Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ മക്കളെ ഫാത്തിമയാവാന്‍ പഠിപ്പിക്കുക

fatima.jpg

പിതാവും മകളും തമ്മിലുള്ള ബന്ധം ഇരുവരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ആധുനിക മന:ശാസ്ത്രജ്ഞര്‍ പറയുന്നത്. പിതാവിന്റെ സ്വഭാവത്തില്‍ നിന്നാണ് പെണ്‍കുട്ടികള്‍ പുരുഷന്മാരുമായി പെരുമാറുന്നതിനെക്കുറിച്ചും പെണ്‍കുട്ടികളില്‍ നിന്നാണ് പിതാവ് ക്ഷമയും സ്നേഹവും സൗമ്യതയുമെല്ലാം പഠിക്കുന്നതെന്നുമാണ് ശാസ്ത്രം പറയുന്നത്.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് പ്രവാചകന്‍ മുഹമ്മദ് നബിയും മകള്‍ ഫാത്തിമയും തമ്മിലുള്ള പരസ്പര ബന്ധം. പിതാവ്- മകള്‍ ബന്ധത്തിന് ഇവരേക്കാള്‍ മികച്ച ഉദാഹരണം നമുക്ക് കാണാനാവില്ല. നിരവധി പാഠങ്ങള്‍ നമ്മള്‍ക്ക് ഇവരില്‍ നിന്നും പഠിക്കാനുണ്ട്.

ഫാത്തിമ ജനിക്കുന്ന സമയത്ത് പ്രവാചകന്‍ വീട്ടിലില്ലായിരുന്നു. ഫാത്തിമ ജനിച്ചതിനു ശേഷവും പ്രവാചകന്‍ ഏറെ നാള്‍ മക്കയിലായിരുന്നു. എന്നാല്‍, ഈ അകല്‍ച്ച അവരുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ഫാത്തിമയുടെ അഞ്ചാം വയസ്സിലാണ് തന്റെ പിതാവ് അല്ലാഹു നിയോഗിച്ച അന്ത്യപ്രവാചകനാണെന്ന സത്യം മനസ്സിലാക്കുന്നത്. ഇക്കാര്യം ആദ്യം വിശ്വസിച്ച കുറച്ചു പേരില്‍ ഒരാളായിരുന്നു ഫാത്തിമ.

ഒരിക്കല്‍ പ്രവാചകന്‍ മസ്ജിദുല്‍ ഹറമില്‍ വച്ച് നമസ്‌കരിക്കുന്ന സമയത്ത് ശത്രുക്കള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണ്ടിട്ടു. ഇതിന് ഫാത്തിമ സാക്ഷിയായിരുന്നു. അന്ന് ഫാത്തിമക്ക് 10 വയസ്സായിരുന്നു പ്രായം. സംഭവ സമയം പ്രവാചക ശിഷ്യനായ അബ്ദുല്ലാഹ്ബിനു മസ്ഊദും അവിടെയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇതു തടയാനോ ഇതിനെതിരേ പ്രതികരിക്കാനോ ആയില്ല.

എന്നാല്‍, ഫാത്തിമക്ക് ഇതു സഹിക്കാനായില്ല. തന്റെ പ്രിയ പിതാവ് ഒട്ടകത്തിന്റെ കുടല്‍മാലയുടെ ഭാരം കൊണ്ട് പ്രയാസപ്പെടുന്നത് കണ്ട ഫാത്തിമയാണ് ഓടിച്ചെന്ന് അതു നീക്കം ചെയ്തത്. മാത്രമല്ല, ചെറിയ കുട്ടിയായ ഫാത്തിമ ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഫാത്തിമയുടെ പ്രതികരണം കണ്ട് ഖുറൈശി ഗോത്രം അത്ഭുതപ്പെട്ടു.

ഖുറൈശികളുടെ നിരന്തര ആക്രമണങ്ങള്‍ക്ക് തന്റെ പിതാവ് ഇരയായ സമയത്തെല്ലാം നബിയെ പിന്തുണച്ചും പ്രതിരോധിച്ചും ഫാത്തിമ ഒപ്പം നിന്നു. നബിയുടെയും ഫാത്തിമയുടെയും ഹൃദയബന്ധം അത്രക്കും തീവ്രമായതു കൊണ്ടാണ് ഉപ്പയെ സംരക്ഷിക്കാന്‍ ഫാത്തിമ എന്നും കൂടെ നിന്നത്. അതുകൊണ്ടാണ് ഫാത്തിമയെ പ്രവാചകന്‍ തന്റെ കരളിന്റെ കഷ്ണമെന്ന് വിശേഷിപ്പിച്ചതും.

ഇന്ന് നമ്മുടെ കൂടത്തില്‍ എത്ര മക്കള്‍ ഇങ്ങനെ പിതാവിനെ സ്‌നേഹിക്കുന്നുണ്ട്?. ഇരുവരുടെ ബന്ധങ്ങളില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. ഫാത്തിമയുടെ ധീരതയും വിശ്വാസവുമെല്ലാം കുലീനയായ ഒരു പെണ്‍കുട്ടിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാം നമ്മുടെ മക്കളെ ഫാത്തിമയാവാന്‍ പഠിപ്പിക്കണം. ഏതു പ്രതിസന്ധി ഘട്ടത്തിലും ആര്‍ജിച്ച വിശ്വാസത്തില്‍ മുറുകെ പിടിച്ച് പിതാവിനെ അളവറ്റം സ്‌നേഹിക്കുന്ന ഫാത്തിമയെ മാതൃകയാക്കാന്‍ പറയണം. പിതാക്കള്‍ പ്രവാചകന്‍ പഠിപ്പിച്ചു തന്ന പാത പിന്തുടരണം. ഭൗതിക ജീവിതം കൈപ്പിടിയിലാക്കാനുള്ള പാഠങ്ങളല്ല നിങ്ങളവര്‍ക്കു പകര്‍ന്നു നല്‍കേണ്ടത്. വിശ്വാസവും ബഹുമാനവും ആര്‍ജിച്ചെടുക്കാനാണ് നിങ്ങള്‍ അവരെ പരിശീലിപ്പിക്കേണ്ടത്.

പിതാവ് വീട്ടില്‍ കേവലം ഒരു വീട്ടുടമസ്ഥന്‍ മാത്രമാണെന്നും സാമ്പത്തികാവശ്യങ്ങള്‍ക്ക് മാത്രം ആശ്രയിക്കേണ്ടവരാണെന്നുമുള്ള തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. കുട്ടികളെ വളര്‍ത്തേണ്ടതും പരിപാലിക്കേണ്ടതും മാതാവാണെന്നുമുള്ള ധാരണയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പ്രവാചകന്റെയും മകള്‍ ഫാത്തിമയുടെയും ജീവചരിത്രം. ഒരു ഉത്തമ കുടുംബ ജീവിതം എങ്ങനെയാകണമെന്ന് നമുക്ക് ഇവരില്‍ നിന്നും പഠിക്കാനാകും.

മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്

 

 

 

Related Articles