Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ പ്രതിസന്ധി ധാര്‍മികാധപ്പതനം തന്നെയാണ്

route.jpg

വിശ്വാസത്തകര്‍ച്ചയും ധാര്‍മികമായ അധപ്പതനവുമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധികള്‍. സാമ്പത്തികവും രാഷ്ട്രീയവും സാങ്കേതികവുമായ മേഖലകളില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. ഈ മേഖലകളിലെല്ലാമുള്ള പ്രതിസന്ധികളുടെ വേര് അവസാന വിശകലനത്തില്‍ വിശ്വാസത്തകര്‍ച്ചയിലും ധാര്‍മികാധപ്പതനത്തിലുമാണ് എത്തിച്ചേരുന്നത്. സേഛ്വാധിപതികളുടെ ക്രൂരതകള്‍ക്കെതിരെ പതിറ്റാണ്ടുകളായി നാം പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവരാണ്. ചിന്തയും ബുദ്ധിശക്തിയുമുള്ള മനുഷ്യര്‍ക്കപ്പുറം കേവലം ചില ഉപകരണങ്ങളായിട്ടാണ് അവര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്.
 ഭരണാധികാരികളുടെ വിശ്വാസത്തകര്‍ച്ചയും ധാര്‍മികാധപ്പതനവുമാണ് ഇതിനുള്ള പ്രധാന കാരണം. ഫറോവയുടെ ദൈവംചമയലും ഹാമാന്റെ അഹന്തയും ഖാറൂനിന്റെ അതിക്രമങ്ങളും ജനതയെ ബാധിച്ച ഭോഗാസക്തികളും ധാര്‍മികാധപ്പതനവുമാണ് ഈ ഒരു ദുരന്തത്തിന് പ്രധാനകാരണം. ജനങ്ങളുടെ ഭൗതിക പ്രേമവും മരണഭയവുമാണ് ‘ വഹ്‌ന്’ എന്ന സംജ്ഞ പ്രതിനിധീകരിക്കുന്നത്.  എല്ലാവരും എനിക്ക്, എന്റേത് എന്ന സ്വാര്‍ഥചിന്തക്കപ്പുറം ഉമ്മത്തിനു വേണ്ടി ഒന്നും സമര്‍പ്പിക്കാന്‍ തയ്യാറാവുന്നില്ല.
ഭരണാധികാരികള്‍ അധികാരക്കസേരകളില്‍ അടഞ്ഞിരിക്കുകയും അതുനിലനിര്‍ത്തുന്നതിനായി എല്ലാ കപടവിശ്വാസികളെയും ക്രൂരന്മാരെയും കൂട്ടുപിടിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രങ്ങളെ നശിപ്പിക്കുകയും ജനങ്ങളെ നിന്ദ്യരാക്കുകയും ചെയ്യാനുള്ള കാരണം. ഇന്ന് പതിനായിരം മില്യണുകള്‍ കടബാധ്യതയുള്ള അറബി രാഷ്ട്രങ്ങളെ നമുക്ക് കാണാം. രാഷ്ട്രത്തിനും വരുന്ന തലമുറകള്‍ക്കും ദുരന്തമായി ബാധിക്കുന്ന ഇത്തരം കടബാധ്യതകള്‍ ധൂര്‍ത്തിലൂടെയും മറ്റും വരുത്തിത്തീര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെയും അന്ത്യനാളിനേയും ഭയപ്പെടാത്തവരാണ്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒരു ജനതയെ നശിപ്പിച്ചവരാണവര്‍.

യുവാക്കള്‍ക്കിടയിലെ മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ഥങ്ങളുടെയും വ്യാപനവും അതുപയോഗിക്കാനായി ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുകയും ചെയ്യുന്നതിന്റെ പ്രധാന കാരണവും ഈ ധാര്‍മികാധപ്പതനമാണ്. ഇന്നു ഭൂരിപക്ഷം ജനങ്ങളും ഹറാം ഭക്ഷിക്കുന്നു. അതിന്റെ ഭവിഷത്തുകള്‍ അവര്‍ വിസ്മരിക്കുകയും ചെയ്യുന്നു. അവരുടെ വയറിലെത്തുന്ന ഭക്ഷണപദാര്‍ഥങ്ങളും അവര്‍ കെട്ടിപ്പെടുക്കുന്ന ഭവനങ്ങളുമെല്ലാം ഇതില്‍ പണിതതാണ്. ചിലര്‍ മറ്റുള്ളവര്‍ നിര്‍മിച്ചവ നശിപ്പിക്കുകയും അതിന്മേല്‍ സ്വന്തം സാമ്രാജ്യം പണിയുകയും ചെയ്യുന്നവരാണ്. മറ്റുള്ളവരുടെ രക്തത്തിന്മേലും തലയോട്ടിക്കുമുകളിലുമാണ് ചിലര്‍ ഇതെല്ലാം കെട്ടിപ്പെടുക്കുന്നത്. പരാജയപ്പെട്ട പ്ലാനിംഗുകളും നിരര്‍ഥകമായ തീരുമാനങ്ങളും കൊലപാതക രാഷ്ട്രീയവുമെല്ലാം അന്ധമായ ദേശീയതയുടെയും നിക്ഷിപ്ത താല്‍പര്യത്തിന്റെയുമെല്ലാം ഫലമായാണ്.
നാം സംസാരിക്കുന്നു, പ്രവര്‍ത്തിക്കുന്നില്ല. നിര്‍മിക്കുന്നില്ല, സംഹരിക്കുന്നു. അനുകരിക്കുന്നു, നൂതനമായത് ആവിഷ്‌കരിക്കുന്നില്ല. കുഴിച്ചുമൂടുന്നു, ജീവിപ്പിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.
ഇതെല്ലാം നമ്മുടെ വിശ്വാസത്തെയും ധാര്‍മികതെയും പുതുക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്. ശരീരത്തില്‍ രക്തമൊഴുകുന്നതു പോലെ നമ്മുടെ ജീവിതത്തെ അലസതയില്‍ നിന്നും ജഢാവസ്ഥയില്‍ നിന്നും നിരന്തരമായി നവീകരിച്ചുകൊണ്ടേയിരിക്കണം. പുതിയ പ്രവര്‍ത്തന പദ്ധതികളുമായി നാം എപ്പോഴും ഉണര്‍ന്നിരിക്കണം. അരാചകത്വം, അലസത, ദുര്‍ബലത, മോശമായ ഉപഭോഗം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ എല്ലാ അപകടങ്ങളില്‍ നിന്നും മോചിപ്പിച്ചെടുത്ത് സമൂഹത്തെ ഒരു നവപാതയിലൂടെ നയിക്കാന്‍ നമുക്ക് സാധിക്കണം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles