Current Date

Search
Close this search box.
Search
Close this search box.

പ്രബോധകരുടെ ജീവിതത്താളുകള്‍

book.jpg

ആത്മാര്‍ഥതയോടെ പ്രവാചകന്മാരുടെയും ദൈവദൂതന്മാരുടെയും പാത പിന്‍പറ്റി ജീവിക്കുകയെന്നത് വലിയ മഹത്തായ കാര്യമാണ്. ദൈവപ്രീതിക്ക് വേണ്ടി അവര്‍ ജനങ്ങളെ നന്മയിലേക്കും ക്രിയാത്മകതയിലേക്കും ക്ഷണിച്ച മാതൃകകളുടെ തണലില്‍ സഞ്ചരിക്കുന്നത് ആനന്ദകരമാണ്. ദൈവികവചനങ്ങളിലും പ്രവാചക വചനങ്ങളിലും ദൈവമാര്‍ഗത്തിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലത്തെകുറിച്ച് വായിച്ചപ്പോഴും ചരിത്രത്തില്‍ മണ്‍മറഞ്ഞ് പോയവരെങ്കിലും ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്ന മഹാരഥന്മാരുടെ ചരിത്രങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അവരില്‍ നിന്ന് നന്മകളുടെയും സല്‍കൃത്യങ്ങളുടെയും അരുവികള്‍ ആരംഭിക്കുന്നു. അതില്‍ നിന്ന് ഉപകാരമെടുത്തവരുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം മാതൃകകളായ മഹാന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ചെറിയ കാര്യങ്ങളും തൂക്കപ്പെടുന്ന ത്രാസില്‍ അത് കനം തൂങ്ങുന്നു. ഖബറില്‍ അവര്‍ക്ക് സ്‌നേഹിതന്മാരായി ഭൂമിയിലുള്ളവരുടെ സല്‍പ്രവര്‍ത്തികളെത്തുന്നു. അല്ലാഹുവിന്റെ മുമ്പില്‍ സന്തോഷവാര്‍ത്തയായും അതെത്തുന്നു.

മഹാന്മാരായ പ്രബോധകരുടെ ജീവിതം നമുക്ക് ഉത്തമ മാതൃകകളായിരുന്നു. നിനന്തരമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അവര്‍ തങ്ങളുടെ കവിളുകള്‍ തലയിണകളില്‍ ചേര്‍ക്കുന്നു. അവരുടെ ക്ഷീണവും പ്രയാസങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് ചേരുന്നു. ഉന്മേഷത്തോടെ അടുത്ത ദിവസം എഴുന്നേല്‍ക്കുന്നു. നന്മയുടെ കനികള്‍ ധൃതിയില്‍ പറിച്ചെടുക്കുന്നു. വീണ്ടും പുതിയ സല്‍പ്രവര്‍ത്തികള്‍ കൊയ്‌തെടുക്കുന്നു. പ്രവാചക ചരിത്രത്തില്‍ നിന്നും അവന്‍ പഠിച്ചെടുത്ത ഉന്നത മാതൃകകളില്‍ നിന്ന് നേടിയെടുത്ത് ദൃഢവിശ്വാസമാണ് അവന്റെ മൂലധനം.
ഒരു പ്രബോധന പ്രവര്‍ത്തകന്റെ ഏറ്റവും വലിയ ഗുണം അവന്‍ സമൂഹത്തില്‍ ഒരു നല്ല മാതൃകാ വ്യക്തിത്വമായിരിക്കുമെന്നതാണ്. ഉത്തമഗുണങ്ങളുള്ള വ്യക്തിത്വമുണ്ടാകുന്നതോടെ അത് അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള സത്യസാക്ഷ്യമാണ്. വാക്കുകള്‍കൊണ്ടുള്ള സത്യസാക്ഷ്യത്തെക്കാള്‍ ജനമനസ്സുകളില്‍ പെട്ടെന്ന് സ്വാധീനമുണ്ടാക്കുക കര്‍മങ്ങള്‍കൊണ്ടുള്ള സത്യസാക്ഷ്യമായിരിക്കും. ഇത്തരത്തിലുള്ള പലസംഭവങ്ങളും പുതുതലമുറക്ക് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനമാകാന്‍ സാധ്യതയുണ്ട്.

പുഞ്ചിരി ജീവിത ശീലമാക്കിയ ഒരു പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തുകൂടി വളരെ മോഡേണായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍ നടന്നു പോയി. അവന്‍ നാട്ടിലെ വലിയ പ്രശ്‌നക്കാരനായിരുന്നു. എല്ലാ അധര്‍മങ്ങളിലും അവന്റെ പങ്കുണ്ടാകുമെന്നാണ് ആളുകള്‍ പറയാറുള്ളത്. നാട്ടിലെ നല്ല ആളുകളെല്ലാം അവനെ അവഗണിച്ചിരുന്നു. ഇനി അവന്‍ നന്നാവില്ലെന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാമറിഞ്ഞ പണ്ഡിതന്‍ അവനെ പുഞ്ചിരിയോടെ സ്വീകരിച്ചു. മറ്റാരും ഇതുവരെ അവന് നല്‍കാത്ത പരിഗണനകളാണ് അവന്‍ അനുഭവിച്ചത്. അവനെ പണ്ഡിതന്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇരുത്തുകയും ഉപചാരങ്ങളോടെ അവന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പണ്ഡിതന്റെ ഈ ഒരു നേരത്തെ പെരുമാറ്റം അവനെ ആകെ മാറ്റിമറിച്ചു. ക്രമത്തില്‍ പണ്ഡിതനെ അവന്‍ സ്ഥിരം സന്ദര്‍ശിക്കാന്‍ തുടങ്ങി. അവന്‍ അവന്റെ ചീത്ത കൂട്ടുകെട്ടുകളും പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു. സന്മാര്‍ഗത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ഒരു പ്രബോധന പ്രവര്‍ത്തകന്റെ മുഖപ്രസന്നതയും പരിഗണനയും മറ്റൊരാളിലുണ്ടാക്കിയ മാറ്റം നാം ശ്രദ്ധിക്കുക.
ഒരാളുടെ വിജ്ഞാനം കൊണ്ടും അയാളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ക്കൊണ്ടും അയാളുടെ പ്രത്യേക രീതികള്‍കൊണ്ടും ശൈലികള്‍കൊണ്ടുമെല്ലാം ഒരാള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടനാകാം. ജനങ്ങളുടെ മനസ്സും വിശ്വാസവും നമ്മുടെ കൈകളിലല്ല. അതുകൊണ്ടുതന്നെ നാം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പരമാവധി ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. ബാക്കി കാര്യങ്ങള്‍ അല്ലാഹുവിന് വിട്ടുകൊടുക്കണം. അല്ലാഹു പറയുന്നത് കാണുക: ‘അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?’ (42:33)

പ്രബോധക പ്രവര്‍ത്തകരെ കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് ഓര്‍മവരിക എന്റെ ഒരു കൂട്ടുകാരനെ കുറിച്ചാണ്. അവന്‍ ചെറുപ്രായത്തില്‍ തന്നെ ആധുനിക കാലഘട്ടത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പല മാതൃകകളും കാണിച്ചാണ് യാത്ര പറഞ്ഞത്. തന്റെ ഇരുപത്തിഒമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്. പക്ഷെ കാലങ്ങള്‍ ഈ മേഖലയില്‍ കഴിച്ചുകൂട്ടിയതുപോലുള്ള അനുഭവങ്ങളാണ് അദ്ദേഹം ഇവിടെ ബാക്കിവെച്ചത്. അലി ത്വന്‍താവിയുടെ വാക്കുകള്‍ എത്ര സത്യം! ‘ഒരാള്‍ എത്ര കാലം ജീവിക്കുന്നു എന്നതല്ല വയസ്സ് നിര്‍ണയിക്കുന്നത്. ജീവിതകാലത്തുണ്ടാകുന്ന സംഭവങ്ങളാണ്.’
അവന്റെ മരണനാള്‍ ഞാനിന്നും ഓര്‍ക്കുന്നുണ്ട്. നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോഗ്രാമികള്‍ക്കും ഇടയിലായിരുന്നു അവന്‍. സഊദി അറേബ്യയിലെ ബീഷാ പട്ടണത്തില്‍ ഒരു ക്യാമ്പില്‍ ക്ലാസെടുത്ത ശേഷം മറ്റൊരു ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു അവന്‍. വഴിയില്‍ അവനും കൂട്ടുകാരനും സഞ്ചരിച്ച കാറില്‍ ഒരു ചരക്ക്‌ലോറി ഇടിച്ചു. അവന്‍ മരണപ്പെടുമ്പോള്‍ ഉച്ചത്തില്‍ കലിമ ചൊല്ലിക്കൊണ്ടിരുന്നിരുന്നെന്ന് ആളുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. അപ്രകാരം ആ യുവസുഹൃത്ത് ചെറുപ്പത്തിലേ തന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രബോധന മാര്‍ഗത്തിലെ രക്തസാക്ഷിയായി അല്ലാഹുവിലേക്ക് യാത്രയായി.
ഞങ്ങള്‍ അവന്റെ മയ്യിത്ത് സ്വീകരിക്കാനായി കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് ചെന്നു. ഞാനും ഞങ്ങളുടെ കൂടെ ഉണ്ടാവാറുള്ള ഒരു കൂട്ടം ചെറുപ്പക്കാരുമാണ് മയ്യിത്ത് ഏറ്റുവാങ്ങിയത്. പുഞ്ചിരിക്കുന്ന മുഖവുമായി മരിച്ചു കിടക്കുന്ന അവനെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. പക്ഷെ അവന്റെ മുഖം പ്രസന്നമായിരുന്നു. അവന്‍ സ്വര്‍ഗം കാണുന്നതുപോലെ എനിക്ക് തോന്നി. പ്രബോധന പ്രവര്‍ത്തന മാര്‍ഗത്തിലായിരിക്കെ മരണപ്പെട്ടവരുടെ പ്രതിഫലം അതാണെന്ന് എനിക്ക് അനുഭവിച്ചറിയാന്‍ സാധിച്ചു.

വിവ: ജുമൈല്‍ കൊടിഞ്ഞി    
 

Related Articles