Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണത്തിന്റെ രുചി നിര്‍ണയം

food.jpg

കഴിഞ്ഞ കാല ജീവിതത്തില്‍ ധാരാളം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നല്ല, ജീവിതത്തിലെ നല്ലൊരു ഭാഗം യാത്രയിലായിരുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ നിന്ന് ആഹാരം കഴിച്ചതിന്റെ അനേകമിരട്ടി പുറത്തു നിന്നാണ് കഴിച്ചിട്ടുള്ളത്. കൂട്ടുകാരുടെ വീടുകളില്‍ അതിഥികളായെത്തുമ്പോഴെല്ലാം അവര്‍ പരമാവധി രുചികരമായ ഭക്ഷണം തയ്യാറാക്കി തരാറുണ്ട്. ഗള്‍ഫ് മലയാളികള്‍ വിഭവ സമൃദ്ധമായ സദ്യയൊരുക്കി സല്‍ക്കരിക്കാറുണ്ട്. അപൂര്‍വമായെങ്കിലും അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇന്റര്‍ കോണ്‍ടിനെന്റല്‍ ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിച്ചിട്ടുണ്ട്.

എന്നാല്‍ ജീവിതത്തിലിന്നോളം കഴിച്ച ആഹാരത്തില്‍ ഏറ്റവും രുചികരമായത് അതൊന്നുമല്ല. ആറോ ഏഴോ വയസ്സുള്ളപ്പോള്‍ കൊടും പട്ടിണിയുടെ നാളുകളില്‍ ഉമ്മ വീട്ടുമുറ്റത്തെ ചീരയുടെ ഇല നുള്ളി ഉപ്പിട്ട് വേവിച്ച് തന്നതാണ്. അതിന്റെ മധുരസ്മരണകളില്‍ ഇന്നും മനസ്സിലുണ്ട്. എനിക്കെന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും വായനക്കാരും കേള്‍വിക്കാരുമായി പങ്കുവെക്കാവുന്ന ഏറ്റവും രുചികരമായ ഭക്ഷണത്തിന്റെ സുന്ദരസ്മരണകളും അതിന്റേതു തന്നെ.

യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിന്റെ രുചി നിര്‍ണയിക്കുന്നത് നാവല്ല, അത് ആര്, എപ്പോള്‍, എങ്ങനെ ഉണ്ടാക്കി തന്നുവെന്നതും വിളമ്പിത്തരുന്നു എന്നതുമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഞാന്‍ കഴിക്കുന്ന ഏറ്റവും രുചികരമായ ഭക്ഷണം ലോകം ഗാഢനിദ്രയിലായിരിക്കെ രാത്രിയുടെ അവസാന യാമത്തില്‍ ജീവിത പങ്കാളി ഉണ്ടാക്കി തരുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയാണ്. അതിലലിഞ്ഞു ചേര്‍ന്ന ആത്മ ബന്ധവും സ്‌നേഹ സൗമനസ്യവും വാക്കുകളില്‍ ഒതുക്കാനാവില്ല.

ആത്മാവിനെ അവഗണിച്ച് ജീവിതം ശരീരത്തിന്റെ ഉത്സവമായി മാറുമ്പോള്‍ ആഹാരത്തിന്റെ രുചി നിര്‍ണയിക്കുന്നത് നാവായി തീരുന്നു. ഉമ്മയും പെങ്ങളും കുടുംബിനിയും കുട്ടികളുമൊക്കെ പാകം ചെയ്ത് തരുന്ന ആഹാരം അവര്‍ തന്നെ വിളമ്പി തന്ന് അവരോടൊന്നിച്ച് കഴിക്കുന്നതിനേക്കാള്‍ റസ്‌റ്റോറന്റുകളിലെ ഫാസ്റ്റ് ഫുഡ് രുചികരവും ഇഷ്ടകരവുമായി മാറുന്നത് അതിനാലാണ്.

ഏതു പ്രവൃത്തിയുടെയും ബാഹ്യവും പ്രത്യക്ഷവുമായ അവസ്ഥയോളമോ അതിനേക്കാളോ പ്രധാനമാണ് അതിന്റെ ആന്തരിക ഫലം. ശരീരത്തേക്കാള്‍ പ്രധാനം ആത്മാവിനാണല്ലോ. ശാരീരികാനുഭവങ്ങളെക്കാള്‍ ശക്തം ആത്മീയാനുഭവങ്ങളും. ഈ വസ്തുത തിരിച്ചറിയുന്നവര്‍ക്ക് പലപ്പോഴും ആഹാരം തങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ ആനന്ദവും സംതൃപ്തിയും ലഭിക്കുക ആ ആഹാരം തങ്ങളെക്കാള്‍ വിശക്കുന്നവര്‍ക്ക് നല്‍കി വിശപ്പനുഭവിക്കുമ്പോഴാണ്. മറ്റുള്ളവര്‍ പട്ടിണി കിടക്കാതിരിക്കാനായി പട്ടിണി കിടക്കുന്നവരും ദാഹിക്കാതിരിക്കുന്നതിനായി ദാഹിക്കുന്നവരും വേദനിക്കാതിരിക്കാനായി വേദനിക്കുന്നവരും അനുഭവിക്കുന്ന ആത്മ നിര്‍വൃതി അനിര്‍വചനീയം തന്നെ.

Related Articles