Current Date

Search
Close this search box.
Search
Close this search box.

പരലോകത്തെ അപമാനിതര്‍

insulted.jpg

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിവരങ്ങളും വാര്‍ത്തകളും കൃത്യതയോടെയും സത്യസന്ധമായും അവരിലേക്ക് എത്തിക്കുക എന്നതാണ് മീഡിയകളുടെ ധര്‍മം. ഇന്ന് മീഡിയകള്‍ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതെങ്കിലും പുരാതന കാലങ്ങളില്‍ മനുഷ്യര്‍ തന്നെയായിരുന്നു മീഡിയകളുടെ ജോലി നിര്‍വഹിച്ചിരുന്നത്. ദൂതന്മാരും സന്ദേശവാഹകന്മാരുമൊക്കെ കുതിരപ്പുറത്തും മറ്റും സഞ്ചരിച്ച് എത്തിക്കുന്ന വിവരങ്ങളായിരുന്നു അന്നത്തെ വാര്‍ത്തകള്‍ എന്ന് പറയുന്നത്. പ്രവാചകന്‍(സ)യുടെ കാലത്തും സ്വഹാബാക്കള്‍ മീഡിയകളായി വര്‍ത്തിച്ചവരാണ്. തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളും മൗനങ്ങളും വരെ വളരെ സത്യസന്ധമായി, പിഴവു വരുത്താതെ അവര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍(സ) ഉദ്ദേശിച്ച ഉള്ളടക്കം ചോരാതെ അവ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. വാര്‍ത്തകളും വിവരങ്ങളും കൈമാറുന്നിടത്ത് എത്രത്തോളം സൂക്ഷ്മതയും സത്യസന്ധതയും വേണമെന്നതിന് ഏറ്റവും വലിയ മാതൃകകളാണ് പ്രവാചകന്റെ സ്വബാബത്ത്.

ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, സത്യവാന്മാരോടൊപ്പം വര്‍ത്തിക്കുകയും ചെയ്യുവിന്‍” (അത്തൗബ: 119). കിംവദന്തി എന്ന് പറയുന്നത് കൃത്യമായ അടിസ്ഥാനമില്ലാതെ ഒരാളുടെ നാശമോ അഭിമാനക്ഷതമോ ലക്ഷ്യം വെച്ച് പുറത്തുവിടപ്പെടുന്ന വാര്‍ത്തകളോ പ്രസ്താവനകളോ ആണ്. നുണ പ്രചരിപ്പിക്കുന്നതും അപവാദപ്രചരണം നടത്തുന്നതും ഒരു വിശ്വാസിക്ക് ഒട്ടും ഭൂഷണമല്ലാത്തവ തന്നെയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില്‍ റസൂല്‍(സ) അരുളി: ”നിങ്ങള്‍ സത്യവാന്മാരാവുക, തീര്‍ച്ചയായും സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും, അവന്റെ പേര് അല്ലാഹുവിങ്കല്‍ സത്യവാന്‍ എന്ന് എഴുതപ്പെടുന്നത് വരെ. കളവിനെ നിങ്ങള്‍ സൂക്ഷിക്കുക, കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ കളവു പറഞ്ഞുകൊണ്ടേയിരിക്കും, അവന്റെ പേര് അല്ലാഹുവിങ്കല്‍ വ്യാജന്‍ എന്ന് എഴുതപ്പെടുന്നത് വരെ.” (മുസ്‌ലിം)

അല്ലാഹു പറയുന്നു: ”ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.” (അല്‍-ഹുജറാത്ത്: 12)
അബൂഹുറൈറ(റ) ഉദ്ധരിച്ച ഒരു ഹദീഥില്‍ റസൂല്‍(സ) പറഞ്ഞു: ”പരദൂഷണം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ റസൂലിനും മാത്രമേ അറിയൂ” അപ്പോള്‍ അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ സഹോദരനെ കുറിച്ച് അവന് ഇഷ്ടപ്പെടാത്തത് പറയലാണ് പരദൂഷണം”. അപ്പോള്‍ അനുയായികള്‍ ചോദിച്ചു: ”അത് അവനില്‍ ഉള്ളതാണെങ്കിലോ പ്രവാചകരേ?” അവിടുന്ന് പറഞ്ഞു: ”അത് അവനില്‍ ഉള്ളതാണെങ്കില്‍ അത് പരദൂഷണമാണ്, അത് അവനില്‍ ഇല്ലാത്തതാണെങ്കില്‍ അത് നുണയാണ്”

നിങ്ങള്‍ക്കോ നിങ്ങളുടെ കേള്‍വിക്കാരനോ ആ സഹോദരന്റെ ന്യൂനത കേട്ടത് കൊണ്ട് ഒരു പ്രയോജനവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ അത് പ്രചരിപ്പിക്കുന്നത്? ആസ്വാദനത്തിനു വേണ്ടിയാണോ? മറ്റുള്ളവരുടെ പോരായ്മകളാണോ നിങ്ങളെ സന്തോഷിപ്പിക്കുന്നത്? ഇതിന് അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ സ്വന്തം വ്യക്തിത്വത്തെ കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ട സമയമായിരിക്കുന്നു. മറ്റുള്ളവരുടെ നേട്ടങ്ങളില്‍ ദുഃഖിതരാവുകയും അസൂയപ്പെടുകയും ചെയ്യുന്ന, മറ്റുള്ളവരുടെ പോരായ്മകളില്‍ സന്തോഷം കണ്ടെത്തുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ആളുകളുടെ മനോഗതി എന്താണ്? തീര്‍ച്ചയായും അവരെ പിശാച് ഗ്രസിച്ചിരിക്കുന്നു. സ്വന്തം സഹോദരന്റെ നന്മകളില്‍ ആഹ്ലാദിക്കാനും തിന്മകളില്‍ ഗുണകാംക്ഷ മനോഭാവമുള്ളവരും ആവാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ നാം എങ്ങനെ മനുഷ്യരാകും? നിങ്ങള്‍ക്ക് ഉപകാരമില്ലാത്ത കാര്യങ്ങളെ അതിന്റെ പാട്ടിന് വിട്ടേക്കുക. കിംവദന്തികളെ ചികഞ്ഞ് അന്വേഷിച്ച് പ്രചരിപ്പിക്കുകയല്ല നാം ചെയ്യേണ്ടത്. ആ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരെ നടത്തുന്ന ആരോപണങ്ങളും പരിഹാസങ്ങളും നേരെ തിരിച്ചാവുന്ന ഒരു അവസ്ഥാവിശേഷം ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങള്‍ അത് സഹിക്കുമോ? ഒരിക്കലുമില്ല. ലോകത്ത് ആര്‍ക്കും സ്വന്തത്തെ കുറിച്ച അപവാദ പ്രചരണമോ പരദൂഷണമോ സഹിക്കാനാവില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ആരോപിക്കാതിരിക്കാന്‍ എങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അഞ്ചു കാര്യങ്ങള്‍ നാം ശീലിച്ചാല്‍ നാം തഖ്‌വള്ളവരാകും എന്ന് അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിക്കുന്നു. അല്ലാഹു അയച്ച സന്ദേശത്തെ മുറുകെ പിടിക്കുക, നിങ്ങള്‍ സമ്പന്നനാകും. നിങ്ങളുടെ അയല്‍വാസിയോട് നല്ല നിലയില്‍ വര്‍ത്തിക്കുക, നിങ്ങള്‍ വിശ്വസ്തനാകും. സ്വന്തത്തെ അഭിവാദ്യം ചെയ്യുന്ന പ്രകാരം മറ്റുള്ളവരെയും അഭിവാദ്യം ചെയ്യുക, നിങ്ങള്‍ മുസ്‌ലിമാകും. അമിതമായി ചിരിക്കാതിരിക്കുക, അത് ഹൃദയത്തെ മരവിപ്പിക്കും.

സ്ത്രീ-പുരുഷന്മാര്‍ പരസ്പരം നടത്തുന്ന അപവാദ പ്രചരണങ്ങളും കള്ള സാക്ഷ്യങ്ങളും മാത്രമല്ല, പാര്‍ട്ടികള്‍ തമ്മിലും ഗ്രൂപ്പുകള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ഇന്ന് അസൂയയുടെയും പകപോക്കലിന്റെയും അന്തരീക്ഷം നിലനില്‍ക്കുകയാണ്. നാം അന്യരെ കുറിച്ച് പരദൂഷണവും നുണയും പറയുന്ന സ്ഥലവും അതിന് സാക്ഷിയായ വസ്തുക്കളും വരെ നമുക്കെതിരെ പരലോകത്ത് സാക്ഷി പറയും എന്നിരിക്കെ അത് എത്ര ഗൗരവമേറിയ സംഗതിയാണെന്ന് നാം ഓര്‍ക്കണം. ഇനി നിങ്ങള്‍ നിങ്ങളുടെ സഹോദരന്റെ ഒരു ന്യൂനത മറച്ചുവെക്കുകയാണെങ്കിലോ അല്ലാഹു പരലോകത്ത് നിങ്ങളുടെ ന്യൂനതയും മറച്ചുവെക്കും. നിങ്ങള്‍ അത് വെളിപ്പെടുത്തുന്ന പ്രകൃതക്കാരനാണെങ്കില്‍ മനുഷ്യസമൂഹം മൊത്തം സാക്ഷികളായിരിക്കെ അല്ലാഹു നമ്മെയും നിന്ദ്യരാക്കും.  

വിവ: അനസ് പടന്ന

Related Articles