Current Date

Search
Close this search box.
Search
Close this search box.

നമ്മള്‍ അവഗണിക്കുന്ന മത്സരം

compete.jpg

ഭൗതിക ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം മത്സരത്തിലാണ്. മറ്റുള്ളവരെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് വ്യക്തിയും സമൂഹവും രാഷ്ട്രവും ഗൗരവമായി ചിന്തിക്കുന്നതും കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും. എങ്ങനെ സമൃദ്ധിയിലും വിഭവശേഷിയിലും മറ്റുള്ളവരെ മറികടക്കാം എന്നതാണ് ഓരോരുത്തരുടെയും ചിന്ത. മറ്റുള്ളവരുടെ മുമ്പില്‍ ഊറ്റം കൊള്ളാനും തന്‍പോരിമ നടിക്കാനുമുള്ള ഈ ഭ്രമം ഗുരുതര പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പലപ്പോഴും അഹങ്കാരിയായ മനുഷ്യന്‍ മനസ്സിലാക്കുന്നില്ല. ജീവിത വിഭവങ്ങളും, ജഡികാവശ്യങ്ങളും പരിധിയില്‍ കവിഞ്ഞ് കരഗതമാക്കാനുള്ള മനുഷ്യന്റെ ഇംഗിതത്തിനു അതിരടയാളങ്ങള്‍ ഇല്ലെന്ന് അവന്‍ തെറ്റിധരിക്കുന്നു. എല്ലാ നേട്ടങ്ങളും പ്രയോജനങ്ങളും കൂടുതല്‍ ആര്‍ജിക്കാന്‍ പെടാപാട് പെടുന്ന സങ്കുചിത ചിന്താഗതിക്കാരനായ മനുഷ്യന്‍ പലപ്പോഴും ഇതൊക്കെ ക്ഷണികമാണെന്നതും വിസ്മരിക്കുകയാണ്.

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ ഒരു മത്സരത്തിലേക്ക് ക്ഷണിക്കുന്നത് കാണാം. അത് പ്രപഞ്ചനാഥനായ സൃഷ്ടാവില്‍ നിന്നുള്ള പാപമുക്തിയിലേക്കും സ്വര്‍ഗം നേടാനുള്ള വഴിയിലുമുള്ള മത്സരമാണ്. ‘മത്സരിച്ചു മുന്നേറുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമുക്തിയിലേക്കും ആകാശം പോലെ ഭൂമി പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് ദൈവത്തിലും അവന്റെ പ്രവാചകനിലും വിശ്വാസമുള്ളവര്‍ക്ക് സജ്ജമാക്കിയിരിക്കുന്നു’ എന്ന വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ നമുക്ക് പ്രചോദനമാവേണ്ടതാണ്. ഇഹലോകത്ത് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ താല്‍കാലികമായി മാത്രം അനുഭവിക്കാനും പരീക്ഷണത്തിന് വേണ്ടി നല്‍കുന്നതുമാണെന്ന ബോധ്യമുള്ള മനുഷ്യന്‍ അവ നേടുന്നതിനായി അവിഹിതമായ വഴി ഒരിക്കലും തേടില്ല. മനുഷ്യന് ജീവിത വിജയം നേടാന്‍ കഴിയുന്നതും ഈ ഒരു ബോധത്തോടെ ജീവിക്കുമ്പോള്‍ മാത്രമാണ്.
    
നബി തിരുമേനി ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ നമ്മുടെ ചിന്തയെ ഉണര്‍ത്തേണ്ടതാണ്. ‘അല്ലാഹു തനിക്ക് വിധിച്ചതില്‍ സംതൃപ്തനായിരിക്കുകയാണ് മനുഷ്യന് സൗഭാഗ്യകരമായിട്ടുള്ളത്. അല്ലാഹുവിന്റെ ഗുണത്തിന് വേണ്ടി പ്രാര്‍ഥിക്കാതിരിക്കലും അല്ലാഹുവിന്റെ വിധിയില്‍ വെറുപ്പ് കാണിക്കലുമാണ് മനുഷ്യന്റെ നിര്‍ഭാഗ്യം.’ തനിക്ക് നാഥന്‍ നല്‍കാനുദ്ദേശിച്ചത് നല്‍കുമെന്ന ഉറച്ച ബോധമാണ് നമ്മെ ഉന്നതനാക്കിത്തീര്‍ക്കുക എന്ന് നാം അറിയുക. ആത്മവിശ്വാസം കൈവിടാതെ ജീവിക്കാനും കാര്യങ്ങള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കാനും നമുക്ക് കഴിയണം. ചെയ്യേണ്ട കര്‍മങ്ങള്‍ അതതു സമയത്ത് ഭംഗിയായും ആത്മാര്‍ഥമായും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതും വിജയത്തിന്റെപ നിദാനമാണ്. സമയ ബോധത്തോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നതും വളരെ പ്രധാനമാണ്. ഓരോ ദിവസവും നമ്മില്‍ നിന്ന് വിട പറയുമ്പോള്‍ സൃഷ്ടാവ് നമുക്കനുവദിച്ച ആയുസ്സിലെ ഒരു നാള്‍ കൊഴിഞ്ഞുപോയി എന്ന ഗൗരവമായ ബോധം നമുക്കുണ്ടാവണം. നമുക്ക് നഷ്ടമാകുന്ന പലതും ഒരു പക്ഷേ നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെന്നു വന്നേക്കാം. എന്നാല്‍ സമയമെന്ന അമൂല്യമായ അനുഗ്രഹം കൊഴിഞ്ഞു പോയാല്‍ അത് തിരിച്ചുപിടിക്കാന്‍ കഴിയില്ല. അവസരങ്ങള്‍ വേണ്ടത് പോലെ ഉപയോഗപ്പെടുത്താത്ത മനുഷ്യന്‍ പിന്നീട് ഖേദിക്കുന്ന അവസ്ഥ നാം വിസ്മരിക്കരുത്. അവസാന നാള്‍ കണ്‍മുന്നില്‍ കാണുന്ന മനുഷ്യന് തോന്നുന്ന ഒരു രംഗം വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നു. ‘തങ്ങള്‍ (ഇഹലോകത്ത്) ഒരു സായാഹ്നമൊ അല്ലെങ്കില്‍ അതിന്റെ പൂര്‍വാഹ്നമൊ മാത്രമാണ് കഴിച്ച് കൂട്ടിയതെന്ന് ഇവര്‍ക്ക് തോന്നും.’ സമയം പരമാവധി സുകൃതങ്ങള്‍ ചെയ്യാനും സംശുദ്ധമാക്കാനും തന്നെയാണ് നാം എപ്പോഴും പരിശ്രമിക്കേണ്ടത്.

മനുഷ്യരെല്ലാം സമന്മാരാണ്. കരയാന്‍ മാത്രം കഴിയുന്ന നിസ്സഹായതയോടെയാണ് ഏതൊരു മനുഷ്യനും ഈ ഭൂമിയില്‍ പിറന്ന് വീഴുന്നത്. ദൈവനിശ്ചയം വന്നാല്‍ മരണം പുല്‍കുന്നവരും മണ്ണില്‍ വെച്ചാല്‍ ശരീരം പുഴു തിന്നുന്നവരുമാണ് മനുഷ്യരെല്ലാം. തുല്ല്യരായ മനുഷ്യരില്‍ ചിലര്‍ മത്സരത്തിലൂടെയോ അധികാരത്തിലൂടെയോ മറ്റുള്ളവരെ അടിമകളാക്കി വെക്കാന്‍ ഇസ്‌ലാം ഒരിക്കലും അംഗീകാരം നല്‍കുന്നില്ല. നമ്മുടെ ധര്‍മനിഷ്ടക്കും നീതിബോധത്തിനും സമത്വചിന്തക്കും അടിസ്ഥാനം നമ്മുടെ വിശ്വാസം മാത്രമാകണം. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് പരലോക ജീവിതചിന്ത അവഗണിച്ച് കൊണ്ട് ഇഹലോക നേട്ടങ്ങള്‍ കയ്യടക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ഇഹലോകത്ത് അവന്റെ മുമ്പില്‍ വന്നുപോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് അവന്‍ ഉറച്ച് വിശ്വസിക്കുന്നു. ഓരോ നിമിഷവും വിട പറയുമ്പോള്‍ മരണത്തിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്. അതോടൊപ്പം ദുനിയാവില്‍ നിന്നുള്ള അകലം വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പരമാവധി സമയവും കഴിവുകളും നന്മക്കും അല്ലാഹുവിന്റെ പ്രീതിക്കും വേണ്ടി ഉപയോഗപ്പെടുത്തി മുന്നേറാന്‍ നാം പ്രയത്‌നിക്കുക. ഭൗതിക ജീവിതത്തില്‍ ആവശ്യമില്ലാത്ത കാര്യത്തിലുള്ള മാത്സര്യബുദ്ധി കൈവെടിയാനും അല്ലാഹുവിന്റെ സരണിയില്‍ മുന്നിലെത്താന്‍ മത്സരിക്കാനുമുള്ള ഒരു മനസ്സ് നമുക്കുണ്ടോ എന്നതാണ് ഗൗരവമായി നാം സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യം.

Related Articles