Current Date

Search
Close this search box.
Search
Close this search box.

മത്സ്യത്തിന്റെ വയറ്റില്‍

fish2.jpg

പ്രയാസങ്ങള്‍ വരുമ്പോള്‍ അല്ലാഹുവിനെ ഓര്‍ക്കുന്നവരാണ് മനുഷ്യരെല്ലാം. എന്നാല്‍ അവരെ ബാധിച്ച പ്രയാസവും ബുദ്ധിമുട്ടും നീങ്ങിപോയാലും അവനെ ഓര്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരുണ്ട്. പശ്ചാത്തപിച്ച് നല്ല ജീവിതം തുടരുന്നവര്‍ അക്കൂട്ടത്തിലുണ്ട്.

യൂനുസ് നബി(അ) തന്റെ ജനതയെ വിശ്വാസത്തിലേക്ക് വിളിച്ചു. അവര്‍ പുറംതിരിയുകയും അഹന്ത കാണിക്കുകയും ചെയ്തു. അതില്‍ രോഷംപൂണ്ട അദ്ദേഹം കപ്പലില്‍ കയറി യാത്രപുറപ്പെട്ടു.. യാത്രികരുടെ ഭാരത്താല്‍ കപ്പല്‍ മുങ്ങുമെന്ന അവസ്ഥയിലായി. ഒരു യാത്രക്കാരനെ പുറന്തള്ളി അതിന്റെ ഭാരം ലഘുകരിക്കല്‍ അനിവാര്യമാണെന്ന് അവര്‍ മനസ്സിലാക്കി. പലതവണ നറുക്കെടുത്തിട്ടും യൂനുസ് നബിക്ക് തന്നെ നറുക്ക് വീണു. അദ്ദേഹത്തെ അവര്‍ കടലില്‍ എറിഞ്ഞു. വലിയൊരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.. അതിന്റെ വയറ്റിലായി അദ്ദേഹം. എല്ലാ വളരെ പെട്ടന്നായിരുന്നു.. കടലിന്റെ ആഴത്തിലുള്ള ചരല്‍കല്ലുകളുടെ തസ്ബീഹ് കേട്ടുണര്‍ന്ന അദ്ദേഹത്തിന്റെ ചുറ്റിലും ഇരുട്ടല്ലാത്ത മറ്റൊന്നും ഉണ്ടായിരുന്നില്ല. മത്സ്യത്തിന്റെ വയറ്റില്‍ കിടന്ന് അദ്ദേഹം നിരന്തരം അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു പാപമോചനം തേടി. അദ്ദേഹത്തിന്റെ വാക്കുകള്‍ ആകാശകവാടങ്ങള്‍ തുറന്നു.. തുടര്‍ന്ന് അദ്ദേഹത്തിന് മോചനം ലഭിച്ചു. ഇത് യൂനുസ് നബി(അ)ന്റെ കഥ.

എന്നാല്‍ ഇന്നിന്റെ യൂനുസ് പറയുന്നത് നോക്കൂ: യുവാവായ ഞാന്‍ കരുതി.. ജീവിതമെന്നാല്‍ ധാരാളം സമ്പത്താണ്.. മൃദുലമായ പരവതാനികളാണ്.. നല്ല വാഹനമാണ്. വെള്ളിയാഴ്ച്ച ദിവസം കൂട്ടുകാരോടൊത്ത് കടലോരത്ത് സമയം ചെലവഴിക്കുകയാണ്. സ്വാഭാവികമായും അവരുടെ മനസ്സുകളും അശ്രദ്ധമാണ്. അപ്പോഴാണ് ഗ്രാമത്തിലെ ബാങ്കുവിളി കേട്ടത്. ജനിച്ചത് മുതല്‍ ബാങ്ക് കേള്‍ക്കുന്നുണ്ടെങ്കിലും ‘ഹയ്യ അലാ അല്‍-ഫലാഹ്’ എന്നതിലെ ‘ഫലാഹ്’ എന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിരുന്നില്ല.

പിശാച് എന്റെ ഹൃദയത്തിന് മുദ്രവെച്ചതിനാല്‍ ബാങ്കിന്റെ വചനങ്ങള്‍ പോലും എനിക്ക് മനസ്സിലാക്കാനായില്ല. ഞങ്ങളുടെ ചുറ്റുപാടുള്ള ആളുകളെല്ലാം നമസ്‌കാരത്തിനായി ഒരുമിച്ചു കൂടുകയാണ്. വെള്ളത്തില്‍ മുങ്ങിയും ഊളിയിട്ടും വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. മുങ്ങാനുള്ള സംവിധാനങ്ങളെല്ലാം ധരിച്ചു ഞങ്ങള്‍ കടലിലേക്കിറങ്ങി. തീരത്തു നിന്നും അകന്ന് ഞങ്ങള്‍ നടുക്കടലില്‍ എത്തി. കാര്യങ്ങളെല്ലാം ഞങ്ങള്‍ വിചാരിച്ച പോലെ.. മനോഹരമായ യാത്ര…

ആസ്വദിച്ചു യാത്ര തുടരുന്നതിനിടയില്‍ പെട്ടന്നാണത് സംഭവിച്ചത്. മുങ്ങുമ്പോള്‍ വായില്‍ വെള്ളം കടക്കാതിരിക്കാനും ട്യൂബിലൂടെ ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാനും വായയോട് ഘടിപ്പിക്കുന്ന ഉപകരണത്തിന് കേടുപറ്റിയത്. ശ്വസിക്കുന്നതിനിടയിലായതിനാല്‍ ഉപ്പുവെള്ളത്തിന്റെ ഏതാനും തുള്ളികള്‍ ശ്വാസനാളത്തിലേക്കും കടന്നു. ഞാന്‍ മരിക്കുമെന്ന അവസ്ഥയിലായി. എന്റെ ശ്വാസകോശം വായുവിനായി കേഴാന്‍ തുടങ്ങി. ഞാന്‍ വിറക്കാന്‍ തുടങ്ങി… ഇരുണ്ട കടലാണ് ചുറ്റും.. കൂട്ടുകാരെല്ലാം ദൂരെയാണ്. അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം ഞാന്‍ മനസ്സിലാക്കി. ഞാന്‍ മരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. എന്റെ ജീവിതരേഖ കണ്‍മുന്നില്‍ മിന്നിമറഞ്ഞു. ഞാനെത്ര ദുര്‍ബലനാണെന്ന് തിരിച്ചറിയാന്‍ ഒരു പ്രയാസവും ഉണ്ടായില്ല. ഏതാനും തുള്ളി ഉപ്പുവെള്ളം കൊണ്ട് അല്ലാഹുവാണ് ഏറ്റവും ശക്തനും കഴിവുറ്റവനും എന്നവന്‍ കാണിച്ചു തന്നിരിക്കുന്നു. അവനല്ലാത്ത മറ്റൊരു അഭയസ്ഥാനവും ഇല്ലെന്ന് ഞാനുറപ്പിച്ചു. വെള്ളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. എന്നാല്‍ ഏറെ ആഴത്തിലായിരുന്നു ഞാന്‍. ഞാന്‍ മരിക്കുന്നത് മാത്രമല്ല പ്രശ്‌നം. എങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടും എന്നതായിരുന്നു അതിലേറെ വലിയ പ്രശ്‌നം. എന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ എന്തു പറയും? ഞാന്‍ ഉപേക്ഷിച്ച നമസ്‌കാരത്തെ കുറിച്ച് വിചാരണ ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ? ശഹാദത്ത് കലിമകള്‍ ഞാന്‍ ഓര്‍ത്തു.. ജീവിതം അവസാനിക്കുന്നത് അത് പറഞ്ഞുകൊണ്ടാവാം എന്ന് ഞാനുദ്ദേശിച്ചു. അശ്ഹ… എന്ന് പറഞ്ഞപ്പോഴേക്കും തൊണ്ടക്ക് ഒരു പിടുത്തം. ഏതോ അദൃശ്യ കരങ്ങള്‍ തൊണ്ടയില്‍ പിടിക്കുന്ന പോലെ.. എങ്ങനെ ശ്രമിച്ചിട്ടും എനിക്കതിന് കഴിയുന്നില്ല. ചുറ്റുമുണ്ടായിരുന്ന ഇരുട്ട് എന്നെ മൂടി. ഇതിനപ്പുറം ഞാന്‍ ഓര്‍ക്കുന്നില്ല.

എന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം എത്രയോ വിശാലമാണ്. ഒരിക്കല്‍ കൂടി എനിക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞു. ഞാന്‍ കണ്ണുതുറന്നപ്പോള്‍ എന്നെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ് കൂട്ടുകാരന്‍. അപ്പോഴും ഞങ്ങള്‍ കടലില്‍ തന്നെയാണുള്ളത്. അവന്റെ മുഖത്തെ ചിരികണ്ടപ്പോള്‍ എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായി. അപ്പോള്‍ എന്റെ മനസ്സും ശരീരവും ഓരോ കോശവും വിളിച്ചു പറഞ്ഞു ‘അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്. അല്‍ഹംദുലില്ലാഹ്. വെള്ളത്തില്‍ നിന്ന് പുറത്തു വന്ന ഞാന്‍ മറ്റൊരു വ്യക്തിയായിരുന്നു.

ജീവിതത്തോടുള്ള എന്റെ കാഴ്ച്ചപ്പാട് തന്നെ മാറി. ഓരോ ദിനവും അല്ലാഹുവിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചു. ജീവിതലക്ഷ്യം എന്താണെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു നമ്മെ വെറുതെ പടച്ചതല്ല, അവന് വഴിപ്പെടാന്‍ വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആ സംഭവം ഞാന്‍ ഓര്‍ത്തു. കടലില്‍ പോയി. മുങ്ങാനുള്ള സംവിധാനങ്ങള്‍ ധരിച്ച് ഞാന്‍ കടലിലേക്ക് ഇറങ്ങി. ഞാനൊറ്റക്ക് കടലിലെ അതേ സ്ഥാനത്ത് എത്തി അല്ലാഹുവിന് ഞാന്‍ സുജൂദ് ചെയ്തു. അതുപോലെ ഒരു സുജൂദ് എന്റെ ജീവിതത്തില്‍ മുമ്പുണ്ടായിട്ടില്ല. എനിക്ക് മുമ്പ് മറ്റൊരാളും അവിടെ സുജൂദ് ചെയ്തിട്ടുണ്ടാവുമെന്നും ഞാന്‍ കരുതുന്നില്ല. കടലിനടിയിലെ ആ സ്ഥലം അന്ത്യദിനത്തില്‍ എനിക്കനുകൂലമായി സാക്ഷി പറഞ്ഞിരുന്നെങ്കില്‍.. അങ്ങനെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനായെങ്കില്‍.

 

Related Articles