Current Date

Search
Close this search box.
Search
Close this search box.

പ്രവാചക മിമ്പര്‍ വിശ്വാസികളുടെ ജീവിതത്തിലിടപെട്ട വിധം

mimbar.jpg

പൊതു സമൂഹവും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും പ്രവാചക മിമ്പര്‍ ഇടപെട്ടിരുന്നതായി കാണാം. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ കാലഘട്ടത്തിലെ പ്രശ്‌നങ്ങളോട് സദുപദേശത്തോടു കൂടി മിമ്പറുകള്‍ സംവദിച്ചിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ നാഗരികവും ചിന്താപരവുമായ കാര്യങ്ങള്‍ പ്രകാശിപ്പിക്കുന്ന വേദിയാണ് അന്നും ഇന്നും മിമ്പറുകള്‍. സമൂഹത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും മിമ്പറിലൂടെ തന്നെ. പ്രവാചകന്റെയും അനുചരന്മാരുടെയും മിമ്പറുകളിലെ ഇടപെടലുകളെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളില്‍ നമുക്ക് വായിക്കാന്‍ സാധിക്കും. യഥാര്‍ഥ നന്മയിലേക്കും വിജയത്തിലേക്കും സമൂഹത്തെ നയിക്കുന്ന വിളക്കുമാടങ്ങളാണ് മിമ്പറുകള്‍.

അനസ് ബിന്‍ മാലിക്(റ)യില്‍ നിന്ന് നിവേദനം :റസൂല്‍(സ) ഖുതുബ നിര്‍വഹിക്കവെ ഞാന്‍ പ്രവാചകന്റെ മിമ്പറിന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ പള്ളിയിലുള്ള ചില ആളുകള്‍ പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, മഴ നിലച്ചിരിക്കുന്നു. കാലികളെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ മഴ വര്‍ഷിക്കാനായി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. പ്രവാചകന്‍ ഇരു കരങ്ങളുമുയര്‍ത്തി പ്രാര്‍ഥിച്ചു. ഞങ്ങള്‍ ആകാശത്ത് ഒരു മേഘത്തെയും കണ്ടിരുന്നില്ല. അപ്പോള്‍ അല്ലാഹു മേഘങ്ങളെ ഘടിപ്പിച്ചു. അടുത്ത ജുമുഅ വരെ ശക്തമായ മഴ വര്‍ഷിച്ചു. പ്രവാചകന്‍ ജുമുഅ നിര്‍വഹിക്കവെ ചില ആളുകള്‍ വന്നു പറഞ്ഞു. തിരുദൂതരേ, വീടുകളെല്ലാം തകര്‍ന്നു, യാത്രകളെല്ലാം മുടങ്ങി. മഴ നീങ്ങിക്കിട്ടാന്‍ വേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. പ്രവാചകന്‍ പ്രാര്‍ഥിച്ചു. അല്ലാഹുവെ ഞങ്ങളുടെ മേല്‍ മഴ വര്‍ഷിക്കരുതേ. ഞങ്ങളുടെ ചുറ്റും നീ മഴവര്‍ഷിപ്പിക്കുക’. ഞങ്ങളുടെ തലക്ക് മുകളിലുള്ള മേഘങ്ങള്‍ ചിന്നഭിന്നമായി രാത്രിയില്‍ ഞങ്ങളുടെ ചുറ്റുമുള്ള പ്രദേശത്ത് പോയി മഴവര്‍ഷിച്ചു. ഞങ്ങളുടെ പ്രദേശത്ത് മഴ വര്‍ഷിച്ചതുമില്ല. (മുസ്‌ലിം)

ത്വാരിഖ് ബിന്‍ അബ്ദുല്ല അല്‍മഹാരിബിയില്‍ നിന്ന് നിവേദനം: ഞങ്ങള്‍ മദീനയിലെത്തിയപ്പോള്‍ പ്രവാചകന്‍ മിമ്പറില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹം ഇപ്രാകാരം പറയുന്നുണ്ടായിരുന്നു. അല്ലയോ ജനങ്ങളെ, നല്‍കുന്നവന്റെ കൈയാണ് ഉയര്‍ന്നത്. ആശ്രിതരില്‍ നിന്ന് തുടങ്ങുക. നിന്റെ ഉമ്മ, ഉപ്പ, സഹോദരി, സഹോദരന്‍ പിന്നീട് അടുത്ത ബന്ധുക്കള്‍…അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ എഴുന്നേറ്റ് നിന്നു ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, ഈ ബനൂ സഅലബക്കാര്‍ ജാഹിലിയ്യത്തില്‍ ഇന്നയാളെ കൊലചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് പ്രതികാരം ചെയ്യാനായി അവനെ പിടിച്ചുതരൂ! പ്രവാചകന്‍ തന്റെ കക്ഷം കാണുന്ന തരത്തില്‍ കൈ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ ഉമ്മയുടെ തെറ്റിന്റെ കാരണത്താല്‍ ഒരു മകനും ശിക്ഷിക്കപ്പെട്ടു കൂടാ, എന്നു മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചു’.

ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: അന്‍സാരികളില്‍ നിന്ന് ബരീറയെ മോചിപ്പിക്കാനായി ആഇശ(റ) വാങ്ങി, അവളുടെ രക്ഷാകര്‍തൃത്വം അവര്‍ക്ക് നല്‍കണമെന്ന് അവര്‍ നിബന്ധന വെക്കുകയും ആഇശ അതംഗീകരിക്കുകയും ചെയ്തു. പ്രവാചകന്‍(സ)വന്നപ്പോള്‍ ആഇശ ഇതിനെ കുറിച്ചു വിവരിച്ചു. അപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു. തീര്‍ച്ചയായും മോചിപ്പിച്ചവര്‍ക്കാണ് രക്ഷാകര്‍തൃത്വം. പിന്നീട് പ്രവാചകന്‍ മിമ്പറില്‍ കയറി പറഞ്ഞു : ‘അല്ലാഹുവിന്റെ ഗ്രന്ഥത്തിലില്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പിക്കുന്ന ജനതയുടെ അവസ്ഥ എന്താണ്’.(ബുഖാരി മുസ്‌ലിം)

ഈസ ബിന്‍ അബീ സബ്‌റ തന്റെ പിതാമഹനില്‍ നിന്ന് നിവേദനം ചെയ്യുന്നു: നമസ്‌കാരത്തിന്റേതല്ലാത്ത സമയത്ത് പ്രവാചകന്‍ പള്ളിയില്‍ പോയി. നിശ്ശബ്ധനായി മിമ്പറില്‍ കയറി ഇരുന്നു. ജനങ്ങള്‍ പരസ്പരം വിളിച്ചു. അപ്രാകാരം ആളുകള്‍ അധികരിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: വുളു ഇല്ലാതെ നമസ്‌കാരമില്ല, അല്ലാഹുവിനെ സ്മരിക്കാത്തവന് വുളൂഉമില്ല. അറിയുക, അല്ലാഹുവിനെ വിശ്വസിച്ചിട്ടില്ലാത്തവന്‍ എന്നെയും വിശ്വിസിച്ചിട്ടില്ല. എന്നെ വിശ്വസിക്കാത്തവന്‍ അന്‍സാരികളോടുള്ള കടപ്പാട് അറിയാത്തവരാണ്. പിന്നെ പ്രവാചന്‍ അതില്‍ നിന്ന് ഇറങ്ങി’.(ശൈബാനി)

അനസ് ബിന്‍ മാലിക് (റ) വിവരിക്കുന്നു: ‘പ്രവാചകന്‍ മരണപ്പെട്ടതിന്റെ അടുത്ത ദിവസം അബൂബക്കര്‍(റ) മിമ്പറില്‍ വെച്ച് ജനങ്ങളോട് പൊതു ബൈഅത്ത് സ്വീകരിച്ചു.(ശൈബാനി)
പ്രവാചകന്‍ ഗൗരവമുള്ള വല്ല കാര്യവും ജനങ്ങളുടെ ശ്രദ്ദയില്‍ പെടുത്തണമെന്ന് തോന്നുന്ന സന്ദര്‍ഭത്തില്‍ മിമ്പറില്‍ കയറി ജനങ്ങളെ ഉ്ദ്‌ബോധിപ്പിക്കുകയായിരുന്നു ചെയ്തത്. പ്രവാചകന്റെയും സഹാബിമാരുടെയും കാലത്ത് മിമ്പര്‍ എന്നത് ഉപദേശങ്ങള്‍ മാത്രമല്ല നല്‍കിയിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട് ഇസ് ലാമിക സമൂഹത്തിനാവശ്യമായ എല്ലാ കാര്യങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നതായി കാണാം. ഇതിന് നിരവധി തെളിവുകള്‍ നമുക്ക് ചരിത്രത്തില്‍ ദര്‍ശിക്കാം. എല്ലാ കാലത്തും ഇസ് ലാമിക സമൂഹത്തിന് നാഗരികവും സാംസ്‌കാരികവുമായി അഭിവൃദ്ധി പ്രാപിക്കാനും അഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഖുതുബകളിലൂടെ നിര്‍വഹിക്കപ്പെട്ടിരുന്നു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles