Current Date

Search
Close this search box.
Search
Close this search box.

പ്രാര്‍ത്ഥന മാത്രമല്ല പരിഹാരം

dua-prayer.jpg

ഇത്രയധികം പ്രാര്‍ത്ഥനകളും, ആരാധനകളും അനുഷ്ഠിക്കുന്നവരായിട്ട് പോലും എന്തുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം ദുരിതത്തിലും കഷ്ടപ്പാടിലും പെട്ട് അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ജീവിത വിജയത്തിനും, ദൈവികസഹായം ലഭിക്കുന്നതിനും ചില കാരണങ്ങള്‍ അനിവാര്യമാണ്. അതില്‍ പ്രഥമസ്ഥാനം പ്രാര്‍ത്ഥനക്കല്ല, മറിച്ച് പ്രവര്‍ത്തനത്തിനാണ് പ്രഥമസ്ഥാനം. എന്നോട് പ്രാര്‍ത്ഥിക്കുവിന്‍, നാം നിങ്ങള്‍ക്ക് ഉത്തരം നല്‍കാം (40: 60) എന്നാണല്ലോ അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്, അതു കൊണ്ട് തന്നെ പ്രാര്‍ത്ഥനയാണ് അടിസ്ഥാനമെന്നും, ദുരിതത്തില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും കരകയറാന്‍ പ്രാര്‍ത്ഥനയാണ് മുഖ്യമെന്നും ചിലര്‍ വാദിച്ചേക്കാം. ശരിയാണ്, മുകളില്‍ ഉദ്ദരിച്ച സൂക്തം അല്ലാഹുവിന്റെ വാക്കുകള്‍ തന്നെയാണ്. പക്ഷെ അതിന്റെ ആന്തരാര്‍ത്ഥം മറ്റൊന്നാണെന്ന് മാത്രം. മടിയന്‍മാരായി ചടഞ്ഞ് കൂടിയിരിക്കുന്നവരും, മനപ്പൂര്‍വ്വം യാതൊരു വിധത്തിലുള്ള ഉല്‍പ്പാദനോന്മുഖമായ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാത്തവരുമായ ആളുകള്‍ ഒരു മൂലയില്‍ ചടഞ്ഞിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഒരിക്കലും ഉത്തരം നല്‍കില്ല.

ഞാന്‍ എന്നോടും നിങ്ങളോടുമായി ഒരു ചോദ്യം ചോദിക്കട്ടെ. അമ്പതിലധികം വര്‍ഷമായി ഫലസ്തീന്‍ വിമോചനത്തിനായും, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായും, ഏകാധിപതികളുടെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായും നാം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നാം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്, പദ്ധതികളാണ് നടപ്പില്‍ വരുത്തിയിട്ടുള്ളത്? ഓര്‍ക്കുക ‘നിങ്ങള്‍ അല്ലാഹുവിനെ സഹായിച്ചാല്‍ അല്ലാഹു നിങ്ങളെ സഹായിക്കും’ (47: 7) എന്നാണ്, അല്ലാതെ ‘നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു നിങ്ങളെ സഹായിക്കും’ എന്നല്ല പറഞ്ഞിരിക്കുന്നത്.

പ്രാര്‍ത്ഥനയെ വിജയത്തിന്റെ കാരണങ്ങളില്‍ നിന്ന് പാടെ ഒഴിവാക്കിയെന്ന് ഇതിനര്‍ത്ഥമില്ലെന്ന് വിനീതമായി ഒന്നുകൂടി ഉണര്‍ത്തുന്നു. മറിച്ച് മുന്‍ഗണനാക്രമത്തില്‍ പ്രവര്‍ത്തനത്തിന് ശേഷമാണ് പ്രാര്‍ത്ഥന വരികയെന്ന് മാത്രം. ആസൂത്രണം, സംഘാടനം, പ്രവര്‍ത്തനം എന്നിവയാണ് അടിസ്ഥാനം. പ്രാര്‍ത്ഥന അതിന് തൊട്ടടുത്തായി തന്നെ കടന്ന് വരുന്നു. നബി തിരുമേനിയുടെ(സ) പ്രവര്‍ത്തനങ്ങളില്‍ ഉടനീളം ഈ ക്രമമാണ് നമുക്ക് കാണാന്‍ സാധിക്കുക.

ബദ്ര്‍ യുദ്ധ സന്ദര്‍ഭം ഓര്‍ത്ത് നോക്കൂ, ആദ്യം യുദ്ധസ്ഥാനം കുറിച്ചു, ആവശ്യസാധനങ്ങള്‍ ഒരുക്കൂട്ടി, സൈന്യത്തെ വിന്യസിച്ചു, വിജയം വരെ പോരാടാന്‍ അവരെ ആവേശഭരിതരാക്കി, എന്നിട്ട് അല്ലാഹുവിലേക്ക് മുഖം തിരിച്ച് കൊണ്ട് കൈകളുയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകി. അതു തന്നെയാണ് ഖന്‍ദഖ് യുദ്ധത്തിലും (കിടങ്ങ് യുദ്ധം) നാം ദര്‍ശിച്ചത്. ആദ്യം കിടങ്ങ് കുഴിച്ചു, സൈന്യത്തെ അണിനിരത്തി, കൃത്യമായ ആസൂത്രണങ്ങള്‍ നടത്തി, എന്നിട്ട് അല്ലാഹുവോട് മനമുരുകി പ്രാര്‍ത്ഥിച്ചു.

ഒരിക്കല്‍ ശൈഖ് ഗസ്സാലി ജുമുഅ ഖുതുബ ശ്രവിക്കവേ പള്ളിയിലെ ഇമാം നടത്തിയ പ്രാര്‍ത്ഥന ഒരു പ്രാര്‍ത്ഥന കേള്‍ക്കാനിടയായി. ‘അല്ലാഹുവേ… അക്രമികളെ അക്രമികളുടെ കൈകളാല്‍ തന്നെ നീ നശിപ്പിക്കേണമേ.. അവരുടെ കൈകളില്‍ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ..’ എന്നായിരുന്നു ഇമാം പ്രാര്‍ത്ഥിച്ചത്. നമസ്‌കാരാനന്തരം ഇമാമിന്റെ അടുക്കല്‍ പോയി ശൈഖ് ഗസ്സാലി ചോദിച്ചു: ‘അക്രമികളെ അക്രമികളുടെ കൈകളാല്‍ തന്നെ അല്ലാഹു നശിപ്പിക്കുകയാണെങ്കില്‍ പിന്നെ.. നമ്മുടെ ജോലിയെന്താണ്..!’

മറ്റുള്ളവര്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടത്തി, പ്രാപഞ്ചിക ശക്തികളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തി, മനുഷ്യവിഭവസമ്പത്ത് കാര്യക്ഷമമായി വിനിയോഗിച്ച് വിജയത്തിന്റെ പടവുകള്‍ കയറുകയും, നമുക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍, നാം കേവലം പ്രാര്‍ത്ഥനകളില്‍ മുഴുകുകയും, വേദവാക്യങ്ങള്‍ ഉരുവിടുകയും ചെയ്താല്‍ പിന്നെ ഇതല്ലാതെ മറിച്ചെന്താണ് സംഭവിക്കുക. ഇന്ന് നമുക്ക് മേല്‍ അവര്‍ മേല്‍ക്കോയ്മ നേടാനുള്ള കാരണം മറ്റെവിടെയും പോയി അന്വേഷിക്കേണ്ടതില്ല.

പരിശുദ്ധ ഖുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്ന യൂസുഫ് നബിയുടെ(അ) ചരിത്രത്തില്‍ ഇവിടെ സമര്‍ത്ഥിക്കുന്ന കാര്യത്തിന് മികച്ചൊരു പ്രായോഗിക ഉദാഹരണം കാണാന്‍ സാധിക്കും. താന്‍ കണ്ട സ്വപ്‌നം വ്യാഖ്യാനിക്കുന്നതിനായി രാജാവ് യൂസുഫ് നബി(അ)ക്ക് വിശദീകരിച്ചു കൊടുത്തപ്പോള്‍, മിസ്‌റിനെ ക്ഷാമം ബാധിക്കാന്‍ പോകുന്നതായി യൂസുഫ് നബി അറിയിച്ചു. തുടര്‍ന്ന് എന്ത് നിലപാടാണ് യൂസുഫ് നബി കൈകൊണ്ടത്? സാമ്പത്തിക പ്രശ്‌നം മറികടക്കാനായി രാജാവിനോട് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാനാണോ യൂസുഫ് നബി ഉപദേശിച്ചത്? അതോ ബുദ്ധിമാനും ദീര്‍ഘവീക്ഷണവുമുള്ള ഒരാളെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി നിയമിക്കാനാണോ യൂസുഫ് നബി നിര്‍ദ്ദേശിച്ചത്? തുടര്‍ന്ന് യൂസുഫ് നബി(അ) തന്നെ പ്രസ്തുത സുപ്രധാന ദൗത്യം ഏറ്റെടുക്കാനായ് സ്വയം സന്നദ്ധനായി മുന്നോട്ട് വരുന്നത് നാം കാണുന്നു. അദ്ദേഹം രാജാവിനോട് ഉണര്‍ത്തി ‘രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പ്പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.’ (ഖുര്‍ആന്‍ 12 : 55). അതെ, അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കുകയും, പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങുകയുമാണ് ചെയ്തത്.

പറയാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രമാണ്, കൃത്യമായ ആസൂത്രണത്തിന് ശേഷം പ്രവര്‍ത്തനപഥത്തില്‍ ഇറങ്ങുക, എന്നിട്ട് മനമുരുകി പ്രാര്‍ത്ഥിക്കുക. ഇതാണ് ഇന്നത്തെ സാഹചര്യത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സര്‍വ്വോപരി ഈ ലോകത്തിനും എന്തെങ്കിലും നന്മ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ സ്വീകരിച്ചിരിക്കേണ്ട രീതി.

പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ ഒരുകാരണവശാലും മറന്ന് പോകാന്‍ പാടുള്ളതല്ല. പ്രാര്‍ത്ഥനയും ഒരു പ്രവര്‍ത്തനം തന്നെയാണ്. നബി തിരുമേനി പറഞ്ഞത് പോലെ ‘അല്ലാഹുവിന്റെ അടുക്കല്‍ പ്രാര്‍ത്ഥനക്കുള്ള ആദരണീയ സ്ഥാനം മറ്റൊന്നിനും തന്നെയില്ല’. അപ്പോള്‍ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് മനസ്സിലാക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles