Current Date

Search
Close this search box.
Search
Close this search box.

‘മനുഷ്യപുത്രാ, ഞാന്‍ രോഗിയായി എന്നിട്ട് നീയെന്നെ പരിചരിച്ചില്ല!’

patient.jpg

അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ് ആരോഗ്യം. രോഗം പരീക്ഷണവുമാണ്. വിശ്വാസിക്ക് രോഗം ബാധിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ പരീക്ഷണമായി മനസ്സിലാക്കുകയും അതില്‍ സഹനം കൈകൊള്ളുകയും ചെയ്യും. ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ ബാധിക്കുന്ന രോഗത്തിലും അവന് ഗുണപാഠമുണ്ട്. രോഗികളെ സന്ദര്‍ശിക്കുന്നതിന് ഇന്ന് സമൂഹത്തില്‍ വളരെയധികം പ്രാധാന്യം നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ രോഗിയെ സന്ദര്‍ശിക്കാനാണോ അതല്ല പരിചരിക്കാനാണോ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്ന് ഒരു വിലയിരുത്തല്‍ നടത്തേണ്ട്ത് വളരെ അനിവാര്യമാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഖബ്ര്‍ സന്ദര്‍ശനം പോലെ നടത്തേണ്ട ഒന്നല്ല രോഗീസന്ദര്‍ശനം എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. രോഗികളെ പരിചരിക്കുന്നത് ഐഛികമാണെന്ന് വീക്ഷണമുള്ള പണ്ഡിതന്‍മാരുണ്ട്. അത് നിര്‍ബന്ധ ബാധ്യതയായും സാമൂഹ്യ ബാധ്യതയായും വീക്ഷിക്കുന്നവരും ഉണ്ട്. ഒരാള്‍ രോഗിയായാല്‍ അയാളെ സംരക്ഷിക്കലും പരിചരിക്കലും തങ്ങളുടെ ബാധ്യതയായി സമൂഹം മനസ്സിലാക്കണം എന്നാണതിന്റെ താല്‍പര്യം. രോഗിക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്ന അവസരത്തില്‍ അതിനെ ഐഛിക കര്‍മ്മമായും, അല്ലാത്ത അവസ്ഥയില്‍ നിര്‍ബന്ധ ബാധ്യതയായും മാറുന്ന കര്‍മമാണിതെന്ന് ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം.

രോഗീപരിചരണം നിര്‍ബന്ധ ബാധ്യതയാണെന്ന് കുറിക്കുന്ന നിരവധി പവാചക വചനങ്ങള്‍ നമുക്ക് കാണാം. ‘വിശക്കുന്നവന് അന്നം നല്‍കുക, രോഗിയെ ശുശ്രൂഷിക്കുക, ബന്ധനസ്ഥനെ മോചിപ്പിക്കുക’ (ബുഖാരി) മറ്റൊരിടത്ത് പ്രവാചകന്‍(സ) രോഗീപരിചരണത്തെ നിര്‍ബന്ധ ബാധ്യതായിട്ടാണ് എണ്ണിയിട്ടുള്ളത്. ‘ഒരു വിശ്വാസിക്ക് തന്റെ സഹോദരന്റെ മേല്‍ അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. സലാം മടക്കല്‍, രോഗീ പരിചരണം, ജനാസയെ അനുഗമിക്കല്‍, ക്ഷണം സ്വീകരിക്കല്‍, തുമ്മിയവന് പ്രാര്‍ഥിക്കുക.’ (ബുഖാരി) മറ്റൊരു നിവേദനത്തില്‍ ഈ അഞ്ച് കാര്യങ്ങളെ ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയില്‍ നിന്ന് ലഭിക്കേണ്ട അവകാശമായിട്ടാണ് പരിചയപ്പെടുത്തുന്നത്. അവകാശത്തെ കുറിക്കുന്നതിനുപയോഗിക്കുന്ന ‘ഹഖ്’ എന്ന പദമാണതിന് പ്രയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

എന്നാല്‍ ഇന്ന് രോഗീപരിചരണമെന്നത് രോഗീസന്ദര്‍ശനത്തില്‍ പരിമിതമായിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാചക വചനങ്ങളിലെല്ലാം ഉപയോഗിച്ചിരിക്കുന്ന പദം ‘ഇയാദത്’ എന്നുള്ളതാണ്. കേവല സന്ദര്‍ശനത്തിന് അറബി ഭാഷയില്‍ ‘സിയാറത്ത്’ എന്നാണ് പ്രയോഗം. അതിനുദാഹരണമാണ് ഖബ്ര്‍ സിയാറത്ത്. ഹദീസുകളില്‍ പ്രയോഗിച്ചിരിക്കുന്ന ഇയാദത് എന്ന പദം വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നതിനാണ് പ്രയോഗിക്കാറുള്ളത്. കേവല സന്ദര്‍ശനമല്ല, മറിച്ച് ക്ഷേമാന്വേഷണം നടത്തുക, ആശ്വസിപ്പിക്കുക, ശുശ്രൂഷിക്കുക തുടങ്ങിയവയെല്ലാം രോഗ സന്ദര്‍ശനത്തിന്റെ വിവക്ഷയില്‍ പെടുന്നു എന്നാണത് വ്യക്തമാകുന്നത്. അറബി ഭാഷയില്‍ ചികിത്സക്കായുള്ള ക്ലിനിക്കിന് ‘ഇയാദത്’ എന്നാണ് പ്രയോഗിക്കാറുള്ളതെന്ന് വളരെ ശ്രദ്ധേയമാണ്. അതും ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. അപ്രകാരം യുദ്ധത്തില്‍ പങ്കെടുക്കല്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലാഞ്ഞിട്ട് പോലും മുറിവേറ്റവരെയും രോഗികളെയും പരിചരിക്കുന്നതിനായി പ്രവാചകന്‍(സ) സ്ത്രീകളെ യുദ്ധത്തിന് കൊണ്ടുപോയിരുന്നു.

രോഗീപരിചരണത്തിലെ വീഴ്ച പരലോകത്ത് വിചാരണ ചെയ്യപ്പെടുന്ന കാര്യമാണ്. ഒരു ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘പുനരുത്ഥാന നാളില്‍ പ്രതാപിയും മഹാനുമായ അല്ലാഹു പറയും: ‘മനുഷ്യപുത്രാ ഞാന്‍ രോഗിയായി. എന്നിട്ട് നീയെന്നെ പരിചരിച്ചിട്ടില്ല! അപ്പോള്‍ അവന്‍ ചോദിക്കും: ‘എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങനെ സന്ദര്‍ശിക്കാനാണ്, നീ സര്‍വ്വലോക രക്ഷിതാവല്ലയോ?’ അല്ലാഹു പറയും: ‘എന്റെ ഇന്നയടിമ രോഗിയാണെന്ന് നിനക്ക് അറിയാമായിരുന്നല്ലോ. എന്നിട്ട് നീ അയാളെ സന്ദര്‍ശിച്ചില്ല. നീ അയാളെ സന്ദര്‍ശിച്ചുരുന്നു എങ്കില്‍ അയാളുടെ അടുത്ത് നിനക്കെന്നെ കണ്ടെത്താമായിരുന്നുല്ലേ? മനുഷ്യപുത്രാ, ഞാന്‍ നിന്നോട് ആഹാരം ചോദിച്ചു. നീ എനിക്ക് ആഹാരം തന്നില്ല! ‘അയാള്‍ ചോദിക്കും: ‘എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെയെങ്ങനെ ആഹരിപ്പിക്കാനാണ്; നീ സര്‍വ്വലോക രക്ഷിതാവല്ലേ?’ അല്ലാഹു പറയും: ‘എന്റെ ഇന്നയടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ. എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അയാള്‍ക്ക് ആഹാരം കൊടുത്തിരുന്നുവെങ്കില്‍ എന്റെ അടുത്ത് നിനക്കത് കാണാമായിരുന്നു. മനുഷ്യപുത്രാ, ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു. നീ എനിക്ക് വെള്ളം തന്നില്ല.!’ അയാള്‍ പറയും: ‘എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങനെ കുടിപ്പിക്കാനാണ്. നീ സര്‍വ്വലോക രക്ഷിതാവല്ലയോ?’ അല്ലാഹു പറയും: ‘എന്റെ ഇന്നയടിമ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ അയാളെ കുടിപ്പിച്ചില്ല. നീ അയാളെ കുടിപ്പിച്ചിരുന്നെങ്കില്‍ അത് എന്റെ അടുത്ത് നിനക്ക് കാണാമായിരുന്നു.’ രോഗികളെ സന്ദര്‍ശിക്കുന്നതിലും പ്രവാചകന്‍ (സ) നമുക്ക് മാതൃകയാണ്. സഹാബിമാരും നമുക്കതില്‍ ഉത്തമ മാതൃകള്‍ കാണിച്ചു തന്നിട്ടുണ്ട്. ഖലീഫ അബൂബക്കര്‍(റ)ന്റെ മഹിത മാതൃക വളരെ സുവിതിദമാണ്. എല്ലാ ദിവസവും സുബ്ഹ് നമസ്‌കാരത്തിനു ശേഷം അബൂബക്ര്‍(റ) നേരെ അവിടെയുള്ള ഒരു വീട്ടിലേക്ക് പുറപ്പെടുമായിരുന്നു. ഒരു ദിവസം ഉമര്‍(റ) അദ്ദേഹത്തെ രഹസ്യമായി പിന്തുടര്‍ന്നു. അദ്ദേഹം ഒരു ചെറിയ കൂരയിലേക്ക് കയറുന്നതാണദ്ദേഹം കണ്ടത്. അബൂബക്ര്‍(റ) തിരിച്ചു പോയതിനുശേഷം അദ്ദേഹം ആ വീട്ടില്‍ കയറി. അവിടെ കണ്ട അവശയായ വൃദ്ധയോട് ചോദിച്ചു: ‘നിങ്ങളാരാണ്?’ ആരോരുമില്ലാത്ത ഒരു വിധവയാണ് താനെന്ന് അവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘നിങ്ങളുടെ അടുത്തുണ്ടായിരുന്ന ആള്‍ എന്താണിവിടെ ചെയ്തിരുന്നത്?’ വൃദ്ധ പറഞ്ഞു: ‘ആ മനുഷ്യന്‍ എല്ലാ ദിവസവും രാവിലെ വന്ന് എന്റെ ആടുകളെ കറക്കുകയും, വീടു വൃത്തിയാക്കുകയും, എനിക്കു വേണ്ട ഭക്ഷണം പാകം ചെയ്യുകയും തന്നിട്ട് തിരിച്ചു പോകും’ അപ്പോള്‍ അയാള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ എന്ന് ഉമര്‍(റ) ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ വൃദ്ധയോട് അമീറുല്‍ മുഅ്മിനീന്‍ അബൂബക്ര്‍ സിദ്ധീഖ്(റ) ആണെന്ന് പറഞ്ഞപ്പോള്‍, അവര്‍ വളരെയധികം അത്ഭുതപ്പെടുകയായിരുന്നു.

രോഗി സന്ദര്‍ശനമെന്നത് മുസ്‌ലിംകളില്‍ പെട്ട രോഗികളില്‍ പരിമിതമാണെന്ന് ചിലരെങ്കിലും തെറ്റിധരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ വേര്‍തിരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് രോഗിയായപ്പോള്‍ നബി(സ) സന്ദര്‍ശിച്ചിട്ടുണ്ട്. ഉസാമഃ ബിന്‍ സൈദ് വിവരിക്കുന്നു: ‘അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരിക്കാനിടയായ രോഗം ബാധിച്ചപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അല്ലാഹുവിന്റെ ദൂതര്‍ പുറപ്പെട്ടു. ഞാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മരണ ലക്ഷണങ്ങള്‍ അയാളില്‍ കണ്ടിരുന്നു. അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘യഹൂദികളുമായുള്ള കൂട്ടുകെട്ടില്‍ നിന്നും ഞാന്‍ നിന്നെ വിലക്കിയിരുന്നില്ലേ? പക്ഷേ, നീ എന്റെ വാക്ക് മാനിച്ചില്ല. അയാള്‍ പറഞ്ഞു: ‘അസ്അദുബ്‌നു സുറാറ അവരെ വെറുത്തിരുന്നല്ലോ, എന്നിട്ടോ?’ അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരിച്ചിരിക്കുന്നു. അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ അങ്ങയുടെ വസ്ത്രം തന്നാലും. അപ്പോള്‍ റസൂല്‍ അദ്ദേഹത്തിന്റെ വസ്ത്രം ഊരി കൊടുത്തു.’

രോഗിയായ ജൂതനെ പ്രവാചകന്‍ (സ) സന്ദര്‍ശിച്ചതായി ഹദീസുകളില്‍ കാണാം. ‘ഒരു യഹൂദി ബാലന്‍ രോഗിയായപ്പോള്‍ അയാളെ സന്ദര്‍ശിക്കാനായി നബി(സ) അവിടെ പോയി. എന്നിട്ട് അവന്റെ തലക്കരികെ ഇരുന്നുകൊണ്ട് പറഞ്ഞു: ‘നീ ഇസ്‌ലാം സ്വീകരിക്കണം’ അപ്പോള്‍ അവന്‍ അവന്റെ പിതാവിനെ നോക്കി. അപ്പോള്‍ പിതാവ് പറഞ്ഞു: ‘നീ അബുല്‍ ഖാസിമിനെ അനുസരിക്കുക’ അപ്പോള്‍ അവന്‍ ഇസ്‌ലാം സ്വീകരിച്ചു. ‘ഇവനെ നരകത്തില്‍ നിന്നും രക്ഷിച്ച അല്ലാഹുവിന് സ്തുതി എന്നു പറഞ്ഞു നബി(സ) അവിടെ നിന്ന് എഴുന്നേറ്റു.’ ഇസ്‌ലാമിനോടും പ്രവാചകരോടും അങ്ങേയറ്റം ശത്രുത കാണിച്ച മുനാഫിഖുകളുടെ നേതാവിനോടും ജൂതരോടും ഇത്തരം നിലപാടാണ് പ്രവാചകന് സ്വീകരിച്ചതെങ്കില്‍ മുസ്‌ലിംകളല്ലാത്ത രോഗികളെ സന്ദര്‍ശിക്കുന്നതില്‍ നാമെന്തിന് വൈമനസ്യം കാണിക്കണം.

രോഗീപരിചരണത്തിന്റെ ശ്രേഷ്ഠത

രോഗികളെ പരിചരിക്കുന്നതിന് ഇസ്‌ലാമില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘ആര്‍ രോഗിയെ സന്ദര്‍ശിച്ചുവോ, അവിടെ നിന്നും മടങ്ങുന്നത് വരെ അവന്‍ സ്വര്‍ഗത്തോപ്പിലായിരിക്കും.’ മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ‘എഴുപതിനായിരം മലക്കുകള്‍ കൂടെ പുറപ്പെട്ടിട്ടല്ലാതെ ഒരു മുസ്‌ലിമും രോഗിയെ സന്ദര്‍ശിക്കുന്നില്ല. അവരെല്ലാം അവനുവേണ്ടി പാപമോചനം തേടികൊണ്ടിരിക്കും. അത് പ്രഭാതത്തിലാണെങ്കില്‍ പ്രദോഷം വരെയും. സ്വര്‍ഗത്തിലവന് ഒരു തോപ്പ് ഉണ്ടായിരിക്കുകയും ചെയ്യും. അത് വൈകുന്നേരമാണെങ്കില്‍ അവന്റെ കൂടെ എഴുപതിനായിരം മലക്കുകള്‍ പുറപ്പെടും. അവരെല്ലാം പ്രഭാതം വരെ അവനുവേണ്ടി പാപമോചനം തേടിക്കൊാണ്ടിരിക്കും. അവനും സ്വര്‍ഗത്തില്‍ ഒരു തോപ്പ് ഉണ്ടായിരിക്കും.’

രോഗീപരിചരണത്തിന്റെ ഫലങ്ങള്‍

1. അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രീപൂതരാകുന്നു
2. ഹൃദയത്തെ ലോലമാക്കുകയും പരലോകത്തെ കുറിച്ച ഓര്‍മ്മ ഉണ്ടാക്കുകയും ചെയ്യുന്നു.
3. മലക്കുകളുടെപാപമോചനത്തിനായുള്ള പ്രാര്‍ത്ഥന ലഭിക്കുന്നു.
4. പ്രവാചക ചര്യയെ അനുധാവനം ചെയ്തതിന്റെ പ്രതിഫലം.
5. മനുഷ്യര്‍ക്കിടയില്‍ പരസ്പര ബന്ധവും സ്‌നേഹവും ശക്തമാക്കുന്നു.
6. ഉത്തരം നല്‍കപ്പെടുന്ന പ്രാര്‍ഥനകളില്‍ പെട്ടതാണ് രോഗിയുടെ പ്രാര്‍ഥന. ആ പ്രാര്‍ഥനക്ക് അര്‍ഹരാക്കുന്നു.
മരണം പോലെ തന്നെ രോഗവും ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നതാണ്. അതിന് പ്രായഭേദങ്ങളില്ല. ആരോഗ്യവാസ്ഥയില്‍ രോഗികളോടും അശരണരോടും കരുണ കാണിച്ചെങ്കിലേ അല്ലാഹുവും നമ്മോട് കനിവ് കാണിക്കുകയുള്ളൂ. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും എന്നതാണല്ലോ പ്രവാചക പാഠം.

Related Articles