Current Date

Search
Close this search box.
Search
Close this search box.

പ്രകൃതി മതത്തെ വികൃതമാക്കുന്നവരോട്

image-face.jpg

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സന്തുലിത സമീപനം സ്വീകരിക്കുന്നുവെന്നത് ഇതര മത സംഹിതകളില്‍ നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്ന മുഖ്യ സവിശേഷതകളിലൊന്നാണ്. ആരാധനകള്‍ക്ക് ദൈവിക ലക്ഷ്യങ്ങളോടൊപ്പം ചില ഭൗതിക ലക്ഷ്യങ്ങള്‍ കൂടിയുണ്ട് എന്ന് പഠിപ്പിക്കുന്നത് മുതല്‍, ഒരേസമയം ഇഹപര സൗഖ്യം നേടുന്ന പ്രസിദ്ധമായ പ്രാര്‍ത്ഥന വരെ മഹിതമായ ഈ ആശയത്തെ പ്രകാശിപ്പിക്കുന്നുണ്ട്. ആവശ്യങ്ങളെ നിരാകരിക്കാത്തതും, അതിരുകവിയലുകളെ അനുവദിക്കാത്തതുമായ ഈ സമീപനം പ്രായേഗികതയിലധിഷ്ടിതമായൊരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഇസ്‌ലാമിന്ന് നല്‍കുന്ന സൗന്ദര്യം അനിര്‍വ്വചനീയമാണ്.

കാര്യങ്ങളില്‍ മധ്യമ നിലപാട് സ്വീകരിക്കുകയെന്നത് മുസ്‌ലിമിന്റെ ദൗത്യനിര്‍വ്വഹണത്തിനുള്ള അടിസ്ഥാന യോഗ്യതയായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (2:143). ഈ മധ്യമ നിലപാട് നഷ്ടപ്പെടുന്നേടത്ത്, യഥാര്‍ത്ഥ ദൗത്യനിര്‍വഹണം അസാധ്യമായിതീരുന്നുവെന്ന് സാരം. ചരിത്രത്തില്‍ അബദ്ധധാരണകളിലകപ്പെട്ട്  ‘ഇസ്‌ലാമിക സന്യാസം’ ജീവിത സപര്യയായി സ്വീകരിക്കാനൊരുങ്ങിയവരെ വളരെ രൂക്ഷമായ രീതിയിലാണ് പ്രവാചകന്‍ കൈകാര്യം ചെയ്യുന്നത്. സംഭവത്തിന്റെ സംഗ്രഹമിതാണ് : ‘ഒരിക്കല്‍ പ്രവാചകാനുചരന്മാരില്‍പ്പെട്ട മൂന്നാളുകള്‍ പ്രവാചകപത്‌നി ആഇശ(റ)യുടെ  അടുക്കല്‍ വരുകയും പ്രവാചകന്റെ ജീവിതത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ശേഷം അവര്‍ മൂന്ന് പേരും തങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് ചില കടുത്ത തീരുമാനങ്ങളെടുക്കുകയുണ്ടായി.  അതിലൊന്നാമന്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ നിന്ന് നമസ്‌കരിക്കുമെന്നും രണ്ടാമന്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ടിക്കുമെന്നും, മൂന്നാമന്‍ വിവാഹം ചെയ്യാതെ ബ്രഹ്മചര്യമനുഷ്ടിക്കുമെന്നും പ്രതിജ്ഞ ചെയ്തു’. സംഭവമറിഞ്ഞ പ്രവാചകന്റെ കണ്ണുകള്‍ ദേഷ്യത്താല്‍ ചുവന്നു തുടുത്തുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഇത്തരമൊരു ദീന്‍ താന്‍ പഠിപ്പിച്ചിട്ടില്ല എന്നു പ്രഖ്യാപിച്ച പ്രവാചകന്‍, ഭാവിയില്‍ തന്റെ സമുദായം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായി ഈ പ്രവണതയെ പരിചയപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. അഥവാ മനുഷ്യന്റെ സ്വഭാവിക പ്രകൃതിയോടിണങ്ങുന്ന, എളുപ്പത്തില്‍ പ്രയോഗവല്‍ക്കരണം സാധ്യമാവുന്ന വ്യവസ്ഥയുടെ പേരാണ് ഇസ്‌ലാം.

അന്ധമായ ആത്മീയ ത്വരയും, അമിതമായ അതിരുകവിയലുകളും പ്രകൃതിമതമായ ഇസ്‌ലാമിനെ വല്ലാതെ വികൃതമാക്കുന്നുണ്ട്. ആഗോള തലത്തില്‍ തീവ്ര ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഐസിസ് മുതല്‍, ‘ആടുജീവിത’മാണ് അഭികാമ്യമെന്ന് കരുതി ‘ഹിജ്‌റ’ ചെയ്യുന്ന നമ്മുടെ അയല്‍വാസികള്‍ വരെ ഈ വികൃതമാക്കല്‍ പ്രക്രിയയെ  പലതരത്തില്‍ ത്വരിതപ്പെടുത്തുന്നവരാണ്. എല്ലാറ്റിനുമിടയില്‍ യഥാര്‍ത്ഥ ദീനിനെ പ്രതിനിധീകരിക്കുകയും, അതിന്റെ സംസ്ഥാപനം സ്വപ്നം കാണുകയും ചെയ്യുകയെന്നത് പുതിയ കാലത്തെ വലിയ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലൊന്നാണ്. പ്രവാചക മതത്തിന്റെ അനുയായികളെന്ന നിലയില്‍ യഥാര്‍ത്ഥ വിശ്വാസികളില്‍ നിന്ന് അനിവാര്യമായും സംഭവിക്കേണ്ടുന്ന പ്രതിരോധമാണത്.  

Related Articles