Current Date

Search
Close this search box.
Search
Close this search box.

ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ധങ്ങള്‍

pressure.jpg

പ്രബോധനസരണയില്‍ സജീവരായി പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പരീക്ഷണങ്ങള്‍ അവരുടെ ബന്ധുക്കളുടെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ധങ്ങളാണ്. ഭാര്യാ-സന്താനങ്ങള്‍, മാതാപിതാക്കള്‍ അടുത്തബന്ധുക്കള്‍ എന്നിവരുടെ ഭാഗത്തുനിന്നുള്ള നിരന്തര സമ്മര്‍ദ്ധം കാരണം പ്രബോധനസരണിയില്‍ നിന്ന് പിന്മാറിയ നിരവധി പേരെ കാണാം. ഇത്തരത്തില്‍ ബന്ധുക്കളുടെ സമ്മര്‍ദ്ധങ്ങളെ അതിജയിച്ചവര്‍ വളരെ വിരളമാണ്. മക്കളുടെ അനാഥത്വവും കുടുംബത്തിന്റെ ദാരിദ്ര്യവും മുന്‍നിര്‍ത്തിയുള്ള പ്രകോപനങ്ങളാണ് പ്രബോധകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ മക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനായി വിനോദ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുകയും തെറ്റായ വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്യവീക്ഷണമുള്ള ചില രക്ഷിതാക്കളുണ്ട്. ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ തങ്ങളുടെ മക്കളെ പീഢിപ്പിക്കുകയും വീട്ടില്‍ നിന്നു പുറത്താക്കുകയും ഭക്ഷണവും സമ്പത്തുമെല്ലാം തടഞ്ഞുവെക്കുകയും ചെയ്യുന്ന രക്ഷിതാക്കളുമുണ്ട്.

മാതാപിതാക്കളും ഇണകളും അരുമസന്താനങ്ങളുമടങ്ങുന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി ദൈവമാര്‍ഗത്തിലെ പ്രവര്‍ത്തന പോരാട്ടങ്ങളില്‍ നിന്ന് തെന്നിമാറുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നതായി കാണാം. ‘പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.’ (അത്തൗബ 24)

എന്നാല്‍ തന്റെ കുടുംബത്തില്‍ നിന്നുള്ള എല്ലാ പ്രകോപനങ്ങളെയും ധീരമായി നേരിട്ട പ്രവാചകന്‍ ഇബ്രാഹീം നബിയുടെ ചരിത്രം ഖുര്‍ആന്‍ നിരവധിയിടങ്ങളില്‍ പ്രതിപാദിക്കുന്നതായി കാണാം. ‘ഈ വേദപുസ്തകത്തില്‍ ഇബ്രാഹീമിന്റെ കഥയും നീ വിവരിച്ചുകൊടുക്കുക;  സംശയമില്ല; അദ്ദേഹം സത്യവാനും പ്രവാചനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: : ‘എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്‌ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?  എന്റുപ്പാ, അങ്ങയ്ക്ക് വന്നുകിട്ടിയില്ലാത്ത അറിവ് എനിക്ക് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക, ഞാന്‍ അങ്ങേക്ക് നേര്‍വഴി കാണിച്ചുതരാം. എന്റുപ്പാ, അങ്ങ് പിശാചിനെ വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്. പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്റെ ഉറ്റമിത്രമായി മാറും. അയാള്‍ ചോദിച്ചു. ‘ഇബ്രാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞ് ഓടിക്കും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം.’ (മര്‍യം : 41-46)

തന്റെ ഉമ്മയുടെ സര്‍വവിധ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മുമ്പില്‍ അടിപതറാതെ ധീരമായി അഭിമുഖീകരിച്ച മുസ്അബ് ബിന്‍ ഉമൈറിന്റെ ജീവിതവും ശ്രദ്ദേയമാണ്. അദ്ദേഹം ആ ഉമ്മയുടെ ഏക സന്തതിയും മരണപ്പെട്ട ധനികനായ പിതാവിന്റെ അനന്തരാവകാശിയുമായിരുന്നു. ഈ മാര്‍ഗത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ പിതാവിന്റെ അനന്തരസ്വത്ത് നിനക്ക് നല്‍കില്ലെന്ന് അവള്‍ ആദ്യം ശപഥം ചെയ്തു. എന്നാല്‍ മുസ്അബ്(റ) അത് മുഖവിലക്കെടുത്തില്ല. പ്രവാചകന്‍ മുഹമ്മദുമായുള്ള(സ) സഹവാസവും ഇസ്‌ലാമും നീ ഉപേക്ഷിക്കുന്നതുവരെ ഞാന്‍ നിരാഹാരമനുഷ്ടിക്കുമെന്നായിരുന്നു തുടര്‍ന്നുള്ള ശപഥവും ഭീഷണിയും.. അവിടെയും മുസ് അബ് പതറിയില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്ന-പാനീയങ്ങള്‍ ഉപേക്ഷിച്ചതുമൂലം ഉമ്മയുടെ മുഖം വിളറി, ശരീരമാകെ തളര്‍ന്നു… എങ്കിലും ഉമ്മയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് മുസ്അബ് ബിന്‍ ഉമൈര്‍(റ) ഉമ്മയുടെ അടുത്തുവന്നു പ്രതികരിച്ചു: ‘അല്ലയോ ഉമ്മാ, നിങ്ങള്‍ക്ക് നൂറ് ആത്മാവ് ഉണ്ടാകുകയും അവയോരോന്നും പിടഞ്ഞ് പിടഞ്ഞ് മരിക്കുകയുമാണെങ്കില്‍ പോലും മുഹമ്മദിന്റെ ദീന്‍ ഞാന്‍ ഉപേക്ഷിക്കുകയില്ല.’ (തുടരും)

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

പ്രബോധനസരണിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ബാഹ്യസമ്മര്‍ദങ്ങള്‍
പിഴച്ച സംഘടനകളുടെ സമ്മര്‍ദ്ധം

Related Articles