Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ ഹൃദയവും നാം കിടക്കേണ്ട ഖബറും

meezan-stone.jpg

ഒരു വ്യക്തിയുടെ ഹൃദയമാണ് അയാളുടെ ജീവിതത്തിന്റെ അടിസ്ഥാന സ്തംഭം. അവന്റെ പെരുമാറ്റവും ചിന്തകളും ഉദ്ദേശ്യങ്ങളുമെല്ലാം അതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒരാളുടെ യാഥാര്‍ഥ്യങ്ങളും രഹസ്യങ്ങളും സൂക്ഷിച്ചിരിക്കുന്നത് അവിടെയാണ്. അതുകൊണ്ടു തന്നെ വിചാരണ ചെയ്യപ്പെടുന്നതും ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്ന യാഥാര്‍ഥ്യത്തെയും അതിന്റെ ഫലമായി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളെയും ആസ്പദമാക്കിയായിരിക്കും. അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. സമ്പത്തും സന്താനങ്ങളും ഒട്ടും പ്രയോജനപ്പെടാത്ത നാളില്‍ സുരക്ഷിതമായ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകുന്നവര്‍ക്കാണ് രക്ഷയെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു (26: 69-89)

വിശ്വാസത്താല്‍ ഊട്ടപ്പെട്ട അല്ലാഹുവിന്റെ അടിമയുടെ ഹൃദയത്തെ കുറിച്ചാണത്. ഹുദൈഫ(റ) ഹൃദയത്തെ നാലായി തരം തിരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും ഇടമില്ലാത്ത ഹൃദയമാണ്. ശോഭിക്കുന്ന വിളക്കാണതില്‍. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനോടു ഭക്തിയുള്ളവരാകുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു ഉരകല്ല് പ്രദാനം ചെയ്യുന്നതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (8: 29). സന്‍മാര്‍ഗത്തെയും വഴികേടിനെയും വേര്‍തിരിക്കുന്ന വിശ്വാസിയുടെ ഹൃദയത്തിലെ വെളിച്ചമാണ് ആ ഉരകല്ല്.

ഹൃദയത്തിന്റെ രണ്ടാമത്തെ ഇനമായി അദ്ദേഹം പരിചയപ്പെടുത്തിയത് മൂടിവെക്കപ്പെട്ട ഹൃദയമാണ്. നിഷേധികളുടെ ഹൃദയമാണ് അതുകൊണ്ടുദ്ദേശ്യം. അതിനകത്തുള്ള ദൈവനിഷേധം പുറത്തു പോവുകയോ വിശ്വാസം അതിലേക്ക് കടക്കുകയോ ചെയ്യില്ല. അല്ലാഹു പറയുന്നു: ”നിശ്ചയം ദൈവനിഷേധികള്‍, നീ അവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാണ്.” (2: 6)

മുനാഫിഖിന്റെ ഹൃദയമായ തലകീഴായ് മറിക്കപ്പെട്ട ഹൃദയമാണ് മൂന്നാമത്തേത്. അല്ലാഹു പറയുന്നു: ”എന്തുപറ്റി? കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ടു കക്ഷികളായല്ലോ? അവര്‍ സമ്പാദിച്ചിട്ടുള്ള തിന്മകളുടെ ഫലമായി അല്ലാഹു അവരെ തലകീഴായി മറിച്ചിരിക്കുന്നു.” (4: 88) കമിഴ്ത്തി വെച്ചിരിക്കുന്ന പാത്രം പോലെയാണ് മുനാഫിഖിന്റെ ഹൃദയം. സത്യം എന്താണെന്ന് അവന്നറിയാം. എന്നാല്‍ അത് അംഗീകരിക്കുകയോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യില്ല.

പൊതുവില്‍ വിശ്വാസത്തിന്റേതും കാപട്യത്തിന്റേതുമാകുന്ന രണ്ട് ഘടകങ്ങളാണ് ഹൃദയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അല്ലാഹുവെയും അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പരലോകത്തെ പ്രതിഫലത്തെയും കാംക്ഷിക്കുന്ന ഘടകം അതില്‍ ഉള്ളതു പോലെ തന്നെ ഐഹികമായ ആഢംബരങ്ങളെയും തെറ്റുകുറ്റങ്ങളെയും തേടുന്ന ഘടകവുമുണ്ട്.

പരലോകത്തെ ഒന്നാമത്തെ ഭവനമായ ഖബര്‍ മുതല്‍ രക്ഷാശിക്ഷകള്‍ ആരംഭിക്കുകയാണ്. നന്മകള്‍ പ്രവര്‍ത്തിച്ചയാള്‍ക്ക് അതിന്റെ ഫലങ്ങള്‍ ഖബര്‍ മുതല്‍ ലഭിക്കാന്‍ തുടങ്ങും. അങ്ങനെ അവന്റെ ഖബര്‍ ഒരു സ്വര്‍ഗത്തോപ്പായി മാറും. അപ്രകാരം ദുഷ്‌കൃത്യങ്ങള്‍ ചെയ്തയാളുടെ ഖബറിനെ നരകക്കുഴിയാക്കി മാറ്റും. പിന്നീടങ്ങോട്ട് ആ അവസ്ഥ തുടര്‍ന്നു കൊണ്ടിരിക്കും. അതിന്റെ ദൈര്‍ഘ്യം എത്രയായിരിക്കുമെന്ന് മനുഷ്യന് അറിയില്ല. പിന്നീട് ആ ജീവിതത്തിന് ശേഷം പുനരുജ്ജീവിച്ച് ഒരു വിഭാഗത്തെ സ്വര്‍ഗത്തിലും മറുവിഭാഗത്തെ നരകത്തിലുമാക്കും.

രക്ഷയിലും ശിക്ഷയിലും ഖബറില്‍ ഒരടിമയുടെ അവസ്ഥ നമ്മുടെ മാറിടത്തിലെ ഹൃദയത്തിന്റെ അവസ്ഥയാണെന്ന് ഇബ്‌നുല്‍ ഖയ്യിം പറയുന്നു. മരണത്തിന് ശേഷം നാം കിടക്കുന്ന ഖബറുകളും ജീവിച്ചിരിക്കുമ്പോഴുള്ള നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും നിരവധി സാദൃശ്യങ്ങളുണ്ട്. ആരോടും പകയും വിദ്വേഷവുമൊന്നുമില്ലാതെ ശുദ്ധ ഹൃദയത്തോടെ ജീവിച്ച സുകൃതവാന്റെ വക്രതയില്‍ നിന്നും വഴികേടില്‍ നിന്നും രക്ഷപ്രാപിച്ച ഹൃദയം ഖബറിലും അവനോടൊപ്പമുണ്ടാകും. ആ ഹൃദയത്തിന്റെ അവസ്ഥയായിരിക്കും ഖബറില്‍ അവന്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്ന അവിടം സ്വര്‍ഗത്തോപ്പായിരിക്കും. ഈ ലോകത്ത് മനസ്സില്‍ പകയും വിദ്വേഷവും അസൂയയും വെച്ചു നടന്ന്, ജീവിതത്തില്‍ കാപട്യം കാണിച്ചയാള്‍ക്ക് വിശ്വാസത്തിന്റെ മാധുര്യം നുകരാനാവില്ല. അവരുടെ ഹൃദയത്തിന്റെ അവസ്ഥയായിരിക്കും പരലോകത്തും ഖബറിലും അവരെ സഹവസിക്കുക. നരകത്തിന്റെ ഗന്ധവും തീയുമായിരിക്കും അവരതില്‍ അനുഭവിക്കുക.

അതുകൊണ്ട് തന്നെ നമ്മുടെ ഖബര്‍ ജീവിതം വെളിച്ചമുള്ളതാക്കാനുള്ള മാര്‍ഗം ഹൃദയം ശോഭിക്കുന്നതാക്കി മാറ്റലാണ്. അടിയുറച്ച ഏകദൈവ വിശ്വാസവും, പാപമോചനങ്ങളുടെയും ദിക്‌റുകളുടെയും ആധിക്യം കൊണ്ടും വിട്ടുവീഴ്ച്ചയും സല്‍ക്കര്‍മങ്ങളും കൊണ്ട് മാത്രമേ അത് സാധിക്കുകയുള്ളൂ.

Related Articles