Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധികളെ വിശ്വാസി മറികടക്കേണ്ടത് എങ്ങനെ?

obstacle.jpg

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമയവലംബിക്കാനാണ് വിശ്വാസിയോട് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. ക്ഷമ പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടാനുള്ള താക്കോലാണ്. ‘വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.’ (ബഖറ 153).

ഉറച്ച മനസ്സോടെയും സ്ഥൈര്യത്തോടെയും ജീവിത സാഹചര്യങ്ങളെ നേരിടാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചും അവന്റെ പാശ്വത്തെ മുറുകെ പിടിച്ചും അവനിലുള്ള വിശ്വാസം സുദൃഢമാക്കിയും കരുത്തുറ്റവനായി നിലകൊള്ളണം വിശ്വാസി. നാളത്തെ ദിനം തീര്‍ച്ചയായും അവനുള്ളതായിരിക്കും, രാത്രിക്ക് ശേഷം പകലും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. പ്രയാസത്തിന്റെയും പ്രതിസന്ധിയുടെയും കടല്‍ താണ്ടിക്കടന്ന നിരവധി പേരെ കുറിച്ച് നാം ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. പ്രവാചകന്‍മാരാരും വായില്‍ സ്വര്‍ണ കരണ്ടിയുമായി പിറന്നവരായിരുന്നില്ല. ഓരോ പ്രവാചകന്മാരെയും അവരുടെ ചെറുപ്പം മുതല്‍ തന്നെ പരീക്ഷിക്കാന്‍ അല്ലാഹു തീരുമാനിച്ചിരുന്നു.

പ്രവാചകന്‍ മൂസാ (അ) പിറന്നതു തന്നെ പ്രതിസന്ധികളുടെ കടലിരമ്പത്തിലേക്കാണ്. പിറന്നയുടന്‍ മൂസാ നബിയെ നദിയിലൊഴുക്കാന്‍ അല്ലാഹു അദ്ദേഹത്തിന്റെ മാതാവിന് നിര്‍ദ്ദേശം നല്‍കി, ഭയമോ ദുഃഖമോ വേണ്ടതില്ലെന്നും നാഥന്‍ അരുളി. ബനീ ഇസ്‌റാഈല്‍ സമുദായത്തിലെ ആണ്‍കുട്ടികളെ മുഴുവന്‍ കൊന്നൊടുക്കിയിരുന്ന ദൈവിക ശത്രുവായ ഫിര്‍ഔന്‍ തന്നെ നദിയില്‍ നിന്നും മൂസായെ കണ്ടെടുത്തു. എന്നാല്‍ മൂസായെ ഫിര്‍ഔന്‍ കൊലപ്പെടുത്തിയില്ലെന്നു മാത്രമല്ല ഫിര്‍ഔന്റെ കൊട്ടാരത്തില്‍ തന്നെ മൂസാ (അ) വളര്‍ന്നു.

യൂസുഫ് നബിയുടെ ചരിത്രം നാം വിശുദ്ധ ഖുര്‍ആനില്‍ വായിക്കുന്നുണ്ട്. ചെറുപ്പ കാലം തൊട്ട് എന്തുമാത്രം പ്രയാസങ്ങളാണ് അദ്ദേഹം നേരിട്ടതെന്ന് നമുക്കതിലൂടെ മനസിലാക്കാനാകും. യൂസുഫിനോട് അസൂയ വെച്ചുപുലര്‍ത്തിയ സഹോദരങ്ങള്‍ അദ്ദേഹത്തെ കൊന്നുകളായന്‍ തീരുമാനിച്ചു. പിന്നീട് ആ പദ്ധതി ഉപേക്ഷിച്ച് പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കാമെന്നായി. അവരപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. പൊട്ടക്കിണറ്റില്‍ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തിയവര്‍ പീന്നീട് അദ്ദേഹത്തെ ചന്തയില്‍ വിറ്റു. വീടകങ്ങളില്‍ അടിമ ജീവിതം നയിക്കാനായിരുന്നു പിന്നീടദ്ദേഹത്തിന്റെ വിധി. മ്ലേഛമായ വ്യഭിചാരാരോപണത്തിന് വിധേയനായ അദ്ദേഹം കുറ്റവാളിയെ പോലെ വര്‍ഷങ്ങളോളം ജയിയില്‍ കഴിഞ്ഞു.

ഇതിനെല്ലാം ശേഷം പിന്നെന്താണുണ്ടായത്? പിന്നീടദ്ദേഹത്തിന് അല്ലാഹു ഭൂമിയില്‍ ആധിപത്യം പ്രദാനം ചെയ്തു. ഈജിപ്തിന്റെ രാജാവാക്കി അദ്ദേഹത്തെ മാറ്റി. രാജ്യം കടുത്ത വരള്‍ച്ചയും ക്ഷാമവും നേരിട്ട കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തിന്റെ കരങ്ങളിലായി. ജീവിതത്തിലുടനീളം ക്ഷമ മുറുകെ പിടിച്ചത് കൊണ്ടാണ് യൂസുഫ് നബി (അ)ക്ക് ഈ ഔന്നിത്യം നേടിയെടുക്കാനായതെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് : ‘ആര്‍ സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്‌വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.’ (യൂസുഫ് 90).

ക്ഷമയും ദൈവഭയവുമാണ് വിജയത്തിന്റെ താക്കോല്‍. ഇഹലോക വിജയത്തിനുള്ള പാതയും അതുതന്നെ. എന്നാല്‍ പ്രതിസന്ധികളെ നേരിടാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്നത് വിശ്വാസിയുടെ ചര്യയല്ല.

നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം നാടുകളില്‍ പ്രചരിക്കുന്ന കഥകളിലും നോവലുകളിലും നാടകങ്ങളിലും അധികവും അവസാനിക്കുന്നത് ആത്മഹത്യയിലാകുന്നു. ഐഹിക ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്നും ഹൃദയത്തെ കാര്‍ന്നു തിന്നുന്ന വേദനകളില്‍ നിന്നും മനുഷ്യന് ആത്മഹത്യയിലൂടെ അല്ലാതെ മോചനമില്ലെന്ന തെറ്റായ ധാരണയാണ് ഇവയെല്ലാം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ആത്മാവിന്റെ ഉടമസ്ഥത മനുഷ്യനല്ല. അത് അല്ലാഹുവിനാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അവന് ഒരിക്കലും സാധ്യമല്ല. ആത്മഹത്യയിലൂടെ എല്ലാം അവസാനിപ്പിക്കാനുമാവില്ല.

ദൈവ നിഷേധത്തോടടുത്ത് നില്‍ക്കുന്ന കൊടും പാപങ്ങളില്‍ പെട്ടതാണ് ആത്മഹത്യ. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകുന്നവരാണ് ഇതിന് മുതിരുക. അല്ലാഹു പറയുന്നു : ‘സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.’ (യൂസുഫ് 87). തീര്‍ച്ചയായും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രഭാതം പുലരും, എന്നാല്‍ ഇരുട്ട് നിറഞ്ഞ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പ്രഭാതോദയം ഉണ്ടാകുക. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന് അത് കൊണ്ടുവരുമെന്നതില്‍ സംശയമേതുമില്ല. ക്ഷമയോടെ ജീവിതത്തെ നേരിടുന്നവനെ അല്ലാഹു അനുഗ്രഹിക്കുകയും അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും.

വിവ : ജലീസ് കോഡൂര്‍

Related Articles