Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുകിന്റെ കര്‍മശാസ്ത്രം; ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനം

facebook33.jpg

ഫേസ്ബുക് ഇന്ന് ഏറ്റവും പ്രചാരമുള്ള ഒരു സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമാകാന്‍ മത്രം ആളുകള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ അംഗങ്ങളാണ്. രാഷ്ട്രത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ പരസ്പരം സൗഹൃദം പുലര്‍ത്താനും ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇത്തരം സൈറ്റുകള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ ഇടപെടുന്ന വിശ്വാസി സ്വന്തമായി തനിക്ക് ചില നിയന്ത്രണങ്ങളും കര്‍മശാസ്ത്രങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്.

ഫേസ്ബുക്കുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ രണ്ട് വിരുദ്ധദിശയിലുള്ള നിലപാടുകളാണ് എടുക്കാറുള്ളത്. ഒരു കൂട്ടര്‍ അതിന്റെ എല്ലാ നന്മകളെയും അവഗണിച്ച് അവ നിഷിദ്ധമാണെന്ന് വാദിക്കുന്നു. അവര്‍ക്ക് ദീനുമായും വിശ്വാസവുമായും ബന്ധപ്പെട്ട ധാരാളം ന്യായങ്ങള്‍ ഇവിടെ നിരത്താനുമുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം സൗഹൃദസൈറ്റുകളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി, അതിന്റെ നന്മയിലും തിന്മയിലും മുങ്ങിയിരിക്കുകയാണ്. അവര്‍ക്ക് അതില്‍ ഒരു വിവേചനവുമില്ല. എന്ത് തോന്ന്യാസത്തിലും സൗഹൃദത്തിന്റെ പേരില്‍ ഇവര്‍ ഇടപെടും. എന്നാല്‍ ഒരു യഥാര്‍ഥ വിശ്വാസിയെന്ന നിലയില്‍ ഇത്തരം സൈറ്റുകളോട് അവനുണ്ടാകേണ്ട നിലപാട് ഈ രണ്ട് ദ്രുവങ്ങളാകരുത്. ഇവക്ക് രണ്ടിനും ഇടയില്‍ നന്മകള്‍ ഉപയോഗപ്പെടുത്തിയും തിന്മകള്‍ തിരസ്‌കരിച്ചും ഫേസ്ബുക് കര്‍മശാസ്ത്രം ഉണ്ടായി വരേണ്ടതുണ്ട്.

‘സോഷ്യല്‍’എന്നാലെന്ത്?
മനുഷ്യസമൂഹവുമായുള്ള ബന്ധത്തെയാണ് സോഷ്യല്‍ എന്ന് പറയാറുള്ളത്. ഒരു വ്യക്തിയും മറ്റൊരു സംഘവും തമ്മിലുള്ള ഇടപഴകലാണിത്. അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ മനുഷ്യര്‍ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളാണിത്.
ഇന്നത്തെ സമൂഹം എന്ന സങ്കല്‍പം തന്നെ മാറ്റപ്പെട്ടിട്ടുണ്ട്. ഗ്ലോബല്‍ സൊസൈറ്റിയാണ് ഇന്ന് നിലവിലുള്ളത്. ഭൂമിയിലെ അവന്റെ സ്ഥാനമോ അതിര്‍ത്തികളോ അല്ല ഇപ്പോള്‍ ഒരാളുടെ സമൂഹത്തെ നിര്‍ണയിക്കുന്നത്. അതിലുപരി അവന്റെ സോഷ്യല്‍ മീഡിയകളിലെ ബന്ധങ്ങളും സൗഹൃദവുമാണ്.

ഇത്തരം സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ ധാരാളം കാര്യങ്ങളുണ്ടായിരിക്കും. ഒരാള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെങ്കില്‍ ഇത്തരം സൈറ്റുകള്‍ അവന്റെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും കൂട്ടത്തില്‍ എഴുതപ്പെടാന്‍ മാത്രം അയാള്‍ക്ക് മാറ്റിയോടുക്കാനാകും. എന്നാല്‍ തന്റെ നരകത്തിലേക്കുള്ള പാത എളുപ്പമാക്കാനുള്ള ഉപകരണമായും അതിനെ ഒരാള്‍ക്ക് ഉപയോഗിക്കാനാവും.

ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ എന്ത്‌ചെയ്യാനാകും?
ലോകത്തെ ഏതുഭാഗത്തുള്ള മനുഷ്യര്‍ക്കും അയാള്‍ നെറ്റും ഫേസ്ബുക്കും ഉപയോഗിക്കുന്നവനാണെങ്കില്‍ പരസ്പരം ബന്ധപ്പെടാന്‍ ഇത്തരം സൈറ്റുകള്‍ സഹായിക്കും. രാജ്യത്തിന്റെ അതിര്‍ത്തികളോ വിസകളോ മറ്റ് സങ്കീര്‍ണതകളോ ഇതിനില്ല. നിങ്ങള്‍ ഈ സൈറ്റുകളില്‍ സുഹൃത്തുക്കള്‍ ആകണമെന്നത് മാത്രമാണ് ഇവിടെയുള്ള നിബന്ധന. ആളുകളുമായും കുടുംബങ്ങളുമായും സ്ഥാപനങ്ങളുമായും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഫേസ്ബുക്ക് സഹായിക്കും. ഫോട്ടോകളും ചിത്രങ്ങളും പരസ്പരം കൈമാറാനും പങ്കുവെക്കാനും ഇവിടെ അവസരമുണ്ട്. ഇവയിലോരോന്നും ഉപയോഗപ്പെടുത്താനും ദുരുപയോഗം ചെയ്യാനും ഒരുപോലെ സാധ്യതയുള്ള കാര്യങ്ങളാണ്. നന്മയുടെയും തിന്മയുടെയും വഴികള്‍ ഇവിടെ ഒരുപോലെ എളുപ്പമാണ്. ഒരാളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ നിന്ന് അയാളുടെ വ്യക്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും വക്രതയും പക്വതയും ഒരുപോലെ ആളുകള്‍ക്ക് തിരിച്ചറിയാനാകും.

ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം?
നന്മയുടെയും സന്മാര്‍ഗത്തിന്റെയും പ്രചരണത്തിനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇത്തരം സൈറ്റുകള്‍ ഉപയോഗപ്പെടുത്താം. ആളുകളില്‍ നന്മയോടും നല്ല പ്രവര്‍ത്തനങ്ങളോടും അനുഭാവവും പിന്തുണയും വളര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഇത്തരം ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ചലചിത്രങ്ങളും സ്വന്ത്വം പേജില്‍ പ്രദര്‍ശിപ്പിക്കാം. അതുപോലെ ഇത്തരം ചിത്രങ്ങളെയും ചലചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അവയെ പിന്തുണക്കുകയും ചെയ്യാം. മറ്റുള്ളവരെ സംസ്‌കരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വാക്യങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും പ്രചരിപ്പിക്കാവുന്നതുമാണ്.

രാഷ്ട്രീയ ചലനങ്ങളുമായി ബന്ധപ്പെട്ടും വലിയ കാര്യങ്ങള്‍ ഫേസ്ബുക് പോലുള്ള സൈറ്റുകളില്‍ ചെയ്യാനുണ്ട്. ലോകത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുക. അത്തരം പ്രതികരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരുമായി പങ്കുവെക്കുക. ഫലസ്തീനികളെയും മറ്റ് പീഢിതരെയും സഹായിക്കുന്നതിനും അക്രമികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നതിനും സോഷ്യല്‍ സൈറ്റുകളെ ഉപയോഗപ്പെടുത്താവുന്നതാണ്.

എന്നാല്‍ സ്ത്രീപുരുഷ ഇടപെടലുകളിലും മറ്റും സൂക്ഷമത പുലര്‍ത്തല്‍ വിശ്വാസിക്ക് ഇവിടെയും അനിവാര്യമാണ്. കാരണം ആളുകള്‍ക്കിടയില്‍ മാത്രമല്ല രഹസ്യമായും തന്റെ ഇടപാടുകളെ വിശ്വാസി ശുദ്ധീകരിക്കേണ്ടതുണ്ട്. അതുപോലെ ഫേസ്ബുക്കില്‍ ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങള്‍ ഷയര്‍ ചെയ്യുന്നതും നല്ലതല്ല. അത് എന്തെങ്കിലും തരത്തില്‍ തിന്മയിലേക്ക് നയിക്കുന്നതാണെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്. കാരണം അതിലൂടെ പ്രേരിതനായി ആരെങ്കിലും തെറ്റിലെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കുറ്റം തീര്‍ച്ചയായും നമുക്ക് ലഭിക്കും. പ്രവാചകന്‍ പഠിപ്പിച്ചത് നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്: ‘ആരെങ്കിലും ഒരു നല്ല ചര്യ സൃഷ്ടിച്ചാല്‍ അവന് പിന്തുടരുന്നവരുടെ പ്രതിഫലവും ലഭിക്കും. ഇനി ആരെങ്കിലും വല്ല ചീത്ത ചര്യയും സൃഷ്ടിച്ചാല്‍ അതു പുന്തുടരുന്നവരുടെ ശിക്ഷയും അവര്‍ക്ക് ലഭിക്കും.’

ഫേസ്ബുകും മറ്റ് സോഷ്യല്‍ സൈറ്റുകളും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പ്രവാചകന്‍ പഠിപ്പിക്കുന്നത് കാണുക: ‘എവിടെയാണെങ്കിലും നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മ വന്നുപോയാല്‍ നന്മ ചെയ്തുകൊണ്ട് അതിനെ മായ്ച്കളയുക.’ ഈ പ്രവാചകാധ്യാപനമാണ് ഇത്തരം സൈറ്റുകളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഓരോ വിശ്വാസിയും മനസ്സില്‍ കുറിച്ചിടേണ്ടത്. സൈബര്‍ ലോകത്തുള്ള എന്റെ സഞ്ചാരങ്ങള്‍ അല്ലാഹുവിന്റെ കണ്ണുകള്‍ക്കും പരിധികള്‍ക്കും അപ്പുറത്തല്ലെന്ന് നാം മനസ്സിലാക്കണം. ഇരുവശത്തുമുള്ള മലക്കുകളറിയാതെ നിങ്ങള്‍ക്ക് ലോകത്ത് ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് നന്നായി അറിഞ്ഞിരിക്കുക. ഓരോരുത്തര്‍ക്കും തന്റെ ഉദ്ദേശത്തിനനുസരിച്ച് രക്ഷാ-ശിക്ഷകള്‍ ലഭിക്കമെന്നും നന്നായി മനസ്സിലാക്കുക.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles