Current Date

Search
Close this search box.
Search
Close this search box.

പ്രായോഗിക പരിശീലനത്തിന്റെ അത്ഭുതഫലം

axe.jpg

തൊഴില്‍ രഹിതനായ ഒരു സഹാബിയെ പതിനഞ്ച് ദിവസം കൊണ്ട് പ്രവാചകന്‍ സാമ്പത്തിക സ്വയംപര്യാപ്ത കൈവരിക്കാന്‍ പരിശീലിപ്പിച്ച സംഭവം എന്റെ ശ്രദ്ധയെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ ചിന്താശേഷിയും അറിവും അധ്വാനവും ഭാവിക്ക് വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രയോഗികമായി തെളിയിച്ചുകൊടുക്കുകയായിരുന്നു ആ പരിശീലനത്തിലൂടെ പ്രവാചകന്‍. സ്വന്തം കഴിവുകള്‍ കണ്ടെത്താനും, അതുപയോഗിച്ച് തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ആശയം അനുഭവത്തിലൂടെ ഗ്രഹിക്കാനും പ്രവാചകന്റെ മേല്‍നോട്ടത്തിലുള്ള 15 ദിവസത്തെ പരിശീലനത്തിലൂടെ ആ സഹാബിക്ക് സാധിച്ചു.

അനസുബ്‌നു മാലിക് ആ സംഭവം ഉദ്ധരിക്കുന്നു: അന്‍സാറില്‍ പെട്ട ഒരാള്‍ പ്രവാചകന്റെയടുക്കല്‍ വന്ന് വല്ലതും തരണമെന്ന് അഭ്യര്‍ഥിച്ചു. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: താങ്കളുടെ വീട്ടില്‍ ഒന്നുമില്ല? അദ്ദേഹം പറഞ്ഞു: ഒരു തോലുണ്ട്. അതിന്റെ ഒരു ഭാഗം ഞങ്ങള്‍ ഉടുക്കാനും ബാക്കി ഭാഗം വിരിക്കാനും ഉപയോഗിക്കുന്നു. അതോടൊപ്പം വെള്ളം കുടിക്കാനുള്ള ഒരു കോപ്പയുമുണ്ട്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അവ രണ്ടും കൊണ്ടുവരൂ. അദ്ദേഹം അവയുമായി വന്നു. പ്രവാചകന്‍ അത് കൈയില്‍ പിടിച്ചുകൊണ്ട് സഹാബികളോട് ചോദിച്ചു? ആരാണ് ഇവ രണ്ടും വാങ്ങുക? അപ്പോള്‍ ഒരാള്‍ പറഞ്ഞു: ഒരു ദിര്‍ഹമിന് ഞാനവ വാങ്ങാം. അപ്പോള്‍ നബി(സ) ചോദിച്ചു: അതിനേക്കാള്‍ കൂടുതല്‍ ആര്‍ക്കാണ് നല്‍കാന്‍ കഴിയുക? രണ്ടോ മൂന്നോ തവണ പ്രവാചകന്‍ ആ ചോദ്യം ആവര്‍ത്തിച്ചു. അന്നേരം ഒരാള്‍ പറഞ്ഞു: ഞാന്‍ രണ്ട് ദിര്‍ഹമിന് അവ വാങ്ങാം. അങ്ങനെ കച്ചവടം നടന്നു. തുടര്‍ന്ന് ആ രണ്ട് ദിര്‍ഹം ആ അന്‍സാരിക്ക് നല്‍കിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു: ഒരു ദിര്‍ഹമിന് നീ ഭക്ഷണം വാങ്ങി നിന്റെ വീട്ടുകാര്‍ക്ക് കൊടുക്കുക. രണ്ടാമത്തെ ദിര്‍ഹം കൊണ്ട് ഒരു മഴു വാങ്ങി എന്റെയടുക്കല്‍ വരിക. അദ്ദേഹം മഴുവുമായി വന്നു. പ്രവാചകന്‍ അതിന് മരം കൊണ്ട് താഴ (മഴുത്താഴ) ഘടിപ്പിച്ചുകൊടുത്ത ശേഷം പറഞ്ഞു: ഇതുമായി പോയി വിറക് ശേഖരിച്ച് വില്‍ക്കണം. ഇനിയുള്ള പതിനഞ്ച് ദിവസം ഞാന്‍ നിന്നെ കാണാനിടയാവരുത്. അങ്ങനെ അദ്ദേഹം വിറക് ശേഖരിച്ചു വില്‍പന നടത്തിക്കൊണ്ടിരുന്നു. പതിനഞ്ചു ദിവസത്തിന് ശേഷം അദ്ദേഹം പ്രവാചകന്റെ അരികിലെത്തി. അപ്പോഴേക്കും പത്ത് ദിര്‍ഹം അദ്ദേഹം നേടുകയും അതില്‍ നിന്ന് ഒരു ഭാഗം ഉപയോഗിച്ച് ഭക്ഷണവും വസ്ത്രവും വാങ്ങുകയും ചെയ്തിരുന്നു. അപ്പോള്‍  പ്രവാചകന്‍ പറഞ്ഞു: ആളുകളോട് യാചിക്കുന്നതിനേക്കാള്‍ ഇതാണ് നിനക്ക് ഉത്തമം.

ഈ പരിശീലന കോഴ്‌സിനെ വിലയിരുത്തുമ്പോള്‍ 15 ദിവസം കൊണ്ട് പ്രവാചകന്‍ ആ അന്‍സാരിയുടെ ജീവിതത്തില്‍ ഏഴ് മാറ്റങ്ങള്‍ ഉണ്ടാക്കിയതായി കാണാം.
1. പരാശ്രയത്വം എന്ന ചിന്തയെ സ്വാശ്രയത്വം എന്നതിലേക്ക് പരിവര്‍ത്തിപ്പിച്ചു.
2. സമ്പത്തിനെ കുറിച്ച് കാഴ്പ്പാടില്‍ മാറ്റമുണ്ടാക്കി. നാണയം മാത്രമല്ല, മഴുവും തോലുമെല്ലാം സമ്പത്താണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
3. എനിക്ക് പറ്റിയ ഒരു പണിയും എന്റെ ജീവിതപരിസരത്തില്ല എന്ന മിഥ്യാധാരണ മാറ്റി മരം മുറിക്കുക, വിറക് വില്‍ക്കുക തുടങ്ങി തന്റെ ജീവിതം മെച്ചപ്പെടുത്താനുതകുന്നത് അതില്‍ നിന്ന് തന്നെ കണ്ടെത്താം എന്ന ആത്മവിശ്വാസം അദ്ദേഹത്തിലുണ്ടായി.
4. ഈ പഴയ ഗൃഹോപകരങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന ധാരണ മാറ്റി അത് ഫലപ്രദമായ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായി.
5. മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യമൊന്നും വേണ്ടതില്ല എന്ന ചിന്ത മാറ്റി തനിക്ക് ഒരു ലക്ഷ്യമുണ്ടാവണമെന്നും സമയം നിര്‍ണയിച്ചുകൊണ്ട് അത് സാക്ഷാല്‍ക്കരിക്കാന്‍ അധ്വാനിക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. (അതായത് ജീവിത്തില്‍ ഒരു പ്ലാനിംഗും അത് നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ടാവണം). സമയം നിര്‍ണയിക്കാന്‍ പ്രവാചകന്‍ അദ്ദേഹത്തെ സഹായിച്ചു. പതിനഞ്ചു ദിവസമായിരുന്നു അത്.
6. സ്വന്തത്തെ കുറിച്ച കാഴ്ചപ്പാട് മാറ്റിക്കൊടുത്തു. ഞാന്‍ ദുര്‍ബലനും ഒന്നുമില്ലാത്തവനും ഒന്നിനും കൊള്ളാത്തവനുമാണെന്ന തോന്നല്‍ ഇല്ലാതാക്കി, തനിക്ക് ബുദ്ധിപരവും ശാരീരികവുമായ പലവിധ കഴിവുകളും ശേഷികളും അല്ലാഹു നല്‍കിയിട്ടുണ്ടെന്നും തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതം ക്ഷേമപൂര്‍ണമാക്കാന്‍ അതുപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
7. ജീവിത വിഭവങ്ങളെ കുറിച്ച അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ മാറ്റം വരുത്തി. അല്ലാഹുവാണ് ജീവിതവിഭവങ്ങള്‍ തരുന്നവനെന്നും എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതത്തിനാവശ്യമായ വിഭവങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മറ്റുള്ളവരെ ആശ്രയിക്കാനും തന്റെ ബുദ്ധിയും കഴിവുകളും ഉപയോഗിക്കാതെ കഴിയാനുമാണ് പലരും ഇഷ്ടപ്പെടുന്നതെന്നും അത് ശരിയല്ലെന്നുമുള്ള പാഠം പകര്‍ന്നു നല്‍കി.

ചുരുക്കത്തില്‍ ഒരു തത്വം ചൊല്ലിക്കൊടുക്കുകയോ അല്ലെങ്കില്‍ കേവലമായ ഒരു ഉപദേശം നല്‍കുകയോ ചെയ്തുകൊണ്ട്  ആ സഹോദരനെ തിരിച്ചയക്കുകയല്ല പ്രവാചകന്‍ ചെയ്തത്. മറിച്ച് ചില സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് അദ്ദേഹത്തെ ഒരു തൊഴില്‍ പരിശീലന കോഴ്‌സില്‍ ചേര്‍ക്കുകയായിരുന്നു തിരുദൂതര്‍. അല്ലാഹു നല്‍കിയ കഴിവുകള്‍ ഉപയോഗിച്ച് ഒരു ജീവിതമാര്‍ഗം കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു അതിലൂടെ. ആധുനിക ലോകത്ത് കൊറിയയും ഇതുതന്നെയാണ് ചെയ്തത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു രാജ്യമാണ് കൊറിയ. എന്നാല്‍ അവിടെയുള്ള മാനവവിഭവശേഷി ഉപയോഗപ്പെടുത്തി അവര്‍ പലതും ഉല്‍പാദിപ്പിച്ചു. അങ്ങനെ സാമ്പത്തികമായി ലോകത്തിന്റെ നെറുകയില്‍ അവരെത്തി. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം പ്രവാചകന്റെ ഈ ശൈലി സ്വീകരിച്ച് സിദ്ധാന്തങ്ങളില്‍ നിന്ന് അകന്നുനിന്ന് പ്രായോഗികമായ ശിക്ഷണ രീതികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഒരു വ്യക്തിയുടെ പുരോഗതിക്കും കുടുംബത്തിന്റെ രക്ഷക്കും സമൂഹത്തിന്റെ ഉണര്‍വിനും അനുഗുണമായ സമ്പൂര്‍ണമായൊരു മാര്‍ഗരേഖയാണ് ഈയൊരു ഹദീസ്.

മൊഴിമാറ്റം: അബൂദര്‍റ് എടയൂര്‍

Related Articles