Current Date

Search
Close this search box.
Search
Close this search box.

പണംകൊടുത്ത് നേടാനാകാത്ത പത്ത് കാര്യങ്ങള്‍

money2.jpg

എല്ലാ സമ്പന്നനും സന്തുഷ്ടനല്ല; അപ്രകാരം തന്നെ എല്ലാ ദരിദ്രനും നിര്‍ഭാഗ്യവാനുമല്ല. യഥാര്‍ഥ സൗഭാഗ്യം മനസ്സിന്റെ അന്തരാളങ്ങളിലാണ് കുടികൊള്ളുന്നത്. എന്നാല്‍ ആധുനിക മാധ്യമങ്ങളും പൊതുജനങ്ങളും സമ്പത്താണ് സൗഭാഗ്യമെന്നും സമ്പത്തുള്ളവന്‍ എല്ലാം ഉടമപ്പെടുത്തി എന്നും പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

സൗഭാഗ്യമരുളുന്നതും എന്നാല്‍ പണം കൊണ്ട് നേടാന്‍ കഴിയാത്തതുമായ പത്ത് കാര്യങ്ങളുണ്ട്. ഒരു പൂര്‍വീക പണ്ഡിതന്‍ പറഞ്ഞു: ആരുടെയെങ്കിലും ഐശര്യത്തിന് നിദാനം സമ്പത്താണെങ്കില്‍ അവന്‍ എന്നും ദരിദ്രനായിരിക്കും, ഒരുവന്റെ ഐശര്യത്തിന് നിദാനം അവന്റെ മനസ്സാണെങ്കില്‍ അവന്‍ എന്നും സന്തുഷ്ടനായിരിക്കും. ഒരുവന്റെ ഐശര്യത്തിന് നിദാനം അല്ലാഹുവാണെങ്കില്‍ ദാരിദ്ര്യം എന്ന വാക്ക് അവന്റെ ഡിക്ഷനറിയിലുണ്ടായിരിക്കുകയില്ല’. പണത്തിന്റെ ആവശ്യകതയോ അതിന്റെ പ്രയോജനങ്ങളെയോ നാം നിരാകരിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ ഒരിക്കലും സമ്പത്തിന്റെ അടിമയാകരുത്. മറിച്ച് ഉന്നതമായ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള മാര്‍ഗമായിരിക്കണം സമ്പത്ത്. സഈദ് ബിന്‍ മുസയ്യബ് പറഞ്ഞു: കുടുംബബന്ധം ചേര്‍ക്കാനുപകരിക്കാത്തതും തന്റെ ബാധ്യത നിര്‍വഹിക്കാന്‍ കഴിയാത്തതുമായ സമ്പത്ത് കൊണ്ട് ഒരു നന്മയുമില്ല. അല്ലാഹുവിന്റെ പ്രീതി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ചിലവഴിക്കുന്നതാണ് പണമെങ്കില്‍ അതിന്റെ ഉടമക്കും കുടുംബത്തിനും ഭാവുകങ്ങള്‍!
പണ്ഡിതനായ സല്‍മ ബിന്‍ ദീനാറിനോട് താങ്കുള്ള ധനമെന്താണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്റെയടുത്ത് രണ്ട് ഇനം ധനമുണ്ട് എന്ന് പ്രതിവചിച്ചു. അത് ഏതാണെന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെയടുത്തുള്ളതിനെ കുറിച്ച വിശ്വാസവും പ്രതീക്ഷയും ജനങ്ങളുടെ കയ്യിലുള്ളതിനെ കുറിച്ച വിരക്തിയുമാണത്. സമ്പത്തിനെ കുറിച്ച ഈമാനികമായ ഒരു വീക്ഷണമാണിത്. പത്ത് കാര്യങ്ങള്‍ നമുക്ക് പണം കൊണ്ട് നേടാന്‍ കഴിയാത്തവയാണ്.

1. ആത്മാര്‍ഥ സുഹൃത്ത്: എല്ലാ സുഹൃത്തുക്കളും നിഷ്‌കളങ്കരും ആത്മാര്‍ഥത പുലര്‍ത്തുന്നവരുമായിക്കൊള്ളണമെന്നില്ല. സമ്പത്തും സ്ഥാനമാനങ്ങളും പ്രതീക്ഷിച്ച് നിന്നെ സ്‌നേഹിക്കുകയും നിന്നോടടുക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുണ്ടായിരിക്കും. നിന്റെ സമ്പത്ത് നിന്നില്‍ നിന്നന്യമാകുന്നതോടെ അത്തരം സൗഹൃദങ്ങളും നിനക്കന്യമാകും.

2.ആത്മാര്‍ഥമായ സ്‌നേഹം: സാമൂഹിക ബന്ധങ്ങളില്‍ ഇത് നിലനിര്‍ത്തുക അല്‍പം പ്രയാസകരമാണ്. കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ ഈ ബന്ധം നീ നിലനിര്‍ത്തുകയാണെങ്കില്‍ അവരോടൊപ്പം നിനക്ക് സന്തോഷത്തോടെയും സൗഭാഗ്യത്തോടെയും കഴിഞ്ഞുകൂടാം.

3.പ്രവാചകനോടുള്ള സ്‌നേഹവും അനുരാഗവും : അദ്ദേഹത്തിന്റെ മാതൃകളെ പഠിക്കുകയും അനുധാവനം ചെയ്യുന്നത് പ്രവാചക പ്രേമികളുടെ കൂട്ടത്തില്‍ നിനക്കിടം നല്‍കും. അവരോടൊപ്പം നിന്നെ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും.

4.ജനങ്ങളുടെ ആദരവും പ്രശംസയും : ജനങ്ങളെ ആദരിക്കുകയും നല്ലനിലയില്‍ അവരോട വര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ നിന്നെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യും. നീ അത് നേടിയാല്‍ ജനങ്ങള്‍ നിന്നോട് അസൂയ പുലര്‍ത്തിയേക്കും. കാരണം സാധാരണ സമ്പത്തിലൂടെയാണ് ആളുകള്‍ ഇത് നേടിയെടുക്കുന്നത്. അതല്ലാത്ത മാര്‍ഗത്തിലൂടെ നീ നേടിയെടുക്കുമ്പോള്‍ നീ വലിയ അനുഗ്രഹങ്ങള്‍ക്കുടയവനാകും.

5. എന്നും ആരോഗ്യമുള്ള അവസ്ഥ : എന്നും ആരോഗ്യത്തോടെ ജീവിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്റെ ടെന്‍ഷന്‍ മാറ്റിത്തരുകയും രാത്രി മനസ്സമാധാനത്തോടെ ഉറങ്ങുവാനും കഴിയുന്ന അവസ്ഥ എനിക്കുണ്ടാക്കിത്തരുകയും ചെയ്താല്‍ നീ ഉദ്ദേശിക്കുന്നതെല്ലാം ഞാന്‍ നല്‍കാം എന്നും ഒരാള്‍ എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു. നിന്റെ മില്യനുകള്‍ നീ കീശയില്‍ വെക്കുക, ആയതുല്‍ കുര്‍സി പാരായാണം ചെയ്യുകയും ദിക്‌റുകള്‍ അധികരിക്കുകയും ചെയ്യുക, മനസ്സിന് ശാന്തിവരുമ്പോള്‍ നീ തനിയെ ഉറങ്ങിക്കൊള്ളും.

6.മരണവും വാര്‍ധക്യവുമില്ലാതെ ജീവിതം തുടരുക. ഇത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷെ, മനുഷ്യന്‍ ആഗ്രഹിക്കുന്നതൊക്കെ അവന് നേടാന്‍ കഴിയുകയില്ല. ജനിച്ചവരെല്ലാം മരണത്തിന്റെ രുചിയറിയും.

7. മനസ്സിനെ തൃപ്തിപ്പെടുക, അതിനെ വെറുക്കരുത്. ചിലരെങ്കിലും രൂപവും തടിയുമെല്ലാം മിനുക്കാന്‍ നോക്കും. യഥാര്‍ഥ സംതൃപ്തി മനസ്സിന്റെ അകത്തളങ്ങളിലാണ്.

8. നിന്റെ വീട്ടുകാരെയും കുടുംബക്കാരെയും നിനക്ക് ചുറ്റും ഒരുമിച്ചുകൂട്ടുക. ഇത് ഒരിക്കലും പണം കൊണ്ട് നേടിയെടുക്കാന്‍ സാധിക്കുകയില്ല. മറിച്ച് സ്‌നേഹം കൊണ്ടും ഇണക്കംകൊണ്ടുമാണ് കഴിയുക.

9. നീയുമായി ബന്ധപ്പെടുന്നവരിലൊക്കെ സുരക്ഷിതത്വം അനുഭവപ്പെടുക. ഇത് പണം കൊണ്ട് നേടിയെടുക്കാന്‍ കഴിയുകയില്ല.

10. ദൈവപ്രീതി : അല്ലാഹുവിലുള്ള വിശ്വാസവും ദൃഢതയും കാരണം അവന്റെ തൃപ്തി സമ്പാദിക്കുക. ഇതാണ് അടിസ്ഥാനം.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles