Current Date

Search
Close this search box.
Search
Close this search box.

നന്ദികേട് കൊണ്ട് പ്രത്യുപകാരം ചെയ്യുന്നവര്‍

old-woman.jpg

കഴിഞ്ഞ കാലത്തെകുറിച്ച് ഞാന്‍ പലപ്പോഴായി ഓര്‍ക്കാറുണ്ട്. സഹോദരങ്ങളെല്ലാം ചെറുതായിരുന്ന അക്കാലത്തെ ഉമ്മയുടെ രൂപം നേര്‍ചിത്രമെന്നോണം ഇപ്പോഴും മനസ്സില്‍ തെളിയുന്നു. അവരെ സംസാരിക്കാനും, കൈപിടിച്ച് നടക്കാനും പഠിപ്പിക്കുന്നതുമെല്ലാം ഓര്‍മയില്‍ വരുന്നു. എത്രയെത്ര രാവുകളാണ് ഞങ്ങള്‍ക്ക് വേണ്ടി അവര്‍ ഉറക്കമിളച്ചത്. ഞങ്ങള്‍ക്ക് രോഗം വരുമ്പോള്‍ സൗഖ്യത്തിന് വേണ്ടി പ്രതീക്ഷയോടെ അല്ലാഹുവിലേക്കുയര്‍ത്തിയ ആ കൈകള്‍ ഞാന്‍ കാണുന്നു. അവരുടെ പെരുമാറ്റമാണ് സല്‍ഗുണങ്ങള്‍ ഞങ്ങളെ പഠഇപ്പിച്ചത്. വിരലനക്കങ്ങളിലൂടെ മര്യാദകളും. അവര്‍ ഞങ്ങള്‍ക്ക് നിരന്തരം ഫലങ്ങള്‍ തന്നുകൊണ്ടേയിരിക്കുന്ന ഫലഭൂയിഷ്ടമായ ഭൂമിയെ പോലെയാണ്. എന്നാല്‍ ഞങ്ങളുടെ സേവനങ്ങളെപ്പറ്റി അവര്‍ക്കാവലാതിയുമില്ല. ഞങ്ങള്‍ക്ക് വേണ്ടിചെലവഴിച്ചതവര്‍ കാര്യമാക്കുന്നുമില്ല.

ഞങ്ങളേറ്റവും സന്തുഷ്ടരാകണമെന്ന ഉദ്ദേശ്യത്തോടെ ഞങ്ങള്‍ക്ക് വേണ്ടി സ്വന്തത്തെപോലും മറന്ന് ത്യാഗം സഹിച്ച എന്റെ പിതാവ്, ജീവിതത്തിന്റെ അവസാന നിമിഷം വരെയും ഉപദേശകനായും, അധ്യാപകനായും, നേതാവായുമൊക്കെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ചുറ്റുമുള്ളവര്‍ക്ക് വെളിച്ചമേകി സ്വയം കത്തിയെരിയുന്ന മെഴുകുതിരിയെപ്പോലെയാണ് ഓരോ മാതാവും പിതാവും ത്യാഗങ്ങള്‍ സഹിക്കുന്നത്. നന്മക്ക് നന്മയല്ലാതെ മറ്റെന്താണ് പകരമായിട്ടുള്ളത്? മാതാപിതാക്കളുടെ ത്യാഗത്തിനും സമര്‍പ്പണത്തിനുമെല്ലാം നന്ദിക്കേട് കാണിക്കുന്ന ചില മക്കളെങ്കിലുമുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. നല്ല പെരുമാറ്റത്തിന് പകരം മോശമായി പെരുമാറുകയും, അവരോടുള്ള ഔദാര്യത്തില്‍ പിശുക്ക് കാണിക്കുകയും ചെയ്യുന്നു. ഇവിടെ പിശുക്ക് കൊണ്ടര്‍ത്ഥമാക്കുന്നത് ഭൗതികാര്‍ത്ഥത്തിലല്ല, മറിച്ച് വൈകാരികവും അവരോടുള്ള വാല്‍സല്യത്തിലും സേവനങ്ങളിലും വരെ പിശുക്ക് കാണിക്കുക എന്നതാണ്.

തങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ളപ്പോള്‍ മാത്രം മാതാപിതാക്കളെ സ്‌നേഹിക്കുന്നവരായിട്ടുള്ള ചില മക്കളുണ്ട്. ഭൗതികമായ സഹായങ്ങളോ, കടമോ നേടിയെടുക്കുന്നതിന് വേണ്ടി മാത്രം സ്‌നേഹം പ്രകടിപ്പിക്കുന്നവരാണവര്‍. അതേസമയം, ഈ മകന്‍ തന്റെ ഭാര്യയുടെ തൃപ്തിക്ക് വേണ്ടിയും, വീട്ടിലെ സൈ്വര്യത്തിന് വേണ്ടിയും പണം മുടക്കി ഉമ്മയെ വൃദ്ധസദനത്തിലാക്കുന്നു. തന്മൂലം സനേഹവും വാല്‍സല്യവും ആവശ്യമായ സമയത്ത് അതവര്‍ക്ക് കിട്ടാതെ പോവുന്നു. ഒടുവില്‍, തന്നെ കാണാന്‍ കൊതിക്കുന്ന ഉമ്മയും ഉപ്പയുമുണ്ടെന്ന കാര്യം ഓര്‍ക്കാതെ ഭാര്യയെയും മക്കളെയും കൂട്ടി മറ്റൊരു നാട്ടില്‍ താമസിക്കുന്നു. അവര്‍ക്കയച്ചുകൊടുക്കുന്ന പണമൊന്നും അവരെ തൃപ്തിപ്പെടുത്തുന്നുമില്ല, അതവര്‍ക്കൊട്ടും ഉപകാരവുമില്ല.

വദ്ധസദനത്തിലെ അന്തേവാസികളില്‍ ദുഖത്താല്‍ ചുക്കിച്ചുളിഞ്ഞ മുഖങ്ങളും, നരച്ച നെറ്റിത്തടങ്ങളും വളഞ്ഞുപോയ മുതുകുമാണ് കാണുക. ഒരു കാലത്ത് നിവര്‍ന്നു നിന്നവയായിരുന്നു അവ. ഈറനണിഞ്ഞ കണ്ണുകളും, മക്കളെപ്പോറ്റി കഴിഞ്ഞുപോയ ആയുസ്സിനെ കുറിച്ചുള്ള ഖേദവും കാണാം. വൃദ്ധസദനം മാതാപിതാക്കള്‍ക്കൊരു പരിഹാരവും, നല്ലൊരു അഭയകേന്ദ്രവും, സംരക്ഷണവുമാണെന്ന് ഈ മക്കള്‍ കരുതുന്നു. അതോടെ സ്‌നേഹത്തോടെയുള്ള ആശ്ലേഷണവും, വാത്സല്യത്തോടെയുള്ള നോട്ടവും, നിഷ്‌കളങ്കമായ ചിരിയുമെല്ലാം അവര്‍ക്ക് കിട്ടാതെപോവുന്നു. അവര്‍ ദുര്‍ബലരായിരിക്കുമ്പോള്‍ അവരെ നോക്കാന്‍ സമയമില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാമവരെ നോക്കുക? അവരുടെ ആയുസ്സ് തീരാറാവുകയും, അവര്‍നമുക്ക് അതിഥികളായി തീരുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് നമുക്കവരുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ സാധിക്കുക?

എന്ത്‌കൊണ്ടാണ് നാം അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതും അവരെ സന്ദര്‍ശിക്കുന്നതും നാം മാറ്റിവെക്കുന്നത്? എന്ത് ന്യായത്തിന്റെ പേരിലാണ് അവര്‍ക്കും നമുക്കുമിടയില്‍ തടസ്സങ്ങളും പൊള്ളയായ ന്യായങ്ങളും സ്ഥാപിക്കുന്നത്? ദുഖങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അവരെ ഓര്‍ക്കുന്ന നാം ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമ്പോള്‍ അവരെ മറക്കുന്നതിന്റെ കാരണം എവിടെയാണ്?

അല്ലാഹു അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് കല്‍പ്പിച്ചിരിക്കെ, അവരുടെ കാര്യത്തില്‍, പ്രത്യേകിച്ച് വാര്‍ദ്ധക്യ സമയത്ത് താല്‍പര്യം കാണിക്കുന്നില്ല. അവര്‍ക്ക് പ്രായമായെങ്കിലും അവരെ നമുക്ക് ആവശ്യമുണ്ട്. അവര്‍ സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ വാതിലാണ്. അവരുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയാണ് പലപ്പോഴും കാലഘട്ടത്തിന്റെ വിപത്തുകളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തുന്നത്. പരലോകത്തും അവര്‍ നമുക്ക് രക്ഷയായി മാറും.

എന്നാല്‍ നന്ദികെട്ട മക്കള്‍ അറിയേണ്ടതുണ്ട്, ഇതുപോലെയുള്ള വൃദ്ധസദനങ്ങള്‍ അവരെയും കാത്തിരിക്കുന്നുണ്ട്. കാലം അല്‍പം നീണ്ടാലും അവരുടെ മക്കളും അവരെ ഇതിലേക്ക് തള്ളും. വിതച്ചതല്ലേ കൊയ്യുകയുള്ളൂ. ആര്‍ നന്മ ചെയ്തുവോ അതിന്റെ ഗുണം അവര്‍ക്കുണ്ടാകുമെന്ന് ചുരുക്കം.

വിവ: കെ.സി കരിങ്ങനാട്‌

Related Articles