Current Date

Search
Close this search box.
Search
Close this search box.

പൊങ്ങച്ചവും പരാജിത മനസ്സും- 2

flatter.jpg

ഇസ്‌ലാം പൊങ്ങച്ചം പരാജിത മനസ്സ് എന്നീ ഗുരുതരമായ ഈ രണ്ട് രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. ഈ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും മഹിതമായ മൂല്യങ്ങള്‍ സ്വാംശീകരിക്കാനും അതിന്റെ അനുയായികളെ പഠിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ലഭിച്ച വിജ്ഞാനവും സമ്പത്തുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആന്‍ നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്നു.
‘നിങ്ങള്‍ക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവില്‍ നിന്നുള്ളതാണ്.’ (അന്നഹല്‍: 53)
‘അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞാനിയായ അല്ലാഹുവുണ്ട്.’ (യൂസുഫ്: 76)
‘വിജ്ഞാനത്തില്‍ നിന്ന് വളരെ കുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.’ (അല്‍-ഇസ്‌റാഅ്: 85)

പ്രവാചകന്റെ ജീവിതം വിനയത്തിന്റെ വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. തന്റെ പ്രബോധന പ്രര്‍ത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുകയും മുന്നോട്ടുള്ള വഴികളില്‍ മുള്ളുവിതറുകയും അനുയായികളെ ക്രൂരമായി പീഢിപ്പിക്കുകയും വധിക്കാനുള്ള ഗൂഢാലോചനകളിലേര്‍പ്പടുകയും ചെയ്തതിനെ തുടര്‍ന്നd മക്കയില്‍ നിന്ന് ദേശത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനായ പ്രവാചകന്‍ വര്‍ഷങ്ങള്‍ക്കd ശേഷം അവരിലേക്ക് വിജയശ്രീലാളിതനായി തിരിച്ചുവരുന്നത് ഒട്ടകപ്പുറത്ത് കയറി, തല താഴ്ത്തി, അല്ലാഹുവില്‍ പാപമോചനം തേടി അങ്ങേയറ്റത്തെ വിനയത്തോട് കൂടിയായിരുന്നു. വിജയത്തിന്റെ ആരവങ്ങളോ അഹങ്കാരത്തിന്റെ പൊങ്ങച്ചപ്രകടനങ്ങളോ അവിടെ അരങ്ങേറിയില്ല. തന്റെ മുമ്പില്‍ ഭയവിഹ്വലനായി നില്‍ക്കുന്ന ഒരാളെ കണ്ടപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു. ‘ഞാന്‍ റൊട്ടിതിന്നുവളര്‍ന്ന ഒരു ഖുറൈശി പെണ്ണിന്റെ പുത്രനാണ്’.

അപകര്‍ഷതാബോധവും പരാജിതമനസ്സും പിടികൂടുന്നതില്‍ നിന്ന് ജാഗ്രതപുലര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. നിങ്ങള്‍ ഉന്നതരും ഔന്നത്യവുമുള്ള സമൂഹമാണ് എന്ന നിരന്തരം അതിന്റെ അനുയായികളെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
‘മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമസമുദായമായി തീര്‍ന്നിരിക്കുന്നു നിങ്ങള്‍.’ (ആലുഇംറാന്‍: 110)
‘നിങ്ങള്‍ ദുര്‍ബലരോ ദുഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!’ (ആലുഇംറാന്‍: 139)
പ്രവാചകന്‍ പഠിപ്പിച്ചു. ‘നിങ്ങള്‍ ആരും സ്വന്തത്തെ വിലകുറച്ച് കാണരുത.്'(ഇബ്‌നുമാജ)
‘എല്ലാവരും നന്നായാല്‍ ഞാന്‍ നന്നാകും, എല്ലാവരും മോശമായാല്‍ ഞാനും മോശമാകും എന്ന രീതിയില്‍ നിങ്ങള്‍ നിലപാടില്ലാത്തവരാകരുത്. മറിച്ച് ജനങ്ങള്‍ നന്നായാല്‍ ഞാന്‍ നന്നാകും, മോശമായാല്‍ അവരുടെ മോശത്തരം ഞാന്‍ ഉപേക്ഷിക്കും എന്നതായിരിക്കണം നിങ്ങളുടെ നിലപാട്. ‘(തിര്‍മുദി)

ഒട്ടും അഹങ്കാരമില്ലാതെ ആത്മാഭിമാനത്തോടെ കഴിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. രാഷ്ട്രത്തിന്റെ ഭരണാധികാരികളെ വരെ ചോദ്യം ചെയ്യാനും തിരുത്താനും അവര്‍ ധൈര്യം കാണിച്ചു. സൈന്യത്തിന്റെ തലവനാകുന്നതിനും രാഷ്ട്രത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നതിനും അവസരോചിതം അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അബൂബക്കര്‍, ഉമര്‍, ഖാലിദ്, സഅദ് തുടങ്ങിയവര്‍ ജാഹിലിയ്യ കാലത്ത് കശാപ്പുകാരും, കച്ചവടക്കാരും, ഗോത്രയോദ്ധാക്കളുമെല്ലാം ആയിരുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ശാദ്വലതീരത്തണഞ്ഞപ്പോള്‍ ഉയര്‍ന്ന ഇഛാശക്തിയോടെ ചരിത്രത്തിന്റ സ്രഷ്ടാക്കളും നായകരുമായിത്തീര്‍ന്നു.

അല്ലയോ സഹോദരന്മാരേ! നിങ്ങള്‍ സ്വന്തത്തിന് അര്‍ഹിച്ചതില്‍ കവിഞ്ഞ പരിഗണന നല്‍കരുത്. അത് പൊങ്ങച്ചത്തിനും അഹങ്കാരത്തിനും വഴിയൊരുക്കും. നിങ്ങള്‍ നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരിക്കുകയും ചെയ്യരുത്. അത് അപകര്‍ഷതക്കും പരാജിതബോധത്തിനും കാരണമാകും. അതിനാല്‍ സ്വന്തത്തെ യഥാര്‍ഥ സ്ഥാനത്ത് വെക്കുക. അര്‍ഹിച്ച പരിഗണന നല്‍കുക. നിന്റെ സവിശേഷതകളും ന്യൂനതകളും തിരിച്ചറിയുക. നിനക്ക് ലഭ്യമായ അനുഗ്രഹങ്ങളില്‍ കണ്ണുമഞ്ഞളിക്കാതെ നന്ദിബോധത്തോടെ വിനയാന്വിതനായി കഴിയുക. നീ ചെയ്ത സല്‍കര്‍മങ്ങള്‍ എടുത്തുപറയരുത്. നിന്റെ കര്‍മങ്ങള്‍ നിഷ്ഫലമാകാനും ദുഷ്‌പേര് സമ്പാദിക്കാനും അത് വഴിയൊരുക്കും. നിന്റെ വീഴ്ചകളും ന്യൂനതകളും കണ്ടെത്തി പരിഹരിക്കാനും മാറ്റിയെടുക്കാനും ശ്രമിക്കുക. നിസ്സംഗതയും പരാജിതബോധവും നിന്നെ നശിപ്പിക്കും. നിന്നില്‍ വലിയ ഒരു ലോകമുണ്ട്. കൂടുതല്‍ പ്രശോഭിതമായ ഒരു ജീവിതം കെട്ടിപ്പെടുക്കുക.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

പൊങ്ങച്ചവും പരാജിത മനസ്സും- 1

Related Articles