Current Date

Search
Close this search box.
Search
Close this search box.

ഭൗതിക വിഭവങ്ങള്‍ വിശ്വാസത്തെ ഞെരുക്കാതിരിക്കാന്‍

cake.jpg

മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഇഹലോക ജീവിതത്തില്‍ തീര്‍ച്ചയായും അശ്രദ്ധനാണ്. പലരും ഭൗതിക വിഭവങ്ങള്‍ കണക്കില്ലാതെ വാരിക്കൂട്ടാനാണ് ഈ ക്ഷണികമായ ഇഹലോക ജീവിതത്തില്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നത്. ജീവിതലക്ഷ്യം വിസ്മരിച്ചു കൊണ്ടാണ് മനുഷ്യരില്‍ പലരും ദുനിയാവില്‍ നെട്ടോട്ടമോടി കൊണ്ടിരിക്കുന്നത്.  ഇത്തരം ആളുകളെ മരണം വരെ ഈ അശ്രദ്ധ പിടി കൂടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.  വ്യര്‍ഥമായ കാര്യങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന മനുഷ്യന്‍ ഇതിന്റെ പരിണിതി തീര്‍ച്ചയായും മരണാനന്തര ജീവിതത്തില്‍ അനുഭവിക്കുമെന്ന് ഓര്‍ക്കുന്നില്ല.  ദൈവധിക്കാരവും പ്രവാചക നിന്ദയും വെച്ച് പുലര്‍ത്തി മുന്നേറി കൊണ്ടിരിക്കുന്ന ധിക്കാരിയായ മനുഷ്യന്‍ ജീവിത പരാജയം സ്വയം എറ്റുവാങ്ങുകയാണ് ചെയ്യുന്നത്. ഭൗതികമായ സ്ഥാനമാനങ്ങളും വിഭവങ്ങളും കരസ്ഥമാക്കിയാല്‍ ജീവിതം സഫലമായി എന്ന തെറ്റായ ധാരണയാണ് പലരേയും ജീവിത യാഥാര്‍ഥ്യങ്ങള്‍ വിസ്മൃതിയിലാക്കാന്‍ ഇടയാക്കുന്നത്.  അല്ലാഹുവിന്റെ സൃഷ്ടിയായ മനുഷ്യന്‍ അവന്റെ വിധിവിലക്കുകള്‍ അനുധാവനം ചെയ്താണ് ഇവിടെ ജീവിക്കേണ്ടത്.  അല്ലാവുവിനോട് ഭയഭക്തി കാണിച്ച് പരലോക നന്മ മാത്രം ലക്ഷ്യമാക്കി ജീവിക്കാനാണ് ഓരോരുത്തരും ഇവിടെ ശ്രമിക്കേണ്ടത്.  പരലോക ബോധം മനുഷ്യ ജീവിതത്തില്‍ ഗൗരവപൂര്‍വം ഉണ്ടായാല്‍ തന്നെ ദൈവഭയം ഉണ്ടായി. പ്രതിഫലത്തിന്റെ!യും വിചാരണയുടെയും നാളിനെ ഭയപ്പെട്ട് ദുനിയാവില്‍ സുകൃതങ്ങള്‍ ചെയ്യാന്‍ മനുഷ്യന്‍ തയ്യാറായാല്‍ ജീവിതം സംശുദ്ധവും ധന്യവുമായി. ഭൗതിക ജീവിതത്തിന്റെ പുറംകാഴ്ചകളാണ് ആളുകളെ പലവിധ തെറ്റു ധാരണകളിലകപ്പെടുത്തുന്നത്.

നബി തിരുമേനി ഒരിക്കല്‍ പറഞ്ഞു ‘ഇഹലോക ജീവിതം മധുരവും അലങ്കാരപ്രദവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുന്നു.  നിങ്ങളെന്ത് ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്’.  നബി തിരുമേനിയുടെ ജീവിതം തന്നെ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് സമൂഹത്തിന് ഉത്തമ മാതൃകയാണ്. ജീവിതത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ ലളിതമായ ജീവിതമായിരുന്നു അവിടുന്ന് നയിച്ചിരുന്നത്.  ഈത്തപ്പനയോല കൊണ്ടുള്ള മേല്‍ക്കൂരയും മണ്‍കട്ടകള്‍ കൊണ്ടുള്ള ചുമരോട് കൂടിയ ഒരു കുടിലുമായിരുന്നു നബി തിരുമേനിയുടെ ഭവനമെന്ന് നാം അറിയുക. ഒരു കയറുകട്ടില്‍, ഈത്തപ്പനയോല നിറച്ച തോലുകൊണ്ടുള്ള തലയിണ. വെള്ളമെടുക്കാന്‍ തോലുകൊണ്ടുള്ള ഒരു ജലപാത്രം എന്നിവയായിരുന്നു കാര്യമായ വീട്ടു സാധനങ്ങള്‍. ഈത്തപ്പനയോലയുടെ പരുത്ത പാടുകള്‍ അവിടുത്തെ ദേഹത്തില്‍ പതിഞ്ഞത് കണ്ട് അവിടുത്തെ അസ്വസ്ഥരായ സഖാക്കളില്‍ ചിലര്‍ ഒരിക്കല്‍ നബിതിരുമേനിയോട് മാര്‍ദ്ദവമുള്ള ഒരു വിരിപ്പ് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.  ‘ഭൗതിക സുഖങ്ങളുമായി എനിക്കെന്ത് ബന്ധം. ഒരു മരത്തണലില്‍ അല്‍പസമയം വിശ്രമിക്കുകയും പിന്നീട് യാത്ര തുടരുകയും ചെയ്യുന്ന ഒരു പഥികന്റെ്തു പോലെയാണ് എനിക്കും ഈ ലോകവുമായുള്ള ബന്ധം’എന്ന് തിരുമേനി അരുളി വിനയപൂര്‍വം ആ വിരിപ്പ് നിരസിച്ചു.  തുടര്‍ച്ചയായി മൂന്ന് ദിവസം വയറു നിറയെ ഭക്ഷണം കഴിച്ച അനുഭവം തിരുമേനിക്ക് ഉണ്ടായിരുന്നില്ല. ജീവിതം ലളിതവും ദരിദ്രതുല്യവുമായിരുന്നു. ദരിദ്രനായി ജീവിപ്പിച്ച് മരിപ്പിക്കാനുമായിരുന്നു നബിതിരുമേനി പ്രാര്‍ഥിച്ചിരുന്നതെന്ന് അവിടുത്തെ ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. നബിതിരുമേനി മരണപ്പെട്ട ദിവസം അവിടുത്തെ വീട്ടില്‍ ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിന്റെ ജീവിക്കുന്ന കുറെ ചിത്രങ്ങളാണ് നബിതിരുമേനി ജീവിതത്തിലൂടെ കോറിയിട്ടത്. വിശുദ്ധ ഖുര്‍ആന്റെ ജീവല്‍ പതിപ്പുകളായി വിശ്വാസികളെ കൂടി മാറ്റിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിലുള്ള വിശ്വാസം കര്‍മമാക്കി മാറ്റിയെടുക്കുന്നതില്‍ നബിക്ക് സാധിച്ച വിപ്ലവത്തിന് ചരിത്രത്തില്‍ തുല്യതയില്ല.

‘ഒരുവന്‍ അവന്റെ ചിന്തകളെല്ലാം ഒരേയൊരു പരലോകചിന്തയാക്കി മാറ്റുന്നുവെങ്കില്‍ അവന്റെ ഭൗതികചിന്തകളും ആകുലതകളും അല്ലാഹു ഏറ്റെടുത്തുകൊള്ളും’ എന്ന നബിതിരുമേനിയുടെ വചനങ്ങള്‍ നമ്മുടെ ജീവിതത്തിന് പ്രചോദനം ഉണ്ടാക്കാന്‍ കഴിയണം. നമ്മുടെ സമകാലീന കാലഘട്ടത്തിന്റെ ശാപമായ ഭൗതികാസക്തി സകല സീമകളും അതിലഘിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതില്‍നിന്ന് സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിച്ചെടുക്കാനും നമുക്ക് കഴിയണം. ഇടുങ്ങിയ ഭൗതിക ജീവിതത്തില്‍ നിന്നു അനന്തമായ പരലോക ജീവിതത്തിലേക്ക് സരണി തെളിക്കാന്‍ നമ്മുടെ വിശ്വാസത്തിന് സാധിക്കേണ്ടതുണ്ട്. ‘ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ’ എന്ന വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ലുഖുമാനിലെ ഉപദേശത്തിനു സയ്യിദ് അബുല്‍ അഅ്‌ലാമൗദൂദി സാഹിബ് നല്‍കിയ വിശദീകരണം ഏറെ ചിന്തോദ്ദീപകമാണ്. ‘ഭൗതിക ജീവിതത്തിന്റെ പുറംകാഴ്ച ആളുകളെ പലവിധ തെറ്റു ധാരണകളില്‍ അകപ്പെടുത്തുന്നു. ജീവിതവും മരണവും ഈ ലോകത്ത് മാത്രമേയുള്ളൂ എന്ന് ചിലര്‍ കരുതുന്നു. അതുകൊണ്ട് എന്തു പ്രവര്‍ത്തിക്കണമെങ്കിലും ഇവിടെത്തന്നെ പ്രവര്‍ത്തിച്ചു കൊള്ളുക. ചിലര്‍ സ്വന്തം ശക്തിയിലും ക്ഷേമ ഐശ്വര്യങ്ങളിലും ലഹരി പൂണ്ട് മരണത്തെ മറന്നു കളയുന്നു. തങ്ങളുടെ ജീവിതവും ആനന്ദങ്ങളുമെല്ലാം അനശ്വരങ്ങളാണെന്ന് അവര്‍ സ്വപ്നം കാണുന്നു. ചിലര്‍ ജീവിതത്തിന്റെ ധാര്‍മികവും ആത്മീയവുമായ ലക്ഷ്യങ്ങളെ നിഷേധിച്ചു കൊണ്ട് ഭൗതിക നേട്ടങ്ങളെയും ക്ഷണിക സുഖങ്ങളെയും സാക്ഷാല്‍ ലക്ഷ്യമായി അംഗീകരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചക്കിടയില്‍ മാനുഷിക നിലവാരം എത്ര താണുപോയാലും പ്രശ്‌നമല്ല. ഐഹികക്ഷേമമാണ് സത്യാസത്യങ്ങളുടെ മാനദണ്ഡമെന്നത്രെ ഇനിയും ചിലര്‍ കരുതുന്നത്. ക്ഷേമൈശ്വര്യങ്ങള്‍ നേടാനുതകുന്ന മാര്ഗനങ്ങളെല്ലാം സത്യമാണ്. അതല്ലാത്തതൊക്കെ അസത്യവും. ഭൌതികമായ ക്ഷേമവും സുഖവും ദൈവത്തിന് തങ്ങളോടുള്ള പ്രീതിയുടെയും സ്വീകാര്യതയുടെയും ലക്ഷണമായി ചിലര്‍ കരുതുന്നു. ഇതൊരു പൊതുനിയമമായി അംഗീകരിച്ചു കൊണ്ട് ഭൗതിക നേട്ടങ്ങളാര്‍ജിച്ചവരെ, അവരെത്ര ദുഷിച്ച മാര്‍ഗത്തിലൂടെയാണ് അതാര്‍ജിച്ചതെങ്കിലും ദൈവത്തിന്റെ പ്രീതിയാര്‍ജിച്ചവരായും ഭൗതിക രംഗത്ത് അവശതകളനു ഭവിക്കുന്നവരെ, അവര്‍ ധാര്‍മികമായും ആത്മീയമായും എത്ര ഉയര്‍ന്നവരാണെങ്കിലും പരിണതി ദുഷിച്ചവരായും മനസ്സിലാക്കുന്നു’. മനുഷ്യനന്മയുടെ മഹത്വം കൊണ്ട് സമൂഹത്തിന് നേട്ടമുണ്ടാക്കണമെന്നതു പോലെ തന്നെ പ്രധാനമാണ് വ്യക്തിപരമായി ഉണ്ടാക്കുന്ന നേട്ടങ്ങളും. ക്രിയാത്മകമായി വല്ലമാറ്റങ്ങളും വരുത്താന്‍ നമ്മുടെ ജീവിതത്തില്‍ നാം തയ്യാറാണെങ്കില്‍ അത് തന്നെയാണ് നമ്മുടെ ജീവിതവിജയത്തിന്റെ ഭാഗദേയവും തീരുമാനിക്കുന്നത്.

Related Articles