Current Date

Search
Close this search box.
Search
Close this search box.

പെരുമാറ്റത്തിന് വഴികാട്ടുന്ന ശീലങ്ങള്‍

fly.jpg

നമ്മുടെ പെരുമാറ്റം പലപ്പോഴും ശീലങ്ങള്‍ക്കസരിച്ചായിരിക്കും. തീരെ ചിന്തിക്കാതെ നമ്മുടെ ശീലങ്ങളെ നാം മുറുകെപിടിക്കുകയും അവയുടെ അടിമയാവുകയും ചെയ്യുന്നു. ശീലങ്ങളുടെ ആകെത്തുകയാണ് നമ്മുടെ വ്യക്തിത്വം. നല്ലശീലങ്ങളുള്ളവര്‍ സല്‍സ്വഭാവത്തിന് ഉടമയായിത്തീരുന്നു. അഹിതമായ ശീലങ്ങളുള്ളവരുടെ സ്വഭാവം ദുസ്സഹമായിരിക്കും. ശീലങ്ങള്‍ക്ക് പലപ്പോഴും യുക്തിചിന്തയേക്കാള്‍ ശക്തിയുണ്ടാകും. തുടക്കത്തില്‍ ശീലങ്ങളുടെ സ്വാധീനം കുറവായിരിക്കും. കാലക്രമേണ അത് ബലപ്പെടുന്നു. ചഞ്ചലമായ മനസ്സിനും ഉറച്ച തീരുമാനത്തിനും ശീലങ്ങളടെ വളര്‍ച്ചയില്‍ ഒരുപോലെ പങ്കുണ്ട്. ഏതെല്ലാം ശീലങ്ങളാണ് വളര്‍ത്തിയെടുക്കേണ്ടത് എന്ന് നാം തീരുമാനിച്ചില്ലെങ്കില്‍ അഹിതകരമായ ശീലങ്ങള്‍ നമ്മില്‍ ഒരു ദുരന്തമായി വളരും.

പതിവായി നാം ചെയ്യുന്ന ശീലങ്ങളായി മാറുന്ന പ്രവൃത്തികളില്‍ നിന്നാണ് നാം പാഠം പഠിക്കുന്നത്. ധീരതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നാം ധൈര്യമെന്താണെന്ന് പഠിക്കുന്നു. സത്യസന്ധതയും നീതിയും ശീലിക്കുമ്പോള്‍ ഈ ഗുണങ്ങള്‍ എന്താണെന്ന് മനസ്സിലാകുന്നു. ക്രമേണ നാം അവ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നു. ഇതേപോലെ വഞ്ചനയും അന്യായമായ പെരുമാറ്റങ്ങളും അച്ചടക്കമില്ലായ്മയും ശീലമാക്കുമ്പോള്‍ അവയില്‍ മികവ് നേടുന്നു. മനോഭാവങ്ങളാണ് ശീലങ്ങളായി മാറുന്നത്. അവ പ്രത്യേക പെരുമാറ്റരീതികള്‍ സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥയായി മാറി നമ്മുടെ പ്രതികരണങ്ങളെയും ഉപബോധ മനസ്സിനേയും സ്വധീനിക്കുകയും ചെയ്യുന്നു.

ഇതിന്ന് പ്രസിദ്ധമായ ഉദാഹരണമാണ് മൃഗപരിശീലകര്‍ പ്രയോഗിക്കുന്ന പാവ്‌ലോവ് സിദ്ധാന്തം. തന്റെ വളര്‍ത്തു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുമ്പോഴൊക്കെ പ്രസിദ്ധ റഷ്യന്‍ ശാസ്ത്രജ്ഞനായ പാവ്‌ലോവ് ഒരു മണിമുഴക്കുക പതിവായിരുന്നു. മണിയുടെ ശബ്ദം കേട്ടയുടനെ ഭക്ഷണം കഴിക്കുമ്പോള്‍ ഈ നായ്ക്കളുടെ വായില്‍ വെള്ളം ഊറുന്നത് പതിവായി. പിന്നീട് പാവ്‌ലോവ് മണിമുഴക്കിയെങ്കിലും ഭക്ഷണം നല്‍കാതെ നോക്കി. പക്ഷേ നായ്ക്കള്‍ മണിമുഴക്കം കേള്‍ക്കുമ്പോഴൊക്കെ ഉമിനീര്‍ ഒഴുക്കിക്കൊണ്ട് പ്രതികരിച്ചിരുന്നു. മണിമുഴക്കത്തോടൊപ്പം ഭക്ഷണം പ്രതീക്ഷിക്കും വിധം അവയുടെ ഉപബോധ മനസ്സ് പരുവപ്പെട്ടു കഴിഞ്ഞിരുന്നു. ഇത്തരം പരുവപ്പെടലിന്റെ രീതിയിലാണ് പലപ്പോഴും നമ്മുടെ പെരുമാറ്റം. പരിസ്ഥിതിയും, സാഹചര്യങ്ങളും, മാധ്യമങ്ങളും തുടര്‍ച്ചയായി നമ്മെ സ്വാധീനിച്ചു കൊണ്ടിരിക്കുകയും, അവയുടെ വലയത്തില്‍ നാം യന്ത്രമനുഷ്യരെ പോലെ പ്രതികരിക്കുകയും ചെയ്യുന്നു. ഈ വിദ്യ ആസൂത്രിതമായി വ്യക്തികളിലും സമൂഹത്തിലും പ്രയോഗിക്കുന്നതിനെ മസ്തിഷ്‌ക പ്രക്ഷാളനം (ബ്രെയ്ന്‍വാഷ്) എന്നാണ് പറഞ്ഞുവരുന്നത്. ദൈവഭക്തിയിലും സല്‍ഗുണങ്ങളിലും നന്മയിലും അധിഷ്ഠിതമായ രീതിയില്‍ മനസ്സിനെ പരുവപ്പെടുത്തേണ്ടത് ഒരു വിശ്വാസിയുടെ ഉത്തരവാദിത്വമാണ്. സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ അവ സ്വാഭാവികമായ ശിലങ്ങളാക്കി മാറ്റേണ്ടതുണ്ട്. പലതരക്കാര്‍ക്കിടയിലാണ് നമ്മുടെ ജീവിതം. വ്യത്യസ്ത സ്വഭാവരീതികളാണ് പലര്‍ക്കും. ഇവയില്‍ നാം ഏത് തെരഞ്ഞെടുക്കുന്നു എന്നത് നമ്മുടെ ജീവിതത്തെയാകെ ബാധിക്കുന്ന കാര്യമാണ്. കുടുംബവും സുഹൃത്തുക്കളുമടക്കം അനേകം പേര്‍ നമ്മില്‍ മാതൃക തേടും. ഇവര്‍ക്കും കൂടി തൃപ്തിയോടെ സ്വീകാര്യമാവുന്ന ശീലഗുണങ്ങളാണ് നാം പരിപോഷിപ്പിക്കേണ്ടത്.

”സല്‍സ്വഭാവമാണ് പുണ്യം. ഹൃദയത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയും ജനങ്ങളറിയുന്നത് നിനക്ക് ഇഷ്ടമില്ലാതിരിക്കുകയും ചെയ്യുന്ന കാര്യമേതാണോ, അതാണ് പാപം.” പുണ്യപാപങ്ങളെ കുറിച്ചറിയാന്‍ വന്ന ഒരനുചരന് പ്രവാചകന്‍ നല്‍കിയ സാരവത്തായ മറുപടിയാണ് മേലുദ്ധരിച്ച ഹദീസ്. ഹൃദയം പവിത്രമെന്നും വിശിഷ്ടമെന്നും സാക്ഷ്യപ്പെടുത്തുന്നത് ആത്യന്തികമായി സല്‍കര്‍മം ആയിരിക്കുമെന്നും മനസ്സിന് അരോചകവും വെറുപ്പുമുണ്ടാക്കുന്നത് തിന്മയായിരുക്കും എന്നുമാണ് മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസിന്റെ പാഠം. പുണ്യം മനസ്സിനെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ഹൃദയത്തെ മുറിപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

Related Articles