Current Date

Search
Close this search box.
Search
Close this search box.

നാട്ടുവഴികള്‍ക്ക് അപ്പുറമുള്ള രാജപാത

royal.jpg

ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടി അഹോരാത്രം കഠിനപ്രയത്‌നം നടത്തുന്ന ഒരാളും പരലോകത്തെ ശാശ്വത വിജയത്തിന് വേണ്ടി പണിയെടുക്കുന്ന ഒരാളും തമ്മില്‍ പ്രത്യക്ഷത്തില്‍ വലിയ വ്യത്യാസങ്ങളില്ല. രണ്ടുപേരും തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഇരുവരും രണ്ടു ധ്രുവങ്ങളിലാണ്. ഒരാള്‍ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുമ്പോള്‍ മറ്റേയാള്‍ ശാശ്വതമായ ഒന്നിനെയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അല്ലാഹു പറയുന്നു:
”അല്ല; സത്യവിശ്വാസിയായ ഒരാള്‍ തെമ്മാടിയെപ്പോലെയാണെന്നോ? അവര്‍ ഒരുപോലെയാവുകയില്ല.” (അസ്സജ്ദ: 18)

ഭൗതിക പ്രേമിയായ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഐഹിക വിഭവങ്ങള്‍ കൊണ്ട് ഒരിക്കലും ശമനമുണ്ടാവുകയില്ല. പണം എത്ര സമ്പാദിച്ചാലും അത് ഇനിയും വേണമെന്ന് അവന്‍ ആഗ്രഹിക്കും. അധികാരത്തിന്റെ ഉന്നത ശ്രേണികള്‍ തന്നെ ചവിട്ടിക്കയറണമെന്ന് അവന്‍ കൊതിക്കും. അവന്റെ ഓരോ നേട്ടങ്ങളിലൂടെയും അവന്‍ നേടുന്നത് താല്‍ക്കാലിക സുഖങ്ങള്‍ മാത്രമായിരിക്കും. അത് കഴിയുമ്പോള്‍ അവന്‍ അടുത്തത് തേടും. അല്ലാഹു പറയുന്നു:
”ആരെങ്കിലും പെട്ടെന്ന് കിട്ടുന്ന നേട്ടങ്ങളാണ് കൊതിക്കുന്നതെങ്കില്‍ നാം അയാള്‍ക്ക് അതുടനെത്തന്നെ നല്‍കുന്നു; നാം ഇച്ഛിക്കുന്നവര്‍ക്ക് നാം ഇച്ഛിക്കുന്ന അളവില്‍. പിന്നെ നാമവന്ന് നല്‍കുക നരകത്തീയാണ്. നിന്ദ്യനും ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടവനുമായി അവനവിടെ കത്തിയെരിയും.” (അല്‍-ഇസ്‌റാഅ്: 18)

സത്യവിശ്വാസിയും ഭൗതികയെ തേടും. എന്നാല്‍ ഐഹിക ജീവിതത്തിന് ആവശ്യമായത് മാത്രമേ അവന്‍ കരസ്ഥമാക്കുകയുള്ളൂ. അവന്റെ ആത്യന്തികമായ ലക്ഷ്യവും അഭിലാഷവും സ്രഷ്ടാവിന്റെ പ്രീതിയും അവന്റെ പ്രതിഫലവുമായിരിക്കും. അതിനായി തന്റെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താനാണ് ഇഹലോകത്ത് അവന്‍ പരിശ്രമിക്കുക. തന്റെ സൃഷ്ടിപ്പിന്റെ രഹസ്യവും ജീവിതത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും കൃത്യമായി അറിയാം എന്നതാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ കരുത്ത്. അത് തന്നെയാണ് ഭൂമിയില്‍ നടക്കുന്ന ഏറ്റവും ഉല്‍കൃഷ്ട സൃഷ്ടിയായി അവനെ മാറ്റുന്നതും.
”അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിങ്ങള്‍ നിസ്സാരവിലയ്ക്ക് വില്‍ക്കരുത്. സംശയംവേണ്ട; അല്ലാഹുവിന്റെ അടുത്തുള്ളതു തന്നെയാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍! നിങ്ങളുടെ വശമുള്ളത് തീര്‍ന്നുപോകും. ബാക്കിയാവുന്നത് അല്ലാഹുവിന്റെ വശമുള്ളത് മാത്രം. തീര്‍ച്ചയായും ക്ഷമപാലിക്കുന്നവര്‍ക്ക് നാം അവരുടെ നന്മനിറഞ്ഞ കര്‍മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും.” (അന്നഹ്ല്‍: 95, 96)
”ആരെങ്കിലും സത്യവിശ്വാസം സ്വീകരിക്കുകയും പരലോകമാഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയുമാണെങ്കില്‍ അറിയുക: അത്തരക്കാരുടെ പരിശ്രമം ഏറെ നന്ദിയര്‍ഹിക്കുന്നതുതന്നെ.” (അല്‍-ഇസ്‌റാഅ്: 18)

ഇനിയുള്ള ജീവിതം ആഖിറത്തിന് വേണ്ടിയുള്ളതായിരിക്കണം. നശിക്കാനുള്ളതിനെ പുണര്‍ന്നിരിക്കുന്നത് എത്ര മൗഢ്യമാണ്. ശാശ്വതമായതിനെ ആഗ്രഹിക്കലും അതിന് വേണ്ടി പണിയെടുക്കലുമല്ലേ ബുദ്ധിയുള്ള മനുഷ്യന് അഭികാമ്യം. ജീവിതത്തിലെ സര്‍വസ്വവും ത്യജിച്ചല്ല നാം ഈ ഒരുക്കങ്ങള്‍ നടത്തേണ്ടത്. നേടാന്‍ കഴിയുന്നതൊക്കെ നേടണം. എന്നാല്‍ എല്ലാം നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാഥേയമായാണ് നാം ഉപയോഗപ്പെടുത്തേണ്ടത്. ദുനിയാവിലെ വഴിത്താരകളും പാതകളും ഒരുനാള്‍ നമുക്ക് മുന്നില്‍ നിലയ്ക്കും. അന്ന് വഴിയറിയാതെ അലയുന്നവരായി നാം മാറാതിരിക്കണമെങ്കില്‍ ഈ വഴികള്‍ക്കൊക്കെ അപ്പുറം ഒരു ഏക വഴിയുണ്ടെന്ന് തിരിച്ചറിയലും അത് കണ്ടെത്തലുമാണ്. അത് ചിലപ്പോള്‍ ഇടുങ്ങിയതും പരുപരുത്തതുമായിരിക്കാം. എന്നാല്‍ അത് നമ്മെ കൊണ്ടെത്തിക്കുക വിജയത്തിലേക്കാണ്. അതാണ് യഥാര്‍ത്ഥ രാജപാത.

ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക അധ്യാപനങ്ങളും വരികള്‍ക്കിടയിലൂടെ വായിക്കുന്ന ആര്‍ക്കും വരാനിരിക്കുന്ന ലോകത്തെ ആസന്ന യാഥാര്‍ത്ഥ്യമായി സങ്കല്‍പ്പിക്കാന്‍ പറ്റും. പരലോകത്തെ വിവരിക്കുമ്പോള്‍ ചിലപ്പോള്‍ പ്രവാചകന്‍ മുന്നിലേക്ക് നീങ്ങി എന്തോ പിടിക്കാന്‍ ആയുന്നതും ചിലപ്പോള്‍ പിന്നോട്ടു നീങ്ങുകയും ചെയ്യാറുണ്ടായിരുന്നു. കാരണം, സ്വര്‍ഗവും നരകവും പ്രവാചകന് കണ്‍മുമ്പിലെന്ന പോലെ കാണാന്‍ സാധിച്ചിരുന്നു. അത് ഒരു മുഅ്ജിസത്തായിരുന്നില്ല. പരലോകത്തെ കുറിച്ചുള്ള മാനസിക അനുഭവമായിരുന്നു. നമുക്കും ഇത് നേടിയെടുക്കാനാവും. അവര്‍ണനീയമായ സ്വര്‍ഗമാണ് അവന്റെ സച്ചരിതരായ ദാസന്മാര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്നതെങ്കിലും ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹുവിന്റെ സാമീപ്യം തന്നെയാണ്.

മൊഴിമാറ്റം: അനസ് പടന്ന

Related Articles