Current Date

Search
Close this search box.
Search
Close this search box.

പുരുഷന്മാര്‍ക്ക് മാതൃകയാക്കാവുന്ന റോള്‍ മോഡലുകളില്ലേ?

men.jpg

ഇന്ന് സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന റോള്‍ മോഡലുകള്‍ ഉണ്ടോ? ഇത്തരം റോള്‍ മോഡലുകളുടെ അസാന്നിധ്യമാണ് യുവാക്കളും കൗമാരക്കാരും ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി. അതിനാല്‍ തന്നെ മതപരമായി ഞങ്ങള്‍ക്ക് സമൂഹത്തില്‍ എന്ത് ഉത്തരവാദിത്വമാണുള്ളതെന്ന് അവര്‍ അറിയാതെ പോകുന്നു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പുതിയ ട്രെന്റുകള്‍ക്കും സിനിമകള്‍ക്കും പിന്നാലെ പോയി അവര്‍ അതിലുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഇതോടെ അവര്‍ ഇസ്‌ലാമിലെ മഹത്തായ മൂല്യങ്ങളെക്കുറിച്ചും പ്രവാചകന്‍ കാണിച്ചുതന്ന മാതൃകകളും അറിയാതെ പോകുന്നു. അതിനെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നു.

പുരുഷന്മാരുടെ കടമകളെയും ഉത്തരവാദിത്വത്തങ്ങളെയും കുറിച്ച് നാം നിരന്തരം പ്രഭാഷണങ്ങളിലൂടെയും ഖുത്വുബകളിലൂടെയുമെല്ലാം കേള്‍ക്കാറുണ്ട്. എന്നാല്‍ അതെല്ലാം സ്ത്രീകളോട് അല്ലെങ്കില്‍ ഭാര്യമാരോട് നമുക്കുണ്ടാവേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചാകും. വളരെ ചെറിയ പ്രഭാഷണങ്ങളിലേ പുരുഷന്മാര്‍ക്ക് സമൂഹത്തിലുള്ള ധാര്‍മിക ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുള്ളൂ.

ഈ വിഷയം ഉന്നയിക്കാനും പുറത്തേക്കിടാനും കാണിക്കുന്ന ആവേശം അത് കൈകാര്യം ചെയ്യുന്നതില്‍ നാം കാണിക്കാറില്ല എന്നതാണ് വസ്തുത. ഇസ്ലാമിന്റെ വെളിച്ചത്തില്‍ എങ്ങനെ നല്ല ഒരു മകനാകാം,ഭര്‍ത്താവാകാം,പിതാവാകം എന്നതിനെക്കുറിച്ച് നാം അന്വേഷിക്കാറുണ്ടെങ്കിലും ആരും ഇതിന്റെ പിന്നാലെ പോകാറില്ല.

നമ്മളില്‍ എത്ര പേര്‍ സ്ത്രീകളെ ഇസ്ലാമിന്റെ വീക്ഷണത്തിലൂടെയും ഇസ്ലാമിന്റെ സംസ്‌കാരത്തിലൂടെയും നോക്കിക്കാണാനും പെരുമാറാനും പഠിച്ചിട്ടുണ്ട്. ഇത് വളരെ പ്രാധാന്യമുള്ള ഒരു സംഗതിയാണ്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെങ്കില്‍ അത് അവളോടുള്ള തെറ്റിദ്ധാരണക്ക് ഇടയാക്കും.

നമ്മള്‍ എത്രത്തോളം സ്ത്രീകളെ ആദരിക്കാനും അവരോടുള്ള ഉത്തരവാദിത്വങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്. ഒരു യുവാവ് എന്ന നിലയില്‍ നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി അറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് വിവാഹ ശേഷം ഭാര്യയോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാവൂ. ഒരാള്‍ തന്നെ എന്തിന് വിവാഹം കഴിക്കുന്നു എന്ന ചോദ്യവും ഉയരുന്നത് അങ്ങിനെയാണ്.

18 വയസ്സായാല്‍ പ്രായപൂര്‍ത്തിയായി എന്നാണ് ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണ. വളര്‍ന്നു വരുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അവരെ സമൂഹത്തിനുപകാരമാവുന്ന വിധത്തില്‍ വാര്‍ത്തെടുക്കാനും നമ്മുടെ സമൂഹങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനാവും. ആണ്‍കുട്ടികള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. അത് ശാസ്ത്രീയമായും മതപരമായ രീതിയിലൂടെയുമാകണം.

ഇസ്‌ലാം എന്നത് യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ പഠിപ്പിക്കുന്ന മതമാണ്. ഉദാഹരണമായി മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹത്തില്‍ ഇന്ന് പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. അവയെയെല്ലാം യാഥാര്‍ത്ഥ്യ ബോധത്തോടെ നേരിടാന്‍ നാം സജ്ജമാകണം.

വംശം, വര്‍ഗ്ഗം,സംസ്‌കാരം,സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍,വിവാഹമോചനം,അസൂയ,ഗാര്‍ഹിക അതിക്രമം,മാനസിക പ്രശ്‌നങ്ങള്‍,പോണോഗ്രഫി,ദത്തെടുക്കല്‍,വന്ധ്യത,ആത്മാര്‍ത്ഥത,കൂട്ടുകെട്ട്,പരസ്പര ആശയവിനിമയം, വിശ്വാസ്യത,വൈവാഹിക ബന്ധം എന്നിവയെക്കുറിച്ചെല്ലാം നമ്മുടെ യുവ തലമുറക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്കും യുവാക്കള്‍ വഴിതെറ്റുന്നത് തടയാനും അതിന് പരിഹാരം കാണാനുമാകൂ. അതിലൂടെ മാത്രമേ അവരെ നാടിനും വീടിനും ഉപകാരപ്രദമാകുന്ന ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കൂ.

വിവ: പി.കെ സഹീര്‍ അഹ്മദ്

 

 

Related Articles