Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ ആജന്മ ശത്രു

satanic.jpg

ദീര്‍ഘകാലം പലരേയും നിങ്ങള്‍ക്ക് വിഡ്ഢികളാക്കാം. സ്വന്തത്തെ പോലും. എന്നാല്‍ അല്ലാഹുവിനെ വിഡ്ഢിയാക്കാനോ അല്ലാഹുവിന്റെ അറിവില്‍ നിന്ന് രക്ഷപ്പെടാനോ നമുക്കാവില്ല. ഈ പ്രപഞ്ചത്തിലെ ഓരോ തുടിപ്പും മിടിപ്പും അറിയുന്നവനല്ലോ അല്ലാഹു. സാഗരത്തില്‍ പതിക്കുന്ന ഓരോ മഴത്തുള്ളിയും മരൂഭൂമിയില്‍ പറക്കുന്ന ഓരോ മണല്‍ത്തരിയും അവന്റെ അറിവോടെയും അനുമതിയോടെയുമാണ്.

നമ്മെ മറ്റുള്ളവര്‍ കാണുന്നത് വളരെ ഭക്തരായിട്ടും വിനയത്തിന്റെ ആള്‍രൂപങ്ങളായിട്ടുമൊക്കെ ആയിരിക്കും. അയാള്‍ എത്ര നല്ല മുസ്‌ലിമാണെന്ന് നമ്മുടെ പെരുമാറ്റം ആളുകളെ കൊണ്ട് പറയിപ്പിച്ചിട്ടുമുണ്ടാകും. എന്നാല്‍ നമ്മുടെ ഉള്ളിലെ അസൂയയും മടിയും താന്‍പോരിമയും ദുഷ്ടചിന്തകളുമൊക്കെ അറിയുന്നത് നമ്മള്‍ മാത്രമാണ്, അതിലുപരി അല്ലാഹുവും. എന്നിട്ടും അവന്‍ നമുക്ക് അവസരങ്ങള്‍ തരുന്നു. വീണ്ടും വീണ്ടും അവന്റെ സന്മാര്‍ഗത്തിലേക്കുള്ള സൂചനകള്‍ നമുക്ക് മുന്നില്‍ വെളിവാക്കുന്നു. ഖുര്‍ആനില്‍ നമുക്ക് കാണാം:
”പ്രാര്‍ഥിക്കുക: മനുഷ്യരുടെ വിധാതാവിനോട് ഞാന്‍ ശരണം തേടുന്നു; മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്, ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കുന്ന ദുര്‍ബോധകന്റെ ദ്രോഹത്തില്‍നിന്ന്. മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവരുടെ ദ്രോഹത്തില്‍നിന്ന്, അവര്‍ ജിന്നുകളില്‍ പെട്ടവരാവട്ടെ, മനുഷ്യരില്‍ പെട്ടവരാവട്ടെ.” (അന്നാസ് 1-6).

ഖുര്‍ആനിലെ അവസാനത്തെ അധ്യായമാണ് സൂറ അന്നാസ്. മനുഷ്യസമുദായത്തോട് വിവിധ തരത്തിലും സ്വരത്തിലും ആജ്ഞകളും വിലക്കുകളും നിര്‍ദ്ദേശങ്ങളും നല്‍കിയതിന് ശേഷം അവസാനത്തെ അധ്യായത്തിന്റെ അവസാന സൂക്തത്തില്‍ അല്ലാഹു പറയുന്നത് പിശാചിന്റെ കൂട്ടാളികളില്‍ നിന്ന് രക്ഷ തേടാനാണ്. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് ചെവി കൊടുക്കുന്നവന്റെ ജീവിതം കീഴ്‌മേല്‍ മറിയും. നന്മക്ക് പകരം തിന്മ അവനില്‍ ആധിപത്യം സ്ഥാപിക്കും. അവന്റെ എല്ലാ നന്മകളും നശിച്ചുപോകും. അവന്റെ മനസ്സ് തിന്മയുടെ വിളനിലമാകും.  

പിശാച് മനുഷ്യന് പകര്‍ന്നു നല്‍കുന്നതെല്ലാം തിന്മയും അധമചിന്തയുമാണ്. എന്നാല്‍ അല്ലാഹു നമ്മെ ക്ഷണിക്കുന്നത് നന്മയിലേക്കും ശുഭചിന്തയിലേക്കുമാണ്. നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തന്നുകൊണ്ട് നല്ല മനുഷ്യനാകാനുള്ള അവസരങ്ങള്‍ അവന്‍ വീണ്ടും വീണ്ടും നമുക്ക് നല്‍കുന്നു. എന്നാല്‍ പിശാച് മനുഷ്യനെ നാശത്തില്‍ നിന്ന് നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അവന്‍ മാനസികമായി നമ്മെ തകര്‍ക്കും. നിലവാരം കുറഞ്ഞ ചിന്തകളും വിചാരങ്ങളും മാത്രമേ അവന്‍ നല്‍കുകയുളളൂ. നമ്മുടെ ഏകാന്തതകള്‍ പിശാചിന്റെ ഇഷ്ട സമയങ്ങളില്‍ ഒന്നാണ്. നമ്മുടെ മനസ്സില്‍ അവന്‍ മന്ത്രിക്കും. മനസ്സ് നന്മയിലേക്ക് ചായുമ്പോള്‍ അവന്‍ തിന്മയിലേക്ക് വലിച്ചിഴക്കും. സുബ്ഹി നമസ്‌കാരത്തിനായി അലാറം ശബ്ദിക്കുമ്പോള്‍ സമയമായിട്ടില്ല, ഒരു അഞ്ചു മിനിറ്റ് കൂടി കിടക്കൂ എന്നു അവന്‍ നമ്മോട് പറയും. എന്നാല്‍ നാം നമസ്‌കാരത്തിന് എഴുന്നേല്‍ക്കാതെ ആ ഉറക്കത്തില്‍ ലയിച്ചുപോകുന്നു. നമ്മുടെ കൂട്ടുകാരെ സംശയിക്കാനും വീട്ടുകാരോട് കളവു പറയാനും അവന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ലൈംഗികത കാണാനും സംസാരിക്കാനും അവന്‍ നമുക്ക് ഊര്‍ജം തരുന്നു. ഒന്നും സംഭവിക്കില്ല എന്ന ഉറപ്പും. മോഷ്ടിക്കാനും കൊല ചെയ്യാനുമൊക്കെ അവന്‍ കൂട്ടുനില്‍ക്കും. തീര്‍ച്ചയായും നമ്മുടെ ഏറ്റവും കടുത്ത ശത്രു പിശാച് തന്നെയാകുന്നു.

കണ്‍മുമ്പില്‍ കാണാന്‍ കഴിയുന്ന ശത്രുവിനെതിരെ പോരാടാന്‍ എളുപ്പമാണ്. അവന്‍ എങ്ങനെയുള്ള ആളാണ്, അവന്റെ ബലം എന്താണ്, ബലഹീനതകള്‍ എന്താണ്? ഇതെല്ലാം നമുക്ക് മനസ്സിലാക്കാനും അതിനനുസരിച്ച് പോരാടാനും സാധിക്കും. എന്നാല്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ശത്രുവാണെങ്കിലോ? അത് വളരെ ശ്രമകരം തന്നെയാണ്. പിശാച് വളരെ കുതന്ത്രശാലിയാണ്. നമ്മുടെ ദൗര്‍ബല്യങ്ങളെയൊക്കെ നമുക്കെതിരായി അവന്‍ അണിനിരത്തും. നമുക്ക് അല്ലാഹു നല്‍കിയ സൗന്ദര്യത്തില്‍ അഭിമാനിക്കുന്നവരാണ് നാം എങ്കില്‍ അതിനെ മോശമായ രീതിയില്‍ പ്രകടിപ്പിക്കുന്നതിനുള്ള വഴികള്‍ പിശാച് നമുക്ക് മുന്നില്‍ തുറന്നിടും. നമുക്ക് തന്ന ബുദ്ധിയെ മറ്റുള്ളവരെ നിന്ദിക്കാന്‍ നാം ഉപയോഗപ്പെടുത്തും. നമുക്ക് നല്‍കപ്പെട്ട കായികക്ഷമതയെ മറ്റുള്ളവരെ അടിച്ചമര്‍ത്താനായി അവന്‍ അവസരമൊരുക്കും.

തിന്മയിലേക്ക് നയിക്കുക മാത്രമല്ല മാനസികമായി നമ്മെ തകര്‍ക്കാനും പിശാച് ശ്രമിക്കും. നമ്മുടെ സൗന്ദര്യവും ചിന്തയും പെരുമാറ്റവും വളരെ മോശമാണെന്ന് അവന്‍ നമ്മെ ധരിപ്പിക്കും. അതിലൂടെ മനുഷ്യനില്‍ അപകര്‍ഷതാ ബോധം വളര്‍ത്താന്‍ അവന്‍ പണിയെടുക്കും. നമ്മുടെ നല്ല പ്രവര്‍ത്തനങ്ങളെ വളരെ മോശമായി നമുക്ക് തന്നെ തോന്നാന്‍ തുടങ്ങും. സ്വന്തം നിലക്ക് മാത്രമല്ല, മനുഷ്യരില്‍ പെട്ട മറ്റുള്ളവരേയും പിശാച് നമ്മെ വഴിപിഴപ്പിക്കാനായി ഉപയോഗപ്പെടുത്തും. നമസ്‌കാരം ഉപേക്ഷിച്ച് മറ്റു വല്ല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ അവര്‍ നമ്മെ പ്രേരിപ്പിക്കും. മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും വ്യഭിചാരത്തിലേക്കും അവര്‍ നമ്മെ കൈപിടിച്ച് കൊണ്ടുപോകും. എന്നാല്‍ അവരിലൂടെ നമ്മെ ലക്ഷ്യമിടുന്നത് പിശാചാണ്.

എന്നാല്‍ എല്ലാ വസ്തുക്കളും അല്ലാഹുവിന് കീഴ്‌വണങ്ങിയിരിക്കുന്നവയാണെന്ന് നാം മറക്കരുത്. ഈ വസ്തുത നാം മറക്കുമ്പോഴാണ് പിശാച് നമ്മെ പിടികൂടുന്നത്. ആകാശവും ഭൂമിയും അതിനിടയിലുള്ളതെല്ലാം സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. അവന്റെ ശക്തിയെ പ്രതിരോധിക്കാന്‍ ആര്‍ക്കുമാവില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാണ് ജീവിതത്തില്‍ എന്ത് പ്രവര്‍ത്തനവും ചെയ്യുന്നത്  എന്ന് മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ പിശാചിന് നമ്മെ കീഴ്‌പ്പെടുത്താനാവില്ല. നാം തുടങ്ങുന്നത് അല്ലാഹുവിന്റെ നാമത്തിലും എന്ത് കാര്യവും അവനില്‍ ഭരമേല്‍ക്കിക്കുകയും വിരമിക്കുമ്പോള്‍ അവനെ സ്തുതിക്കുകയും ചെയ്യുന്നത് പിശാചില്‍ നിന്നുള്ള കാവലാണ്.

ഇസ്‌ലാം വളരെ യുക്തിസഹവും പ്രായോഗികവുമാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വാക്കുകള്‍ അനുസരിക്കുകയും ജീവിതത്തില്‍ നല്ല കൂട്ടുകാരെ കണ്ടെത്തുകയും വിവേകശാലികളുടെ സംസാരം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ പിശാചുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ ദൗര്‍ബല്യങ്ങളോട് പൊരുതാനുള്ള കരുത്ത് അത് നമുക്ക് പ്രദാനം ചെയ്യും. അല്ലാഹുവുമായുള്ള മുറിയാത്ത ബന്ധം നമ്മെ ശക്തരാക്കും. നാം അല്ലാഹുവിന് സമീപസ്ഥരാണെങ്കില്‍ ആര്‍ക്കും നമ്മെ കീഴ്‌പ്പെടുത്താനാവില്ല. ആ കടുത്ത ശത്രുവിന് പോലും.

വിവ: അനസ് പടന്ന

Related Articles