Current Date

Search
Close this search box.
Search
Close this search box.

മനുഷ്യബുദ്ധി ആര്‍ക്കും പണയപ്പെടുത്താനുള്ളതല്ല

brain-intelectual.jpg

മനുഷ്യബുദ്ധിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന എല്ലാറ്റില്‍ നിന്നും മോചിപ്പിക്കാനാണ് ഇസ്‌ലാം വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചക ചര്യയിലൂടെയും അതിന്റെ മുഴുവന്‍ അധ്യാപനങ്ങളിലൂടെയും നിര്‍ദേശങ്ങളിലൂടെയും ശ്രമിക്കുന്നത്. ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ബുദ്ധിക്ക് തടസ്സം സൃഷ്ടിക്കുന്ന എല്ലാറ്റില്‍ നിന്നുമുള്ള മോചനമാണത്. അന്തിമമായ വിശകലനത്തില്‍ അശ്രദ്ധരായ പൊതുജനങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്നുള്ള മോചനമാണത്. പലരും തങ്ങളുടെ പിതാക്കന്‍മാരുടെ പാതയാണ് പിന്‍പറ്റാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. സമൂഹത്തിലെ വലിയവരുടെയും അധ്യാപകരുടെയും വഴി തെരെഞ്ഞെടുത്തവരുണ്ട്. തങ്ങളുടെ ബുദ്ധിക്ക് ദീര്‍ഘകാല അവധി നല്‍കി തങ്ങള്‍ക്ക് വേണ്ടി അവര്‍ ചിന്തിക്കട്ടെ എന്നതാണ് ഇക്കൂട്ടരുടെ നിലപാട്. ഇവര്‍ ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചോദ്യം ചോദിക്കുകയോ ഇല്ല. തങ്ങളുടെ പക്കലുള്ള മെഴുകുതിരി കത്തിച്ച് അതിന്റെ വെളിച്ചം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാത്തവരാണിവര്‍.

നമ്മുടെ സമൂഹത്തിലെ ചില ആളുകളുടെയെല്ലാം അവസ്ഥ ഏറെ അത്ഭുതകരമാണ്. ബുദ്ധി വിനിയോഗിച്ച് ചിന്തിക്കാത്ത അവര്‍ക്ക് മുന്‍കൂറായി നിലപാടുണ്ട്. ജനങ്ങളോടൊപ്പം, അല്ലെങ്കില്‍ ഭൂരിപക്ഷത്തോടൊപ്പം എന്നതാണ് ആ നിലപാട്. ആളുകളെല്ലാം ‘അതെ’ എന്നാണെങ്കില്‍ ഞാനും ‘അതെ’. ആളുകള്‍ ‘അല്ല’ എന്നാണെങ്കില്‍ ഞാനും ‘അല്ല’ എന്നു പറയുന്നതാണ് അവരുടെ നിലപാട്. യഥാര്‍ഥത്തില്‍ ബുദ്ധിയും ചിന്തയും സംസ്‌കാരവും മതവുമെല്ലാം ഉള്ള ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം ഇതൊരു നിലപാടേ അല്ല.

ഓരോ മനുഷ്യനും സ്വന്തത്തെ കുറിച്ച് ഉത്തരവാദിത്വമുള്ളവനായിരിക്കെ, തന്റെ ചിന്തയെയും വ്യക്തിത്വത്തെയും ഉത്തരവാദിത്വത്തെയും കളഞ്ഞുകുളിക്കുന്ന ഈ അവസ്ഥ ഖേദകരമാണ്. സ്വന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മറ്റൊരാളും ഉണ്ടാവുകയില്ല. ”ഓരോ മനുഷ്യനും താന്‍ പ്രവര്‍ത്തിച്ചതിന് പണയപ്പെട്ടിരിക്കുന്നു.” (ഖുര്‍ആന്‍ – 74:38)
നബി(സ)യും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നബി(സ) പറയുന്നു: ”നിങ്ങള്‍ കൂടെകൂടികളാവരുത്. ജനങ്ങള്‍ നന്മ ചെയ്താല്‍ ഞങ്ങളും നന്മ ചെയ്യും, അവര്‍ അതിക്രമം കാണിച്ചാല്‍ ഞങ്ങളും അതിക്രമം കാണിക്കും എന്ന് പറയുന്നവരാണവര്‍. നിങ്ങളാവേണ്ടത് മനസ്സുകളെ നിയന്ത്രിക്കുന്നവരാണ്. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മ ചെയ്യുവിന്‍, അവര്‍ മോശമായി പെരുമാറിയാല്‍ നിങ്ങള്‍ അതിക്രമം കാണിക്കരുത്.”

കൃത്യമായ നിലപാടും തീരുമാനവും അഭിപ്രായവും ഉള്ളവനാക്കി മാറ്റുന്നതിലൂടെ ഇസ്‌ലാം മനുഷ്യന്റെ സ്ഥാനമുയര്‍ത്തുകയാണ് ചെയ്യുന്നത്. ബുദ്ധിയും യുക്തിയും മാറ്റിവെച്ച് ഏതെങ്കിലും വ്യക്തിയെയോ കൂട്ടത്തെയോ പിന്തുടരുന്നതിന് പകരം ചിന്തിച്ച് തന്റേതായ തീരുമാനമെടുക്കുന്നവനാക്കി മാറ്റുന്നു. പൊതു സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന രാഷ്ട്രങ്ങളില്‍ അവിടെയുള്ള ചിലര്‍ തങ്ങളുദ്ദേശിക്കുന്നതിലേക്ക് ആളുകളെ നയിക്കുകയാണ് ചെയ്യുന്നത്. അവര്‍ നയിക്കപ്പെടുന്നത് അവരുദ്ദേശിക്കുന്നതിലേക്കല്ല. അവരെല്ലാം കൂടെക്കൂടികളായി മാറിയിരിക്കുകയാണ്. അവരെ നയിക്കുന്ന ആ ശക്തി പ്രവാചകന്‍മാരെ കളവാക്കുകയാണെങ്കില്‍ ചിന്തിക്കാത്ത അവരും പ്രവാചകനെ കളവാക്കും. ജനങ്ങളെല്ലാം പിശാചിനൊപ്പം കൂടിയാല്‍ അവരും അതിനൊപ്പം ചേരും.

അത്തരക്കാരുടെ നിലപാടിനെ കുറിച്ച് ശൗഖി അവരുടെ തന്നെ വാക്കുകളായി പറയുന്നു:
ഹുസൈനെ ഞാന്‍ സ്‌നേഹിക്കുന്നു, എന്നാല്‍
എന്റെ നാവ് അദ്ദേഹത്തിനെതിരാണ്, എന്റെ ഹൃദയം അദ്ദേഹത്തൊടൊപ്പവും
നാട്ടില്‍ പ്രശ്‌നം കൊടുമ്പിരി കൊണ്ടാല്‍
നീ രക്ഷതേടുന്നുവെങ്കില്‍ കൂടെകൂടിയാവാം.

ഇക്കൂട്ടരെ ഇസ്‌ലാം സ്വാഗതം ചെയ്യുന്നില്ലെന്ന് മാത്രമല്ല, എതിര്‍ക്കുകയും ചെയ്യുന്നു. കാരണം അത് നിര്‍മിക്കുകയല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്. ജീവിപ്പിക്കുകയല്ല; മരിപ്പിക്കുകയാണ്. ശക്തിപ്പെടുത്തുകയല്ല; ദുര്‍ബലപ്പെടുത്തുകയാണ്. അല്ലാഹു സൃഷ്ടിപ്പില്‍ മനുഷ്യനില്‍ സംവിധാനിച്ചിരിക്കുന്ന ബുദ്ധിയും ശേഷികളും മനസ്സും ഉപയോഗിച്ച് ജീവിക്കാനാണ് ഇസ്‌ലാമും ഇസ്‌ലാമികാധ്യാപനങ്ങളും ശരീഅത്തും ആഹ്വാനം ചെയ്യുന്നത്. ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് അല്ലാഹു അവന്റെ ഗ്രന്ഥവും അവതരിപ്പിക്കുകയും ദൂതന്‍മാരെ അയക്കുകയും പ്രപഞ്ചത്തെ സൃഷ്ടിച്ച് പ്രാപഞ്ചിക നിയമങ്ങള്‍ സംവിധാനിക്കുകയും ചെയ്തിരിക്കുന്നത്.

വിവ: നസീഫ്‌

Related Articles