ട്. അത് വളരെ വ്യക്തവും സമഗ്രവുമാണ്. അതിലൊരു അവ്യക്തതയുമില്ല. ഖുര്‍ആന്‍ വിശദീകരിക്കുന്ന മരണം നശ്വരമായ ലോകത്തുനിന്നും ശാശ്വതമായ ലോകത്തേക്കുള്ള യാത്രയുടെ തുടക്കമാണ്. മനുഷ്യന്റെ ശരീരം വിടപറഞ്ഞെങ്കിലും ആത്മാവ് ബാക്കിയുണ്ടാകും. കാരണം ശരീരത്തിന്റെ മരണം ആത്മാവിന്റെ പുതുജന്മത്തെയാണ് കുറിക്കുന്നത്. ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് വന്നതുപോലെ ഇതുമൊരു ജന്മമാണ്. ഗര്‍ഭപാത്രത്തെക്കാള്‍ വിശാലമായ ലോകത്തേക്കാണ് നാം പിറന്ന് വീഴുന്നത്. ഈ ലോകത്തുനിന്ന് മരണമാകുന്ന ജന്മത്തോടെ കൂടുതല്‍ വിശാലവും ശാശ്വതവുമായ മറ്റൊരു ലോകത്തേക്കാണ് നാം പോകുന്നത്. മരണത്തോടെ രണ്ട് പ്രധാന സംഭവങ്ങള്‍ക്കാണ് മനുഷ്യന്‍ സാക്ഷ്യം വഹിക്കുന്നത്. ഒന്ന്, മണ്ണില്‍ നിന്ന് മണ്ണിലേക്ക് മനുഷ്യന്‍ യാത്ര തുടങ്ങുന്നു. അല്ലാഹു പറയുന്നു: ‘ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍നിന്നു തന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും.’ (20:55) രണ്ട്, ആത്മാവ് ദേഹത്തെ വിട്ട് അദൃശ്യമായ മറ്റൊരു ലോകത്തേക്ക് പോകുന്നു.

മരണപ്പെട്ടവരുടെ അവസ്ഥകളെകുറിച്ച് അല്ലാഹു നമ്മോട് വിവരിക്കുന്നുണ്ട്. സത്യവിശ്വാസികളെ മലക്കുകള്‍ നല്ല രീതിയില്‍ സ്വീകരിക്കുന്നു. ‘വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: ‘നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണിത്.’ (16:32) അതുപോലെ രക്തസാക്ഷികള്‍ക്ക് ലഭിക്കുന്ന വളരെ ഉന്നതമായ സ്ഥാനത്തെകുറിച്ചും അല്ലാഹു വിവരിക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കേകിയ തില്‍ അവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്ന് അവരറിയുന്നതിനാലാണിത്.’ (3:169,170)

പ്രവാചകനും മരണശേഷമുള്ള ദൃശ്യങ്ങളെ കുറിച്ച് സുന്ദരമായ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. രക്തസാക്ഷികളുടെ ആത്മാവുകള്‍ പച്ചക്കിളികളായി സ്വര്‍ഗത്തില്‍ പാറിനടക്കും. സ്വര്‍ഗത്തിലെ പഴങ്ങള്‍ ഭക്ഷിക്കും, അതിലെ ആറുകളില്‍ നിന്ന് പാനം ചെയ്യും. നാഥന്റെ സിംഹാസനത്തിന് താഴെ അവര്‍ ചേക്കേറും. ഇങ്ങനെ പ്രവാചകന്‍ വിവരിക്കുന്നുണ്ട്. മരണം ഒരു അവസാനമോ നാശമോ അല്ല.

ഒരിക്കല്‍ പ്രശസ്ത താബിഈ പണ്ഡിതനായ അബൂഹാസിം അഅ്‌വജിനോട് സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക്ക് ചോദിച്ചു: ‘ഞങ്ങള്‍ക്കെന്താണ് സംഭവിച്ചത്? ഞങ്ങള്‍ മരണത്തെ വെറുക്കുന്നു, ഐഹിക ജീവിതത്തെ പ്രണയിക്കുന്നു.’ അബൂഹാസിം മറുപടി പറഞ്ഞു: ‘കാരണം നിങ്ങള്‍ ഐഹിക ജീവിതത്തെ കെട്ടിപ്പൊക്കി. പാരത്രിക ജീവിതത്തെ നശിപ്പിച്ചു. അതുകൊണ്ട്, സുഖസൗകര്യങ്ങളില്‍ നിന്ന് നാശത്തിലേക്ക് പോകാന്‍ നിങ്ങള്‍ ഭയപ്പെടുന്നു.’ സുലൈമാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ മുമ്പിലെത്തുന്നത് എപ്രകാരമാണ്?’ അബൂഹാസിം പറഞ്ഞു: ‘കാണാതായ മനുഷ്യന്‍ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത്‌പോലെ സന്തോഷത്തോടെ സത്യവിശ്വാസി അല്ലാഹുവിലേക്കെത്തും. ഒളിച്ചോടിയ അടിമ തന്റെ യജമാനന്റെ അടുത്തേക്ക് വരുന്നത്‌പോലെ മടിച്ച് മടിച്ച് നിഷേധികളും അധര്‍മികളും നാഥന്റെ അടുത്തേക്ക് വരും.’

പ്രവാചകന്റെ വചനങ്ങള്‍ എത്ര സത്യമാണ്. പ്രവാചകന്‍ പറഞ്ഞു: ‘ഐഹിക ജീവിതം വിശ്വാസിയുടം തടവറയാണ്. നിഷേധിയുടെ സ്വര്‍ഗവും.’ വിശ്വാസി മരിക്കുകയെന്നത് അവന്‍ ജയില്‍മോചിതനാകുന്നതിന് തുല്യമാണ്. നിഷേധി മരിക്കുന്നതോടെ തടവിലാകുന്നത് പോലെയും.

വിശ്വാസിയുടെയും നിഷേധിയുടെയും മരണത്തെകുറിച്ച് സഈദ് നൂര്‍സി രസകരമായ ഉദാഹരണം നല്‍കുന്നുണ്ട്. കുറെകാലം കൂടെ വളര്‍ന്ന് ജീവിച്ച് സ്‌നേഹിച്ച് പിരിയാന്‍ കഴിയാത്ത തരത്തില്‍ അടുത്ത നൂറുപേരുണ്ട് ഒരു നാട്ടില്‍. അതിലെ 99 പേരും മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്തു. ഒരാള്‍ക്ക് മാത്രം പോകാന്‍ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ അയാള്‍ക്ക് തന്‍രെ കൂട്ടുകാരിലേക്ക് തിരിച്ച് പോകാനുള്ള ആഗ്രഹം എത്രയായിരിക്കും! ഈ അവസ്ഥയാണ് ഇഹലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന സത്യവിശ്വാസിക്കുണ്ടാവുക. അവന്‍ തന്റെ നാഥന്റെ അടുത്തെത്താന്‍ ആഗ്രഹിച്ച്‌കൊണ്ടിരിക്കും. മരണത്തോടെ അവന്റെ ആഗ്രഹം സഫലമാകുന്നു.

കുറെകാലം ഒന്നിച്ച് കൂട്ടുകാരായി ജീവിച്ച മറ്റൊരു നൂറ്‌പേരുണ്ട്. അവരില്‍ ഒരാള്‍ക്ക് ബാക്കി 99 പേരെ പിരിഞ്ഞ് മറ്റൊരിടത്തേക്ക് പോകേണ്ടതുണ്ട്. അയാള്‍ക്ക് പ്രിയപ്പെട്ടവരെ പിരിയാന്‍ എന്ത് പ്രയാസമായിരിക്കും! അതുപോലെയാണ് നിഷേധിയുടെ കാര്യം. അവന് മരണം അതികഠിനമായിരിക്കും. ഐഹിക ജീവിതത്തിന്റെ സുഖമുപേക്ഷിക്കാന്‍ അവന് മനസ്സ് വരില്ല. വിശ്വാസിക്ക് മരണമെന്നത് മധുരിക്കുന്നൊരനുഭവമായിരിക്കും. നിഷേധിക്ക് പ്രയാസകരമായ ദുരനുഭവവുമായിരിക്കും. വിശ്വാസി മരിക്കുമ്പോള്‍ അവന്‍ അതിയായി സന്തോഷിക്കും. അവന് തന്റെ നാഥനെ കണ്ടുമുട്ടുന്നതില്‍ വലിയ സന്തോഷമുണ്ടാകും. എന്നാല്‍ അവന്റെ ബന്ധുക്കളും സുഹൃത്തുകളുമായ മറ്റുള്ളവര്‍ അവന്റെ മരണത്തില്‍ വിഷമിക്കും. എന്നാല്‍ നിഷേധിക്ക് മരിക്കാന്‍ വലിയ പേടിയായിരിക്കും. അവന് അതൊരു ദുരനുഭവമായിരിക്കും. എന്നാള്‍ അവന് ചുറ്റുമുള്ളര്‍ക്ക് അവന്റെ മരണം ഒരു ആശ്വാസമായിരിക്കും.

മരണത്തെ കുറിച്ച് സത്യവിശ്വാസിയുടെ വീക്ഷണം ഇപ്രകാരമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ മരണം അപ്പുറത്തെന്താണെന്ന് കണ്ടെത്താനാകാത്ത സമസ്യയായി അനുഭവപ്പെടുക നിഷേധികള്‍ക്ക് മാത്രമാണ്. അവന് അവസാനിക്കാത്ത ദുഖങ്ങളും ആശങ്കകളുമായിരിക്കും മരണം നല്‍കുക.

വിവ: ജുമൈല്‍ പി പി
 

Related Articles