Current Date

Search
Close this search box.
Search
Close this search box.

നീ ദരിദ്രനല്ല; സമ്പന്നനാണ്

happy.jpg

പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളേക്കാള്‍ താഴേക്കിടയിലുള്ളവരിലേക്ക് നോക്കുക, നിങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്. നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ദൈവികാനുഗ്രങ്ങളെ നിസ്സാരമാക്കാതിരിക്കാന്‍ അതാണ് ഉചിതം.’ (മുസ്‌ലിം) വളരെ ശ്രദ്ധേയവും പ്രസക്തവുമായി ചിന്തയും നിര്‍ദേശവുമാണിത്. നാം ജനങ്ങല്‍ക്കിടയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മിക്കവരെയും നിരാശ ബാധിച്ചവരായിട്ടാണ് കാണുന്നത്. അസ്വസ്ഥതകളിലും പ്രയാസങ്ങളിലുമാണ് അവര്‍ കഴിയുന്നത്. തങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്കാണ് അവര്‍ നോക്കുന്നത് എന്നതല്ലാത്ത മറ്റൊരു കാരണവും അവര്‍ക്കില്ല. മറ്റുള്ളവരുടെ കൈകളിലുള്ളതിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. തന്നേക്കാള്‍ വിഭവങ്ങള്‍ കൈവശമുള്ള അവരാണ് മഹാഭാഗ്യവാന്‍മാരെന്നും താന്‍ ദൗര്‍ഭാഗ്യവാനും ഒന്നുമില്ലാത്തവനുമാണെന്ന് അവര്‍ ധരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ മനസ്സുകളിലും ഉണ്ടാവും. അതവരുടെ നാഥനോടുള്ള നന്ദിയെയും സ്വന്തത്തെ കുറിച്ച ധാരണയെയും കുറക്കുന്നു. അവരുടെ പ്രയാണത്തെ അത് നിരുത്സാഹപ്പെടുത്തുകയും ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്യും.

വര്‍ധിച്ച ഭൗതിക വിഭവങ്ങളോ ആഢംബരങ്ങളോ ഒന്നും ഇല്ലാതെ തന്നെ ഒരു മനുഷ്യന് സന്തുഷ്ട ജീവിതം നയിക്കാനും ഐശ്വര്യവാനായി ജീവിക്കാനും സാധിക്കും. യഥാര്‍ഥ സന്തോഷവും ആനന്ദവും മനസ്സിന്റെ സന്തോഷവും ആനന്ദവുമാണ്. യഥാര്‍ഥ അനുഗ്രഹം ദീനും വിശ്വാസവുമാണ്. അതിന്റെ ശരിയായ പാലനമാണ് ജീവിതത്തില്‍ സന്തോഷം പകരുന്നത്. അപ്പോള്‍ കുറഞ്ഞ വിഭവങ്ങളില്‍ തൃപ്തിപ്പെടാനും നന്ദി കാണിക്കാനും മനുഷ്യന് സാധിക്കും. ഉള്ളതിന്റെ പേരില്‍ അതിയായ സന്തോഷമോ നഷ്ടപ്പെട്ടതിന്റെ പേരില്‍ അതിയായ ദുഖമോ അവനെ പിടികൂടുകയില്ല. ഈ ലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാത്ത ഒരാളും തന്നെയില്ല എന്നതാണ് വസ്തുത. അല്ലാഹു പറയുന്നു: ”പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ.” (അല്‍മുല്‍ക്: 23)
”അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ? നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?” (അല്‍ബലദ്: 8-10)
ഒരാളുടെ സ്ഥാനം ഉയര്‍ന്നതാവട്ടെ, താഴ്ന്നതാവട്ടെ സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് പാത്രമാണവര്‍. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.” (ഇബ്‌റാഹീം: 34)

ആരോഗ്യവും ബുദ്ധിയും അവയവങ്ങളുമെല്ലാം സന്തോഷം പകരേണ്ട അനുഗ്രഹങ്ങളല്ലേ? പൂവിന്റെ സുഗന്ധം അവന്‍ ആസ്വദിക്കുന്നു. മനോഹരമായ കാഴ്ച്ചകള്‍ അവന്റെ കണ്ണുകള്‍ക്ക് ആനന്ദം പകരുന്നു. തന്റെ ആവശ്യങ്ങളും വികാരങ്ങളും പങ്കുവെക്കാനും തുറന്നു പറയാനും അവന് സാധിക്കുന്നു. തുടങ്ങിയവയെല്ലാം സന്തോഷമല്ലേ പകര്‍ന്നു നല്‍കേണ്ടത്. അതുപോലെ മക്കളും സഹോദരങ്ങളും ഇണയും മാതാപിതാക്കളുമെല്ലാം ഒരാളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.

കോടിക്കണക്കിന് പണം കൈവശം ഉണ്ടായത് കൊണ്ട് മാത്രം മേല്‍പറഞ്ഞ അനുഗ്രഹങ്ങളൊന്നും ആസ്വദിക്കാനാവില്ല. നിങ്ങളുടെ കണ്ണിന്റെ മാത്രം കാര്യം എടുക്കാം. കോടിക്കണക്കിന് രൂപ നല്‍കാമെന്ന് പറഞ്ഞാല്‍ അത് വില്‍ക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ? എത്ര ലക്ഷം കിട്ടിയാലാണ് നിങ്ങളുടെ രണ്ട് കാലുകളും വില്‍ക്കുക? എത്ര കോടികള്‍ വാഗ്ദാനം ചെയ്താലും നിങ്ങള്‍ അത് നല്‍കില്ല. ഇങ്ങനെ ശരീരത്തിലെ ഓരോ അവയവങ്ങളും പകരം വെക്കാനാവാത്ത അനുഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ദരിദ്രനല്ല; സമ്പന്നനാണ്. നീ ദൗര്‍ഭാഗ്യവാനല്ല; സൗഭാഗ്യവാനാണ്.

മനുഷ്യന് അല്ലാഹു അവനേകിയ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ ഒരിക്കലും അവന്റെ ജീവിതം പാഴായി പോവുകയില്ല. മറ്റുള്ളവരുടെ പക്കലുള്ളതിലേക്ക് കണ്ണയക്കുമ്പോഴാണ് നിരാശയും ദുഖവും അവനെ വേട്ടയാടുന്നത്.

ഒരാള്‍ ഒരു കച്ചവടം ആരംഭിച്ചു. എന്തോ കാരണത്താല്‍ അത് പരാജയപ്പെട്ട് അയാള്‍ പാപ്പരായി. അദ്ദേഹത്തിന്റെ പരീക്ഷണം പരാജയപ്പെട്ടു. വലിയ സാമ്പത്തിക ബാധ്യതയും അയാള്‍ക്ക് മേല്‍ വന്നു. ജീവിതം തന്നെ കലങ്ങിമറിഞ്ഞു. മനസ്സില്‍ കുമിഞ്ഞുകൂടിയ ദുഖവുമായി അയാള്‍ വഴിയിലൂടെ അസ്വസ്ഥതയോടെ നടക്കുമ്പോഴാണ് ഇരു കാലുകളുമില്ലാത്ത ഒരാള്‍ കൈകള്‍ കൊണ്ട് ചലിപ്പിക്കുന്ന ചക്രങ്ങള്‍ പിടിപ്പിച്ച ഒരു പലകയില്‍ റോഡ് മുറിച്ചു കടക്കുന്നത് അയാള്‍ കാണുന്നത്. അയാളുടെ അടുത്തെത്തിയ കാലുകളില്ലാത്ത ആ സഹോദരന്‍ പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. എന്നിട്ട് അയാള്‍ ചോദിച്ചു: സുഖമല്ലേ, എനിക്ക് സുഖമാണ് നിങ്ങള്‍ക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് കരുതുന്നു. അത് കേട്ടതും ആ മനുഷ്യന്‍ സ്വന്തത്തെ കുറിച്ചോര്‍ത്ത് ലജ്ജിക്കുകയാണ്. മനോദാര്‍ഢ്യം വീണ്ടെടുത്തു കൊണ്ട് അയാള്‍ പറഞ്ഞു: അല്‍ഹംദുലില്ലാഹ്, യാതൊരു കേടുമില്ലാത്ത രണ്ട് കാലുകള്‍ എനിക്കുണ്ട്. അവയുപയോഗിച്ച് സ്വസ്ഥമായി എനിക്ക് നടക്കാന്‍ സാധിക്കുന്നു. പിന്നെ എന്തിന് ദുഖിക്കണം? എന്തിന് അസ്വസ്ഥപ്പെടണം? ഇത്രയും വലിയ സമ്പത്തിന്റെ ഉടമയല്ലേ ഞാന്‍?

ജീവിതത്തില്‍ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിലെ പ്രയാസങ്ങളെയല്ല, അനുഗ്രങ്ങളെയാണ് എണ്ണിതിട്ടപ്പെടുത്തേണ്ടത്. നഷ്ടങ്ങളിലേക്കല്ല, നേട്ടങ്ങളിലക്കായിരിക്കണം അവന്റെ നോട്ടം. ദുരന്തങ്ങളെ പോലും ധനാത്മകമായി സമീപിക്കാന്‍ സാധിക്കണം. അതില്‍ ക്ഷമയവലംബിക്കുമ്പോള്‍ പ്രതിഫലം നേടിത്തരികയാണവ. അല്ലാഹു പറയുന്നു: ”നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്.” (ലുഖ്മാന്‍: 20)

വിശപ്പ് കാരണം വയറ്റത്ത് കല്ല് കെട്ടിവെച്ച് നബി(സ) കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ മാസങ്ങളോളം തീ പുകയാറുണ്ടായിരുന്നില്ല. പലപ്പോഴും വിശപ്പ് കാരണം അദ്ദേഹം വീടുവിട്ടറങ്ങിയിരുന്നു. അനുയായികള്‍ കൊല്ലപ്പെട്ടു. പലരുടെയും ശരീരങ്ങള്‍ പിച്ചിചീന്തപ്പെട്ടു. വലിയ വിപത്തുകള്‍ നേരിടേണ്ടി വന്നു. അതിവേഗതയുള്ള വാഹനമോ ആഢംബര കൊട്ടാരമോ ബാങ്ക് ബാലന്‍സോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും അല്ലാഹു അദ്ദേഹത്തോട് പറയുന്നു: ”നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിക്കുക.” ഈന്തപ്പനയോലയുടെ പരുക്കന്‍ പായയില്‍ കിടന്ന് ശരീരത്തില്‍ അതിന്റെ പാടുകള്‍ ഏറ്റുവാങ്ങിയ നബിതിരുമേനിയോട് എന്തിന്റെ പേരില്‍ നന്ദി കാണിക്കാനാണ് പറയുന്നത്? ഭൗതിക അനുഗ്രഹങ്ങളേക്കാള്‍ മികച്ച അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം.

സുദീര്‍ഘമായി നിന്ന് നമസ്‌കരിക്കുന്നതിന്റെ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍(സ) അതിന് നല്‍കിയ മറുപടി ‘ഞാനൊരു നന്ദിയുള്ള അടിമയായി മാറേണ്ടേ..’ എന്നതായിരുന്നു. ഏറ്റവുമധികം സന്തുഷ്ടനായി ജീവിക്കുകയും ഒപ്പം തന്റെ ചുറ്റിലുമുള്ളവര്‍ക്ക് സന്തുഷ്ടി പകര്‍ന്നു നല്‍കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. ഭൗതിക വിഭവങ്ങളോ സമ്പത്തോ ആയിരുന്നില്ല അദ്ദേഹത്തെ സൗഭാഗ്യവാനാക്കിയത്.

വിവ: നസീഫ്‌

Related Articles