Current Date

Search
Close this search box.
Search
Close this search box.

പടച്ചോനോ പടപ്പുകള്‍ക്കോ!!

mime.jpg

‘ശിര്‍ക്കില്‍ ഏറ്റവും ലഘുവായ ‘ലോകമാന്യ’മാണ് നിങ്ങളുടെ മേല്‍ ഞാന്‍ അങ്ങേയറ്റം ഭയപ്പെടുന്നത്, പരലോകത്ത് ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന വേളയില്‍ അല്ലാഹു പറയും : ഐഹികലോകത്ത് ആരു കാണാന്‍ വേണ്ടിയാണോ നിങ്ങള്‍ കര്‍മങ്ങളനുഷ്ടിച്ചത്, അവരുടെ അടുത്ത് വല്ല പ്രതിഫലവുമുണ്ടോ എന്ന് പോയി നോക്കൂ!’ (സഹീഹുല്‍ ജാമിഅ്)

‘രിയാഅ്’ : ഗോപ്യമായ ശിര്‍ക്ക്
പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങളുടെ മേല്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ലഘുവായ ശിര്‍ക്കാണ്. അത് ഏതാണെന്ന് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിച്ചു : രിയാഅ് അഥവാ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി കര്‍മം ചെയ്യല്‍.(അഹ്മദ്, ബൈഹഖി). ഈ ഹദീസ് ഇമാം അല്‍ബാനി അദ്ദേഹത്തിന്റെ സഹീഹായ ഹദീസുകളുടെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ജനങ്ങള്‍ തന്നെ പ്രകീര്‍ത്തിക്കുന്നതില്‍ ഒരു വിശ്വാസി സന്തോഷിക്കുന്നതില്‍ കുറ്റമൊന്നുമില്ല. രിയാഅ് എന്നു പറയുന്നത് തനിച്ചാകുമ്പോള്‍ നിര്‍വഹിക്കാത്ത
അല്ലാഹുവിനെ ഉദ്ദേശ്യമില്ലാതെ പ്രകടനപരമായ പ്രവര്‍ത്തനങ്ങളാണ്.

രിയാഇന്റെ കവാടങ്ങള്‍:
1. വിശ്വാസത്തിലെ പ്രകടനാത്മകത : പുറമെ വിശ്വാസം പ്രകടിപ്പിക്കുകയും ഉള്ളില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാപട്യമാണത്.
2. ശരീരം കൊണ്ടുള്ള പ്രകടനാത്മകത : താന്‍ ആരാധനകളില്‍ അങ്ങേയറ്റം പരിശ്രമിക്കുന്നതായി മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കലാണത്. നെറ്റിയില്‍ ബോധപൂര്‍വം കല വരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. വിരക്തനാണെന്ന് പ്രകടിപ്പിക്കുന്ന രൂപങ്ങളും ഇതില്‍ പെടും.
3. സംസാരത്തിലെ പ്രകടനാത്മകത : ജനങ്ങളുടെ ഇടയിലിരിക്കുമ്പോഴെല്ലാം ചുണ്ടുകൊണ്ട് ദിക്‌റുകളിലും പാപമോചനത്തിലുമാണെന്ന് ബോധിപ്പിക്കാന്‍ വേണ്ടി മന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
4. കര്‍മങ്ങളിലെ പ്രകടനപരത : ഭയഭക്തി പ്രകടിപ്പിക്കാന്‍ വേണ്ടി നമസ്‌കാരവും റുകൂഉം സുജൂദുമെല്ലാം ദീര്‍ഘിപ്പിക്കല്‍ ഈ ഇനത്തില്‍ പെടുന്നു.
5. പദവിയിലെ പ്രകടനപരത : പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും അടുത്ത് അവരില്‍ പെട്ടയാളാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി നിരന്തരം സന്ദര്‍ശനം നടത്തല്‍ ഇതില്‍ പെട്ടതാണ്.

പ്രവര്‍ത്തനങ്ങളുടെ പ്രേരകം എന്ത് എന്നതാണ് പ്രധാനം :
ജനങ്ങളില്‍ നിന്നുളള സ്തുതിക്കും പ്രകീര്‍ത്തനത്തിനും ഉള്ള പ്രേമമാണ് പ്രകടനപരതയുടെ അടിസ്ഥാനം. അവരില്‍ നിന്നുള്ള ആക്ഷേപത്തെ വെറുക്കുന്നതു മൂലവും ഇതുണ്ടാകാം.
പ്രകടനാത്മത കടന്നുകൂടുമോ എന്ന് ഭയപ്പെട്ടുകൊണ്ട് കര്‍മങ്ങള്‍ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ഇത് പിശാചിന്റെ കുതന്ത്രത്തിനടിപ്പെടലാണ്, നന്മ ഉപേക്ഷിച്ചിട്ട് തിന്മയിലേക്കുള്ള പ്രബോധനം സ്വീകരിക്കലുമാണ്. എന്താണ് കര്‍മങ്ങളുടെ പ്രേരകം എന്നതാണ് അടിസ്ഥാനം. ഇതിനാലാണ് ഫുളൈലു ബ്‌നു ഇയാള് ഇപ്രകാരം വിശദീകരിച്ചത് : ‘ജനങ്ങള്‍ക്ക് വേണ്ടി കര്‍മങ്ങളനുഷ്ടിക്കുന്നത് ശിര്‍ക്ക് ആണ്; ജനങ്ങള്‍ കാണുമോ എന്നു ഭയന്ന് കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നത് രിയാഅ് അഥവാ പ്രകടനപരതയാണ്, ഇവ രണ്ടില്‍ നിന്നും താങ്കളെ അല്ലാഹു രക്ഷിക്കുന്ന അവസ്ഥയാണ് ഇഖ്‌ലാസ് അഥവാ ആത്മാര്‍ഥത’.

ചെറുപ്രായത്തില്‍ കുട്ടി യുവാവായിത്തീരാന്‍ ധൃതി കൂട്ടുന്നു. പഠനത്തിനായി ചടഞ്ഞിരിക്കുന്നു, അവനില്‍ ഗാംഭീര്യം പ്രകടമാകുന്നു, എനിക്കറിയില്ല എന്നു പറയുന്നത് അവന്‍ അന്തസ്സായി കണക്കാക്കുന്നു, വലിയവര്‍ പറയുന്നതു പോലെ അവന്‍ പറയും : എന്റെയടുത്ത്, എന്റെ വീക്ഷണത്തില്‍, എനിക്ക് മനസ്സിലായത്, എനിക്ക് അഭികാമ്യമായി തോന്നിയത്!
മറ്റുള്ളവരെ പ്രതിരോധിക്കുന്നതിനും മുന്‍ഗണന നല്‍കുന്ന ചിലര്‍, സ്വന്തം തെറ്റുകള്‍ ശരിയാക്കാതെ ഇതരരുടെ തെറ്റുകള്‍ മാത്രം ശ്രദ്ധിക്കുന്നവര്‍, അവരെ ആരെങ്കിലും നിരൂപണം ചെയ്താലോ തെറ്റ് ചൂണ്ടിക്കാട്ടിയാലോ അത് സ്വീകരിക്കുകയുമില്ല..
ചിലര്‍ സാമൂഹ്യ ബാധ്യതയെ വിസ്മരിച്ച് വ്യക്തി ബാധ്യതയെ മാത്രം നിറവേറ്റുന്നവരാകും, ജനങ്ങള്‍ക്ക് ഉപകാരവുമില്ലാത്ത ശാഖാപരമായ പ്രശ്‌നങ്ങളില്‍ കെട്ടിമറയുകും ആത്മാര്‍ഥതയെ കുറിച്ചും ധാര്‍മികതയെ കുറിച്ചൊന്നും സംസാരിക്കാത്തവരെയും കാണാം, മറ്റുള്ളവരുട ശ്രദ്ധ തങ്ങളിലേക്ക് തിരിയുക എന്നതാണ് ഇതിന്റെയെല്ലാ പിന്നിലെന്ന് കാണാം.
വാദപ്രതിവാദങ്ങളിലും ഖണ്ഡന-മണ്ഡനങ്ങളിലുമായി അഭിരമിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം. മിക്ക സംവാദങ്ങളിലേര്‍പ്പെടുന്നവരുടെയും  ലക്ഷ്യം തങ്ങളുടെ ഭാഷാപരവും വൈജ്ഞാനികവുമായ ശേഷി മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കുക എന്നതായിരിക്കും. പ്രതിയോഗിയെ ഉത്തരം മുട്ടിക്കാനും അവന്റെ ന്യൂനത വെളിപ്പെടുത്താനുമായിരിക്കും അവരുടെ മുഖ്യശ്രദ്ധ. മാത്രമല്ല, പ്രതിയോഗിയില്‍ നിന്ന് വല്ല സത്യവും കേള്‍ക്കുന്ന മാത്രയില്‍ അവന്റെ മനസ്സ് ഇടുക്കമുള്ളതായി അനുഭവപ്പെടും. എന്തെങ്കിലും പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ പെട്ടെന്ന് പിന്‍മാറും. എന്നാല്‍ തന്റെ അരികില്‍ പിശക് പറ്റി എന്ന് അംഗീകരിക്കുകയുമില്ല, മിക്ക സംവാദങ്ങളും വാഗ്വാദങ്ങളും പ്രവാചകന്റെ പ്രവചനം പോലെ അനുസരിക്കപ്പെടാന്‍ പിശുക്ക് കാണിക്കുന്നതും ദേഹേഛയെ പിന്തുടരുന്നതും സ്വന്തം അഭിപ്രായങ്ങളെ പര്‍വതീകരിച്ചു അതില്‍ നിര്‍വൃതി കൊള്ളുകയും ചെയ്യുന്നതുമാണ്.

നമ്മുടെ സംസാരങ്ങളേക്കാള്‍ മുന്‍ഗാമികളുടെ ആഹ്വാനങ്ങള്‍ പ്രയോജനപ്പെടാന്‍ കാരണമെന്താണെന്ന് ഒരു സച്ചരിതനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു : ‘പൂര്‍വീകര്‍ ഇസ്‌ലാമിന്റെ പ്രതാപത്തിനും മനുഷ്യരുടെ രക്ഷക്കും അല്ലാഹുവിന്റെ തൃപ്തിക്കുമായിരുന്നു സംസാരിച്ചത്, എന്നാല്‍ നാം സംസാരിക്കുന്നത് ജനങ്ങളുടെ മുമ്പില്‍ പ്രതാപവാനാകാനും ദുനിയാവ് മോഹിച്ചും പടപ്പുകളുടെ പ്രീതി പ്രതീക്ഷിച്ചുമാണ്’.
ഇമാം ദഹബി വിവരിച്ചു : മര്‍ദ്ദകനായിരിക്കെ മര്‍ദ്ധിതനായാണ് നീ മനസ്സിലാക്കപ്പെടുന്നത്, ഹറാം ഭുജിച്ചുകൊണ്ടിരിക്കെ നീ ദൈവഭക്തനായിട്ടാണ് കാണപ്പെടുന്നത്, അധര്‍മിയായിരിക്കെ നീതിമാനായിട്ടാണ് നിന്നെ വിലയിരുത്തുന്നത്. വിജ്ഞാനം നേടുന്നത് ഭൗതിക ലക്ഷ്യങ്ങള്‍ക്കായിരിക്കെ നീ അല്ലാഹുവിന് വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് കരുതപ്പെടുന്നത്്. സത്യസന്ധതയുടെ ഉരക്കല്ല് ഉപയോഗിച്ചാണ് നാം നമ്മുടെ കര്‍മങ്ങളെ വിലയിരുത്തേണ്ടത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles