Current Date

Search
Close this search box.
Search
Close this search box.

നാം മുന്‍ഗണന നല്‍കേണ്ടത് നമ്മുടെ താല്‍പര്യങ്ങള്‍ക്കോ?

hands.jpg

മദീനയിലെ അന്‍സാരികളായ സഹാബികള്‍ മക്കയില്‍ നിന്നും ഹിജ്‌റ ചെയ്തുവന്ന മുഹാജിറുകള്‍ക്ക് ആതിഥ്യമരുളിയ ഊഷ്മളമായ അനുഭവത്തെ ഖുര്‍ആന്‍ അനുസ്മരിക്കുന്നത് കാണാം. ‘തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍’ (അല്‍ ഹശര്‍ 9). വിശ്വാസികളുടെ ജീവിതത്തില്‍ സ്വംശീകരിക്കേണ്ട ഉത്കൃഷ്ഠ ഗുണമായിട്ടാണ് ഖുര്‍ആന്‍ ഇത് അവതരിപ്പിക്കുന്നത്.  വ്യക്തിപൂജയില്‍ നിന്നും സുരക്ഷിതമായി ഇതരര്‍ക്ക് മുന്‍ഗണന നല്‍കുക എന്നത് വിജയത്തിലേക്കുള്ള പ്രധാന വഴിയാണ്. ജീവിതത്തില്‍ ഒഴിവ് സമയവും സമ്പത്തുമുള്ളപ്പോള്‍ മറ്റുള്ളവരെ സഹായിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടി സമയം വിനിയോഗിക്കലും വലിയ പുണ്യമുള്ള കാര്യമല്ല, മാത്രമല്ല അത് എല്ലാവരും ചെയ്യുന്നതാണ്. സ്വന്തമായി വലിയ ആവശ്യങ്ങളുള്ളതോടൊപ്പം മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴാണ് അത് ഈഥാറിന്റെ (ഇതരര്‍ക്ക് മുന്‍ഗണന നല്‍കല്‍) പദവിയിലെത്തുന്നത്. അന്‍സാരികളായ സഹാബികള്‍ തങ്ങള്‍ക്ക് വിവിധങ്ങളായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരിക്കെയാണ് മക്കയില്‍ നിന്ന് അതിഥികളായി എത്തിയവരെ എല്ലാ ത്യാഗവും സഹിച്ചുകൊണ്ട് സ്വന്തത്തേക്കാള്‍ മുന്‍ഗണന നല്‍കിയത്. മറ്റു രാഷ്ട്രങ്ങളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ എത്തിയവരെ അഭയാര്‍ഥികളായും മറുനാടന്മാരായും മാറ്റിനിര്‍ത്തുന്ന ലോകത്ത് ഇതിന് വലിയ പ്രാധാന്യമുണ്ട്.

ഇമാം ഇബ്‌നുല്‍ ഖയ്യിം(റ)  വിശദീകരിക്കുന്നു. ഈഥാര്‍ (സ്വന്തത്തേക്കാള്‍ അപരര്‍ക്ക് മുന്‍ഗണന നല്‍കല്‍) രണ്ടു പദവിയുണ്ട്. 1. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഒരാള്‍ സ്വന്തത്തേക്കാള്‍ മറ്റൊരാള്‍ക്ക് മുന്‍ഗണന നല്‍കല്‍. അല്ലാഹുവോടുള്ള ആത്മാര്‍ഥമായ സ്‌നേഹത്തില്‍ നിന്നും വിശ്വാസിയില്‍ ഉടലെടുക്കുന്ന ഒന്നാണിത്. അന്‍സാരികളില്‍ നാം ദര്‍ശിച്ചത് അതിന്റെ മഹിത മാതൃകയാണ്
 2. എത്ര വലിയ പരീക്ഷണം നേരിടേണ്ടി വന്നാലും  അല്ലാഹുവിന്റെ തൃപ്തിക്ക് ഇതരരുടെ തൃപ്തിയേക്കാള്‍ മുന്‍ഗണന നല്‍കല്‍. പ്രവാചകന്മാരുടെ ജീവിതം അതിന് ഉത്തമ നിദര്‍ശനമാണ്.
ഇതില്‍ ഒന്നാമത്തതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാമെങ്കിലും രണ്ടാമത്തെ പദവിയിലെത്താന്‍ കഴിയുന്നവര്‍ വളരെ കുറവാണ്. ഉന്നതമായ ഇഛാശക്തിയുള്ളവര്‍ക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ.
പ്രവാചകനായ നൂഹ്(അ) തന്റെ ഭാര്യയേക്കാളും മകനേക്കാളും അല്ലാഹുവിന് മുന്‍ഗണന നല്‍കിയത് കാണാം. ഇബ്രാഹീം (അ) തന്റെ പിതാവിനേക്കാളും അല്ലാഹുവിന് മുന്‍ഗണന നല്‍കിയിരുന്നു. തന്നെ പോറ്റിവളര്‍ത്തി സംരക്ഷിച്ച ഫറോവയേക്കാള്‍ മൂസാ നബി മുന്‍ഗണന നല്‍കിയതും അല്ലാഹുവിന്റെ തൃപ്തിക്കാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്റെ പിതൃവ്യനേക്കാളും കുടുംബ ബന്ധുക്കളേക്കാളും നാടിനേക്കാളും രാജാധിരാജനായ അല്ലാഹുവിന് മുന്‍ഗണന നല്‍കുകയുണ്ടായി. മൂസാ നബിയുടെയും ഫറോവയുടെയും കഥയിലെ ആഭിചാരന്മാര്‍ ദൈവിക താല്‍പര്യത്തിന് ഇതര താല്‍പര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുന്നതിന് മികച്ച ഉദാഹരണമായിരുന്നു. മൂസാ നബിയുടെ സത്യസന്ധത തിരിച്ചറിഞ്ഞ നിമിഷത്തില്‍ തന്നെ ജീവന്‍ തൃണവല്‍കരിച്ചുകൊണ്ട് സത്യത്തോടൊപ്പം നിലകൊള്ളാനുള്ള അവരുടെ തീരുമാനം ഫറോവയുടെ എല്ലാ ഭീഷണികളെയും മറികടക്കുന്നതായിരുന്നു. അല്ലാഹുവല്ലാത്തവരുടെ ആരാധന അംഗീകരിക്കുന്നതിന് പകരം രക്തസാക്ഷിത്വത്തിനായിരുന്നു അവര്‍ കൊതിച്ചിട്ടുള്ളത്. ‘ഫറവോന്‍ പറഞ്ഞു: ‘ഞാന്‍ അനുമതി തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവന്‍. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ കൊത്തിമുറിക്കും. ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോള്‍ നിങ്ങളറിയും; തീര്‍ച്ച.’അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. ‘ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.'(ത്വാഹ 71-73). നിനക്ക് ഐഹിക ജീവിതത്തില്‍ മാത്രമേ ഞങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഞങ്ങളുടെ ശാശ്വതമായ വിജയത്തെ തടഞ്ഞുനിര്‍ത്താന്‍ നിനക്ക് സാധിക്കുകയില്ല എന്ന ധീരമായ പ്രഖ്യാപനമായിരുന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഞങ്ങളില്‍ സഹനം ചൊരിയുകയും മുസ്‌ലിമായി മരിപ്പിക്കുകയും ചെയ്യണമേ എന്നായിരുന്നു അവരുടെ പ്രാര്‍ഥന.

ഖാലിദ് (റ) ന്റെ സ്ഥാനത്യാഗം
്പ്രവാചകന്‍(സ) അല്ലാഹുവിന്റെ ഖഢ്ഗം എന്നു വിശേഷിപ്പിച്ച ഖാലിദ് ബിനുല്‍ വലീദ് (റ)വിനെ ഉമര്‍ (റ) നിര്‍ണായക ഘട്ടത്തില്‍ സൈനിക മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ അദ്ദേഹത്തില്‍ അതൊരു അസ്വസ്ഥതയും അലട്ടലും ഉളവാക്കിയില്ല. ഇസ്‌ലാം സ്വീകരിച്ചതു മുതല്‍ സേനാ നായകനായി ശത്രുക്കളുടെ പേടിസ്വപ്‌നമായി മാറിയ അദ്ദേഹം റോമാ സാമ്രാജ്യത്വത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് ഖലീഫയുടെ നിര്‍ദ്ദേശം എത്തുന്നത്. ഉടന്‍ നായക സ്ഥാനത്ത് നിന്ന് നേരെ സൈനികരുടെ അണിയില്‍ ചേര്‍ന്ന് യുദ്ധം ചെയ്യുകയാണ് ചെയ്തത്. എന്തുകൊണ്ട് അദ്ദേഹത്തിന് ഇത് സാധിച്ചു. കാരണം അദ്ദേഹം സേനാ നായകനായും സൈനികനായും പോരാടുന്നത് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് അവന്റെ മാര്‍ഗത്തിലായിരുന്നു. ഖാലിദിനെ പോലെ ഇത്തരം തീരുമാനം അംഗീകരിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ? വ്യക്തിതാല്‍പര്യത്തേക്കാള്‍ ദീനിന്റെ വളര്‍ച്ചക്കും നേതൃസ്ഥാനത്തേക്കാള്‍ അല്ലാഹുവിന്റെ തൃപ്തിക്കുമായിരുന്നു അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. റസൂലിന്റെ പാഠശാലയില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച ശിക്ഷണവും അതുതന്നെയായിരുന്നു.
ഈ ഉത്കൃഷ്ഠ ഗുണവിശേഷങ്ങള്‍ക്ക് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. ഇതരര്‍ക്ക് മുന്‍ഗണന നല്‍കലും വ്യക്തി താല്‍പര്യത്തേക്കാള്‍ അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കലിന്റെയും മഹിതമായ ജീവിക്കുന്ന മാര്‍ഗങ്ങള്‍ ഇന്നും നമുക്ക് ദര്‍ശിക്കാം. ഇസ്‌ലാം ഒരു വ്യക്തിയില്‍ നിലീനമാകണമെന്ന് കരുതുന്ന ഉന്നതമായ ഗുണവിശേഷണമാണ് അത്.

വിവ :  അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles