Current Date

Search
Close this search box.
Search
Close this search box.

നന്ദിയുടെ സാക്ഷ്യം

thanks.jpg

നന്ദി ചെയ്യപ്പെടാന്‍ അര്‍ഹമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് അര്‍ഹമായ പരിഗണന നല്‍കുകയെന്നത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രോത്സാഹനവും പ്രേരണയുമാണ്. മറ്റുള്ളവരുടെ നന്മകള്‍ എടുത്തു പറഞ്ഞ് സ്തുതിക്കുന്നതോടെ അവന് നന്മയില്‍ കൂടുതല്‍ മുന്നേറാന്‍ സഹായകമാകുന്നു. മറ്റുള്ളവരെ നന്മകളും സല്‍കര്‍മങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ നന്ദി പറയുന്നവന് രണ്ട് തരത്തിലുള്ള പ്രതിഫലങ്ങളാണുള്ളത്. ഒന്ന്, നന്മചെയ്തവന് നന്ദി പറയുകയെന്നതിനുള്ള പ്രതിഫലം. രണ്ട്, മറ്റുള്ളവരെ നന്മയില്‍ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതിനും അതുവഴി അവന്റെ നന്മയുടെ പങ്കും ലഭിക്കും.
നന്ദിപറയുകയെന്നതിന് ഇത്രയും ഫലങ്ങളുള്ളതുകൊണ്ടാണ് പ്രവാചകന്‍ ഇപ്രകാരം പറഞ്ഞത്: ‘ആര്‍ ജനങ്ങളോട് നന്ദികാണിക്കുന്നില്ലയോ അവനോട് അല്ലാഹുവും നന്ദികാണിക്കുകയില്ല.’
പ്രശസ്തനായ ഒരു പ്രബോധന പ്രവര്‍ത്തകന്റെ വാക്കുകളും നാം ഓര്‍ക്കേണ്ടതാണ്: ‘ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ അവരോട് നന്ദി കാണിക്കുകയെന്ന ശീലം ഞാന്‍ പ്രാവര്‍ത്തികമാക്കി. അതിന്റെ ഫലം വളരെ ക്രിയാത്മകവും ആളുകളുടെ നിശ്ചയദാര്‍ഢ്യം വര്‍ദ്ധിപ്പിക്കുന്നതിലും മനോധൈര്യം ശക്തിപ്പെടുത്തുന്നതിലും അത് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കി.’
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നന്ദി പ്രകടിപ്പിക്കുന്നത് ധാരാളം ക്രിയാത്മകമായ സ്വാധീനങ്ങള്‍ പരിസരങ്ങളിലുണ്ടാക്കും. അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നന്മ മാത്രമേ ഉണ്ടാക്കുകയുള്ളൂ. അതുകൊണ്ടുതന്നെ യുക്തിജ്ഞാനികള്‍ നന്ദി പ്രകടനത്തെ കുറിച്ച പറയുന്ന വാക്ക് ‘ഇരട്ടി ലാഭമുള്ള കച്ചവടമെന്നാണ്’.
ഒരു സ്ഥാപനത്തിന്റെ മേലധികാരി തന്റെ കീഴുദ്ധ്യോഗസ്ഥന്‍ ചെയ്യുന്ന ഒരു നല്ലകാര്യത്തിന് നന്ദി പറയുകയാണെങ്കില്‍ അത് അവനെ അത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ അധികരിപ്പിക്കാന്‍ പ്രേരിപ്പിക്കും. അതുപോലെതന്നെ മറ്റുള്ള തെഴിലാളികളും ഇത്തരം നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തി മേലധികാരിയുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കും.
ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരാള്‍ അയാളുടെ മക്കളോട് നന്ദി കാണിക്കുകയാണെങ്കില്‍ അത് അവരെ കൂടുതല്‍ നന്മകള്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. അതിലൂടെ മക്കളെ കൂടുതല്‍ കൂടുതല്‍ നന്മയിലേക്ക് വളരാന്‍ സഹായിക്കാനുമാകും.
ഒരു ഭര്‍ത്താവ്, അയാള്‍ക്കോ കുടുംബത്തിനോ മക്കള്‍ക്കോ ചെയ്യുന്ന ഒരു ഉപകാരത്തിന് ഭാര്യയോട് നന്ദി പറയുന്നത് ഭാര്യയെ കൂടുതല്‍ ഉപകാരങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്‌നേഹവും പ്രണയവും വര്‍ദ്ധിക്കാനും ജീവിതം കൂടുതല്‍ സന്തോഷകരവും നിര്‍മാണാത്മകവുമാകാന്‍ അത് സഹായിക്കും.
ഇനി ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന സമ്മാനത്തിന്റെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നന്മയുടെയോ പേരില്‍ ഭാര്യ നന്ദി കാണിക്കുകയാണെങ്കില്‍ അത് ജീവിതത്തില്‍ നല്ല ഫലമാണുണ്ടാക്കുക. ഭര്‍ത്താവിനെ കൂടുതല്‍ നന്മകളില്‍ വ്യാപൃതനാകാനും ഭാര്യയുടെ ഈ പെരുമാറ്റം കാരണമാകും.
അധ്യാപകന്‍ തന്റെ ശിഷ്യന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും അവനോട് നന്ദി അറിയിക്കുന്നത് അവനെ കൂടുതല്‍ നല്ലകാര്യങ്ങള്‍ ചെയ്യാനും പഠനത്തില്‍ കൂടുതല്‍ മുന്നേറാനും സഹായിക്കും. ശിഷ്യന്റെ മടിയും ക്ഷീണവും അത് ഇല്ലാതാക്കും.
എന്നാല്‍ നന്ദിയെന്ന ഗുണത്തിന്റെ നേര്‍ വിപരീതമാണ് അവഗണനയും നിഷേധവും എന്നത്. ഇത്തിരം ഗുണങ്ങളുള്ളവരുടെ സഹവാസം ദുസ്സ്വഭാവം മാത്രമേ തലമുറകളില്‍ വളര്‍ത്തുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രവാചകന്‍ ഏറ്റവും പ്രോത്സാഹിപ്പിച്ച കാര്യമാണ് ഗുണകാംക്ഷയോടെയുള്ള നന്ദി പ്രകടനം.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles