Current Date

Search
Close this search box.
Search
Close this search box.

നാവാണ് ഹൃദയത്തിന്റെ രുചി അറിയിക്കുന്നത്

talk-voice.jpg

ഓരോ വാക്കിന്നും സംസാരത്തിന്നും അതിന്റേതായ സന്ദര്‍ഭവും സ്ഥലവുമണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും മാരകമായ അവയവം നാവാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. അസമയത്തും അനവസരത്തിലും പ്രയോഗിക്കുന്ന വാക്കുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും വന്‍ നഷ്ടങ്ങള്‍ക്കും കാരണമായേക്കാം. പ്രതിയോഗികള്‍ക്ക് ദുരുപയോഗം ചെയ്യാനും തെറ്റായി വ്യാഖ്യാനിക്കാനും പഴുതുള്ള ദ്വയാര്‍ഥമുള്ള വാക്കുകള്‍ ഈ കാലത്ത് വരുത്തിവെക്കുന്ന ആപത്തുകള്‍ക്ക് നാം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ചെറിയ വാക്കുകള്‍ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയേറെയാണ്. പറയുന്നയാള്‍ ഒരിക്കലും വിചാരിക്കാത്ത അര്‍ഥങ്ങള്‍ അയാളുടെ പദങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും പിന്നീടുള്ളവര്‍ നല്‍കാന്‍ മടിക്കില്ല. ഇസ്‌ലാമിക ചരിത്രത്തില്‍ ഇതിന്ന് എത്രയോ ഉദാഹരണങ്ങളുണ്ട്. പല കാലങ്ങളിലായി മതത്തില്‍നിന്ന് വേര്‍പെട്ടുപോയ കക്ഷികളും പ്രസ്ഥാനങ്ങളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

ബൈഅത്തുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ക്ക് മറുപടിയായി ഹജ്ജ് വേളയില്‍ മക്കയില്‍ വെച്ച് ഒരു പരസ്യപ്രസ്താവന നടത്താന്‍ ഉമര്‍(റ) ഒരുങ്ങിയപ്പോള്‍ സാത്വികനും ദീര്‍ഘദൃക്കുമായ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് അദ്ദേഹത്തോട് പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍, അങ്ങിനെ ചെയ്യരുത്, വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പല സ്വഭാവക്കാരായ ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന വേളയാണ് ഹജ്ജ്കാലം. താങ്കള്‍ സംസാരിക്കാന്‍ എഴുന്നേറ്റാല്‍ കേള്‍ക്കുന്നതില്‍ ഏറെപേരും ഹജ്ജിന്ന് വന്നവരായിരിക്കും. താങ്കളുടെ വായില്‍നിന്ന് പുറപ്പെടുന്ന വാക്കുകള്‍ ഏതുരൂപത്തില്‍ എവിടെയെല്ലാമാണ് പറന്നെത്തുക എന്നോര്‍ക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. അവരത് വേണ്ടവിധത്തില്‍ ശ്രദ്ധിച്ച് ഉള്‍ക്കൊള്ളണമെന്നില്ല. അതിനാല്‍ നാം മദീനയില്‍ തിരിച്ചെത്തുന്നതുവരെ ക്ഷമിക്കുക. ഈ സംസാരം മദീനയിലേക്ക് മാറ്റിവെക്കുക. അതാണല്ലോ ഹിജ്‌റയുടേയും പ്രവാചകചര്യയുടേയും കേന്ദ്രം. കാര്യഗ്രഹണശേഷിയുള്ളവരുടേയും മാന്യന്മാരുടേയും പൗരമുഖ്യന്മാരുടേയും മാത്രം സദസ്സില്‍വെച്ച് താങ്കള്‍ക്ക് പറയാനുള്ളത് പറയുക. വിവരമുള്ളവര്‍ താങ്കള്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യും.” അപ്പോള്‍ ഉമര്‍ പറഞ്ഞു: ”ശരി, മദീനയില്‍ ചെന്നാല്‍ ഞാന്‍ ആദ്യം ചെയ്യുന്നത് അതായിരിക്കും.” (ബുഖാരി)

പണ്ഡിതനായ യഹ്‌യബ്‌നു മുആദ് പറയുന്നു: ”മനുഷ്യഹൃദയം കലങ്ങള്‍ പോലെയാകുന്നു. അതിലുള്ളതാണ് അത് തിളപ്പിക്കുന്നത്. നാവുകള്‍ കയിലുകളാണ്. അവന്‍ അവന്റെ ഹൃദയത്തിലുള്ളത് നാവുകൊണ്ട് കോരിത്തരും. പുളിയും, എരിവും, ചവര്‍പ്പുമെല്ലാം തരും. നാവ് കോരിത്തരുന്നതിലൂടെയാണ് ഹൃദയത്തിന്റെ രുചി മനസ്സിലാക്കപെടുക.” വിമര്‍ശിക്കപ്പെടുന്നയാള്‍ നേര്‍വഴിക്കാകണമെന്നാണല്ലോ ആഗ്രഹിക്കേണ്ടത്. പക്ഷേ, പല വിമര്‍ശകരും അങ്ങിനെയല്ല ചിന്തിക്കുന്നത്. വിമര്‍ശനങ്ങള്‍ വസ്തുനിഷ്ഠമാവുന്നതോടൊപ്പം, അവ തെറ്റായി വിലയിരുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്‌തേക്കാവുന്ന നാവുകളും ചെവികളും തന്റെ സമീപത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സദസ്സില്‍ അത് പറയാവൂ. ഇന്ന് വാക്കുകള്‍ വിറ്റ് പണമാക്കുന്ന മാധ്യമ വ്യവസായത്തിന്റെ കാലത്ത് നേര്‍ക്കുനേരെ വ്യാഖ്യാനിച്ചാല്‍ ശാന്തസുന്ദരവും നിര്‍ദോഷവുമായ വാക്കുകള്‍ക്ക് പോലും എരിവും പുളിയുമുള്ള പ്രകോപനപരമായ അര്‍ത്ഥം കൊടുത്ത് നാടിന് തീ കൊളുത്താന്‍ കാത്തിരിക്കുന്നവര്‍ സുലഭമാണ്. പ്രവാചകന്‍ ഒരാളെയും പേരെടുത്ത് വിമര്‍ശിച്ചിരുന്നില്ല. ഏറിവന്നാല്‍ ‘ഇവിടെ ചിലയാളുകള്‍’ എന്ന് മാത്രമേ പ്രയോഗിക്കാറുണ്ടായിരുന്നു എന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

Related Articles