Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്കെങ്ങനെ രാജാവാകാം?

king.jpg

മനുഷ്യമനസ്സുമായി ബന്ധപ്പെട്ട നിരവധി മോഹങ്ങളുണ്ട്. അവയെ കുറിച്ചവന്‍ ചിന്തിക്കുകയും ആഗ്രഹത്തോടെ അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യണം. അതിന് ആളുകള്‍ വ്യത്യസ്ത വഴികളും മാര്‍ഗങ്ങളും സ്വീകരിക്കുന്നു. എങ്ങനെ ലക്ഷപ്രഭുവാകാം, എങ്ങനെ കോടിപതിയാകാം എന്നിങ്ങനെ കുറെ പരസ്യങ്ങളും പുസ്തങ്ങളും കാണാം. എന്നാല്‍ അത്രത്തോളം സുപരിചിതമല്ലാത്ത ഒരു പരസ്യമാണ് ‘നിങ്ങള്‍ക്കെങ്ങനെ രാജാവാകാം?’ എന്നുള്ളത്. ഇത്തരം ഒരു ചിന്ത നിങ്ങളുടെ മനസ്സില്‍ അധികമൊന്നും ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ക്ക് അത്തരം ഒരു അവസരം കിട്ടിയാല്‍, അല്ലെങ്കില്‍ അതിനടുത്തെത്തിയാല്‍ നിങ്ങളത് നിരസ്സിക്കുമെന്നും ഞാന്‍ വിചാരിക്കുന്നില്ല.

അല്ലാഹു പറയുന്നു : ‘പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകത്തു മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്തത് നിങ്ങള്‍ക്കു നല്‍കുകയും ചെയ്തു.’ (അല്‍-മാഇദ : 20) എല്ലാ ബനൂഇസ്രയീല്യരും രാജാക്കന്മാരായിരുന്നില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി തന്നെ പറയുന്നു അവരെ രാജാക്കന്‍മാരാക്കിയെന്ന്. ഇമാം ത്വബ്‌രി തന്റെ തഫ്‌സീറില്‍ അബ്ദുല്ലാഹ് ബിന്‍ അംറു ബിന്‍ ആസ്വിനെ ഉദ്ധരിച്ചു കൊണ്ടു പറയുന്നു : ഒരാള്‍ വന്നു അദ്ദേഹത്തോടു ചോദിച്ചു : മുഹാജിറുകളായ ദരിദ്രന്‍മാരല്ലെ ഞങ്ങള്‍?
അംറ്(റ) അദ്ദേഹത്തോട് ചോദിച്ചു : നിനക്ക് അഭയം പ്രാപിക്കാന്‍ സ്ത്രീയില്ലേ (ഭാര്യ)?
ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ അംറ്(റ) വീണ്ടും ചോദിച്ചു : നിനക്ക് താമസിക്കാന്‍ വീടില്ലേ?
ഉണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അംറ്(റ) പറഞ്ഞു : എങ്കില്‍ നീ ധനികന്‍മാരുടെ കൂട്ടത്തിലാണ്.
വന്നയാള്‍ പറഞ്ഞു: എനിക്കൊരു വേലക്കാരന്‍ കൂടിയുണ്ട്.
അംറ്(റ) അയാളോട് പറഞ്ഞു : എങ്കില്‍ നീ രാജാക്കന്‍മാരുടെ കൂട്ടത്തിലാണ്.
വേലക്കാരന്‍, വീട്, ഭാര്യ ഇവ മൂന്നും കരസ്ഥമാക്കിയവന്‍ രാജാവാണെന്ന് ഇബ്‌നു അബ്ബാസ്(റ) പറയാറുണ്ടായിരുന്നു. നബിതിരുമേനി(സ) വളരെ പ്രബലമായ ഒരു ഹദീസിലൂടെ പറയുന്നു : ‘നിങ്ങള്‍ക്ക് താഴെക്കിടയിലുള്ളവരിലേക്ക് നോക്കുക, നിങ്ങളെക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ നിസ്സാരമാക്കാതിരിക്കുന്നതിന് അതാണ് ഏറ്റവും നല്ലത്.’ വളരെ സൂക്ഷ്മമായ ഒരു മാനദണ്ഡമാണത്. നിങ്ങള്‍ രാജാവാണെന്നോ അല്ലെങ്കില്‍ ധനികനാണെന്നോ സംശയം ഉണ്ടായാല്‍ മറ്റുള്ളവരിലേക്ക് നോക്കുക. നിങ്ങള്‍ക്ക് ഇന്നു കഴിക്കാനുള്ള ഭക്ഷണമുണ്ടോ? അപ്പോള്‍ അതില്ലാത്തവരിലേക്ക് നിങ്ങള്‍ നോക്കുക. നിനക്ക് നാണം മറക്കാനുള്ള വസ്ത്രം ഉണ്ടോ? അപ്പോള്‍ അതില്ലാത്തവരിലേക്ക് നോക്കുക. നിനക്ക് തലചായ്ക്കാനൊരു വീടുണ്ടോ? എന്നാല്‍ വഴിയോരങ്ങളില്‍ ജീവിക്കുന്ന എത്ര കുടുംബങ്ങളുണ്ട്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓരോ അനുഗ്രഹത്തെയും വിലയിരുത്തുമ്പോള്‍ ഇഹലോകത്തിന്റെ നിരവധി അനുഗ്രഹങ്ങളാണ് നാം ആസ്വദിക്കുന്നതെന്ന് ബോധ്യപ്പെടും.

ഇബ്‌നു മാജ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ) പറയുന്നു: ‘ധൂര്‍ത്തും അഹങ്കാരവുമില്ലാതെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ദാനധര്‍മം ചെയ്യുകയും ചെയ്യുക. അല്ലാഹു തന്റെ അടിമയില്‍ തന്റെ അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ കാണുന്നത് ഇഷ്ടപ്പെടുന്നു.’ അഹങ്കാരവും ധൂര്‍ത്തും ഇല്ലെങ്കില്‍ അവ അല്ലാഹു നിനക്ക് നല്‍കിയ അനുഗ്രഹമാണ്. അതു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുക. അവന്‍ നിങ്ങള്‍ക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളിലേക്ക് നോക്കുകയും ചെയ്യുക. സമ്പത്തിലും ആഹാരത്തിലും മാത്രമല്ല, മറിച്ച് നിന്റെ ശരീരം, നല്ല സന്താനങ്ങള്‍, കാര്യങ്ങള്‍ സുഗമമായി നടക്കുന്നത്, ശാന്തത, മനശാന്തി ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് കാണാം.

എത്രത്തോളം സമ്പത്ത് നിങ്ങള്‍ക്ക് ആവശ്യമുണ്ട്? നിങ്ങള്‍ക്കത് ഭക്ഷിക്കാനാവുമോ? നിങ്ങളുടെ വയറ് നിറയുന്നത് വരെ മാത്രമെ നിങ്ങള്‍ക്ക് ഭക്ഷിക്കാനാവുകയുള്ളു. പലപ്പോഴും വളരെ കുറച്ച് മാത്രം വിഭവങ്ങളുള്ള ദരിദ്രന്‍ വലിയ സമ്പന്നനേക്കാള്‍ കൂടുതല്‍ കഴിക്കുന്നുണ്ട്. കൊളസ്‌ട്രോളിന്റെയും കലോറിയുടെ അളവും കണക്കാക്കി ആഹാരം കഴിക്കാന്‍ പല ധനികരും നിര്‍ബന്ധിതരാകുന്നു. അവര്‍ കഴിക്കുന്ന ഒരു ഉരുള ആഹാരത്തിന് ചെലവഴിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി രോഗങ്ങള്‍ക്കും അതിനുള്ള ചികിത്സക്കും ചെലവാക്കേണ്ടി വരുന്നു.

ചെലവഴിക്കുമ്പോള്‍ മിതവ്യയം പാലിക്കണമെന്നത് ഇസ്‌ലാമിന്റെ അധ്യാപനമാണ്. അല്ലാഹു പറയുന്നു : ‘തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കാതിരിക്കുവിന്‍. ധൂര്‍ത്തന്മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’ (അല്‍-അഅ്‌റാഫ് : 31) ദാര്‍ധര്‍മങ്ങള്‍ ചെയ്യുന്നതിനും നമ്മുടെ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കും പണം മാറ്റി വെക്കുന്നതിന് ഈ നിര്‍ദേശം കുറച്ചൊന്നുമല്ല സഹായിക്കുക. ആഢംബരങ്ങള്‍ക്കായി നാം ചെലവഴിക്കുന്നതിന്റെ അഞ്ച് ശതമാനം അല്ലാഹുവിന്റെ പ്രീതിക്കോ പിന്നീടുള്ള നമ്മുടെ തന്നെ ആവശ്യങ്ങള്‍ക്കോ നീക്കി വെക്കാന്‍ നാം തീരുമാനിക്കുകയാണെങ്കില്‍ നാമിന്ന് കാണുന്ന അവസ്ഥക്ക് ഒരു മാറ്റമുണ്ടാക്കാന്‍ സാധിക്കും.  ‘തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു.’ (അല്‍-ഇസ്‌റാഅ് : 27) എന്ന അല്ലാഹുവിന്റെ വചനങ്ങള്‍ നാം എപ്പോഴും ഓര്‍ക്കണം. അനുഗ്രഹങ്ങളെ പാടേ ഉപേക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. പ്രവാചകന്‍(സ)യും അത് നമ്മോട് ആവശ്യപ്പെട്ടിട്ടില്ല. ‘അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. തന്റെ അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അടിമയില്‍ കാണുന്നത് അവനിഷ്ടപ്പെടുന്നു.’ എന്ന് ബൈഹഖി ഉദ്ധരിച്ച ഒരു ഹദീസില്‍ നമുക്ക് കാണാം. മറ്റൊരിക്കല്‍ നബി(സ) അബുല്‍ അഹ്‌വസിന്റെ പിതാവിനോട് പറഞ്ഞു: ‘അല്ലാഹുല്‍ നിന്നുള്ള സമ്പത്ത് നിന്നിലെത്തിയാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളങ്ങള്‍ നീ പ്രകടിപ്പിക്കണം.’ (അബൂദാവൂദ്) എന്നാല്‍ ആഢംബരങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോള്‍ നാം ധൂര്‍ത്തന്‍മാരായ മാറുന്നില്ലെന്ന ഉറപ്പുവരുത്തണമെന്നാണ് സൂചിപ്പിക്കാനുള്ളത്. അല്ലാഹു നമുക്ക് നല്‍കിയതില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നവരും നമ്മുടെ പക്കലുള്ളതിനേക്കാള്‍ അല്ലാഹുവിന്റെ പക്കലുള്ളതില്‍ വിശ്വാസമര്‍പ്പിക്കുന്നവരുമായി നമ്മെ മാറ്റാന്‍ നമുക്കവനോട് പ്രാര്‍ഥിക്കാം.

വിവ : അഹ്മദ് നസീഫ്‌

Related Articles