Current Date

Search
Close this search box.
Search
Close this search box.

പരലോക യാത്രക്ക് ഒരുങ്ങാം

hereafter.jpg

നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ സ്വന്തം മയ്യിത്തിനെ കുറിച്ചോര്‍ത്ത് വേവലാതി വേണ്ട. നല്ലവരായ മുസ്‌ലിം സഹോദരന്മാര്‍ അതിനെ വളരെ നന്നായി നോക്കിക്കൊള്ളും. അവര്‍ നിങ്ങളുടെ വസ്ത്രങ്ങളൊക്കെ അഴിച്ചുമാറ്റും. ശുദ്ധവെള്ളത്തില്‍ നിങ്ങളുടെ ശരീരമാകെ കഴുകി വൃത്തിയാക്കും. നല്ല വൃത്തിയുള്ള വെളുത്ത തുണിയില്‍ അതിനെ പൊതിയും. എന്നിട്ട് നിങ്ങളുടെ പുതിയ ഭവനമായ ഖബറിലേക്ക് അവര്‍ നിങ്ങളെ ആനയിക്കും. പലരും നിങ്ങളുടെ അന്ത്യവിശ്രമസ്ഥാനം വരെ നിങ്ങളെ അനുഗമിക്കും. ചിലരൊക്കെ തങ്ങളുടെ ജോലി വരെ മാറ്റിവെച്ച് നിങ്ങളെ അവസാനമായി ഒരുനോക്ക് കാണാന്‍ വരും. നിങ്ങളുടെ വസ്തുവകകളൊക്കെ, വസ്ത്രങ്ങളും ഷൂസും പുസ്തകങ്ങളും നിങ്ങള്‍ ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളുമെല്ലാം അനാഥമാകും. നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ കുടുംബം അതൊക്കെ ദാനം ചെയ്യും. ഒരു കാര്യമോര്‍ത്ത് നിങ്ങള്‍ക്ക് സുഖമായി കിടക്കാം. നിങ്ങള്‍ പോയി എന്നുവെച്ച് ഈ ലോകം അവസാനിക്കുകയോ എല്ലാവരും നിത്യവും നിങ്ങളെ ഓര്‍ത്ത് കരയുകയോ ഇല്ല. ജീവിതം പിന്നെയും തുടരും. നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാള്‍ ജോലിക്ക് കയറും. നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങളുടെ അനന്തരാവകാശികള്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും. നിങ്ങളോടുള്ള സ്‌നേഹബന്ധത്തിന്റെ ആഴത്തിനനുസരിച്ച് ചിലരൊക്കെ കുറേ കാലം നിങ്ങളുടെ വിയോഗത്തില്‍ ദുഃഖിച്ചെന്ന് വരും. എന്നാല്‍ കാലാന്തരത്തില്‍ അവരും നിങ്ങളെ മറക്കും. നിങ്ങളുടെ ഓര്‍മകള്‍ ഏതെങ്കിലും മൂലയിലെ ഫോട്ടോയില്‍ ഒതുങ്ങും.

വിശ്വസിച്ചാലും ഇല്ലെങ്കിലും, മുകളില്‍ എഴുതിയ വരികളൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണ്. ഇഹലോകത്തിന്റെ കാഴ്ചകള്‍ക്ക് മേല്‍ തിരശ്ശീല വീഴുന്നതോടെ ഖബ്‌റിലെ ബര്‍സഖിയായ ലോകം നിങ്ങളുടെ മുന്നില്‍ തെളിയും. അവിടെ നിങ്ങള്‍ ഒറ്റക്കായിരിക്കും. സമ്പത്തോ സന്താനങ്ങളോ പദവിയോ നിങ്ങള്‍ക്കില്ല. ആ ഇടുങ്ങിയ ഖബറായിരിക്കും പരലോകത്തേക്കുള്ള നിങ്ങളുടെ ആദ്യ ഇടത്താവളം. ഐഹികലോകം വിട്ട് പോകാന്‍ തനിക്ക് ഭയമാണെന്നു പറഞ്ഞ ഖലീഫ സുലൈമാന്‍ ഇബ്‌നു അബ്ദുല്‍ മലിക്കിനോട് അബൂ ഹാസിം(റ) പറഞ്ഞത്, താങ്കള്‍ ഈ ലോകത്തെ ആനന്ദത്താലും സന്തോഷത്താലും നിറച്ചു. എന്നാല്‍ വരും ലോകത്തെ നശിപ്പിക്കുകയും ചെയ്തു. തീര്‍ച്ചയായും ഐശ്വര്യങ്ങളുടെ ഈ ലോകത്ത് നിന്ന് നാശങ്ങളുടെ ആ ലോകത്തേക്ക് പോകാന്‍ താങ്കള്‍ക്ക് ഭയമായിരിക്കും എന്നാണ്. അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു:
”എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.” (അല്‍-അഅ്‌ലാ: 16, 17)

പരലോകത്തെ ഒരുക്കിയവന് അവിടേക്ക് കടന്നുചെല്ലാന്‍ യാതൊരു ഭയമോ പ്രയാസമോ ഉണ്ടാവുകയില്ല. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതര്‍ എന്റെ ചുമലില്‍ പിടിച്ചിട്ട് പറഞ്ഞു, ”നിനക്ക് പ്രദോഷം വന്നെത്തിയാല്‍ നീ പ്രഭാതം പ്രതീക്ഷിക്കരുത്. പ്രഭാതം വന്നെത്തിയാല്‍ പ്രദോഷത്തെയും. രോഗത്തിന് മുമ്പ് ആരോഗ്യം ഉപയോഗപ്പെടുത്തുക. മരണത്തിന് മുമ്പ് ജീവിതവും.” (ബുഖാരി) അതുകൊണ്ട് കിട്ടിയ സമയത്തിനുള്ളില്‍ പരലോകത്തേക്ക് വേണ്ടി ഒരുങ്ങാന്‍ നമുക്ക് സാധിക്കണം. സമയം എന്നാല്‍ ഓരോ നിമിഷവും ചുരുങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ ആയുസ്സ് തന്നെയാണ്. അല്ലാഹു നിശ്ചയിച്ചതിലധികമോ കുറവോ ഈ ഭൂമിയില്‍ ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല.

എങ്ങനെയാണ് പരലോകത്തേക്കുള്ള പാഥേയം ഒരുക്കുക? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. അല്ലാഹു നിര്‍ബന്ധമായി ചെയ്യാന്‍ ആവശ്യപ്പെട്ട കര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. അഞ്ചു നേരത്തെ നമസ്‌കാരവും മറ്റ് ഇബാദത്ത് കര്‍മങ്ങളും അതില്‍ പെടുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു, ഞാന്‍ പ്രവാചകന്‍(സ)യോട് ചോദിച്ചു: ”പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തി എന്താണ്?” അപ്പോള്‍ അവിടുന്ന് പറഞ്ഞു: ”നമസ്‌കാരം അതിന്റെ കൃത്യസമയത്ത് നിര്‍വഹിക്കുക”. രണ്ടാമതായി നാം തയ്യാറാവേണ്ടത്, ഐശ്ചിക കര്‍മങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്. നിര്‍ബന്ധിത നമസ്‌കാരങ്ങള്‍ക്ക് സുന്നത്തു നമസ്‌കാരങ്ങള്‍ ഉള്ളതുപോലെ തന്നെ സകാത്തിനും നോമ്പിനും ഹജ്ജിനും അവയുടേതായ ഐശ്ചിക കര്‍മങ്ങളുമുണ്ട്. നിര്‍ബന്ധിത കര്‍മങ്ങളില്‍ വന്ന പിഴവുകളെയും പോരായ്മകളെയും മായ്ച്ചുകളയാന്‍ ഐശ്ചിക കര്‍മങ്ങള്‍ കൊണ്ട് സാധിക്കുന്നു. മൂന്നാമതായി, രഹസ്യമായ ദാനമായിരിക്കണം നമ്മുടെ പാഥേയം. രഹസ്യമായ ദാനം പരസ്യമായ ദാനത്തേക്കാള്‍ ആത്മാര്‍ത്ഥമാണ്. അല്ലാഹു പറയുന്നു:
”നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.” (അല്‍-ബഖറ: 271). ദാനം മനുഷ്യന്റെ ധനത്തേയും ഹൃദയത്തെയും ഒരുപോലെ ശുദ്ധീകരിക്കുന്നു.

നാലാമതായി, രഹസ്യമായി ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍ പരലോകത്തേക്കുളള ഉത്തമ പാഥേയമാണ്. താനും തന്റെ നാഥനും മാത്രമറിയുന്ന തന്റെ സല്‍ക്കര്‍മങ്ങള്‍
തീര്‍ച്ചയായും പരലോകത്ത് ഏറെ കനം തൂങ്ങുന്ന ഒന്നാണ്. താബിഈ പണ്ഡിതനായ മുഹമ്മദ് ഇബ്‌നു വാസിഅ് പറയുന്നു: ”ചില വ്യക്തികളെ എനിക്കറിയാം, സ്വന്തം ഭാര്യയുമായി ഒരേ തലയിണ പങ്കിടുമ്പോഴും അവള്‍ പോലുമറിയാതെ ആ തലയിണയെ കണ്ണീരുകൊണ്ട് കുതിര്‍ത്ത വ്യക്തികള്‍. മറ്റുചിലരെ എനിക്കറിയാം, ഒരേ സ്വഫ്ഫില്‍ നിന്ന് നമസ്‌കരിക്കുന്നവരായിട്ടും തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ പോലുമറിയാതെ കണ്ണീരുകൊണ്ട് തങ്ങളുടെ താടിരോമങ്ങള്‍ കുതിര്‍ത്ത വ്യക്തികള്‍”. അല്ലാഹുവിനെ കുറിച്ചോര്‍ത്ത് അവര്‍ ഒഴുക്കിയ കണ്ണീര്‍ ചാലുകള്‍ അവര്‍ക്കും അവരുടെ നാഥനും മാത്രമേ അറിയൂ. ആ കണ്ണീര്‍ചാലുകളെ അല്ലാഹു പരലോകത്ത് ഹാജരാക്കും. അഞ്ചാമതായി, രാത്രി നമസ്‌കാരം നിര്‍വഹിക്കല്‍. എല്ലാവരും സുഖനിദ്രയിലായിരിക്കുമ്പോള്‍ തന്റെ നാഥന്റെ മുന്നില്‍ എഴുന്നേറ്റുനിന്ന് പാരായണം ചെയ്ത് നമസ്‌കരിക്കുന്നവന്‍ അല്ലാഹുവിങ്കല്‍ ഇഷ്ടദാസനാണ്. സ്വഹാബാക്കളെ കുറിച്ച് പറഞ്ഞിരുന്നത്, അവര്‍ പകലില്‍ അശ്വാരൂഢരും രാത്രിയില്‍ സന്യാസിമാരും ആയിരുന്നു എന്നാണ്. കാലില്‍ നീരു വരുവോളം നിന്നു നമസ്‌കരിച്ച പ്രവാചകന്‍(സ) യോട് എന്തിനാണ് ഇത്രയും പ്രയാസങ്ങള്‍ സഹിക്കുന്നതെന്ന് ആയിശ(റ) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത്, ഞാന്‍ ഒരു നന്ദിയുള്ള അടിമയാകണ്ടേ ആയിശ എന്നാണ്.

അവസാനമായി, നല്ല സ്വഭാവമര്യാദകളാണ് പരലോകത്തേക്ക് നാം കരുതിവെക്കേണ്ടത്. മുസ്‌ലിമായാലും അമുസ്‌ലിമായാലും ലോകം ഓരോ വ്യക്തിയില്‍ നിന്നും ആഗ്രഹിക്കുന്നത് മികച്ച് സ്വഭാവഗുണങ്ങളാണ്. ഇസ്‌ലാമിലാകട്ടെ അതിന് ഉല്‍കൃഷ്ടമായ സ്ഥാനവുമുണ്ട്. പ്രവാചകന്‍(സ) സ്വയം ഏറ്റവും ഉദാത്തമായ സ്വഭാവഗുണങ്ങള്‍ക്ക് ഉടമയായിരുന്നു. അവിടുന്ന് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടല്ലാതെ ആരെയും സമീപിക്കാറുണ്ടായിരുന്നില്ല. കുട്ടികളെ പോലും പരിഗണിക്കുകയും അവരോട് സലാം പറയുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും പ്രവാചകന്റെ രീതിയായിരുന്നു. പ്രവാചകന്‍(സ)യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിശ(റ) പറഞ്ഞത്, അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നാണ്. അവിടുന്ന് സ്വയം പരിചയപ്പെടുത്തിയതും, സ്വഭാവഗുണങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടത് എന്നായിരുന്നു. ആരെയും വെറുപ്പിക്കാനോ വേദനിപ്പിക്കാനോ നാം ശ്രമിക്കരുത്. എല്ലാവരോടും സ്‌നേഹവും കാരുണ്യവും ബഹുമാനവുമായിരിക്കണം നമ്മുടെ മുഖമുദ്ര. അത് മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കും. ശത്രുവിനെ പോലും മിത്രമാക്കും. മനുഷ്യരാശി മൊത്തം അണിനിരക്കുന്ന ആ മനുഷ്യമഹാസമ്മേളനത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ മേല്‍പറഞ്ഞ ലളിതമായ കാര്യങ്ങളാണ് അല്ലാഹുവും അവന്റെ ദൂതനും നമുക്ക് നിര്‍ദ്ദേശിച്ചു തന്നത്.

വിവ: അനസ് പടന്ന

Related Articles