Current Date

Search
Close this search box.
Search
Close this search box.

നന്മകളുടെ നറുവസന്തം തീര്‍ക്കുക

goodness.jpg

നന്മ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ അല്ലാഹു വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ.’ (2: 263), ‘അനുസരണവും മാന്യമായ സംസാരവുമാണ് അവര്‍ക്കാവശ്യം’ (47: 22), ‘അവരെ നന്മയില്‍ കൂടെനിര്‍ത്തുക അല്ലെങ്കില്‍ നന്നായി പിരിച്ചയക്കുക’ (2:231) ‘ഇനി ആരെങ്കിലും ദരിദ്രരാണെങ്കില്‍ അവര്‍ അര്‍ഹമായത് ഭക്ഷിക്കട്ടെ.’ (4:6) ‘സ്ത്രികളോട് നിങ്ങള്‍ നന്നായി പെരുമാറുക’ (4:19) ‘അക്കാര്യം നിങ്ങള്‍ നല്ല നിലയില്‍ അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കുക.’ (65:6) നന്മയെ മുറുകെപിടിക്കണമെന്ന് ഖുര്‍ആന്‍ പ്രവാചകനെയും ഉണര്‍ത്തുന്നുണ്ട്. ‘വിട്ടുവീഴ്ച കാണിക്കുക. നല്ല്തു കല്‍പിക്കുക.’ (7: 199) പൂര്‍വമതങ്ങളിലെ സച്ചരിതരുടെ ഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നത് കാണുക. ‘തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു.’

പ്രവാചകനോട് നിര്‍ദേശിച്ച അതേകാര്യങ്ങള്‍ മുഴുവന്‍ ഇസ്‌ലാമിക സമൂഹത്തോടും ചെയ്യാന്‍ ആവശ്യപ്പെടുന്നത് കാണുക. ‘നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍.’ (3:104) കപടവിശ്വാസികളും സത്യവിശ്വാസികളും തമ്മിലുള്ള പ്രധാന വ്യത്യാസം വിശ്വാസികള്‍ നന്മകള്‍ ചെയ്യുന്നതിലും അത് വ്യാപിപ്പിക്കുന്നതിലും ശ്രദ്ധിക്കുമെന്നതാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം രക്ഷാകര്‍ത്താക്കളാകുന്നു. അവര്‍ പരസ്പരം നന്മ കല്‍പിക്കുന്നു തിന്മ വിരോധിക്കുന്നു…. കപടവിശ്വാസികളും കപടവിശ്വാസിനികളും പരസ്പരം കൈകാര്യകര്‍ത്താക്കളാണ്. അവര്‍ തിന്മകൊണ്ട് പരസ്പരം ഉപദേശിക്കുന്നു. നന്മ വിരോധിക്കുന്നു.’ (9:67,71) ഇതിനെല്ലാം പുറമേ ലോകത്തിന് മുഴുവന്‍ നന്മ ഉപദേശിക്കാനും പ്രചരിപ്പിക്കാനും വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമസമുദായമാണ് മുസ്‌ലിങ്ങളെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ‘നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. പരസ്പരം നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍.’ (3:110)

മുകളില്‍ വിവരിച്ചപോലെ ഇസ്‌ലാമിക പ്രമാണങ്ങളെല്ലാം നല്ലവാക്കുകള്‍ പറയുന്നതിനും നന്മപ്രചരിപ്പിക്കുന്നതിനും വലിയ പ്രോത്സാഹനമാണ് നല്‍കിയിരിക്കുന്നത്. ‘മഅ്‌റൂഫ്’ എന്നാണ് ഖുര്‍ആന്‍ നന്മയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദം. പ്രസിദ്ധ പണ്ഡിതനായ റാഗിബ് അല്‍ഇസ്ഫഹാനി ഈ വാക്യത്തിന്റെ അര്‍ഥം വിശദീകരിക്കുന്നത് കാണുക: ‘ബുദ്ധികൊണ്ടോ ദൈവികവിധികൊണ്ടോ നല്ലതാണെന്ന് അറിയപ്പെട്ട കാര്യങ്ങളാണ് മഅ്‌റൂഫ്.’ ഇബ്‌നു മന്‍ളൂര്‍ തന്റെ നിഘണ്ടുവില്‍ പറയുന്നു: ‘അല്ലാഹുവിന്റെ അനുസരണത്തിലും സമീപ്യം നേടലിലും ഉള്‍പെട്ട എല്ലാകാര്യങ്ങളുമാണ് മഅ്‌റൂഫ്. ജനങ്ങള്‍ക്ക് നന്മചെയ്യലും ഇതില്‍പെട്ടതാണ്. ഇവ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ട കാര്യമാണ്. ജനങ്ങള്‍ കണ്ടാല്‍ അവര്‍ക്കത് അപരിചിതമായി തോന്നില്ല. മുന്‍കര്‍ എന്നാല്‍ ജനങ്ങള്‍ക്ക് സുപരിചിതമല്ലാത്ത കാര്യങ്ങളാണ്.’

മഅ്‌റൂഫിന്റെ ഇനങ്ങള്‍

നന്മയുടെ വാതിലുകള്‍ വിശാലവും വൈവിധ്യവുമാണ്. നല്ല വാക്കുകള്‍, പുഞ്ചിരി, സഹായങ്ങള്‍, സഹകരണങ്ങള്‍, അതിഥിയെ സല്‍കരിക്കല്‍ ഇവയെല്ലാം നന്മകളാണ്. ഇവയെല്ലാം ധര്‍മമാണ്. പ്രവാചകന്‍ പറഞ്ഞു: ‘നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കല്‍ നിനക്ക് ധര്‍മമാണ്. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. ഒരാള്‍ ക്ക് വഴികാണിച്ചുകൊടുക്കലും ധര്‍മമാണ്. കണ്ണുകാണാത്തവനെ സഹായിക്കലും ധര്‍മമാണ്. വഴിയില്‍ നിന്ന് കല്ലോ മുള്ളോ മറ്റ് ഉപദ്രവങ്ങളോ മാറ്റുന്നതും ധര്‍മമാണ്. നിന്റെ സഹോദരന്റെ പാത്രത്തില്‍ വെള്ളമൊഴിച്ചുകൊടുക്കുന്നതും ധര്‍മമാണ്.’

ജനങ്ങള്‍ അടുത്തകാലം വരെ ഇത്തരം ചെറിയചെറിയ കാര്യങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയിരുന്നു. അവര്‍ ഇത്തരം നന്മകളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍ അവര്‍ മത്സരിച്ചിരുന്നു. പരസ്പരം ഉപദേശിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. നന്മയും നല്ലപ്രവര്‍ത്തികളും സഹായസഹകരണങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. തിന്മകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു. തനിക്ക് ലാഭമില്ലാത്ത ഒരുകാര്യവും ചെയ്യാന്‍ ഇന്ന് മനുഷ്യന്‍ സന്നദ്ധനല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ സമയനഷ്ടമായാണ് അവര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ പ്രതിഫലം ആഗ്രഹിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പദവിയും പ്രതിഫലവും വര്‍ദ്ധിക്കാനേ കാരണമാകൂ. മറ്റുള്ളവരാല്‍ സഹായിക്കപ്പെടുവാനും ഇത് കാരണമാകും. അതുകൊണ്ടാണ് ‘എല്ലാ നന്മകളും ധര്‍മമാണ്’ എന്ന് പ്രവാചകന്‍ പറഞ്ഞത്. ഇത്തരം ഓരോ നന്മക്കും പത്തിരട്ടിയോ അതിലധികമോ പ്രതിഫലം ലഭിക്കും. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് അതിരറ്റ പ്രതിഫലങ്ങള്‍ നല്‍കുന്നു.

ചില നല്ലപ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവും അവന്റെ ദൂതനും വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുകയും അവയെ മഅ്‌റൂഫില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ പറയുന്നു: ‘ആര്‍ തന്റെ സഹോദരന്റെ ആവശ്യം നിര്‍വഹിക്കുന്നുവോ അല്ലാഹു അവന്റെ ആവശ്യങ്ങളും നിര്‍വഹിക്കും. ആര്‍ തന്റെ സഹോദരന്റെ ഒരു പ്രയാസം ദുരീകരിക്കുന്നുവോ അല്ലാഹു അന്ത്യദിനത്തില്‍ അവന്റെ പ്രയാസം ദുരീകരിക്കും.’ മറ്റൊരിക്കല്‍ പറഞ്ഞു: ഒരാള്‍ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. അവിടെ ഒരു മുള്ളിന്റെ കമ്പ് അവന്‍ കണ്ടു. അവനത് മാറ്റിയിട്ടു. അല്ലാഹു അതിനവന് പ്രതിഫലം നല്‍കി. അവന് പൊറുത്തുകൊടുത്തു.

ഇത്തരം മഅ്‌റൂഫുകള്‍ക്ക് അല്ലാഹു പരലോകത്ത് നല്‍കുന്ന പ്രതിഫലം അതിരറ്റതാണ്. അവക്ക് പുറമേ ഇഹലോകത്തും അത് ചെയ്യുന്ന ആള്‍ക്ക് വലിയ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാക്കിക്കൊടുക്കും. ഇപ്രകാരം ഇഹലോകത്തിലെ നേട്ടങ്ങളെകുറിച്ചും പ്രവാചകന്‍ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: ‘നന്മചെയ്യുന്നവന്‍ പെട്ടെന്നുള്ള ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടും.’ നന്മയും സഹായ-സഹകരണവും ജീവിതരീതിയാക്കി മാറ്റിയ ഏതൊരാളെയും ആളുകള്‍ക്ക് എപ്പോഴും ആവശ്യമുണ്ടാവും. അപ്രകാരം അവര്‍ക്ക് വല്ല പ്രയാസങ്ങളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ അത് പരിഹരിക്കാനും അവരെ സഹായിക്കാനും മുന്‍കാലങ്ങളില്‍ അവരുടെ സഹായം അനുഭവിച്ച എല്ലാവരും മുന്നോട്ടുവരും. അപ്രകാരം അവരുടെ നന്മ അവര്‍ക്ക് ഇഹത്തിലും പരത്തിലും ഉപകാരമായിത്തീരും.

നന്മകള്‍ ചെയ്യുന്നതിലൂടെ മാത്രമല്ല തിന്മകള്‍ തടഞ്ഞു നിര്‍ത്തുന്നതിലും വലിയ പ്രതിഫലമുണ്ട്. പ്രവാചകന്റെ ധാരാളം വാക്യങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ ഒരാളുടെ കഥ പറഞ്ഞു: ഒരാള്‍ തന്റെ കൂട്ടുകാരോട് പറഞ്ഞു: ഞാന്‍ ഇന്ന് രാത്രി ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അയാള്‍ പുറത്തിറങ്ങി അത് ഒരു വേശ്യക്ക് കൊടുത്തു. അപ്പോള്‍ ആളുകള്‍ വേശ്യക്ക് ദാനം നല്‍കുകയോ എന്ന് അല്‍ഭുതപ്പെട്ടു. അടുത്ത ദിവസം അയാള്‍ ഇത് ആവര്‍ത്തിച്ചു. വഴിയില്‍ കണ്ട ധനികനാണ് അയാള്‍ അന്ന് പണം കൊടുത്തത്. ധനികന് ദാനം നല്‍കുകയോ ആളുകള്‍ ചോദിച്ചു. അടുത്ത ദിവസം അയാള്‍ ഒരു കള്ളനാണ് ധര്‍മം നല്‍കിയത്. ആളുകള്‍ അവസാനം അയാളോട് ചോദിച്ചു: നിങ്ങളുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുമോ? അയാള്‍ പറഞ്ഞു:  എനിക്ക് ഇരട്ടി പ്രതിഫലമുണ്ട്. എന്റെ ദാനം വേശ്യയെ പരിശുദ്ധയാകാന്‍ പ്രേരിപ്പിച്ചിരിക്കാം, ധനികനെ ചെലവഴിക്കാന്‍ പ്രേരിപ്പിച്ചിരിക്കാം, കള്ളനെ നന്നാവാന്‍ പ്രേരിപ്പിച്ചിരിക്കാം. ഇതെല്ലാം എനിക്ക് ധര്‍മ(സ്വദഖ)മാണ്.

മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘എല്ലാ മുസ്‌ലിങ്ങള്‍ക്കും ധര്‍മം നല്‍കല്‍ നിര്‍ബന്ധമാണ്.’ അപ്പോള്‍ അനുയായികള്‍ ചോദിച്ചു: ‘ഒരാള്‍ക്ക് വരുമാനമില്ലെങ്കിലോ?’ അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘അവന്‍ ഒരു തിന്മ തടയട്ടെ അത് അവന് ധര്‍മമാണ്.’

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles