Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ മനസ്സുകള്‍ മാറേണ്ടതുണ്ട്

changebn.jpg

”ഒരു ജനം സ്വയം മാറുന്നത് വരെ അല്ലാഹു അവരെ മാറ്റുകയില്ല.” (അര്‍റഅ്ദ്: 11) എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു മുഹമ്മദ് നബി(സ) വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുക്കുകയും അദ്ദേഹമത് അറബ് സമൂഹത്തിന് മുന്നില്‍ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവരുടെ മനസ്സുകളില്‍ വലിയ അത്ഭുതമാണ് സംഭവിച്ചത്. അവരുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ അത് സ്വാധീനം ചെലുത്തി. അതിന്റെ ഫലമായി ആ സമൂഹത്തെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഭാഗമായി തന്നെ മാറ്റിയെടുത്തു. ജാഹിലിയാ കാലത്തെയും ഇസ്‌ലാമിലെയും അറബ് സമൂഹങ്ങള്‍ക്കിടയില്‍ വലിയ അന്തരമാണ് ഉണ്ടായിരുന്നത്.

വിശുദ്ധ ഖുര്‍ആന്‍ ബഹുദൈവ വിശ്വാസികളുടെയും മുസ്‌ലിംകളുടെയും മനസ്സുകളെ ഒരുപോലെ സ്വാധീനിച്ചു. എന്നാല്‍ ബഹുദൈവ വിശ്വാസികളുടെ മനസ്സുകളില്‍ അതുണ്ടാക്കിയ സ്വാധീനം താല്‍ക്കാലികവും നിഷേധാത്മകവുമായിരുന്നു. അതില്‍ നിന്നും ഓടിയകന്ന അവര്‍ക്ക് അതിനും അവര്‍ക്കും ഇടയില്‍ തടസ്സങ്ങള്‍ സ്ഥാപിച്ചു. അവര്‍ പരസ്പരം പറഞ്ഞു: ”’ഈ ഖുര്‍ആന്ന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.” (ഫുസ്സിലത്ത്: 26)

അതേസമയം മുസ്‌ലിംകള്‍ അത് സശ്രദ്ധം ശ്രവിക്കുകയും ഏറ്റവും നന്നായി അതിനെ പിന്‍പറ്റുകയും ചെയ്തു. അല്ലാഹുവില്‍ നിന്നുള്ള നേര്‍മാര്‍ഗം സിദ്ധിച്ചവരും ബുദ്ധിമാന്‍മാരുമായിരുന്നു അവര്‍. ഖുര്‍ആന്‍ എപ്പോഴും അവരുടെ മനസ്സുകളെ ക്രിയാത്മകമായിട്ടാണ് സ്വാധീനിച്ചത്. ഒരവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് അതവരെ മാറ്റി. ശ്രേഷ്ഠമായ ഗുണങ്ങള്‍ക്കും മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കും അതവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ”സമുല്‍കൃഷ്ടമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ ഒരു വേദം. അതു കേള്‍ക്കുമ്പോള്‍ റബ്ബിനെ ഭയപ്പെടുന്ന ജനത്തിന് രോമാഞ്ചമുണ്ടാകുന്നു. അനന്തരം അവരുടെ ശരീരങ്ങളും മനസ്സുകളും തരളിതമായി ദൈവസ്മരണയിലേക്കുന്മുഖമാകുന്നു. ഇതത്രെ അല്ലാഹുവിന്റെ സന്മാര്‍ഗം. താനിച്ഛിക്കുന്നവരെ അവന്‍ ആ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നു. ആര്‍ക്ക് അല്ലാഹു സന്മാര്‍ഗം നല്‍കുന്നില്ലയോ, അവന്ന് പിന്നെ സന്മാര്‍ഗദര്‍ശകനായി ആരുമില്ല.” (അസ്സുമര്‍: 23)

അതേ ഖുര്‍ആന്‍ നാം പാരായണം ചെയ്യുകയും കേള്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ മനസ്സുകളില്‍ എന്തെങ്കിലും മാറ്റം അതുണ്ടാക്കിയോ? നമ്മുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം അതുണ്ടാക്കിയോ? നമ്മുടെ പൂര്‍വികരുടെ ഹൃദയങ്ങളില്‍ അതുണ്ടാക്കിയ പ്രവര്‍ത്തനം നമ്മുടെ ഹൃദയങ്ങളില്‍ അതുണ്ടാക്കിയിട്ടുണ്ടോ?

സഹോദരന്‍മാരേ, യാന്ത്രികമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായി മാറിയിരിക്കുകയാണ് നാം. ആവര്‍ത്തിക്കുന്ന വാക്കുകള്‍ക്കും വ്യത്യസ്തമായ ഈണങ്ങള്‍ക്കും അപ്പുറം മറ്റൊന്നും അതിലില്ലാതായിരിക്കുന്നു. ശക്തമായ സ്വാധീനശക്തിയുള്ള ഖുര്‍ആന്റെ പ്രവാഹത്തിനും നമുക്കുമിടയില്‍ ഒരു മറ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഖുര്‍ആന്‍ സ്വാധീനം ചെലുത്തിയ ഒന്നാമത്ത തലമുറയെ പോലെ നമ്മില്‍ മാറ്റങ്ങളുണ്ടാവാത്തത്. ആ പൂര്‍വികരുട പാത പിന്‍പറ്റാനാണ് നാമിപ്പോള്‍ ആഗ്രഹിക്കുന്നത്. ഖുര്‍ആന്റെ ആളുകളായ മുസ്‌ലിം മനസ്സുകളിലും ജനതകളിലും പുതിയൊരു ഉണ്ടാക്കിയെടുക്കാനാണ് നാം ആഗ്രഹിക്കുന്നത്.

നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും മനസ്സുകളെ മാറ്റുകയും ചെയ്യുംവിധത്തിലുള്ള ഒരു ബന്ധം ഖുര്‍ആനുമായി സ്ഥാപിക്കാന്‍ നമുക്ക് സാധിക്കുമോ?

നാം നമ്മുടെ മനസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുന്നതും സ്‌നേഹിക്കുന്നതും ഐഹികലോകത്തെയാണ്. അത്യുന്നതനായ അല്ലാഹു പറയുന്നത് നോക്കൂ: ”പ്രവാചകന്‍ പറയുക: ‘നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും, മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.” (അത്തൗബ: 24)
”പക്ഷേ, നിങ്ങള്‍ ഭൗതികജീവിതത്തിനു മുന്‍ഗണന നല്‍കുകയാണ്.16 എന്നാല്‍, പരലോകമാകുന്നു ശ്രേഷ്ഠവും ശാശ്വതവുമായിട്ടുള്ളത്.” (അല്‍അഅ്‌ലാ: 16,17)
”നിങ്ങളുടെ കൈവശമുള്ളത് തീര്‍ന്നുപോകുന്നു. അല്ലാഹുവിങ്കലുള്ളതോ, അക്ഷയമാകുന്നു.” (അന്നഹ്ല്‍: 96)
അതുകൊണ്ട് നമ്മുടെ പക്കലുള്ളതിനേക്കാല്‍ അല്ലാഹുവിന്റെ പക്കലുള്ളതിന് നാം മുന്‍ഗണന നല്‍കേണ്ടതുണ്ട്. അവന്റെ തൃപ്തിയും പ്രതിഫലവും നേടുന്നതിനായിരിക്കണം നമ്മുടെ ശ്രമം. സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിനോ സമ്പത്തിനോ വരുത്തുന്ന കോട്ടങ്ങളെ നാം മുഖവിലക്കെടുക്കരുത്. അല്ലാഹു നമുക്ക് വിധിച്ചിട്ടുള്ളത് മാത്രമേ നമ്മെ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നന്മയല്ലാതെ മറ്റൊന്നും നമ്മെ ബാധിക്കില്ല. ”ഒടുവില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ തിരിച്ചെത്തി. ഒരാപത്തുമണഞ്ഞില്ല. അല്ലാഹുവിന്റെ പ്രീതിയെ പിന്തുടര്‍ന്നതിനുള്ള ശ്രേഷ്ഠത ലഭിക്കുകയും ചെയ്തു. അല്ലാഹു മഹത്തായ അനുഗ്രഹമരുളുന്നവനല്ലോ. അതു വാസ്തവത്തില്‍ സാത്താനായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിവായി. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍, ഭാവിയില്‍ മനുഷ്യരെ ഭയപ്പെടാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍.” (ആലുഇംറാന്‍: 175)

അത്യുന്നതന്റെ കണക്കുകൂട്ടലുകളെ മറന്നാണ് പലപ്പോഴും നാം പല കാര്യങ്ങളെയും സമീപിക്കാറുള്ളത്. അല്ലാഹു അവന് പ്രിയപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ സഹായം നല്‍കുമെന്നതും നാം വിസ്മരിച്ചു പോകുന്നു. ”ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന്ന് വിഷമങ്ങളില്‍നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കിക്കൊടുക്കും. ഊഹിക്കുകപോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവന്ന് വിഭവമരുളുകയും ചെയ്യും. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് അവന്‍തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. സകല കാര്യത്തിനും അല്ലാഹു ഒരു കണക്ക് നിശ്ചയിച്ചുവെച്ചിട്ടുണ്ട്.” (അത്വലാഖ്: 2-3)
”തീര്‍ച്ചയായും അവന്‍ നാശകാരിതന്നെയായിരുന്നു. പക്ഷേ, നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ.” (അല്‍ഖസസ്: 4-6) സമാനമായ വേറെയും ആയത്തുകല്‍ നമുക്ക് ഖുര്‍ആനില്‍ കാണാം.

നമ്മുടെ പക്കലുള്ളതിനേക്കാള്‍ അല്ലാഹുവിന്റെ പക്കലുള്ളതില്‍ വിശ്വാസമര്‍പ്പിക്കുന്നവരായി മാറുന്നതിന് ദിവ്യബോധനം കൊണ്ട് നമ്മുടെ മനസ്സുകളെ നാം മാറ്റേണ്ടതുണ്ടോ?

അങ്ങേയറ്റം ദുര്‍ബലമായ കാരണങ്ങളുടെ പേരില്‍ നാം കോപിക്കുകയാണ്. കാരണങ്ങളുടെ പേരിലും കാരണമില്ലാതെയും ബന്ധം വേര്‍പ്പെടുത്തുകയാണ് നാം. അഭിപ്രായങ്ങളുടെയും ഇച്ഛകളുടെയും നീങ്ങിപ്പോവുന്ന ഐഹികവിഭവങ്ങളുടെയും താല്‍പര്യങ്ങളുടെയും പേരില്‍ നാം ഭിന്നിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ”
ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.” (ആലുഇംറാന്‍: 103)
”വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍തന്നെയാകുന്നു.” (അല്‍ഹുജുറാത്ത്: 10)
”സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു.” (അത്തൗബ: 71)

ഈ ആഹ്വാനം ഉള്‍ക്കൊണ്ട് പകയും വിദ്വേഷവും നീക്കം ചെയ്ത് മനസ്സുകളെ നാം ശുദ്ധീകരിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ പേരില്‍ നാം ഒന്നിച്ചു നിലകൊള്ളുകയും അവന്റെ തൃപ്തിക്ക് വേണ്ടി പരസ്പരം സഹായിക്കുന്ന സഹോദരങ്ങളായി മാറേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”നിശ്ചയം, സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവരോ, നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവരാകുന്നു; കെടുകാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവര്‍; സകാത്തിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍; സ്വന്തം ഗുഹ്യതകള്‍ സൂക്ഷിക്കുന്നവര്‍ അവരുടെ ഭാര്യമാരിലും ഉടമസ്ഥതയിലുള്ള സ്ത്രീകളിലും ഒഴിച്ച്; അക്കൂട്ടരില്‍ അത് സൂക്ഷിക്കാതിരിക്കുന്നതിന് അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല. എന്നാല്‍, അതിനപ്പുറം കാംക്ഷിക്കുന്നവര്‍ അതിക്രമകാരികള്‍തന്നെയാകുന്നു. അമാനത്തുകളും (ഉത്തരവാദിത്വങ്ങളും) കരാറുകളും പാലിക്കുന്നവര്‍. നമസ്‌കാരങ്ങളില്‍ നിഷ്ഠയുള്ളവര്‍. അവരാകുന്നു പറുദീസയുടെ അവകാശികളായിത്തീരുന്നത്. അവരതില്‍ നിത്യവാസികളായിരിക്കും.” (അല്‍മുഅ്മിനൂന്‍: 1-11)

അല്ലാഹുവിന്റെ പ്രിയപ്പെട്ട ദാസന്‍മാരുടെ വിശേഷണങ്ങളായി എണ്ണിപ്പറഞ്ഞിട്ടുള്ള ഗുണങ്ങള്‍ നമ്മില്‍ എത്രത്തോളമുണ്ട്? നമസ്‌കാരത്തിലെ വിധേയത്വവും കൃത്യനിഷ്ഠയും, അനാവശ്യ സംസാരത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍, പ്രയോജനപ്രദമല്ലാത്ത രേഖപ്പെടുത്തപ്പെടുന്ന ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കല്‍, സകാത്ത് നിര്‍വഹിക്കല്‍ തുടങ്ങിയവയെല്ലാം വിലയിരുത്തപ്പെടേണ്ടവയാണ്. ലൈംഗികാവയവങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയുടെ ഭാഗമാണ് അതുമായി ബന്ധപ്പെട്ട കണ്ണ്, ചെവി, വായ, മൂക്ക്, കൈ, കാല്‍ തുടങ്ങിയ അവയവങ്ങളുടെ കാര്യത്തിലുള്ള സൂക്ഷ്മത. ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്ന ആള്‍ക്ക് ആത്മീയമായി ഉന്നതി പ്രാപിക്കാനും മനസ്സിനെ സംസ്‌കരിക്കാനും അഭിമാനം സംരക്ഷിക്കാനും പിശാചിനെ പരാജയപ്പെടുത്തി കാരുണ്യവാനെ തൃപ്തിപ്പെടുത്താനും സാധിക്കും. നമ്മുടെ പൂര്‍വികര്‍ ഈ ഗുണങ്ങള്‍ ഉള്‍ക്കൊണ്ടപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമസമുദായമായി അവര്‍ മാറി. ഖുര്‍ആന്‍ പറയുന്ന ഈ വിശേഷണങ്ങളുടെ കാര്യത്തില്‍ നാം എവിടെയാണ് എത്തിനില്‍ക്കുന്നത്?

ഖുര്‍ആനികാധ്യാപനങ്ങള്‍ പൂര്‍വികരുടെ മനസ്സുകളില്‍ പതിഞ്ഞപ്പോള്‍ അതവരുടെ സ്വഭാവത്തില്‍ പ്രതിഫലിച്ചു. അതില്‍ നിന്നുള്ള കിരണങ്ങള്‍ ജനങ്ങള്‍ക്ക് പ്രകാശമേകുകയും നേര്‍വഴിയിലേക്ക് അവരെ നയിക്കുകയും ചെയ്തു. നമ്മുടെ മനസ്സുകളും മാറി അതിലൂടെ നമ്മുടെ അവസ്ഥക്കും മാറ്റമുണ്ടാകുമോ? അല്ലാഹുവേ ഞങ്ങളുടെ ഈ പ്രതീക്ഷ നീ പൂവണിയിക്കേണമേ…

Related Articles