Current Date

Search
Close this search box.
Search
Close this search box.

പ്രയോജനപ്രദമായ റമദാനിന് എട്ടുവഴികള്‍

ആത്മീയസമ്പന്നതയും പ്രതിഫലങ്ങളും പ്രദാനം ചെയ്യുന്ന വിശിഷ്ടാവസരമാണ് റമദാന്‍. അത് നമുക്ക് നഷ്ടപ്പെടുത്തുക വയ്യ. എന്നാല്‍ നമ്മില്‍ പലര്‍ക്കും ഈ അനുഗൃഹീത മാസത്തെ വേണ്ടത്ര പ്രയോജനപ്രദമാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ശരി. റമദാന്റെ പുണ്യങ്ങള്‍ പരമാവധി കരസ്ഥമാക്കാനും അതിനെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താനുമുതകുന്ന എട്ടു കാര്യങ്ങളാണ് ഇവിടെ മുന്നോട്ട് വെക്കുന്നത്.

1. തയാറായിരിക്കുക: പ്രയോജനപ്രദമായ റമദാനിന് വേണ്ടി മുന്‍കൂട്ടി തയാറാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. റമദാനിന് വേണ്ടി ഒരുങ്ങാനാണ് റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ കൂടുതല്‍ സദ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ദീന്‍ നമ്മെ പ്രോത്സാഹിപ്പിച്ചത്. വിതക്കുന്ന മാസങ്ങളാണ് അവയെങ്കില്‍ പുണ്യങ്ങള്‍ കൊയ്യുന്ന കാലമാണ് റമദാന്‍.

റമദാനില്‍ നല്ല വിളവെടുക്കാന്‍ ഈ മാസത്തില്‍ തന്നെ നിങ്ങളുടെ വിത്തുകള്‍ വിതക്കുക. സുബ്ഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് എഴുന്നേല്‍ക്കാന്‍ ഇപ്പോഴേ ശീലിക്കുക. പകല്‍സമയങ്ങളില്‍ ഖുര്‍ആനുമായുള്ള ബന്ധം അധികരിപ്പിക്കുക. പരിഗണനീയമായ ദിനങ്ങളില്‍ നോമ്പെടുക്കുക. കൂടുതല്‍ സത്കര്‍മങ്ങളില്‍ ഏര്‍പെടുക. ഇങ്ങനെ ചെയ്യുന്നതോടെ റമദാനിലേക്കുള്ള നിങ്ങളുടെ വഴി സുഗമമാകുന്നു. റമദാനില്‍ അധികമായി ഇബാദത്തുകള്‍ അനുഷ്ഠിക്കുന്നത് വളരെ എളുപമാവുന്നു.

2. യാഥാര്‍ഥ്യബോധം, നൈരന്തര്യം: അമിതമായ ആഗ്രഹത്തോടെയും ശപഥങ്ങളോടെയുമായിരിക്കും പലപ്പോഴും നാം റമദാനെ സ്വീകരിക്കുന്നത്. എന്നാല്‍ അസാധ്യമായതിനാല്‍ അതെല്ലാംകൂടി പാലിക്കാന്‍ നമുക്ക് കഴിയാറുമില്ല. നിങ്ങള്‍ റമദാനില്‍ ചെയ്യാനുദ്ദേശിക്കുന്ന ഇബാദത്തുകള്‍ നേരത്തെ ചെയ്യാന്‍ ശീലിക്കുന്നില്ലെങ്കില്‍ റമദാനിലേക്കുള്ള നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുക എളുപമാവില്ല.

റമദാനിന് മുമ്പ് ഒരു പേജ് ഖുര്‍ആന്‍ വായിക്കാനും സുബ്ഹി നമസ്‌കാരത്തിന് എഴുന്നേല്‍ക്കാനും പ്രയാസപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ശാരീരികവും മാനസികവുമായ കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടിവരും. എത്ര ചെറുതെങ്കിലും നൈരന്തര്യമുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും ഉത്തമം. (ബുഖാരി)

നിരാശബോധവും നൈരന്തര്യമില്ലായ്മയും നിങ്ങളെ അലട്ടാതിരിക്കാന്‍ ഇപ്പോഴെ യാഥാര്‍ഥ്യബോധത്തോടെ ആസൂത്രണങ്ങള്‍ ചെയ്യുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഇബാദത്തുകള്‍ തെരഞ്ഞെടുക്കുക, അതില്‍ സ്ഥിരോത്സാഹം പുലര്‍ത്തുക. ഉദാഹരണമായി, ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണം ചെയ്യുമെന്നും ദിവസവും രണ്ട് റക്അത്ത് തഹജ്ജുദ് നമസ്‌കരിക്കുമെന്നും പ്രതിജ്ഞയെടുത്തെന്ന് കരുതുക. എങ്കില്‍ ചിട്ടയോടെ ആ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതായിരിക്കും, വലിയ നിയ്യത്തുകളെടുത്ത് അത് പൂര്‍ത്തീകരിക്കാതിരിക്കുകയും നിരാശാബോധത്തിലുഴലുകയും ചെയ്യുന്നതിനേക്കാള്‍ അല്ലാഹുവിന്റെ കണ്ണില്‍ ഉത്തമം.

3 ഇഫ്താര്‍ സമയത്ത് അധികം ഭക്ഷിക്കാതിരിക്കുക: വിമലീകരണത്തിന്റെ മാസമാണ് റമദാന്‍. ആത്മാവിന്റെയും ശരീരത്തിന്റെയും ശുചീകരണം. ദരിദ്രജനങ്ങള്‍ അനുഭവിക്കുന്ന വിശപ്പിന്റെ ഒരളവെങ്കിലും അനുഭവിക്കാന്‍ റമദാന്‍ നമുക്ക് അവസരമൊരുക്കുന്നു. പ്രവര്‍ത്തിഭാരത്താല്‍ ഇഴയുന്ന നമ്മുടെ ദഹനസംവിധാനത്തിന് ഒരു ഇടവേളയാണിത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇഫ്താര്‍ സമയത്ത് ഒരുപാട് ഭക്ഷണം കഴിക്കുകയെന്നത് ഭൂരിഭാഗം മുസ്‌ലിംകളുടെയും ശീലം തന്നെയായിരിക്കുന്നു. റമദാന്‍ അവസാനിക്കുമ്പോള്‍ തൂക്കം കൂടുന്ന ആളുകളാണ് നമുക്കിടയിലുള്ളത്.

നോമ്പുകൊണ്ട് എന്താണോ ലക്ഷ്യം വെച്ചിട്ടുള്ളത്, അതിനെ അട്ടിമറിക്കുന്നതാണ് നമ്മുടെ ഭക്ഷണശീലം. വിഷമുക്തമാക്കുന്നതിന് പകരം, നാം നമ്മുടെ വയറിനെ വിഷമയമാക്കുന്നു. വിശപിന്റെ സ്ഥാനത്ത് വയറ് നിറവിന്റെയും അത് സംബന്ധമായ അസ്വസ്ഥതകളുടെയും പ്രശ്‌നങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. പലതരത്തിലുമുള്ള ഭക്ഷണപദാര്‍ഥങ്ങളുണ്ടാക്കി അത് മുഴുവന്‍ കഴിക്കുകയെന്നതാണ് മുസ്‌ലിംകള്‍ ചെയ്യുന്ന മറ്റൊരു തെറ്റ്. നാവിന് രുചികരമായ എന്നാല്‍ അനാരോഗ്യകരമായ, പൊരിച്ചതും കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നവരെ അലസതയും ഉറക്കവും എളുപ്പം പിടികൂടുന്നു. തറാവീഹ് നമസ്‌കാരം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വയറ് നിറക്കുന്നവരുണ്ട്.

അതുകൊണ്ട് ഇഫ്താര്‍ എപ്പോഴും ലളിതമാക്കുക. ആരോഗ്യകരവും സമീകൃതവുമായ വിഭവങ്ങള്‍ ആഹരിക്കുക. വെറും കാര്‍ബോഹൈഡ്രേറ്റുകളുള്ള പദാര്‍ഥങ്ങള്‍ മാത്രം കഴിച്ച് വയറ് നിറക്കുന്നതിന് പകരം ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്ന പോഷകാഹാരങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വയറിന്റെ മൂന്നിലൊരു ഭാഗം മാത്രം ഭക്ഷണം, ഒരുഭാഗം വെള്ളം, ഒരുഭാഗം വായു എന്ന രീതിയില്‍ പ്രവാചകന്റെ സുന്നത്താണ് ഇഫ്താറിലും നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍, നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

4 സുബ്ഹിക് ഒരു മണിക്കൂര്‍ മുമ്പ് എഴുന്നേല്‍ക്കുക: പടച്ചവന്‍ അനുഗ്രഹം ചൊരിയുന്ന സമയങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രയോജനകരം. പ്രഭാതത്തന്റെ ആദ്യമണിക്കൂറുകളില്‍ നിങ്ങള്‍ക്ക് ബറകത്തുണ്ടെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുകയുണ്ടായി. സുബ്ഹിക്ക് മുമ്പുള്ള ഒരു മണിക്കൂര്‍ പ്രാര്‍ഥനയിലും, ഖുര്‍ആന്‍ പരായണത്തിലും, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകളിലുമാണ് ചെലവിടുന്നതെങ്കില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഊര്‍ജ്ജം നിങ്ങള്‍ അതിലൂടെ സംഭരിക്കുകയായി.

ഊര്‍ജ്ജം കിട്ടാന്‍ ദിവസവും രാവിലെ ഭക്ഷണം കഴിക്കുന്നത് പോലെ ശരീരത്തിന് ആത്മീയപോഷകവും അതുപോലെ നിര്‍ബന്ധമാണ്. അതില്ലാതെ, നമുക് ബറകത്ത് ലഭിക്കുകയില്ല. നാം പെട്ടെന്ന് ക്ഷീണിതരാവുന്നു. ഒന്നും പ്രയോജനപ്പെടുത്താനാവാതെ പോകുന്നു. കൂടാതെ, സുബ്ഹിക്ക് മുമ്പ് അത്താഴം (സുഹൂര്‍) കഴിക്കുന്നതും ബറകത്ത് നല്‍കുന്നു.

പ്രവാചകന്‍ (സ) പറഞ്ഞു: അത്താഴം കഴിക്കുക. അതില്‍ നിങ്ങള്‍ക്ക് ബറകത്തുണ്ട്.

സുബ്ഹിക്ക് മുമ്പ് എഴുന്നേല്‍ക്കാനും, രണ്ട് റക്അത്ത് നമസ്‌കരിക്കാനും, ദുആ ചെയ്യാനും, ഖുര്‍ആന്‍ പാരായണത്തിനും, ലഘുവായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ഇത്രയും ചെയ്യാന്‍ നിങ്ങള്‍ ഒരു മണിക്കൂര്‍ ഉറക്കമിളച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങള്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ നല്‍കും. ഇബാദത്തുകള്‍ക്കും മറ്റു ജോലികള്‍ ചെയ്യാനും ഒരുപാട് സമയം നിങ്ങള്‍ക്ക് ലഭിക്കും.

5. പെരുന്നാളിന് നേരത്തെ ഒരുങ്ങുക: റമദാനിന്റെ അവസാനത്തെ പത്തിലാണല്ലോ ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങളെ ചൊരിയുന്നത്. റമദാനിന്റെ അവസാനത്തില്‍ തങ്ങളുടെ ആരാധനകളും പുണ്യകര്‍മങ്ങളും വര്‍ധിപ്പിക്കാനാവുക വളരെ ചുരുക്കമാളുകള്‍ക്കാണ്. അതുകൊണ്ട് തന്നെ ആ ദിവസങ്ങള്‍ക്ക് പ്രതിഫലവുമേറും. റമദാന്‍ അതിന്റെ അവസാനത്തിലെത്തുമ്പോള്‍ ശാരീരികമായി നാം ക്ഷീണിച്ചിരിക്കും. മാത്രമല്ല പെരുന്നാള്‍ സമാഗതമായിരിക്കും. അതുകൊണ്ട് തന്നെ പെരുന്നാളിനുള്ള ഒരുക്കത്തിലാവും നമ്മളില്‍ അധികപേരും ആ സന്ദര്‍ഭങ്ങളില്‍. അങ്ങനെ ഇബാദത്തുകള്‍ക്ക് അധികം സമയം കണ്ടെത്താന്‍ നമുക്കാവുന്നില്ല. അതുകൊണ്ട് റമദാനിന്റെ ഏറ്റവും അനുഗ്രഹീതമായ നാളുകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേരത്തെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെക്കുക. അവസാനത്തെ പത്തുദിവസങ്ങളുടെ പുണ്യം വെടിയാതിരിക്കുക. ഒരു ജോഡിവസ്ത്രത്തിനോ, ഒരു ചെരിപ്പിനോ വേണ്ടി അങ്ങാടികളില്‍ രാത്രിസമയം ചെലവഴിച്ച് ഒറ്റപ്പെട്ട രാവുകളുടെ നേട്ടങ്ങളെ ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

6 മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക: റമദാനിന് മുമ്പ് തന്നെ നാം പ്രാര്‍ഥനകളെല്ലാം ഹൃദിസ്ഥമാക്കാറുണ്ട്. എല്ലാ പ്രാര്‍ഥനകള്‍ക്കും എളുപ്പം ഉത്തരം ലഭിക്കുന്ന മാസം തന്നെയത്. എന്നാല്‍ ഒരു കാര്യം കൂടി ശ്രദ്ധയില്‍ വെക്കുക. അത് മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയെ കുറിച്ചാണ്. പ്രവാചകന്‍ (സ) പറഞ്ഞു: നിങ്ങള്‍ മറ്റൊരു വിശ്വാസിക്കോ വിശ്വാസിനിക്കോ വേണ്ടി പ്രാര്‍ഥിക്കുന്ന സന്ദര്‍ഭത്തിലെല്ലാം സമീപസ്ഥരായ മലക്കുകള്‍ പറയും ‘താങ്കള്‍ക്കും അത് ഭവിക്കട്ടെ’.

മുസ്‌ലിം സമൂഹം വളരെ വിഷമംപിടിച്ച സന്ദര്‍ഭത്തെ അതിജീവിക്കുകയാണിപ്പോള്‍. ലോകത്തെങ്ങുമുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രാത്രിയുടെ മൂന്നാംപക്കത്തില്‍, നോമ്പ് തുറക്കുന്ന സമയം, തുടങ്ങി പ്രത്യേക സന്ദര്‍ഭങ്ങളിലെല്ലാം ആത്മാര്‍ഥതയോടെ, ഉണര്‍ന്ന മനസ്സോടെ പ്രാര്‍ഥിക്കുക. അല്ലാഹുവിനോട് ഇരക്കുന്നവരുടെ പ്രാര്‍ഥനകള്‍ക്ക് അവന്‍ പ്രത്യുത്തരം നല്‍കുന്നു. നൈരന്തര്യം, ആത്മാര്‍ഥത, സ്ഥൈര്യം എന്നിവയാണ് ഒരു പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളെന്ന് ഓര്‍ക്കുക.

7 വിശുദ്ധിക്കൊരു സുവര്‍ണാവസരം: ആഹാരപാനീയങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ മാത്രമല്ല നോമ്പ്. ദേഷ്യം, അസൂയ, പരദൂഷണം, ആര്‍ത്തി, മറ്റുള്ളവരെ കുറിച്ച് മോശവിചാരം വെച്ച് പുലര്‍ത്തല്‍ തുടങ്ങി ഹൃദയത്തിന്റെ മറ്റെല്ലാ രോഗങ്ങളില്‍ നിന്നുമുള്ള വിടുതലാണത്. ഹൃദയത്തിന്റെ രോഗങ്ങളില്‍ നിന്നുള്ള മോചനം അത്ര എളുപ്പമായ കാര്യമല്ല. അത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവനേ്രത ഏറ്റവും ഭാഗ്യവാന്‍.

ആത്മാവിനെയും അതിന് ധര്‍മ്മത്തെയും അധര്‍മ്മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും സാക്ഷി, തീര്‍ച്ചയായും ആത്മാവിനെ സംരക്ഷിച്ചവന്‍ വിജയിച്ചു (സൂറ 91: 7-9)

പിശാചിന്റെ പ്രേരണ നിരന്തരമുള്ളതുകൊണ്ട് ഹൃദയത്തെ സംസ്‌കരിക്കുക എന്നത് നമുക്കാര്‍ക്കും എളുപമുള്ള കാര്യമല്ല. റമദാന്‍ അതിനുള്ള സുവര്‍ണാവസരമാണ്. പിശാചുക്കളെയുമെല്ലാം ബന്ധനസ്ഥരാക്കുന്ന മാസമെന്നതു മാത്രമല്ല, നോമ്പ് തന്നെയും സംസ്‌കരണോപാധിയാണ്. നോമ്പെടുക്കുന്നതിലൂടെ നമ്മുടെ ഹൃദയം മൃദുലമാവുന്നു. മാനുഷികമായ ചാപല്യങ്ങളെ അത് ദുര്‍ബലപ്പെടുത്തുന്നു. ആനന്ദഭൂതിദായകമായ, സ്ഥൈര്യത്തിന്റെയും ഇഛാശക്തിയുടെയും ഗുണങ്ങള്‍ അത് നമുക്ക് നല്‍കുന്നു.

വര്‍ഷത്തിലെ മറ്റുദിവസങ്ങളില്‍ നിന്ന് വിഭിന്നമായി പുണ്യപ്രവൃത്തികള്‍ ചെയ്യാനും തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഈ മാസത്തില്‍ നമുക്കാവുന്നു. ആവശ്യമില്ലാത്ത ഗുണങ്ങളെ വര്‍ജിക്കാനും സ്വയം ശുചീകരിക്കാനുമുള്ള അവസരമായിക്കണ്ട് റമദാനിനെ നമുക്കുപയോഗിക്കാം.

8. ഉദ്ദേശ്യങ്ങളെ നിരീക്ഷിക്കുക: പ്രവാചകന്‍ (സ) പറഞ്ഞു: നിയ്യത്തുകള്‍ക്കനുസരിച്ചാണ് പ്രവൃത്തികള്‍ പരിഗണിക്കപ്പെടുന്നത്. ഒരാളുടെ നിയ്യത്തിനനുസൃതമായാണ് അയാള്‍ക്ക് പ്രതിഫലം ലഭിക്കുക. ഏതൊരു നന്മ ചെയ്യുമ്പോഴും നമുക്കൊരു ഉദ്ദേശമുണ്ടാവും. എന്നാല്‍ സാധാരണയായി നാം ചെയ്യുന്ന കര്‍മങ്ങള്‍ക്ക് നാം മനപൂര്‍വ്വം ഉദ്ദേശം കല്‍പിക്കാറില്ല. റമദാനിന്റെ മുഴുവന്‍ നന്മകളും നിങ്ങള്‍ക്ക് കൊയ്യണമെന്നുണ്ടെങ്കില്‍ ഏതൊരു ചെറിയ നന്മയും നിയ്യത്ത് വെച്ച് ചെയ്യുക.

നിങ്ങള്‍ ഇഫ്താറിനുള്ള ഭക്ഷണമൊരുക്കുകയാണെന്നിരിക്കട്ടെ. അടുക്കളയില്‍ നിങ്ങള്‍ ചെലവഴിക്കുന്ന സമയം അല്ലാഹുവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് കരുതുക. മറ്റൊരാളോട് പുഞ്ചിരിക്കുമ്പോള്‍ അത് പ്രവാചകന്‍ പറഞ്ഞത് കൊണ്ടാണ് അത് ചെയ്യുന്നതെന്ന് ഓര്‍മിക്കുക. നേരത്തെ ഉറങ്ങാന്‍ പോകുന്നത് അടുത്ത ദിവസം തഹജ്ജുദിന് എഴുന്നേല്‍ക്കാനാണ് കിടക്കുന്നതെന്ന് മനസ്സില്‍ കരുതുക.

അല്ലാഹുവിന് സ്തുതി, ഇത്തരം നിയ്യത്തുകള്‍ പോലും ഇബാദത്തുകളായി പരിഗണിക്കപ്പെടും. അത് റമദാനിലാവുന്നതോടെ അതിന്റെ പ്രതിഫലമിരട്ടിക്കുന്നു. ഉറങ്ങുമ്പോള്‍ പോലും പ്രതിഫലം സ്വായത്തമാകുന്ന അവസ്ഥയെക്കുറിച്ചാലോചിച്ച് നോക്കൂ, സുബ്ഹാനല്ലാഹ്. എന്നാല്‍ നമ്മുടെ മനസ്സുകളില്‍ ചെറിയതോതിലെങ്കിലും കടന്നുകൂടാനുള്ള ചെറിയ തിന്മകളെ കുറിച്ച് ബോധവാന്മാരായിരിക്കുക. അതുകൊണ്ട് നമ്മുടെ ഉദ്ദേശങ്ങളെ, താല്‍പര്യങ്ങളെ നാം നിരന്തരം സസൂക്ഷ്മം നിരീക്ഷിക്കുക. ഏറ്റവും ഉത്തമമായ രൂപത്തിലാണ് നമ്മുടെ ഓരോ പ്രവൃത്തിയും അല്ലാഹുവിന്റെ അടുക്കലെത്തുന്നതെന്ന് ഉറപ്പ് വരുത്തുക.

മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് നമ്മുടെ പ്രവൃത്തിയെന്ന് തോന്നുന്നുവെങ്കില്‍ നമ്മുടെ നിയ്യത്തുകളെ പുതുക്കുക. നമ്മുടെ നിയ്യത്തുകള്‍ പരിശുദ്ധമെങ്കില്‍ അല്ലാഹു അളവറ്റ് പ്രതിഫലം അതിന് നല്‍കാതിരിക്കില്ല. റമദാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. അടുത്ത റമദാനിന് നാം ജീവിച്ചിരിക്കുമെന്ന് പറയുക വയ്യ. അതുകൊണ്ട് ഈ റമദാനില്‍ തന്നെ പരമാവധി മുതലെടുക്കുക. ഏറ്റവും അനുഗൃഹീതമായ റമദാന്‍ അല്ലാഹു നമുക്ക് നല്‍കി തുണക്കുമാറാകട്ടെ.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles