Current Date

Search
Close this search box.
Search
Close this search box.

നന്ദികേടിനെന്തുണ്ട് ന്യായം?

hospit.jpg

ഒരു കൂട്ടുകാരന്റെ ഉപ്പയെ സന്ദര്‍ശിക്കുന്നതിനായി ഞാന്‍ ആശുപത്രിയില്‍ ചെന്നു. രോഗിക്ക് അറുപത് വയസ്സ് പ്രായമുണ്ട്. രക്തമില്ലാതെ വിളറിയ നിറത്തോടെയാണ് ഞാനയാളെ കണ്ടത്. രോഗം കാരണം കഠിനമായ വേദന അദ്ദേഹത്തിന്റെ ശരീരത്തെ അലട്ടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ രോഗമുക്തിക്ക് വേണ്ടിയും ക്ഷമയും സഹനവും വിശ്വാസവും ലഭിക്കുന്നതിനുമായി ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. പിന്നെ ഞാന്‍ ചോദിച്ചു: ‘എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയോട് കൂടി അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന് സര്‍വസ്തുതിയും, മോനേ.. ഞാന്‍ വലിയ അനുഗ്രഹത്തിലാണ്. അല്ലാഹുവിന് നന്ദികാണിക്കുന്നതിന് എന്നെ സഹായിക്കണമെന്നാണ് ഞാനെപ്പോഴും പ്രാര്‍ത്ഥിക്കുന്നത്. എത്രകാലമായി രോഗം തുടങ്ങിയിട്ടെന്ന് ഞാന്‍ അന്വേഷിച്ചു. ഒരു മാസമായെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരനോട് പിതാവിന്റെ രോഗത്തെ കുറിച്ച് ചോദിച്ചു. അയാള്‍ എണ്ണിപറഞ്ഞ രോഗങ്ങള്‍ കേട്ടപ്പോള്‍ എനിക്കായിരുന്നു അത് ബാധിച്ചിരുന്നെങ്കില്‍ ഒരിക്കലുമത് വഹിക്കാന്‍ എനിക്കാവുമായിരുന്നില്ലെന്ന് ഞാന്‍ ഓര്‍ത്തു.

അവിടെ നിന്നും പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ പറ്റി ഞാന്‍ ചിന്തിച്ചത്. രോഗങ്ങള്‍ ഒന്നൊന്നായി കീഴ്‌പ്പെടുത്തി പ്രയാസങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ആളെ കണ്ടപ്പോള്‍ നന്ദികാണിക്കുന്നതില്‍ ഞാന്‍ വരുത്തുന്ന വീഴച്ചയെ പറ്റി ആലോചിച്ചത്. എന്തൊക്കെ പ്രയാസങ്ങളും വേദനനകളുമുണ്ടായിട്ടും അയാള്‍ നന്ദി കാണിക്കുന്നു. വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. ആശുപത്രികള്‍ സന്ദര്‍ശിച്ച് അതില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളാനുള്ള തീരുമാനം ഞാന്‍ എടുത്തു.
ഞാന്‍ രണ്ടാമത് ഒരു രോഗിയെ കൂടി സന്ദര്‍ശിച്ചു. രോഗത്തിന്റെ പ്രയാസങ്ങള്‍ അദ്ദേഹത്തില്‍ കാണാമായിരുന്നു. രോഗിക്കുവേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിച്ചതിന് ശേഷം ഞാന്‍ ചോദിച്ചു: ‘എന്താണ് നിങ്ങളുടെ പ്രയാസം?’ കുടലിന് വീക്കമായിരുന്നു അയാളുടെ പ്രശ്‌നം. ഓപറേഷന്‍ കൂടാതെ അത് സുഖപ്പെടുത്താനായിരുന്നു ഡോക്ടര്‍മാര്‍ ശ്രമിച്ചരുന്നത്. അയാളുടെ പ്രായം എഴുപത് പിന്നിട്ടിരുന്നു എന്നതും ഓപറേഷന് തടസ്സമാകുന്ന ചില രോഗങ്ങള്‍ ഉണ്ടെന്നതുമായിരുന്നു അതിനു കാരണം. എന്നാലും അവസാനം ഓപറേഷന്‍ ചെയ്യാന്‍ തന്നെ അവര്‍ നിര്‍ബന്ധിതരായി. ചികിത്സയിലെ മറ്റുമാര്‍ഗങ്ങളെല്ലാം പരാജയപ്പെട്ടിടത്ത് അതല്ലാതെ മറ്റുവഴികള്‍ ഒന്നും ഇല്ലായിരുന്നു. മൂന്നാമത് മറ്റൊരു രോഗിയുടെ അടുത്ത് ഞാന്‍ ചെന്നു. അയാളുടെ കൈകാലുകള്‍ മുറിച്ച് മാറ്റപ്പെട്ടിരുന്നു. പ്രാഥമികാവശ്യത്തിനായി അദ്ദേഹത്തെ എടുത്തുകൊണ്ടു പോയരംഗം വളരെ വേദനാജനകമായിരുന്നു. അവിടെ കൂടിയിരുന്ന എല്ലാവരുടെയും സഹായത്തോടെ അയാളെ കസേരയില്‍ ഇരുത്തിയാണതിന് കൊണ്ടുപോയത്. എന്നെ കരയിപ്പിച്ച കാഴ്ചയായിരുന്നു അത്.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ കാണിക്കുന്ന നന്ദിയുടെ കുറവില്‍ ആ കാഴ്ച എന്നെ ലജ്ജിപ്പിച്ചു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വുദുവെടുക്കുന്നതിനും കുളിക്കുന്നതിനും അയാള്‍ സഹിക്കുന്ന പ്രയാസത്തെ കുറിച്ച് ഞാന്‍ ആലോചിച്ചു. എനിക്കനുഗ്രഹമായി ലഭിച്ച ഇരുകൈകളെയും കാലുകളെയും പറ്റി ഞാന്‍ ചിന്തിച്ചു. അവ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് നാം അതിന്റെ വിലയറിയുന്നത്. അല്ലെങ്കില്‍ അത് നഷ്ടപ്പെടുന്നതിനെ കുറിച്ച് നാം ചിന്തിക്കുകയെങ്കിലും വേണം. എന്റെ കൂട്ടുകാരന്‍ ഒരിക്കല്‍ ഒരു രോഗീസന്ദര്‍ശനത്തിന്റെ കഥ എന്നോട് പറഞ്ഞു. ശരീരം അനക്കാന്‍ പോലും കഴിയാതെ തളര്‍വാതം പിടിപെട്ട ഒരു രോഗിയായിരുന്നു അത്. അയാളുടെ തല മാത്രമായിരുന്നു ചലിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ കാഴ്ച അയാളില്‍ അനുകമ്പയും സഹതാപവും ഉണ്ടാക്കി. അയാളോട് ചോദിച്ചു: എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? രോഗി മറുപടി പറഞ്ഞു: എന്റെ പ്രായം അമ്പത് കഴിഞ്ഞിരിക്കുന്നു. എനിക്ക് അഞ്ച് മക്കളുമുണ്ട്. അഞ്ച് വര്‍ഷമായി ഞാന്‍ ഈ കിടത്തത്തില്‍ തന്നെയാണ്. എഴുന്നേറ്റ് നടക്കണമെന്നോ മക്കളെ കാണണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ ജീവിക്കുന്ന സാധാരണ ജീവിതവും ഞാന്‍ മോഹിക്കുന്നില്ല. എന്നാല്‍ ലോകരക്ഷിതാവായ അല്ലാഹുവിന് റുകൂഉം സുജൂദും ചെയ്യാന്‍ എനിക്ക് കഴിയണമെന്ന് കൊതിക്കുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഒരു ഡോക്ടര്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നുണ്ട്. പ്രായം ചെന്ന ഒരാളായിരുന്നു രോഗി. ഹൃദയത്തിന് ഒരു ഓപറേഷന്‍ അദ്ദേഹത്തിന് നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് അതില്‍ നിന്നും രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പലഭാഗങ്ങളിലും രക്തം എത്താതത് കാരണം ബോധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. വായില്‍ കൃത്രിമ ശ്വാസോഛ്വാസത്തിനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ഒരു മകനുണ്ടായിരുന്നു. പിതാവിന്റെ ജോലിയെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. ഒരു പള്ളിയില്‍ ബാങ്ക് വിളിക്കാരന്‍ ആയിരുന്നു പിതാവെന്ന് അദ്ദേഹം മറുപടി നല്‍കി. ഡോക്ടര്‍ രോഗിയുടെ അടുത്ത് ചെന്ന് കയ്യും പിന്നെ തലയും അനക്കാന്‍ ശ്രമിച്ചു. പിന്നെ ഞാന്‍ അയാളോട് സംസാരിച്ചു എനിക്കൊരു മറുപടിയും കിട്ടിയില്ല. വളരെ അപകടകരമായ അവസ്ഥയിലായിരുന്നു അയാള്‍. മകനും അയാളോട് അടുത്ത് സംസാരിച്ചു നോക്കി. അതിനും മറുപടിയൊന്നും ലഭിച്ചില്ല. ഉടനെ മകന്‍ സന്തോഷകരമായ വര്‍ത്തമാനങ്ങള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പറയാന്‍ തുടങ്ങി. പ്രിയ ഉപ്പാ.. ഉമ്മക്കും സഹോദരങ്ങള്‍ക്കുമെല്ലാം സുഖമാണ്, ജേഷ്ഠന്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. മൂത്ത ജേഷ്ഠന്‍ പരീക്ഷയില്‍ വിജയിച്ച് നല്ല മാര്‍ക്ക് വാങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള സന്തോഷകരമായ കാര്യങ്ങള്‍ മകന്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അതൊന്നും അയാളില്‍ ചലനമുണ്ടാക്കിയില്ല. അപ്പോള്‍ ആ മകന്‍ പറഞ്ഞു: പള്ളി നിങ്ങളെ കാത്തിരിക്കുകയാണ് ഉപ്പാ.. നിങ്ങളെ കാണാനത് കൊതിക്കുന്നു. നമസ്‌കാരത്തിനായുള്ള നിങ്ങളുടെ ബാങ്ക് വിളി കാത്തിരിക്കുകയാണ് ആളുകള്‍. അവര്‍ നിങ്ങളെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുന്നു. അവിടെ സ്ഥിരമായി ബാങ്ക് കൊടുക്കാന്‍ മറ്റാരും തന്നെയില്ല. ആ സമയങ്ങളില്‍ ആരാണോ ഉള്ളത് അവര്‍ കൊടുക്കുകയാണ് ചെയ്യാറുള്ളത്. അവരില്‍ പലരും അത് തെറ്റിച്ച് കൊടുക്കുന്നു. നിങ്ങളില്ലാത്ത കുറവ് പള്ളിയിന്നനുഭവിക്കുന്നു. പള്ളിയെയും ബാങ്കിനെയും കുറിച്ച് കേട്ടപ്പോള്‍ ഒരു സെക്കന്റില്‍ ഒമ്പത് തവണമാത്രം മിടിച്ചിരുന്ന അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് ഒറ്റയടിക്ക് പതിനെട്ടായി ഉയര്‍ന്നു. പിന്നീട് മകന്‍ ഈലോക ജീവിതവുമായി ബന്ധപ്പെട്ട സന്തോഷകരമായ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വീണ്ടുമത് ഒമ്പതിലേക്ക് തന്നെ താഴുകയും ചെയ്തു. പിന്നെയും ബാങ്കിനെ കുറിച്ച് പറഞ്ഞപ്പോള്‍ വീണ്ടുമത് 18-ലേക്ക് ഉയരുന്നതും കണ്ടു. ഇത് കണ്ട ഡോക്ടര്‍ അദ്ദേഹത്തിന്റെ ചെവിക്കരികില്‍ ചെന്ന് ബാങ്ക് വിളിച്ചു. ബാങ്കിനനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ഉയരുന്നത് കാണാനദ്ദേഹത്തിന് സാധിച്ചു. ഇത് ശ്രദ്ധിച്ച ഡോക്ടര്‍ പറഞ്ഞു: ഇവരല്ല രോഗി, യഥാര്‍ത്ഥത്തില്‍ നമ്മളാണ് രോഗികകള്‍. ഇവരെ കുറിച്ച് അല്ലാഹു പ്രത്യേകം പറഞ്ഞിട്ടുണ്ട്. ‘ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്‌കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍. അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.’ (അന്നൂര്‍: 36-38)
നമ്മുടെ ശരീരം ആരോഗ്യത്തോടെയാണെങ്കിലും നാം രോഗികളാണ്. രോഗം നമ്മുടെ ഹൃദയങ്ങള്‍ക്കാണ്. അത് സുഖപ്പെടുന്നതിനായി ചികിത്സ അനിവാര്യമാണ്. രോഗങ്ങളില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും നാം രക്ഷപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങള്‍ നമുക്ക് കിട്ടിയിരിക്കുന്നു. എന്നാല്‍ അതിനെ കുറിച്ചൊന്നും നാം ചിന്തിക്കുന്നില്ല. അവയുടെ പേരില്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നുമില്ല എന്നുമാത്രമല്ല, അവ തന്ന നാഥനെ ധിക്കരിച്ചു കൊണ്ടാണ് നാമത് ഉപയോഗപ്പെടുത്തുന്നത്. നാളെ അവന്റെ മുന്നില്‍ നിര്‍ത്തപ്പെടുമെന്നും അനുഗ്രഹങ്ങളെ പറ്റി ചോദ്യം ചെയ്യപ്പെടുമെന്നും നിങ്ങള്‍ ഭയക്കുന്നില്ലേ. നിങ്ങളുടെ ധിക്കാരത്തെയും ധൂര്‍ത്തിനെയും പാപങ്ങളെയും കുറിച്ചന്ന് ചോദ്യം ചെയ്യപ്പെടില്ലേ? ആദ്, സമൂദ് സമൂഹങ്ങളുടെയും ഫിര്‍ഔനിന്റെയും അന്ത്യത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
നിന്റെ പാപങ്ങളെ മുന്‍നിര്‍ത്തി നീ ചിന്തിക്കുക. നിന്റെ കാര്യത്തില്‍ നീ ഒരു വിചിന്തനം നടത്തുകയും പാപങ്ങളും തെറ്റുകളും പിഴുതെറിയാന്‍ തീരുമാനിക്കുകയും ചെയ്യുക. നിനക്കനുഗ്രഹങ്ങള്‍ തന്ന നാഥന് നന്ദിയും അനുസരണവും കാണിക്കുക. അല്ലാഹുവിന്റെ പ്രിയപ്പെട്ട ദൂതന്‍മാരെ നീയതില്‍ മാതൃകയാക്കുക. ഏറ്റവും അധികം പരീക്ഷണങ്ങള്‍ നേരിട്ടവര്‍ അവരായിരുന്നു. എന്നാല്‍ അതോടൊപ്പം ഏറ്റവുമധികം നന്ദികാണിച്ചവരും അവര്‍ തന്നെയായിരുന്നു. പ്രവാചകന്‍മാരുടെ ചരിത്രം വായിക്കുന്ന ഒരാള്‍ക്കത് മനസിലാക്കാന്‍ പ്രയാസമില്ല. അവരില്‍ ശ്രദ്ധേയമായ ചിലരെ പറ്റി ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ‘ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു.’ (അന്നഹ്ല്‍ : 120-121) പ്രവാചകന്‍ സുലൈമാന്‍(അ) നന്ദിയുള്ളവനായിരിക്കണമെന്ന് അതീവ നിര്‍ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു. നന്ദികാണിക്കാന്‍ മറ്റുള്ളവരെയും അദ്ദേഹം ഉപദേശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരപെട്ടതിനെ കുറിച്ച് പറയുമ്പോള്‍ അത് പറയുന്നുണ്ട്. ‘അപ്പോള്‍ വേദവിജ്ഞാനം കൈമുതലായുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: ‘അങ്ങ് കണ്ണുചിമ്മി തുറക്കും മുമ്പായി ഞാനത് ഇവിടെ എത്തിക്കാം.’ അങ്ങനെ അത് തന്റെ അടുത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇത് എന്റെ നാഥന്റെ അനുഗ്രഹം കൊണ്ടാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോയെന്ന് അറിയാന്‍. നന്ദി കാണിക്കുന്നവര്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല്‍ ആരെങ്കിലും നന്ദികേടു കാണിക്കുന്നുവെങ്കില്‍ സംശയംവേണ്ട; എന്റെ നാഥന്‍ അന്യാശ്രയമില്ലാത്തവനാണ്. അത്യുല്‍കൃഷ്ടനും.’ (അന്നംല്: 40)

ഖുര്‍ആന്‍ നൂഹ് നബി(അ)ല്‍ പ്രകടമായിരുന്ന നന്ദിയെന്ന വിശേഷണത്തെ പറ്റി വിവരിക്കുന്നുണ്ട്. ‘നാം നൂഹിനോടൊപ്പം കപ്പലില്‍ കയറ്റിയവരുടെ സന്തതികളാണ് നിങ്ങള്‍. നൂഹ് വളരെ നന്ദിയുള്ള ദാസനായിരുന്നു.’ (അല്‍ഇസ്‌റാഅ്: 3) അല്ലാഹു തന്റെ വിശേഷണമായിട്ടാണ് ഖുര്‍ആനില്‍ നന്ദിയെ കുറിച്ച് പറയുന്നുണ്ട്. ‘സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ മനസ്സിലാക്കട്ടെ: അല്ലാഹു എല്ലാം അറിയുന്നവനും നന്ദിയുള്ളവനുമാണ്.’ (അല്‍ബഖറ: 158) നന്ദിയെയും അനുഗ്രഹങ്ങള്‍ കൂടുതല്‍ കൂടുതലായി ലഭിക്കുന്നതിനെയും അല്ലാഹു പരസ്പരം ബന്ധിച്ചിട്ടുള്ള കാര്യമാണ്. അല്ലാഹു പറയുന്നു: ‘നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.’ (അല്‍ഖമര്‍: 35)
നന്ദി കാണിക്കണമെന്ന് അല്ലാഹു പലയിടങ്ങളിലായി നിര്‍ദ്ദേശിക്കുന്നുണ്ട്. നന്ദിയെന്ന ഗുണത്തെ വളരെ മഹത്തായ ഒന്നായി അല്ലാഹു പരിചയപ്പെടുത്തുകയും അതെടുത്തണിയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഖുര്‍ആനില്‍ പലസ്ഥലങ്ങളിലും നമുക്കത് കാണാന്‍ സാധിക്കും. ‘നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അതുകാരണം നിങ്ങളോടവന്‍ സംതൃപ്തനായിത്തീരും.’ (അസ്സുമര്‍: 7) ബനീഇസ്രായീല്യരോട് അല്ലാഹു പറയുന്നു: ‘പിന്നെ മരണശേഷം നിങ്ങളെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.’ (അല്‍ബഖറ: 56) ഖുര്‍ആനില്‍ വേറെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ട്. നന്ദി കാണിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഖുര്‍ആന്‍ തന്നെ എടുത്തു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നന്ദികേട് കാണിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം അല്ലാതിരിക്കാന്‍ നാം വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നന്ദിയെന്ന ശ്രേഷ്ഠഗുണം നേടുന്നതിനായി പരിശ്രമിക്കുകയും വേണം. നന്ദി കാണിക്കുന്നവരുടെ എണ്ണത്തിലെ പരിമിതിയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘ദാവൂദ് കുടുംബമേ! നിങ്ങള്‍ നന്ദിപൂര്‍വം പ്രവര്‍ത്തിക്കുക. എന്റെ ദാസന്മാരില്‍ നന്ദിയുള്ളവര്‍ വളരെ വിരളമാണ്.’ (സബഅ്: 13) രോഗിയായിരിക്കുമ്പോള്‍ നന്ദിയും തൃപ്തിയും പ്രകടിപ്പിക്കാനാവുകയെന്നത് എത്ര മഹത്തരമായ കാര്യമാണ്. അതയാള്‍ക്ക് സ്വസ്ഥതയും മാനസിക സുഖവും പ്രധാനം ചെയ്യുന്നു. അതിന്റെ അന്തരീക്ഷം ശരീരത്തെ ശക്തിപ്പെടുത്തുകയും രോഗശമനത്തിന് സഹായിക്കുകയും ചെയ്യുന്നു. അതിലേറെ മഹത്തായ ഫലം അല്ലാഹുവിന്റെ പ്രീതിയാണ്. അതിലൂടെയാണ് മനുഷ്യന് ശാന്തമായ ജീവിതം നല്‍കുന്നത്. നന്ദി കാണിച്ചതിനും വിധിയില്‍ തൃപ്തിപ്പെട്ടതിനും പരലോകത്ത് തന്റെ നാഥനില്‍ നിന്നവന് പ്രതിഫലവും ലഭിക്കുന്നു.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles