Current Date

Search
Close this search box.
Search
Close this search box.

പാപങ്ങള്‍ കുന്നുകൂടുന്നത് സൂക്ഷിക്കുക

pray.jpg

പാപങ്ങള്‍ പലതരത്തിലാണ്. ചെറുതും വലുതുമായ പാപങ്ങള്‍ മനുഷ്യര്‍ ചെയ്യാറുണ്ട്. പാപങ്ങളുടെ രൂപഭാവങ്ങള്‍ക്കനുസരിച്ചാണ് അതിന്റെ വലുപ്പ ചെറുപ്പത്തിന്റെ തോതുകള്‍ നിര്‍ണയിക്കപ്പെടുന്നത്. എന്നാല്‍ വിശ്വാസിയായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ശ്രദ്ധ പതിയേണ്ടത് അവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങളുടെ വലുപ്പ ചെറുപ്പത്തിലേക്കല്ല. മറിച്ച് ചെറുതാണെങ്കിലും വലുതാണെങ്കിലും തെറ്റുകള്‍ ചെയ്യുന്നതിലൂടെ അവന്‍ നാഥനെ ധിക്കരിക്കുകയാണെന്ന മൗലികമായ യാഥാര്‍ഥ്യത്തിലേക്കാണ്. ഇമാം ഔസാഇ പറയുന്നു : ‘നിങ്ങള്‍ ചെയ്യുന്ന പാപങ്ങളുടെ വലുപ്പവും ചെറുപ്പവുമല്ല നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, മറിച്ച് അതിലൂടെ ദൈവ ധിക്കാരമാണ് പ്രവര്‍ത്തിക്കുന്നതെണ് നിങ്ങള്‍ ഓര്‍ക്കണം’. അതിനാലാണ് പ്രവാചകന്‍ (സ) പാപങ്ങളെ നിസാരമായി കാണാതിരിക്കാന്‍ നമ്മോട് ആവശ്യപ്പെട്ടത്. പാപങ്ങളെ നിസാരമായി കാണുന്നവരെ സാവധാനം അവ അതിജയിക്കുകയും അവരുടെ നാശത്തിന് തന്നെ അതുകാരണമായിത്തീരുമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ (സ) പറഞ്ഞു : അല്ലാഹു ഇഷ്ടപ്പെടാത്ത വര്‍ത്തമാനം പറഞ്ഞ മനുഷ്യന് അതുമൂലം ഇഹലോകത്ത് നഷ്ടമൊന്നുമുണ്ടായില്ലെങ്കിലും അവന്‍ നരകത്തില്‍ വലിച്ചെറിയപ്പെട്ടേക്കാം’ (ബുഖാരി). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം : ‘അടിമയുടെ വര്‍ത്തമാനങ്ങള്‍ ഇഹലോകത്ത് പ്രത്യേക പരിണിതികള്‍ ഒന്നുമുണ്ടാക്കിയില്ലെങ്കിലും അവന്റെ നരക പ്രവേശനത്തിന് അതു കാരണമായേക്കും’ (ബുഖാരി, മുസ്‌ലിം). ആദം നബി (അ) സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടത് നിസാരമെന്ന് തോന്നാവുന്ന ഒരു തെറ്റിന്റെ പേരിലാണെന്ന് നാം ഓര്‍ക്കണം. പാപം ചെയ്യുന്നത് വലിയ പാപങ്ങളിലേക്ക് നയിക്കുമെന്നും അതു പിന്നീടവനെ വലിയ പാപിയാക്കിമാറ്റുമെന്നും കവി പാടിയിട്ടുണ്ട്. ചുരുക്കത്തില്‍ തെറ്റുകളെ നിസാരമാക്കി കാണുന്നത് വിശ്വാസിക്ക് യോജിച്ച നിലപാടല്ല. അതവന്റെ വിജയത്തിലേക്കുള്ള വഴിയില്‍ വിഘാതം സൃഷ്ടിക്കും. പ്രവാചകനില്‍ നിന്നും ഇബ്‌നു മസ്ഊദ്  റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം : ‘പാപങ്ങളെ വിശ്വാസി ഒരു പര്‍വതം കണക്കെയാണ് കാണുക, അതെപ്പോള്‍ വേണമെങ്കിലും അവന്റെ മേല്‍ പതിച്ചേക്കാമെന്ന് അവന്‍ ഭയപ്പെടും. എന്നാല്‍ അവിശ്വാസി പാപങ്ങളെ കാണുക തന്റെ മൂക്കിന്‍ തുമ്പത്തിരിക്കുന്ന ഈച്ചയെ പോലെയാണ്. അത് അല്‍പ്പം കഴിഞ്ഞാല്‍ പറന്നു പോകുമെന്ന് അവന്‍ കരുതുന്നു’.
പാപങ്ങളെ ഇപ്രകാരം നിസാരമാക്കി കണക്കാക്കുന്നത് വലിയ അപകടത്തിലേക്കാണ് മനുഷ്യനെ നയിക്കുക. ചെറിയ ചെറിയ പാപങ്ങളില്‍ നിരന്തരം ഏര്‍പ്പെടുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നവന്‍ അവസാനം കൊടിയ പാപത്തിലേക്ക് എത്തിച്ചേരുന്നു.  പ്രവാചകന്‍ പറയുന്നു : ‘തെറ്റില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് നാശം, അവര്‍ അറിഞ്ഞുകൊണ്ടു തന്നെ തെറ്റില്‍ ഉറച്ചു നില്‍ക്കുന്നവരാണ്’ (അഹ്മദ്).  ഇബ്‌നു മുബാറക്ക് പറയുന്നു : ‘പാപങ്ങള്‍ ഹൃദയങ്ങളെ മരിപ്പിക്കുകയും നിന്ദ്യത പകരം നല്‍കുകയും ചെയ്യും. എന്നാല്‍ പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കല്‍ ഹൃദയങ്ങളെ കൂടുതല്‍ ജീവസുറ്റതാക്കുന്നു’. അല്ലാഹു വിശ്വാസികളെ അവര്‍ തെറ്റുകളില്‍ ഉറച്ചു നില്‍ക്കുന്നവരല്ലെന്നാണ് വിശേഷിപ്പിച്ചത്. ‘അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍, അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല’ (ആലു ഇംറാന്‍ 135). പാപങ്ങള്‍ ചെയ്തു കൂട്ടിവന്റെ കുറ്റങ്ങള്‍ പൊറുത്തു കൊടുക്കാന്‍ സദാ സന്നദ്ധനായ നാഥനോട്, ചെയ്ത പാപങ്ങളില്‍ പശ്ചാതപിക്കുകയും ചെയ്തു പോയതില്‍ ഖേദിച്ച് അവനിലേക്ക് മടങ്ങുകയും ചെയ്യുക. പശ്ചാതാപങ്ങള്‍ സ്വീകരിക്കാന്‍ അവനല്ലാതെ മറ്റാരുമില്ലല്ലോ. പ്രവാചകന്‍ പോലും ഒരു ദിവസം എഴുപതിലേറെ തവണ അല്ലാഹുവോട് പശ്ചാതാപിച്ച് തെറ്റുകള്‍ പൊറുത്തു തരാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. നിരന്തരം തെറ്റുകള്‍ ആവര്‍ത്തിക്കുകയും പാപങ്ങള്‍ ചെയ്തുകൂട്ടുകയും ചെയ്യുന്ന നമ്മള്‍ എത്ര തവണ അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങേണ്ടി വരും!

വിവ : ജലീസ് കോഡൂര്‍

Related Articles