Current Date

Search
Close this search box.
Search
Close this search box.

പരലോക ചിന്തയാണ് മനുഷ്യനെ സംസ്‌കരിക്കുന്നത്‌

pray.jpg

പരലോക വിശ്വാസം ഈമാനിന്റെ അവിഭാജ്യ ഘടകമാണ്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ നൂറ്റിഅമ്പതിലേറെ തവണ പരാമര്‍ശിച്ചതിന് തക്കതായ കാരണമുണ്ട്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസമാണ് ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ നബി(സ)ക്ക് സഹായകമായത്. പരലോകത്ത് താന്‍ ഹാജരാക്കപ്പെടുമെന്നും അവിടെ തന്റെ കര്‍മങ്ങളെ സൂക്ഷമമായി വിലയിരുത്തപ്പെടുമെന്നുമുള്ള ബോധമാണ് നമ്മുടെ മുന്‍ഗാമികളെ സ്വര്‍ഗ പാതയില്‍ മുന്നേറാന്‍ പ്രേരിപ്പിച്ചത്.

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) നമസ്‌കാര പായയില്‍ അങ്ങേയറ്റം വിഷണ്ണനായി ഇരിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ പത്‌നി ചോദിച്ചു : എന്താണ് അമീറുല്‍ മുഅ്മിനീന്‍ താങ്കളിത്ര വിഷണ്ണനായിരിക്കുന്നത്? നാളെ അല്ലാഹു തന്നെ വിചാരണ ചെയ്യുമ്പോള്‍ എന്ത് മറുപടിയാണ് പറയാനുള്ളത് എന്നതിനെ സംബന്ധിച്ച ഉത്കണ്ഠയാണ് എന്നെ വിഷമിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രോഗികള്‍, ദരിദ്രര്‍, വിധവകള്‍, അഗതികള്‍, വൃദ്ധര്‍ ഇവരെ സംബന്ധിച്ചുള്ള ദുഖമാണ് എന്നെ അലട്ടി കൊണ്ടിരിക്കുന്നത്. അവരെ സംബന്ധിച്ച് അല്ലാഹു എന്നോട് കണക്കു ചോദിക്കും. അവിടെ അവര്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ അവരുടെ വക്കീലായി നബി തിരുമേനിയാണുണ്ടാവുക. അവിടെ എന്റെ വാദഗതികള്‍ സ്ഥാപിക്കാന്‍ എനിക്ക് കഴിയുമോ എന്നതാണ് തന്നെ അസ്വസ്ഥപ്പെടുത്തുന്നത് എന്നായിരുന്നു ആ മഹാന്റെ മറുപടി.

നബി(സ) മദീനയില്‍ നടത്തിയ രേഖപ്പെടുത്തപ്പെട്ട ഖുതുബകളിലെല്ലാം പരലോകത്തെ അനുസ്മരിപ്പിച്ചിരുന്നു. പ്രവാചകന്‍(സ) പറഞ്ഞതായി അബൂദര്‍റ്(റ) പറയുന്നു : ‘നിങ്ങള്‍ക്ക് കാണാനാവത്തത് ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് കേള്‍ക്കാനാവാത്തത് ഞാന്‍ കേള്‍ക്കുകയും ചെയ്യുന്നു. ആകാശം ശബ്ദമുഖരിതമാണ്, അതിന് അങ്ങനെ ആയേ പറ്റൂ. ഒരു മലക്ക് അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ് ചെയ്ത് അതിന്റെ നെറ്റിത്തടം വെച്ചിരിക്കുന്നതല്ലാതെയുള്ള നാലുവിരലുകള്‍ക്കുള്ള സ്ഥാനം അവിടെയില്ല. ഞാനറിയുന്ന കാര്യമെങ്ങാനും നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കൂടുതല്‍ കരയുകയും വളരെ കുറച്ച് മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു. കിടപ്പറകളില്‍ നിങ്ങള്‍ ഭാര്യമാരുമൊത്ത് നിങ്ങള്‍ രമിക്കുമായിരുന്നില്ല. അല്ലാഹുവിനോട് കേണപേക്ഷിച്ച് നിങ്ങള്‍ മലനിരകളിലേക്ക് പുറപ്പെടുമായിരുന്നു.’ പരലോകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മുഖവുരയായി നബി(സ) സൂചിപ്പിച്ചിരുന്ന ഹദീസുകളില്‍ പെട്ടതാണിത്.

പരലോകത്തെ സൂര്‍ എന്ന കാഹളത്തെ കുറിച്ചും സ്വിറാത്തിനെ കുറിച്ചും സ്വര്‍ഗ നരകങ്ങളെ കുറിച്ചുമെല്ലാം വിശുദ്ധ ഖുര്‍ആനും ഹദീസുകളും ധാരാളമായി വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ ഭൗതികമായ കണ്ണുകള്‍ കൊണ്ട് നമുക്ക് പരിചിതമായ ലോകത്തിന്റെ പ്രതീകങ്ങളിലൂടെ മാത്രമേ നമുക്കവയെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. മഹാനായ ഇമാം അഹ്മദിനോട് ‘പരമകാരുണ്യവാനായ അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താണെന്ന് ചോദിച്ചു. അദ്ദേഹം അതിന് നല്‍കിയ മറുപടി ‘ഉപവിഷ്ടനാകുക എന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്, അത് എങ്ങനെയെന്നത് മനസ്സിലാക്കാന്‍ സാധ്യമല്ല, അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്, അതിനെ സംബന്ധിച്ച കൂടുതല്‍ ചോദ്യം ബിദ്അത്താണ്.’ എന്നാണ്. ഇപ്രകാരം പരലോകത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനും സുന്നത്തുകളും പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാണ്. അതിന്റെ വ്യാഖ്യാനങ്ങളോ വൈവിധ്യങ്ങളോ നമ്മെ സംബന്ധിച്ച് പ്രശ്‌നമല്ല.

ഈയൊരു അടിസ്ഥാനത്തില്‍ അന്ത്യദിനത്തിന്റെ അടയാളമായി പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നബി(സ)യുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാം. ‘പിന്നെ കാഹളത്തില്‍ ഊതപ്പെടുന്നു. അപ്പോള്‍ പെട്ടെന്നതാ മര്‍ത്ത്യരൊക്കെയും താന്താങ്ങളുടെ ശവക്കുഴികളില്‍ നിന്നെഴുന്നേറ്റ് അവരുടെ റബ്ബിന്റെ സമക്ഷത്തില്‍ ഹാജരാകാന്‍ ധൃതിയില്‍ യാത്രയാകുന്നു.’ (36 : 51)
‘ശരി, കാഹളം ഊതപ്പെട്ടാല്‍, അന്നത് വളരെ ക്‌ളേശമേറിയ നാളായിരിക്കും.’ (74 : 8)
‘നിങ്ങളതു കാണുന്ന നാളില്‍ അവസ്ഥയിതായിരിക്കും: മുലയൂട്ടുന്ന മാതാക്കളൊക്കെയും അവരുടെ പൈതങ്ങളെ മറന്നന്ധാളിച്ചുപോകുന്നു. ഗര്‍ഭിണികളൊക്കെയും അവരുടെ ഗര്‍ഭം വിസര്‍ജിച്ചുപോകുന്നു. ജനത്തെ നീ ഉന്മാദികളായി കാണും. എന്നാലോ, അവര്‍ ഉന്മാദികളായിരിക്കുകയില്ല. പ്രത്യുത, അല്ലാഹുവിന്റെ ശിക്ഷ അത്രക്കു കൊടൂരമായിരിക്കും.’ (22 : 2)

പരലോകത്ത് നടക്കാനിരിക്കുന്ന കാര്യങ്ങളാണിതെന്ന് നബി(സ) വിവരിക്കുന്നു. ഒരു അഅ്‌റാബി നബി തിരുമേനിയുടെ അടുക്കെലെത്തി എന്താണ് ‘സ്വൂര്‍’ എന്ന് ചോദിച്ചു. സ്വൂര്‍ വായില്‍ വെച്ച് മലക്ക് അല്ലാഹുവിന്റെ ആജ്ഞക്ക് കാതോര്‍ത്തിരിക്കുമ്പോള്‍ എങ്ങനെയാണെനിക്ക് സന്തോഷമുണ്ടാകുക എന്ന മറുചോദ്യത്തിലൂടെയാണ് നബി(സ) അയാളോട് പ്രതികരിച്ചത്. ഇങ്ങനെയൊരു ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ചിന്തയോടെയാണ് മുന്‍ഗാമികള്‍ കടന്നു പോയത്. ആദ്യമായി സ്വൂറെന്ന കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ എല്ലാവരും നിലപതിക്കും. നബി(സ) അതിനെ വിശദീകരിച്ചു പറഞ്ഞു : ‘അന്ത്യദിനത്തില്‍ ജനങ്ങളെല്ലാം ബോധരഹിതരായി നിലം പതിക്കും. പിന്നീട് ആദ്യമായി ബോധം തെളിയുന്നത് ഞാനായിരിക്കും. ആ സന്ദര്‍ഭത്തില്‍ മൂസാ(അ) അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തൂണ്‍ പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കാണുന്നു. അദ്ദേഹത്തിന് എനിക്ക് മുമ്പ് ബോധം തെളിഞ്ഞോ അതല്ല ബോധരഹിതനാകുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടോ എന്നെനിക്കറിയില്ല.’ ഖുര്‍ആന്‍ പറയുന്നു : ‘വാസ്തവത്തില്‍ ഇവര്‍ കാത്തിരിക്കുന്നത്, ഒരു ഘോരഗര്‍ജനം മാത്രമാകുന്നു. ഇവര്‍ (തങ്ങളുടെ ഭൗതിക വ്യവഹാരങ്ങളില്‍) ബഹളം വെച്ചുകൊണ്ടിരിക്കെ, ആകസ്മികമായി അത് പിടികൂടും. അന്നേരം ഇവര്‍ക്ക് ഒസ്യത്തു ചെയ്യാന്‍ പോലും സാവകാശമുണ്ടാവില്ല; തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങിച്ചെല്ലാനുമാവില്ല.’ (36 : 50) അങ്ങാടിയില്‍ കച്ചവടത്തിനായി നീട്ടിപ്പിടിച്ച വസ്ത്രം മടക്കി വെക്കാനോ കച്ചവടം പൂര്‍ത്തിയാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുമെന്ന് ഇമാം ത്വബ്‌രി ഈ ആയത്തിനെ വിശദീകരിക്കുന്നത് അതിന്റെ ഭയാനകതയെയാണ് കുറിക്കുന്നത്.

രണ്ടാമത്തെ കാഹളം മുഴങ്ങുമ്പോള്‍ ജനങ്ങളെല്ലാം തങ്ങളുടെ ഖബ്‌റുകളില്‍ നിന്ന് പുറത്തേക്ക് വരികയാണ്. ആദ്യമായി ഖബ്‌റില്‍ നിന്ന് പുറത്തേക്ക് വരുന്നത് മുഹമ്മദ് നബി(സ)യായിരിക്കുമെന്നും ഹദീസില്‍ കാണാം. ഇങ്ങനെ നഗ്നരായി ജനങ്ങള്‍ ഖബ്‌റില്‍ നിന്ന് എണീക്കപ്പെടുമ്പോള്‍ അവര്‍ക്ക് നാണം തോന്നില്ലേ എന്ന് ആഇശ(റ) നബി(സ)യോട് ചോദിച്ചു. ജനങ്ങള്‍ക്കതൊന്നും ചിന്തിക്കാന്‍ സമയമുണ്ടാവില്ല, തങ്ങള്‍ സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ നയിക്കപ്പെടുന്നത് എന്നത് മാത്രമായിരിക്കും ഓരോരുത്തരുടെയും ചിന്ത എന്ന് നബി(സ) വിശദീകരിച്ചു കൊടുത്തു.

രണ്ട് കാഹളങ്ങള്‍ക്കിടയില്‍ എത്ര കാലദൈര്‍ഘ്യമുണ്ടാകുമെന്ന് വ്യക്തമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അല്ലാഹുവിന്റെ സന്നിദ്ധിയില്‍ ജനങ്ങള്‍ നില്‍ക്കേണ്ടി വരുമെന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്. അവിടെ ഓരോരുത്തരും തങ്ങളുടെ പാപങ്ങളുടെ തോതനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിയിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. പരലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ സൂറത്തു തക്‌വീറില്‍ അല്ലാഹു അക്കമിട്ട് പറയുന്നുണ്ട്. അതിനെ കുറിച്ച വിശദീകരണങ്ങള്‍ വേറെ ഇടങ്ങളിലും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ വാഖിഅയിലും അതിന്റെ ഭയാനകത വിവരിക്കുന്നുണ്ട്. സൂറത്തുല്‍ വാഖിഅ പാരായണം ചെയ്യപ്പെടുന്ന ഭവനങ്ങളില്‍ ദാരിദ്ര്യം എത്തിനോക്കില്ല എന്നാണ് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത്. അബ്ദുല്ലാഹ് ബിന്‍ മസ്ഊദ് മരണാസന്നനായി കിടക്കുകയാണ്. നാല് പെണ്‍മക്കളാണ് അദ്ദേഹത്തിനുള്ളത്. അവര്‍ക്ക് വല്ലതും വിട്ടേച്ചാണോ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് സൂറത്തുല്‍ വാഖിഅ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പ്രതിവദിച്ചത്. ‘സംഭവിക്കാനുള്ളത് സംഭവിക്കുമ്പോള്‍, അത് സംഭവിക്കുന്നതിനെ തള്ളിപ്പറയുന്നവരാരുമുണ്ടായിരിക്കുകയില്ല. അതൊരു തകിടംമറിക്കുന്ന അത്യാഹിതമായിരിക്കും. അപ്പോള്‍ ഭൂലോകം ഒരൊറ്റ കിടിലംകൊള്ളല്‍! പര്‍വതങ്ങള്‍ തരിപ്പണമാക്കപ്പെടുന്നു.’ (56 : 1-6)

മറ്റൊരിടത്ത് ഖുര്‍ആന്‍ വിവരിക്കുന്നു : ‘ഒടുവില്‍ ആ കാതടപ്പിക്കുന്ന ഘോഷമുയരുമ്പോള്‍  അന്നു മനുഷ്യന്‍ സ്വന്തം സഹോദരനില്‍നിന്നും മാതാവില്‍നിന്നും പിതാവില്‍നിന്നും ഭാര്യയില്‍നിന്നും സന്തതികളില്‍നിന്നും ഓടിയകലുന്നു. അവരിലോരോ വ്യക്തിക്കും അന്ന് താനല്ലാത്ത മറ്റാരെക്കുറിച്ചും വിചാരമുണ്ടാവുകയില്ല.’ (80 : 33-37) ഇങ്ങനെയൊരു ദിനത്തെ കുറിച്ച ബോധം ഉണ്ടായിരുന്നത് കൊണ്ടാണ് നമ്മുടെ മുന്‍ഗാമികളായ ഭരണാധികാരികള്‍ മാതൃകാപരമായ രൂപത്തില്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത്. മരച്ചുവട്ടില്‍ അംഗരക്ഷകരൊന്നുമില്ലാതെ കിടന്നുറങ്ങുന്ന ഇസ്‌ലാമിക രാജ്യത്തിന്റെ ഖലീഫയെ കണ്ട കിസ്‌റയുടെ ദൂതന്‍ പറഞ്ഞ വാക്കുകള്‍ ചരിത്രത്തില്‍ ഏറെ പ്രസക്തമാണ്. ‘താങ്കള്‍ നീതിയോടെ ഭരണം നിര്‍വഹിച്ചു, നിര്‍ഭയനായി ഉറങ്ങുകയും ചെയ്തു.’ അല്ലാഹുവിന്റെ വിചാരണയെ നേരിടേണ്ടി വരുമെന്ന ബോധമാണ് ഉന്നതമായ ഈ അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഇറാഖിന്റെ തെരുവില്‍ ഒരു കഴുത കാലിടറി വീണാല്‍ അതിന്റെ പേരില്‍ താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ചോദ്യചെയ്യപ്പെടുമെന്ന് അസ്വസ്ഥപ്പെട്ടിരുന്ന ആളാണ് ഉമര്‍(റ) എന്ന് ചരിത്രം നമ്മോട് പറയുന്നു. വിചാരണയോ രക്ഷാ ശിക്ഷകളോ ഇല്ലാത്ത പക്ഷീ, ഞാന്‍ നിന്നെ പോലെയായിരുന്നെങ്കില്‍ എന്ന ഒന്നാം ഖലീഫ അബൂബക്ര്‍(റ)ന്റെ ആത്മഗതവും പരലോക ചിന്തയില്‍ നിന്നും ഉയര്‍ന്നതായിരുന്നു. ഇസ്‌ലാമില്‍ പരലോകത്തിനുള്ള സ്ഥാനമാണിതെല്ലാം വിളിച്ചോതുന്നത്. പരലോകത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം അറിയാനും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
(21 നവംബര്‍ 2014-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : നസീഫ്‌

Related Articles