Current Date

Search
Close this search box.
Search
Close this search box.

പിശാചിന്റെ വ്യാമോഹം

mud-feet.jpg

വിശ്വാസിയെ തന്റെ നാഥനില്‍ നിന്നും അകറ്റാനുള്ള ശ്രമങ്ങളാണ് പിശാച് എപ്പോഴും നടത്തി കൊണ്ടിരിക്കുന്നത്. നേര്‍മാര്‍ഗത്തില്‍ നിന്നും അവനെ തെറ്റിക്കാനുള്ള വഴികളെയും മാര്‍ഗങ്ങളെയും ചിന്തകളെയും കുറിച്ച് പിശാച് സംസാരിച്ചു കൊണ്ടേയിരിക്കും. അതിലുപരിയായി പാപമോചനത്തില്‍ നിന്നും പശ്ചാത്താപത്തില്‍ നിന്നും അശ്രദ്ധനാക്കുകയും ചെയ്യും. അതൊക്കെ വലിയ ഭാരിച്ച പണികളാണ്, നിനക്കതിന് സാധിക്കുകയില്ലെന്നത് പിശാച് അവനോട് മന്ത്രിക്കുകയും ചെയ്യും.

മറ്റു ചിലപ്പോള്‍ പിശാച് അവനോട് പറയുന്നത് പൊറുത്തു കൊടുക്കാവുന്നതിലും അപ്പുറമുള്ള പാപങ്ങളാണ് നീ ചെയ്തിട്ടുള്ളതെന്ന മന്ത്രണമാണ്. അതുകൊണ്ട് പശ്ചാത്തപിച്ചിട്ട് ഒരു കാര്യവുമില്ലെന്ന ചിന്ത മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണവന്‍ ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ തൗബയെ കുറിച്ചുള്ള നിരാശ സൃഷ്ടിക്കുയാണത് ചെയ്യുന്നത്. ഈ മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ ഒരാളെ പാപമോചനം നടത്തുന്നവനും വീണ്ടും തെറ്റിലേക്ക് മടങ്ങുന്നവനുമാക്കി തീര്‍ക്കാനാണ് പിശാച് ശ്രമിക്കുക. അതിലൂടെ തന്റെ നാഥനോട് വഞ്ചനകാണിക്കുന്ന അടിമയാക്കി ഒരാളെ മാറ്റാന്‍ പിശാചിന് സാധിക്കും.

ഇതെല്ലാം പിശാചിന്റെ കുതന്ത്രങ്ങളാണ്. ഒരു വിശ്വാസി അതിനെ കുറിച്ച് നല്ല ജാഗ്രതയുള്ളവനായിരിക്കേണ്ടതുണ്ട്. തൗബയെന്നത് വായ കൊണ്ട് മൊഴിയുന്ന കേവലം വാക്കുകളല്ല. തികഞ്ഞ ബോധ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും എടുക്കുന്ന തീരുമാനമാണ്. ഒരിക്കലും ആ തെറ്റിലേക്ക് മടങ്ങുകയില്ലെന്ന ദൃഢനിശ്ചയം കൂടി ഉണ്ടാകുമ്പോഴേ അത് യഥാര്‍ഥ തൗബയും പാപമോചനവുമായി മാറുകയുള്ളൂ.

ഒരിക്കല്‍ ഹസന്‍ ബിന്‍ അലിയോട് ഒരാള്‍ ചോദിച്ചു: ചെയ്ത തെറ്റുകളുടെ പേരില്‍ അല്ലാഹുവോട് പാപമോചനം നടത്തി വീണ്ടും തെറ്റിലേക്ക് മടങ്ങുന്ന ഒരാള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടാന്‍ ലജ്ജയുണ്ടാവില്ലേ? അദ്ദേഹം പറഞ്ഞു: നിങ്ങളങ്ങനെ ആയി തീര്‍ന്നാല്‍ പിശാചിന് ഇഷ്ടമാകുമത്. അതുകൊണ്ട് പാപമോചനത്തില്‍ ഒരു മടുപ്പും അനുഭവപ്പെടാതിരിക്കട്ടെ.

ഒന്നല്ലെങ്കില്‍ മറ്റൊരു ന്യായം ഉയര്‍ത്തി മനുഷ്യന്‍ പശ്ചാത്തപിക്കുന്നത് അവസാനിപ്പിക്കല്‍ പിശ്ചാചിന്റെ വ്യാമോഹമാണ്. ആ വ്യാമോഹങ്ങളെ തച്ചുടക്കേണ്ടവനാണ് വിശ്വാസി. എന്നാല്‍ പലപ്പോഴും വിശ്വാസികള്‍ ഈ കെണിയില്‍ അകപ്പെടാറുണ്ട്. പാപങ്ങള്‍ അധികരിക്കുമ്പോള്‍ അവന്‍ നിരാശനാവുന്നു. ക്രമേണ വന്‍പാപങ്ങള്‍ പോലും അവന് നിസ്സാരകാര്യങ്ങളായി മാറുന്നു. ഓരോ തവണ തെറ്റില്‍ പതിക്കുമ്പോഴും പാപത്തോടുള്ള ആഭിമുഖ്യം അവനില്‍ വര്‍ധിക്കുന്നു. തൗബക്ക് ശേഷം തെറ്റുകള്‍ അധികരിച്ചവരായി ചിലര്‍ മാറുന്നു. തൗബ ചെയ്ത ശേഷം തെറ്റു ചെയ്തവന് പാപമോചനമില്ലെന്ന ചിന്ത പിശാച് അവനില്‍ സൃഷ്ടിച്ച് തെറ്റുകള്‍ ആവര്‍ത്തിക്കുന്നവും പാപങ്ങള്‍ക്ക് അടിമപ്പെട്ടവനുമാക്കി അവനെ മാറ്റുകയും ചെയ്യുന്നു.

ഒട്ടും അടക്കമില്ലാത്തതാണ് മനുഷ്യന്റെ മനസ്സ്. എന്നാല്‍ അതിന്റെ രോഗങ്ങളും ചികിത്സയും അറിയുന്ന ഒരാള്‍ക്ക് അതിനെ മെരുക്കിയെടുക്കാന്‍ സാധിക്കും. ഇളക്കം തട്ടാത്ത രീതിയില്‍ ചില അടിസ്ഥാനങ്ങളും മൂല്യങ്ങളും നാമതില്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. എന്നിട്ട് അത് പ്രായോഗികമാക്കുന്നത് നീട്ടിവെക്കാതെ നടപ്പാക്കാന്‍ തുടങ്ങുകയും വേണം.

തെറ്റുകളും ദൗര്‍ബല്യവും മനുഷ്യ പ്രകൃതത്തില്‍ പെട്ടതാണെന്ന അടിസ്ഥാനം മറക്കരുത്. അതറിയുന്ന അല്ലാഹു മനുഷ്യന്റെ നിരന്തരമുള്ള പാപമോചനം സ്വീകരിക്കുന്നു. തന്റെ കാരുണ്യ കുറിച്ച് ഒരു കാലത്തും നിരാശരാവരുതെന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.’ (39:53)

ഖുദ്‌സിയായ ഒരു ഹദീസില്‍ പറയുന്നു: ”ഞാന്‍ പാപങ്ങള്‍ പൊറുക്കാന്‍ കഴിവുള്ളവനാണെന്ന് എന്ന് ആരെങ്കിലും മനസ്സിലാക്കിയാല്‍ അവന് നാം പൊറുത്തു കൊടുത്തിരിക്കുന്നു. അവന്‍ എന്നില്‍ പങ്കുചേര്‍ത്തിട്ടില്ലെങ്കില്‍ മറ്റൊന്നും ഞാന്‍ കാര്യമാക്കുകയില്ല.” (തബ്‌റാനി)

അല്ലാഹുവിന്റെ പാപമോചനത്തിന്റെ വിശാലതയും വിട്ടുവീഴ്ച്ചയുടെ വ്യാപ്തിയും ഹദീഥുകള്‍ നമ്മോട് വിവരിക്കുന്നു. ഖുദ്‌സിയായ ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: മനുഷ്യപുത്രാ, നീ എന്നോട് തേടുകയും എന്നില്‍ പ്രതീക്ഷയര്‍പ്പിക്കുകയം ചെയ്താല്‍ നിന്നില്‍ സംഭവിച്ചത് ഞാന്‍ പൊറുത്തു തന്നിരിക്കുന്നു. നിന്റെ പാപങ്ങള്‍ ആകാശം മുട്ടെ ഉണ്ടെങ്കിലും നീ പാപമോചനം തേടിയാല്‍ നാം നിനക്ക് പൊറുത്തു തരും. മനുഷ്യപുത്രാ, ഭൂമിയോളം പാപവുമായിട്ടാണ് നീ എന്റെ അടുത്ത് വരുന്നതെങ്കിലും എന്നില്‍ നീ പങ്കുചേര്‍ത്തിട്ടില്ലെങ്കില്‍ അത്രത്തോളം പാപമോചനവുമായി ഞാന്‍ നിന്നിലെത്തും.’ (തിര്‍മിദി)

ആത്മാര്‍ഥമായ തൗബ തെറ്റുകളെ മായ്ച്ചു കളയുമെന്ന് പ്രവാചക വചനം വ്യക്തമാക്കുന്നു: ‘തെറ്റില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങിയവന്‍ തെറ്റ് ചെയ്യാത്തവനെ പോലെയാണ്.’ (ഇബ്‌നുമാജ)

അബൂബക്ര്‍(റ)ല്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ‘തെറ്റ് ചെയ്ത ഒരാള്‍ അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നമസ്‌കരിച്ച് അല്ലാഹുവോട് പാപമോചനം തേടിയില്‍ അവന് പൊറുത്തു കൊടുക്കാതെയിരിക്കുകയില്ല.’

എന്നാല്‍ തൗബയെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. അല്ലാഹുവിന് അനിഷ്ടകരമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതോടൊപ്പം അവന്റെ പ്രീതിനേടിത്തരുന്ന കര്‍മങ്ങള്‍ ധാരാളമായി അനുഷ്ഠിക്കുകയും വേണം. മഹാനായ ഇബ്‌നുല്‍ ഖയ്യിം ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ ഒരു വാതില്‍ തുറന്ന് കരഞ്ഞ് സഹായം തേടി ഒരു കുട്ടി പുറത്ത് വരുന്നത് അദ്ദേഹം കണ്ടു. അവനെ പുറത്താക്കി ഉമ്മ വാതിലടച്ചിരിക്കുകയാണ്. വാതില്‍ അടച്ച് ഉമ്മ വീടിനകത്തേക്ക് പോയി. കുറേദൂരം പോയ ശേഷം ആ കുട്ടി ചിന്തിച്ചു നില്‍ക്കുകയാണ്. താന്‍ പുറത്താക്കപ്പെട്ട വീടല്ലാതെ മറ്റൊരു അഭയകേന്ദ്രം അവനില്ല. ഉമ്മയല്ലാതെ സംരക്ഷിക്കാനും ആരുമില്ല. നിരാശയോടെയും ദുഖത്തോടെയും ആ കുട്ടി വീണ്ടും വാതിലിനടുത്തേക്ക് തന്നെ എത്തി. എന്നാല്‍ വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. വാതില്‍പടിയില്‍ തലവെച്ച് അവന്‍ അവിടെ കിടന്നു. കവിൡലിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ട്. അല്‍പസമയം കഴിഞ്ഞ ആ ഉമ്മ പുറത്തേക്ക് വന്നു. മകനെ ആ അവസ്ഥയില്‍ കണ്ട ആ മാതാവ് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു ഉമ്മവെച്ചു കൊണ്ട് പറഞ്ഞു: ‘മോനേ, നീ എവിടെയായിരുന്നു? ഞാനല്ലാതെ നിനക്കാര് സംരക്ഷണം നല്‍കും? എന്നെ ധിക്കരിക്കരുതെന്ന് നിന്നോട് ഞാന്‍ പറഞ്ഞിരുന്നില്ലേ? നിനക്ക് നന്മ മാത്രം ആഗ്രഹിച്ച് ഞാന്‍ കാണിക്കുന്ന കാരുണ്യത്തിനും അനുകമ്പക്കും പകരം എന്നോട് അപരാധം ചെയ്യുകയാണോ? പിന്നെ അവനെയും കൂട്ടി ഉമ്മ അകത്തേക്ക് പോയി. ആ ഉമ്മയുടെ വാക്കുകള്‍ ‘ഒരു ഉമ്മക്ക് തന്റെ മകനോടുള്ള സ്‌നേഹത്തേക്കാള്‍ അടിമകളോട് കാരുണ്യമുള്ളവനാണ് അല്ലാഹു’ എന്ന പ്രവാചക വചനത്തെ കുറിച്ച് ചിന്തിപ്പിച്ചു. എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവിന്റെ കാരുണ്യത്തിന് മുന്നില്‍ എത്ര നിസ്സാരമാണ് ഉമ്മയുടെ കാരുണ്യം.

ആത്മാര്‍ഥമായി പശ്ചാത്തപിച്ചതിന് ശേഷം തെറ്റുകളില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷ്മത പാലിക്കുക. അഥവാ സംഭവിച്ചാല്‍ ഉടന്‍ പാപമോചനം തേടുകയും ചെയ്യുക. അതോടൊപ്പം സല്‍ക്കര്‍മങ്ങളും പ്രവര്‍ത്തിക്കുക. നാം ചെയ്യുന്ന നന്മകള്‍ മുമ്പ് ചെയ്ത തിന്മകളെ മായ്ച്ചു കളയുമെന്നാണ് അല്ലാഹുവിന്റെ ദൂതര്‍ പഠിപ്പിച്ചിരിക്കുന്നത്.

വിവ: നസീഫ്

Related Articles