Current Date

Search
Close this search box.
Search
Close this search box.

നന്നാവാന്‍ ആഗ്രഹമുണ്ട്, പക്ഷേ..

camel.jpg

പലപ്പോഴും മനുഷ്യന്‍ സത്യം മനസ്സിലാക്കുകയും അതിനെ പിന്തുടരാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഐഹിക ആസ്വാദനം അവനെ പ്രലോഭിപ്പിക്കുന്നു. അങ്ങനെ അവന്‍ തന്റെ തെറ്റില്‍ തന്നെ നിലകൊള്ളുന്നു. ഇത്തരത്തില്‍ പ്രലോഭനം നല്‍കുന്നത് അവന്റെ ജോലിയായിരിക്കാം, സമ്പത്തായിരിക്കാം, അല്ലെങ്കില്‍ അഭിമാനമോ കൂട്ടുകെട്ടോ ആയിരിക്കും. അപ്പോഴെല്ലാം അവക്ക് വേണ്ടി അവന്‍ തന്റെ ദീനില്‍ നിന്ന് വ്യതിചലിക്കുന്നു. പരലോകത്തേക്കാള്‍ ഇഹലോകത്തിന് അവന്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു.

വൃദ്ധനും കവിയുമായ അഅ്ശ ബിന്‍ ഖൈസ് നബി തിരുമേനിയെ(സ) കണ്ടുമുട്ടണമെന്ന ആഗ്രഹത്തോടെ നജ്ദിലെ യമാമയില്‍ നിന്നും പുറപ്പെട്ടു. ഇസ്‌ലാം സ്വീകരിക്കാനുള്ള താല്‍പര്യത്തോടെയാണ് അദ്ദേഹം പുറപ്പെട്ടിരിക്കുന്നത്. പ്രവാചകനെ കണ്ടുമുട്ടണമെന്ന തീവ്രമായ മോഹമാണ് യാത്രയിലുടനീളം മനസ്സില്‍. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ടദ്ദേഹം മരുഭൂമികളും സമതലങ്ങളും മുറിച്ചു കടന്നു കൊണ്ടിരുന്നു. വിഗ്രഹാരാധനയെല്ലാം വെടിഞ്ഞ് ഇസ്‌ലാം സ്വീകരിക്കണമെന്നതാണ് ഉദ്ദേശ്യം.

മദീനക്ക് അടുത്തെത്തിയപ്പോള്‍ കുറച്ച് മുശ്‌രികുകള്‍ അദ്ദേഹത്തെ അഭിമുഖീകരിച്ചു. അവര്‍ യാത്രയുടെ ഉദ്ദേശ്യത്തെ കുറിച്ച് ചോദിച്ചു. പ്രവാചകനെ(സ) കാണണം, ഇസ്‌ലാം സ്വീകരിക്കണം അതിനാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കവി കൂടി ഇസ്‌ലാം സ്വീകരിക്കുന്നത് അവര്‍ ഭയപ്പെട്ടു. കവിയായ ഹസ്സാന്‍ ബിന്‍ ഥാബിതിന്റെ ഇസ്‌ലാം സ്വീകരണം തന്നെ നബി(സ) വലിയ കരുത്ത് പകര്‍ന്നിരിക്കുന്നു. ഇനി പ്രമുഖ കവിയായ അഅ്ശ കൂടി ഇസ്‌ലാം സ്വീകരിക്കുന്നത് അവര്‍ക്ക് ആലോചിക്കാന്‍ കഴിഞ്ഞില്ല.

അവര്‍ പറഞ്ഞു: അല്ലയോ അഅ്ശാ, നിന്റെയും നിന്റെ പൂര്‍വപിതാക്കളുടെയും മതമാണ് നിനക്ക് നല്ലത്.
അദ്ദേഹം പറഞ്ഞു: അങ്ങനെയല്ല, അദ്ദേഹത്തിന്റെ ദീനാണ് നല്ലതും നേരായതും.
അവര്‍ പരസ്പരം നോക്കി, എങ്ങനെ അദ്ദേഹത്തെ പിന്തിരിപ്പിക്കും എന്നവര്‍ കൂടിയാലോചിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: അഅ്ശാ… അദ്ദേഹം വ്യഭിചാരം നിഷിദ്ധമാക്കുന്നു.
അഅ്ശ പറഞ്ഞു: എനിക്ക് പ്രായമേറെയായിരിക്കുന്നു.. എനിക്കതിന്റെ ആവശ്യമില്ല.
അവര്‍ പറഞ്ഞു: അദ്ദേഹം മദ്യം വിലക്കുന്നു.
അദ്ദേഹം പറഞ്ഞു: അത് ബുദ്ധിയെ നശിപ്പിക്കുന്നു… പുരുഷന് നിന്ദ്യതയാണത്, എനിക്കത് ആവശ്യമില്ല.
അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ അവര്‍ പറഞ്ഞു: ഇസ്‌ലാം ഉപേക്ഷിച്ച് നീ നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ നൂറ് ഒട്ടകങ്ങളെ താങ്കള്‍ക്ക് നല്‍കാം.
ഇത് കേട്ട അദ്ദേഹം സമ്പത്തിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വലിയ വാഗ്ദാനമാണ് അവര്‍ മുന്നില്‍ വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബുദ്ധി പിശാചിന്റെ നിയന്ത്രണത്തിലായി. അദ്ദേഹം പറഞ്ഞു: സമ്പത്താണെങ്കില്‍ ശരി, ഞാന്‍ അംഗീകരിക്കുന്നു. അവര്‍ നൂറ് ഒട്ടകങ്ങളെ അദ്ദേഹത്തിന് കൈമാറി.

തന്റെ നാട്ടിലേക്ക് നിഷേധിയായി അദ്ദേഹം മടങ്ങി. മുമ്പില്‍ നടന്ന ഒട്ടകങ്ങള്‍ അദ്ദേഹത്തെ നയിച്ചു, വളരെ സന്തോഷത്തോടെ അവക്ക് പിന്നില്‍ നടന്നു. കവിതക്കും പ്രശസ്തിക്കും ഒപ്പം ഐശ്വര്യം കൂടി കൈവന്നിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന് പതിസ്ഥലമുണ്ടെന്നത് അവന്‍ മറന്നു. ഇഹലോകത്തിന് വേണ്ടി എങ്ങനെ അവനെ ധിക്കരിക്കും? ആകാശ ലോകങ്ങളുടെ ഖജനാവുകളെല്ലാം അവന്റെ പക്കലല്ലയോ… വീടെത്താറായപ്പോള്‍ ഒട്ടകപുറത്തു നിന്നും അദ്ദേഹം വീണു. വീഴ്ച്ചയില്‍ പിരടി പൊട്ടി ഇഹത്തിലും പരത്തിലും മഹാനഷ്ടകാരിയായി മരണപ്പെടുകയും ചെയ്തു. അതിനേക്കാള്‍ വലിയ മറ്റെന്ത് നഷ്ടമാണുള്ളത്!

മൊഴിമാറ്റം : നസീഫ്

Related Articles