Current Date

Search
Close this search box.
Search
Close this search box.

മക്കള്‍ നമ്മുടെ കൈവിട്ട് പോകുന്നതിന് മുമ്പ്

hand-holding.jpg

പണത്തൂക്കം കൊണ്ട് അളക്കാന്‍ സാധിക്കാത്ത വിധം അമൂല്യവും വിലമതിക്കാനാവാത്തതും പലരും ആഗ്രഹിച്ചിട്ടും ലഭിക്കാത്തതുമായ ഒരു സമ്മാനം താങ്കള്‍ക്ക് അല്ലാഹു നല്‍കുകയാണെങ്കില്‍ താങ്കളുടെ മാനസികാവസ്ഥ എങ്ങിനെയായിരിക്കും ? ലഭിക്കാത്ത ആളുകള്‍ക്ക് മാത്രം ശരിയായ മൂല്യം അനുഭവവേദ്യമാകുന്ന അത്തരം ഉപഹാരം നഷ്ടപ്പെടുത്താന്‍ എപ്പോഴെങ്കിലും താങ്കള്‍ ആഗഹിക്കുമോ? അല്ലെങ്കില്‍ അവയെ കള്ളന്‍മാരില്‍ നിന്നും പിടിച്ചുപറിക്കാരില്‍ നിന്നും അസൂയക്കാരില്‍ നിന്നും സംരക്ഷിക്കാനായി ഒരു വിശ്വസ്ഥനായ കാവല്‍ക്കാരനെ നിയമിക്കാന്‍ താങ്കള്‍ ശ്രമിക്കില്ലേ. എല്ലാത്തരം ഉപദ്രവത്തില്‍ നിന്നും രക്ഷിച്ച് മൂല്യം തിരിച്ചറിഞ്ഞ് സംരക്ഷിക്കാമെന്ന നിബന്ധനയോടെ അല്ലാഹു നല്‍കിയ, മറ്റൊരാള്‍ക്കും എത്ര ശ്രമിച്ചാലും ലഭിക്കാത്ത, മനുഷ്യ കുലം ആഗ്രഹിക്കുന്ന വിലപിടിപ്പുള്ള സമ്മാനം താങ്കള്‍ക്ക് മാത്രം പ്രത്യേകമായി ലഭിക്കുന്ന പക്ഷം താങ്കള്‍ അത് നിരസിക്കുമോ അതോ എല്ലാ നിബന്ധനകളും പാലിച്ചും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയും അതിനേക്കാള്‍ മികച്ചതിനായി ദൈവത്തോട് ചോദിക്കുമോ ?  

അപ്രകാരം രാജാധിരാജനായ അല്ലാഹു മനുഷ്യര്‍ക്ക് കനിഞ്ഞരുളിയ വിലപിടിപ്പുള്ള ഉപഹാരങ്ങളാണ് നമ്മുടെ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും. ഐഹികലോകത്ത് നമുക്ക് ലഭിച്ച ഏറ്റവും മഹത്തായ സമ്പത്ത്. പക്ഷെ ആ സമ്മാനം ഒരു അമാനത്താണ്. നിക്ഷേപവും വര്‍ദ്ധനവും വളര്‍ച്ചയും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ അനുവദിക്കപ്പെട്ട, അല്ലാഹു എപ്പോള്‍ തിരിച്ചെടുത്താലും യാതൊരു ദേഷ്യവും കൂടാതെ തിരിച്ചു നല്‍കാന്‍ തയാറാകേണ്ടുന്ന സമ്പത്താണ് മക്കള്‍. ദൈവത്തിന്റെ തൃപ്തി ലഭിക്കും വിധം സ്‌നേഹവും കാരുണ്യവും നിഷ്‌കളങ്കതയും സംരക്ഷണവും സമ്മേളിപ്പിക്കേണ്ട വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ആ മക്കള്‍. നമ്മുടെ കരളിന്റെ കഷ്ണങ്ങളും ഹൃദയത്തിന്റെ ഫലങ്ങളും ജീവിതത്തിന്റെ വിളകളുമായി മാറേണ്ടവര്‍. ലോകനാഥനില്‍ നിന്ന് ലഭിക്കാവുന്നതില്‍ വെച്ചേറ്റവും മഹത്തരവും അമൂല്യവുമായ സമ്മാനം അതല്ലാതെ മറ്റെന്താണ് ? അല്ലാഹു, മാന്യതയും ആദരവും കല്‍പിച്ച മനുഷ്യന്റെ ആദ്യ ഘട്ടം. ജനനത്തിന്  മുമ്പും ശേഷവും ഒരുപാട് കടമകള്‍ മക്കള്‍ക്കു വേണ്ടി ചെയ്തു തീര്‍ക്കാനുണ്ട്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും വാര്‍ദ്ധക്യത്തിലും മരണശേഷവും വരെ ആ കടപ്പാടുകള്‍ ഉണ്ട്. ഓരോ ഘട്ടത്തിനുമനുസരിച്ച് കടപ്പാടുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാമെങ്കിലും. ദൈവികമായി മനുഷ്യന് നല്‍കപ്പെട്ട ആദരവ് നേടിയെടുക്കാന്‍ പാകത്തില്‍, പ്രതിഫല-ശിക്ഷാ നടപടികളുണ്ടെന്നും വിചാരണ ചെയ്യപ്പെടുമെന്നും വിവേകം പ്രവര്‍ത്തിക്കണമെന്നും മനസിലാക്കാനുള്ള വിവേചന ശേഷിയും ബുദ്ധി ശക്തിയും ചിന്താ പാടവവും ലഭിച്ച പൂര്‍ണ്ണമനുഷ്യനാവാന്‍ ഈ കടപ്പാടുകള്‍ പൂര്‍ണ്ണമായും നിറവേറ്റിയേ മതിയാവൂ. മനുഷ്യനെ ആദരിച്ചതായി പറയുന്ന ഖുര്‍ആന്‍ വാക്യം ഇപ്രകാരമാണ്. ‘ തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. ‘ (അല്‍ ഇസ്രാഅ് : 70).  അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ ഈ ആദരവ് നേടനാന്‍,  മനുഷ്യന്‍ തന്റെ മാതാവിന്റെ മടിത്തട്ടു മുതല്‍ പ്രായപൂര്‍ത്തിയെത്തുന്നതുവരെയുള്ള ഒരു നീണ്ട കാലയളവ് അല്ലാഹു സകല മനുഷ്യര്‍ക്കും നല്‍കിയിരിക്കുന്നു. മക്കള്‍ യൗവ്വനം പ്രാപിക്കുന്നതു വരെ അവരുടെ ജീവിതത്തില്‍ കൃത്യമായ സ്വഭാവം രൂപീകരിക്കാനും മികച്ച തര്‍ബിയ്യത്ത് നല്‍കാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. ആ പ്രായത്തില്‍ കാരുണ്യവും സ്‌നേഹവാല്‍സല്യങ്ങളും ദയാദാക്ഷിണ്യവും ആര്‍ദ്രതയും വേണ്ടുവോളം വാരിക്കോരി നല്‍കാനും സാധിക്കണം. മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനില്‍ മാത്രമേ ഇത്രയും നീണ്ട പരിചരണഘട്ടം കാണാന്‍ സാധിക്കൂ. മറ്റു ജീവികള്‍ വളരെ കുറഞ്ഞ കാലയളവ് മാത്രമേ ഈയവസ്ഥ താണ്ടുന്നുള്ളൂ. വളരെ പെട്ടെന്നു തന്നെ അവക്ക് ഇരതേടാനും മറ്റും പുറത്തിറങ്ങാനും നടക്കാനും പറക്കാനും സാധിക്കുകയും ചെയ്യുന്നു.

മാതാവിന്റെ ഗര്‍ഭാശയം മുതല്‍ ഒരു കുട്ടി അമാനത്താകുന്നു. നമ്മുടെ കൈകളില്‍ അല്ലാഹു ഏല്‍പ്പിച്ചു തന്ന-നമ്മുടെ കരളിന്റെ കഷ്ണങ്ങളായ- അമാനത്ത് സ്വത്ത്. അത് ഒരു നിശ്ചിത കാലയളവിന് ശേഷം അല്ലാഹുവിന് തന്നെ തിരിച്ചു നല്‍കേണ്ടതുമാണ്. അതിനാല്‍ തന്നെ ഈ അമാനത്ത് സ്വത്തിനെ നമ്മള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുക എന്ന ഒരു ചോദ്യമായി നമുക്ക് മുന്നിലുണ്ട്. ഗര്‍ഭാശയം മുതല്‍ ആ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തണമെന്നത് അല്ലാഹുവിന്റെ കല്‍പനയില്‍ പെട്ടതാകുന്നു. ഗര്‍ഭാശയത്തിലുള്ളത് ആണോ പെണ്ണോ എന്ന വിവേചനത്തിന് വിധേയമാക്കാതെ സംരക്ഷിക്കല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്. സ്വന്തം ജീവന് ഭീഷണിയുള്ള നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യാന്‍ ഒരാള്‍ക്കും അനുവാദമില്ല. മനുഷ്യജീവിതത്തിന്റെ പവിത്രതയും സുരക്ഷിതത്വവും കണക്കിലെടുത്താണ് ഗര്‍ഭഛിദ്രം എന്ന നീച കൃത്യത്തെപ്പോലും ഇസ്‌ലാം വിലക്കിയത്. ഒരു ആത്മാവും അന്യായമായി വധിക്കപ്പെട്ടുകൂട എന്ന നിര്‍ബന്ധം ഇസ്‌ലാമിനുണ്ട്. ഈ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍, കുട്ടിയെ പ്രസവിച്ച സ്വന്തം മാതാവിനു പോലും അനുവാദമില്ല. ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വളരെ ശാന്തിയോടെയും സമാധാനത്തോടെയും ഈ ലോകത്തേക്ക് വരാനാവശ്യമായ മുഴുവന്‍ സംവിധാനവും അല്ലാഹു ഒരുക്കിയിരിക്കുന്നു. ആ കുട്ടി എത്ര ദുര്‍ബലനാണെങ്കിലും അവന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൂട. ജാഹിലിയ്യ അറബികള്‍ ചെയ്തത് പ്രകാരം കുട്ടികളെ ജീവനോടെ കുഴിച്ചുമൂടാനോ കുട്ടിയെ ഉപേക്ഷിക്കാനോ ഒരു രക്ഷിതാവും ശ്രമിക്കാന്‍ പാടില്ല. ജാഹിലിയ്യ അറബികള്‍ പെണ്‍കുട്ടികളോട് മാത്രമല്ല അതിക്രമം പ്രവര്‍ത്തിച്ചിരുന്നത്. മറിച്ച് ആദ്യം ജനിക്കുന്ന ആണ്‍കുട്ടിയെ വിഗ്രഹങ്ങള്‍ക്ക് വേണ്ടി ബലിയറുക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ ദാരിദ്ര്യം ഭയന്നും അവര്‍ കുട്ടികളെ കൊല്ലുമായിരുന്നു. ദാരിദ്ര്യം ഭയന്ന് കുട്ടികളെ കൊല്ലുന്നത് പ്രവാചകനും ഖുര്‍ആനും ഒരുപോലെ വിലക്കിയിരിക്കുന്നു. സ്വന്തം മക്കളെ കൊല്ലുന്നത് ഒരുകാലത്ത് അഭിമാനത്തോടുകൂടി ചെയ്തിരുന്നവരായിരുന്നു അറബികള്‍. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമായി പറയുന്നു. ‘ അതു പോലെ തന്നെ ബഹുദൈവവാദികളില്‍പ്പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത് ‘ (അല്‍ അന്‍ആം 137). ഏറ്റവും വലിയ വഴികേടും നഷ്ടവും സംഭവിച്ചവര്‍ ഇത്തരം കഠിന ഹൃദയര്‍ക്കാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല. (അല്‍ അന്‍ആം 140). ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരെ ഒരുവിധത്തിലുള്ള അതിക്രമങ്ങള്‍ക്കും വിധേയരാക്കാന്‍ പാടില്ല. ഒരിക്കല്‍ ഖൈസ് ബിന്‍ ആസ്വിം അത്തമീമി പ്രവാചക സദസ്സില്‍ വന്ന് പറഞ്ഞു. ‘നബിയേ. ജാഹിലിയ്യ കാലത്ത് ഞാന്‍ എന്റെ ഒമ്പത് മക്കളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നു. അപ്പോള്‍ നബി പറഞ്ഞു ‘ഓരോരുത്തര്‍ക്കും വേണ്ടി ഓരോ അടിമയെ മോചിപ്പിക്കുക.’

അതുപോലെ തന്നെ മക്കളുടെ ജീവിതം സമാധാനത്തോടെ സംരക്ഷിക്കപ്പെടാനാവശ്യമായ കാര്യങ്ങളും അല്ലാഹു നിയമമാക്കി നല്‍കിയിരിക്കുന്നു. കുഞ്ഞിനെ സംരക്ഷിക്കാനും പരിരക്ഷിക്കാനും പിതാവിന് സന്‍മനസ് നല്‍കിയതും, കാരുണ്യവും ആര്‍ദ്രതയും സ്‌നേഹവും ഉമ്മയുടെ മനസില്‍ നിറച്ചതും അല്ലാഹു തന്നെയാണ്. ലോകാവസാനം വരെയുള്ള ഓരോ മാതാപിതാക്കളും എവ്വിധമാണ് മക്കള്‍ക്ക് പരിചരണം നല്‍കേണ്ടത് എന്ന് ഖുര്‍ആന്‍ പറയുന്നു :’മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക്(മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു.(അല്‍ ബഖറ 233).  മാതാപിതാക്കള്‍ക്ക് മക്കളുടെ മേലുള്ള മറ്റനേകം ബാധ്യതകളെയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. കുട്ടികള്‍ അതിനെക്കുറിച്ച് അവബോധമുള്ളവരും മനസിലാകാത്തവരാണെങ്കിലും ആ ബാധ്യതകള്‍ നിറവേറ്റപ്പെടണം. കുട്ടികളുടെ ശാരീരികമായ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം, ആരോഗ്യകരമായ ബുദ്ധിയും ചിന്തയും വളര്‍ത്തലും ശുദ്ധമനസിനുടമകളാക്കി അവരെ പരിവര്‍ത്തിപ്പിക്കലും ജീവിതത്തിന്റെ കാതലായ വശങ്ങള്‍ മനസിലാക്കിക്കൊടുക്കലും സര്‍വോപരി ദൈവബോധം മനസില്‍ ഊട്ടിയുറപ്പിക്കലും രക്ഷിതാക്കളുടെ നിര്‍ബന്ധ ബാധ്യതയാകുന്നു. വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഘടകമത്രെ അത്. രക്ഷിതാക്കള്‍ അമിത ജാഗ്രത പുലര്‍ത്തേണ്ടതും ഇക്കാര്യത്തില്‍ തന്നെ.

സല്‍ഗുണങ്ങളിലേക്കുള്ള വഴി
സല്‍ഗുണങ്ങള്‍ സമൂഹത്തിന്റെ മാറ്റത്തിനുള്ള വഴിയാണ്. സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാനുള്ള ആയുധം. വീഴ്ച കൂടാതെ അത് നടപ്പില്‍ വരുത്തിയാല്‍ ഖുര്‍ആന്‍ പറയുന്ന ഉന്നതമായ സ്വഭാവരുപീകരണത്തില്‍ അനിഷേധ്യമായ പങ്ക് വഹിക്കാനും സല്‍ഫലങ്ങള്‍ നല്‍കാനും ഉത്തമ സ്വഭാവങ്ങള്‍ക് സാധിക്കും. അത് ഒരു പാട് കാലം ജീവിച്ചവരില്‍ പെട്ടെന്ന് നടാന്‍ പറ്റുന്ന ഒന്നല്ല. മറിച്ച് ചെറുപ്പം മുതല്‍ കൃത്യമായ തര്‍ബിയ്യത്തോടെ വളര്‍ത്തപ്പെടുന്ന കുട്ടികളിലൂടെ മാത്രമേ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സാധിക്കു. അല്ലാഹു എല്ലാം നിരീക്ഷിക്കുന്നവനാണെന്നും അതിനാല്‍ അവനെ ഭയന്ന് ജീവിക്കണമെന്നുമുള്ള ദൈവവിശ്വാസം മക്കളില്‍ വളര്‍ത്തണം. നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കാനുമുള്ള ഒരു ചിന്ത അവരില്‍ നിക്ഷേപിക്കപ്പെടണം. അതിനായി ഭൂമിയില്‍ പിറന്നു വീണ നിമിഷം തന്നെ ബാങ്കിന്റെയും ഇഖാമത്തിന്റെ മഹത്തായ വാക്യങ്ങള്‍ അവരുടെ ചെവിയില്‍ കേള്‍പ്പിച്ചു കൊണ്ട് ദൈവസ്‌നേഹത്തിലും വിശ്വാസത്തിലുമുള്ള ജീവിതത്തിലേക്ക് കാലെടുത്തുവെക്കാന്‍ ആ കുഞ്ഞിന് അവസരം നല്‍കണം. പിന്നീടങ്ങോട്ടുള്ള ആ കുഞ്ഞിന്റെ മാതൃക തന്റെ മുന്നിലുള്ള മാതാവും പിതാവുമായിരിക്കും. അവരുടെ ചലനങ്ങളെയും സ്വഭാവരീതികളെയും കടമെടുത്തു മാതൃകയാക്കി ജീവിക്കുന്നവരാണ് കുട്ടികള്‍ എന്നതിനാല്‍ കാര്യങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ഇരുവരും ശ്രദ്ധിക്കണം. കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനെ അപ്പടി അനുകരിക്കുന്ന പ്രായമായതിനാല്‍ മാതൃകാപരമായ ജീവിതം നയിക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍. ഈയൊരു പ്രായത്തില്‍ മക്കളുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തിയും ശ്രദ്ധയും പരിചരണവുമാണ് അവന്റെ ജീവിതത്തെ അടിമുടി പരിഷ്‌കരിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക. അത്തരം ശ്രദ്ധപതിയേണ്ട സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം.

അതിനാല്‍ തന്നെ കുട്ടിയുടെ ഇളം പ്രായത്തില്‍ തന്നെ അവരിലേക്ക് രക്ഷിതാക്കളുടെ ശ്രദ്ധ പതിയണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ കാര്യങ്ങളെ വേണ്ടവിധം മനസിലാക്കിക്കൊടുക്കാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ല. ആ പ്രായത്തില്‍ അശ്രദ്ധ കൊണ്ടോ അജ്ഞത കൊണ്ടോ കൃത്യമായ തര്‍ബിയത്ത് മക്കള്‍ക്ക് നല്‍കപ്പെട്ടിട്ടില്ലെങ്കില്‍ ഘട്ടം ഘട്ടമായി കുട്ടിയുടെ ജീവിതത്തില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. മക്കള്‍ രക്ഷിതാക്കളുടെ പിടിവിട്ടു പോവുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരില്‍ ഉത്തമ സ്വഭാവഗുണങ്ങള്‍ വളരെ വേഗം വളര്‍ത്തിയെടുക്കാം.

വിവ. ഇസ്മായില്‍ അഫാഫ്
 

Related Articles