Current Date

Search
Close this search box.
Search
Close this search box.

നന്ദി വാക്ക് പറയാന്‍ എന്താണിത്ര ബുദ്ധിമുട്ട്?

thankyou.jpg

നന്ദി പറയുക അഥവാ കൃതജ്ഞത രേഖപ്പെടുത്തുക എന്നത് ഒരു ഉത്കൃഷ്ട ഗുണവും ഒരു സവിശേഷ വികാരവുമാണ്. നല്‍കപ്പെട്ട കാര്യത്തിനോടുള്ള സംതൃപ്തിയാണ് ഒരാള്‍ അതിലൂടെ പ്രകടിപ്പിക്കുന്നത്. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള സംസാരം എന്ന് അതിനെ പറയാം. ദാതാവിന്റെ ഉദാരമനസ്സിനോടുള്ള നന്ദി പ്രകാശനമാണത്. അത് ദൈവത്തോടാകുമ്പോള്‍ അതിന്റെ മഹത്വം പതിന്മടങ്ങ് വര്‍ധിക്കും.

പക്ഷെ, എന്തുകൊണ്ടാണ് നന്ദി രേഖപ്പെടുത്തുക എന്നത് ഇത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയത്? അതെ, ഒരുപാട് പേര്‍ അതിനെ വളരെ ബുദ്ധിമുട്ടോടെയാണ് കാണുന്നത്. എന്തുകൊണ്ട്?

നന്ദി പറയുന്നത് ഒരു കുറച്ചിലായിട്ടാണ് ചില ആളുകള്‍ കണക്കാക്കുന്നത്; അതുകൊണ്ടും അവര്‍ എല്ലായ്‌പ്പോഴും ഇങ്ങനെ പറയുന്നതായി നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും:’ഞാനെന്തിനാണ് നന്ദി പറയേണ്ടത്’? അല്ലെങ്കില്‍ ‘അതിന്റെ ആവശ്യമുണ്ടോ’?

രണ്ടാമത് പറഞ്ഞ വാചകമാണ് കുടുംബബന്ധുക്കള്‍ക്കിടയില്‍ സര്‍വ്വസാധാരണമായി പറയപ്പെടാറുള്ളത്. അവിടെ ബന്ധങ്ങളാണ് നന്ദി എന്ന വികാരത്തെ തുറന്ന് പ്രകടിപ്പിക്കുന്നതിനെ ഇല്ലാതാക്കുന്നത്. ദമ്പതിമാര്‍ക്കും, സഹോദരീ സഹോദരിമാര്‍ക്കും ഇടയിലുള്ള ഉദാരഇടപാടുകള്‍ ഗൗനിക്കപ്പെടാതെ കഴിഞ്ഞുപോവുകയാണ് പതിവ്.

‘അത് എന്റെ സഹോദരനാണ്.. അദ്ദേഹം തന്റെ ബാധ്യത നിര്‍വഹിക്കുകയാണെന്ന് മാത്രം’, അല്ലെങ്കില്‍, ‘പിന്നെ നിങ്ങള്‍ എന്താണ് ഭാര്യയില്‍ നിന്നും പ്രതീക്ഷിക്കുന്നത്? അവള്‍ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അത് അവളുടെ ചുമതലകളില്‍ പെട്ടതാണ്’, പറച്ചിലുകള്‍ അങ്ങനെ പോകും.

പക്ഷെ ആരെങ്കിലും ഒരു തവണത്തേക്ക് ‘ബാധ്യത നിര്‍വഹിക്കുന്നതില്‍’ വീഴ്ച്ചയെങ്ങാനും വരുത്തിയാലോ,? ഹും.. അപ്പൊഴേക്കും എല്ലാം തകിടം മറിയും, സകല നിയന്ത്രണങ്ങളും നഷ്ടപ്പെടുന്നത് കാണാം! പിന്നെ നിങ്ങള്‍ ‘അസംതൃപ്തിയുടെയും, വിശ്വാസരാഹിത്യത്തിന്റെയും’ വാക്‌ധോരണികളായിരുന്നും കേള്‍ക്കുക. സ്‌നേഹത്തിലും, ഐക്യത്തിലും കെട്ടിപടുത്ത ബന്ധങ്ങളെ തകര്‍ത്ത് തരിപ്പണമാക്കാന്‍ വിദ്വേഷവും ശത്രുതയും നമ്മുടെ വാതില്‍പടിക്കല്‍ എത്തിയിട്ടുണ്ടാവും. ഇവിടെ ധാര്‍മിക വിചാരവും മതഭക്തിയുമാണ് നമുക്ക് വേണ്ടത്.

കൃതജ്ഞതാ ബോധത്തിന് ധാര്‍മ്മിക ബോധം വളരെ അനിവാര്യമാണ്. ആരെങ്കിലും നിങ്ങള്‍ക്കൊരു സഹായം ചെയ്യുകയും, അതില്‍ നിങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അക്കാര്യത്തെ കുറിച്ച് ഒരുവേള ചിന്തിക്കുക, അത്തരത്തില്‍ ഒരു സഹായഹസ്തം നീട്ടുന്നതിനായി അദ്ദേഹം എന്തൊക്കെ കാര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാവുമെന്നും, തന്റെ വ്യക്തിപരമായ എന്തൊക്കെ കാര്യങ്ങള്‍ അദ്ദേഹം മാറ്റിവെച്ചിട്ടുണ്ടാകുമെന്നും എന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചു നോക്കുക.

സഹായഹസ്തത്തെ വളരെ എളുപ്പമുള്ള ഒന്നായി മനസ്സിലാക്കരുത്, കാരണം അത് എളുപ്പമുള്ള ഒന്നല്ല. അതുകൊണ്ടാണ് പരമകാരുണ്യവാനായ അല്ലാഹു ഖുര്‍ആനില്‍ ഇങ്ങനെ പറഞ്ഞത്: ”സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്നും മുക്തരാക്കപ്പെടുന്നവരാരോ, അവരത്രെ വിജയം വരിക്കുന്നവര്‍.”(അല്‍ഹശ്ര്‍:9)

‘മനസ്സിന്റെ സങ്കുചിതത്വം അഥവാ പിശുക്ക്’ എല്ലാവരെയും വേട്ടയാടുന്ന ഒന്നാണ്, ആ ദുര്‍വികാരത്തില്‍ നിന്നും മോചിതരായവരാണ് വിജയം വരിക്കുക. ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”ആത്മാവും അതിനെ സന്തുലിതമാക്കിയവനുമാണ് സത്യം, എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ് സത്യം, നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം പ്രാപിച്ചു.” (അശ്ശംസ്:7-9)

സമ്പത്ത് കൈവശപ്പെടുത്താനുള്ള ആഗ്രഹം പ്രകൃതിസഹജമാണ്, അതുപോലെ തന്നെ അത് കൈവിട്ട് പോകുന്നതിലുള്ള വിഷമവും.സ്വന്തം സമ്പത്തിനെ കുറിച്ച് ആശങ്കപ്പെടാതെ സഹായങ്ങള്‍ ചെയ്യുന്നതിനെയാണ് ഉദാരമനസ്‌കത എന്ന് പറയുന്നത്. അതുപോലെ തന്നെ ഉദാരമനസ്‌കതയെ ശരിയായ രീതിയില്‍ അറിഞ്ഞ് അംഗീകരിക്കുന്നതിനെയാണ് കൃതജ്ഞത അഥവാ നന്ദി എന്ന് വിളിക്കുക. ജാഗ്രത്തായ ഹൃദയത്തില്‍ നിന്നാണ് അത് വരുന്നത്. സഹായത്തിന്റെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കുകയും, ഉദാരമനസ്‌കത എളുപ്പം സാധിക്കുന്ന ചെറിയ ഒരു കാര്യമല്ലെന്ന വസ്തുത തിരിച്ചറിയുകയും, ദാതാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതിലൂടെ അദ്ദേഹത്തെ കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്ന ബോധ്യവുമുള്ള ഹൃദയത്തില്‍ നിന്നാണ് കൃതജ്ഞതാ ബോധം ഉറവെടുക്കുന്നത്.

കൂടാതെ, നന്ദി പ്രകാശിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് തന്നെ ഒരുപാട് ഗുണങ്ങളുണ്ട്. അത് നിങ്ങളില്‍ സന്തോഷം നിറക്കുന്നു, മനസ്സിനെ കൂടുതല്‍ ശാന്തമാക്കുന്നു. മനശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായ പ്രകാരം, കൃതജ്ഞതാ ബോധവും, നന്ദി പ്രകാശിപ്പിക്കലും ഒരാളെ കൂടുതല്‍ ഹൃദയാലുവും സന്തോഷവാനുമാക്കി മാറ്റും. പരമകാരുണ്യവാനായ ദൈവം തമ്പുരാന്‍ നിങ്ങളുടെ കാര്യത്തില്‍ സന്തോഷവാനാണ്, സംതൃപ്തനാണ് എന്നതിന്റെ ഒരു അടയാളമാണത്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് പോലെ, ”നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍, അതുകാരണം നിങ്ങളുടെ കാര്യത്തില്‍ അവന്‍(അല്ലാഹു) സംതൃപ്തനാവും.” (അസ്സുമര്‍:7)

നന്മ നിറഞ്ഞ ഹൃദയത്തിന് മാത്രമേ ‘നല്‍കുക’എന്നതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കാനും, നന്ദി പ്രകാശനത്തിന്റെ യഥാര്‍ത്ഥ്യമൂല്യം അറിയാനും സാധിക്കുകയുള്ളു എന്ന വസ്തുത ശ്രദ്ധിച്ചാല്‍, ധാര്‍മ്മിക ബോധവും കൃതജ്ഞതാ ബോധവും തമ്മിലുള്ള പരിശുദ്ധമായ ബന്ധം നമുക്ക് കാണാന്‍ സാധിക്കും. ഈ ബന്ധം ഖുര്‍ആനില്‍ ഒരുപാടിടത്ത് അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്: ”അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവിന്‍, അതുവഴി നിങ്ങള്‍ നന്ദിയുള്ളവരായേക്കും.” (ആലു ഇംറാന്‍:123)

ബദര്‍ യുദ്ധത്തില്‍ അല്ലാഹുവിന്റെ സഹായം വന്നെത്തിയതിനെ സംബന്ധിച്ച് വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നതാണ് മുകളിലെ സൂക്തത്തിന്റെ അവതരണപശ്ചാത്തലം. ബദര്‍ യുദ്ധ വേളയില്‍ മുസ്‌ലിംകളേക്കാള്‍ എണ്ണത്തില്‍ വളരെ കൂടുതലായിരുന്നു ശത്രുപക്ഷത്ത് നില്‍ക്കുന്ന ഖുറൈശികളുടെ എണ്ണം. പക്ഷെ, യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. അല്ലാഹുവിന് നന്ദി: ”അതിന് മുമ്പ് ബദറിലും അല്ലാഹു നിങ്ങളെ തുണച്ചിട്ടുണ്ടല്ലോ. അന്ന് നിങ്ങള്‍ വളരെയധികം ദുര്‍ബലരായിരുന്നു.” (ആലു ഇംറാന്‍:123)

മറ്റൊരു സൂക്തത്തില്‍ അല്ലാഹു പറയുന്നു: ”അതുകൊണ്ട് നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, ഞാന്‍ നിങ്ങളെയും സ്മരിക്കാം. എന്നോട് നന്ദി കാണിക്കുക, നന്ദികേട് കാണിക്കാതിരിക്കുക.” (അല്‍ബഖറ:152) അതുപോലെ ഖുര്‍ആനില്‍ ഒരുപാട് ഇടങ്ങളില്‍, നന്ദികേട് കാണിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കുന്നതിന്റെ മറ്റൊരു രൂപമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

സഹായം സ്വീകരിച്ചാല്‍ നന്ദി പറയുന്നതിനും, സഹായങ്ങള്‍ ചെയ്യുന്നതിനും ഇടയില്‍ ദുര്‍വിചാരങ്ങള്‍ കടന്ന് വരാന്‍ നാം ഒരിക്കലും അനുവദിക്കരുത്. അതാണ് യഥാര്‍ത്ഥത്തില്‍ ഇബ്‌ലീസ് ചെയ്തത്. ‘ആദമിന് മുന്നില്‍ ആദരവിന്റെ സുജൂദ്’ ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചപ്പോള്‍, ഇബ്‌ലീസ് തന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ കല്‍പ്പന ധിക്കരിക്കുകയാണ് ചെയ്തത്. കൂടാതെ, ആദമിനെയും അദ്ദേഹത്തിന്റെ സന്താനപരമ്പകളെയും വഴിതെറ്റിച്ച് ‘നന്ദികെട്ട സമൂഹമാക്കി’ മാറ്റുമെന്ന് ഇബ്‌ലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇബ്‌ലീസ് പറഞ്ഞു: ‘എന്നെ നീ വഴിതെറ്റിച്ചവിധം ഈ മനുഷ്യരെ ചതിക്കാന്‍ നിന്റെ സന്മാര്‍ഗത്തില്‍ ഞാന്‍ തക്കംപാര്‍ത്തിരിക്കും.മുന്നില്‍നിന്നും പിന്നില്‍നിന്നും ഇടത്തുനിന്നും വലത്തുനിന്നും, നാനാ ഭാഗത്തുനിന്നും ഞാനവരെ വളയും. അവരിലധികപേരെയും നീ നന്ദിയുള്ളവരായി കാണുകയില്ല.” (അല്‍അഅ്‌റാഫ്:16-17)

ഇത്തരത്തിലുള്ള നന്ദികേടിന്റെയോ, കൃതഘ്‌നതയുടേയോ അഥവാ നന്ദി പ്രകാശിപ്പിക്കാന്‍ മടിച്ച് നില്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ നിങ്ങളില്‍ കണ്ടാല്‍, ഇത് പിശാചില്‍ നിന്നാണെന്ന് മനസ്സിലാക്കുക. ആ ദുര്‍വികാരം ഹൃദയത്തില്‍ നിന്നും ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. കാരണം പിശാചിന് നാം തുറന്ന് കൊടുക്കുന്ന കവാടങ്ങള്‍ ദൈവനിഷേധത്തിലേക്കാണ് നയിക്കുക. അത് നിങ്ങളുടെ ഹൃദയത്തെ ധാര്‍മ്മികബോധമില്ലായ്മയുടെയും, അത്യാസക്തിയുടെയും ഇടമാക്കി മാറ്റും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles