Current Date

Search
Close this search box.
Search
Close this search box.

ദൈവസഹായത്തെ കുറിച്ച് നിങ്ങള്‍ വിലപിക്കുന്നതെന്തിന്?

pray3.jpg

വരികള്‍ക്കപ്പുറത്ത് വായിക്കാനറിയാത്തവന് മനസ്സിലാകുന്നതല്ല ഈ വാക്കുകള്‍. വാക്കുകളുടെ മൂര്‍ച്ചയിലും വര്‍ണനകളിലും സാഹിത്യ ഭംഗിയിലും അഭിരമിക്കുന്നവര്‍ക്കുമുള്ള എഴുത്തല്ല ഇത്. എന്റെ ഹൃദയത്തിന്റെ ഭാഷയാണിത്. ഞാനെന്റെ പേനകൊണ്ടല്ല ഹൃദയംകൊണ്ടാണ് ഇതെഴുതിയത്. എഴുതാനുപയോഗിച്ചത് മഷിയല്ല, എന്റെ കണ്ണുനീരും രക്തവുമാണ്. സ്ത്രീകളുടെ നിലവിളികളും കുട്ടികളുടെ കരച്ചിലുകളും രക്തസാക്ഷികളുടെ നിണങ്ങളും ആശ്രയമില്ലാത്തവന്റെ രോദനങ്ങളുമാണ് എന്റെ വരികള്‍ക്കിടയിലൂടെ പുറത്തുവരുന്നത്.

എന്റെ സമുദായം തൊണ്ടയിടറി ചോദിച്ചുകൊണ്ടിരിക്കുന്നു… മുസ്‌ലിങ്ങളെവിടെ? എവിടെ ഞങ്ങളുടെ സഹോദരര്‍? നിങ്ങളിതൊന്നും കേള്‍ക്കുന്നില്ലേ? ഞങ്ങള്‍ എന്തൊരു നിന്ദ്യതയിലാണ് കഴിയുന്നത്! പതിത്വമാണ് ഞങ്ങള്‍ക്ക് പാനീയമായി നല്‍കപ്പെടുന്നത്! ഞങ്ങളുടെ വസ്ത്രങ്ങളും ഭക്ഷണവും അടിയറവിന്റെതായിരിക്കുന്നു. എന്റെ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ട് എന്റെ ഉള്ളകം വേദനകൊണ്ട് പുളയുന്നു. അല്ലാഹു പറയുന്ന വിറകൊള്ളുന്ന അവസ്തയിലാണോ നാമെന്ന് ഞാന്‍ സംശയിച്ചു. ‘അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ദൈവ സഹായം എപ്പോഴാണുണ്ടാവുകയെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.’ (2:214)

നാമെന്താണ് പ്രതീക്ഷിക്കുന്നത്! നാം ഓരോരുത്തരും ഒന്നൊന്നായി മരിക്കാനാണോ തീരുമാനിച്ചിരിക്കുന്നത്! മുമ്പിലെ വരിയിലുള്ളവര്‍ കൊലചെയ്യപ്പെടുന്നു. അത് നോക്കി പിന്നിലുള്ളവര്‍ നിഷ്‌ക്രിയരായി നില്‍കുന്നു. ഒന്നാമത്തെ വരികഴിഞ്ഞ് രണ്ടാമത്തെ വരിയും കൊലചെയ്യപ്പെടുന്നു. അത് തുടര്‍ന്ന് എല്ലാവരും നശിക്കുന്ന അവസ്ഥയിലെത്തുന്നു. ഇപ്പോള്‍ എന്റെ ഊഴമാണ്. ഇനി ഞാന്‍ മരിക്കുകയാണ്. ഇപ്രകാരം നിഷ്‌ക്രിയരായി നില്‍ക്കുകയാണോ നാം അക്ഷരാര്‍ഥത്തില്‍ ചെയ്യേണ്ടത്?

ഇതാണ് എന്റെ സമൂഹം. അതിന് എല്ലാ പ്രദേശത്തും മുറിവേറ്റിരിക്കുന്നു. വേദനയും ചോരചിന്തലും അതിന്റെ ഭാഗമാണ്. ഇവിടെ എത്രപേരാണ് പീഢിപ്പിക്കപ്പെടുന്നത്! കൊല്ലപ്പെടുന്നത്! അവിടെനിന്ന് വരുന്ന കാറ്റുകളില്‍ നിലവിളികളുടെയും സഹായാഭ്യാര്‍ഥനകളുടെയും മുഴക്കങ്ങളാണുള്ളത്. ചോരയുടെ നിറമാണ് അതിന്റെ ആകാശത്തിന്. മുറിവുകളുടെ ഗന്ധമാണ് ഭൂമിക്ക്.

ഈ കാര്യങ്ങളില്‍ കൂടുതല്‍ ചിന്തിച്ചപ്പോള്‍ എനിക്ക് ദൈവിക വചനങ്ങളിലേക്ക് മടങ്ങാനാണ് തോന്നിയത്. ഞാന്‍ ആത്മഗതം ചെയ്തു: എന്റെ സമുദായത്തിന് സഹായവും അന്തസ്സും നിര്‍ഭയത്വവുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവ നേടിയെടുക്കാന്‍  പ്രയാസങ്ങളും പീഢനങ്ങളും അനിവാര്യമാണ്. അതിനെ പ്രതിരോധിക്കാനുള്ള ശക്തി സമൂഹം നേടിയെടുക്കണം.

ഞാന്‍ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ എന്റെ യാത്ര ആരംഭിച്ചു. വിജയത്തെകുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. വിജയവും സഹായവും ആഗതമാകുമെന്ന പ്രതീക്ഷ എന്റെ മനസ്സില്‍ ഉറച്ചു. അനീതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഒരു സമൂഹം ഉയര്‍ന്നുവരുമെന്ന് എനിക്ക് വിശ്വാസം വന്നു. അല്ലാഹു പറയുന്നു: ‘ അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു.’ (2:251) ‘അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.’ (22:40) ‘സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിച്ചുനിര്‍ത്തുകതന്നെ ചെയ്യും. തീര്‍ച്ചയായും നന്ദികെട്ട ചതിയന്മാരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.’ (22:38) ഇത്തരം സൂക്തങ്ങള്‍ വായിച്ചപ്പോള്‍ വിജയത്തെ കുറിച്ച എന്റെ സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടു. എന്നാല്‍ ഞാന്‍ വിജയിക്കുന്നവരുടെ വിഭാഗത്തിലായിരിക്കുമോ എന്നത് മാത്രമായിരുന്നു സംശയം. നാമോരുരുത്തരും സ്വയം വിചാരണചെയ്യേണ്ട കാര്യമാണിത്. ഞാന്‍ വിജയിക്കുന്നവരില്‍ ഉള്‍പെടാന്‍ അര്‍ഹനാണോ?

ഇനി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിരറ്റ അനുഗ്രഹങ്ങള്‍ക്കിടയില്‍ നാമനുഭവിക്കുന്ന നിര്‍ഭയത്വത്തെ കുറിച്ച് അല്‍പം ആലോചിച്ച് നോക്കുക. നമ്മുടെതന്നെ ചില സഹോദരന്മാര്‍ രാവും പകലും തള്ളിനീക്കുന്നത് സ്‌ഫോടനങ്ങളുടെയും റോക്കറ്റുകളുടെയും ശബ്ദങ്ങള്‍ക്കിടയിലാണ്. അവിടെയുള്ള കുട്ടികളുടെയും സ്ത്രീകളുടെയും മനസ്സില്‍ ഭയം തളംകെട്ടിനില്‍ക്കുകയും മുഖങ്ങളില്‍ വേദന നിഴലിക്കുകയും ചെയ്യുന്നു. അവര്‍ക്ക് സര്‍വവിധ അനുഗ്രഹങ്ങളും നിഷേധിക്കപ്പെട്ടു തീ തിന്നുകഴിയുന്നവരാണവര്‍.
എന്റെ ചിന്ത ഇപ്രകാരം വികസിച്ചപ്പോള്‍ ഞാന്‍ വീണ്ടും ഖുര്‍ആനിന്റെ ശാദ്വലതീരത്തേക്ക് തിരിഞ്ഞു. നിര്‍ഭയത്വത്തിനും സുരക്ഷിതത്വത്തിനും ഇസ്‌ലാം അനുശാസിച്ചിട്ടുള്ള നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ ആലോചിച്ചു. വിശ്വാസം അതാണ് സുരക്ഷിതത്വമനുഭവിക്കാനുള്ള സുപ്രധാന നിബന്ധനയെന്ന് എനിക്ക് വിശുദ്ധ ഗ്രന്ഥം പഠിപ്പിച്ചുതന്നു. ഇഹത്തിലും പരത്തിലും അടിയുറച്ച വിശ്വാസംകൊണ്ട് മാത്രമെ നിര്‍ഭയത്വം നേടാന്‍ കഴിയൂ എന്നും ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറയുന്നു: ‘അന്ന് നന്മയുമായി വന്നെത്തുന്നവന് അതിലും മെച്ചപ്പെട്ട പ്രതിഫലം കിട്ടും. അന്നത്തെ കൊടുംപേടിയില്‍ നിന്ന് അവര്‍ തീര്‍ത്തും മുക്തരായിരിക്കും.’ (അന്നംല്:89) ‘സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ക്ക് തങ്ങളുടെ കര്‍മങ്ങളുടെ ഇരട്ടി പ്രതിഫലം കിട്ടും. അവര്‍ അത്യുന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നവരായിരിക്കും.’ (സബഅ്:37)

എന്നാല്‍ അവിശ്വാസികള്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ തിരിച്ചറിയാതെ നിര്‍ഭയരായി വസിക്കും. എന്നാല്‍ അവര്‍ക്ക് സമീപ ഭാവിയില്‍ തന്നെ പ്രയാസങ്ങള്‍ വരുന്നുണ്ട്. അല്ലാഹു പറയുന്നു: ‘നീചമായ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരിപ്പോള്‍ സമാശ്വസിക്കുകയാണോ; അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയില്ലെന്ന്? അല്ലെങ്കില്‍ വിചാരിക്കാത്ത ഭാഗത്തുനിന്ന് ശിക്ഷ അവര്‍ക്ക് വന്നെത്തുകയില്ലെന്ന്?’ (അന്നഹ്ല്‍:45) അവര്‍ അല്ലാഹുവിനും അവന്റെ പാര്‍ട്ടിക്കുമെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അല്ലാഹു അവര്‍ക്കെതിരെ അതിലും വലിയ തന്ത്രം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അവര്‍ ഒന്നും അറിയാത്തവരായി ദുരന്തത്തിലേക്ക് പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരം കുതന്ത്രങ്ങളെകുറിച്ചും അല്ലാഹു അവര്‍ക്കെതിരെ നടത്തിയ ഇടപെടലുകളെ കുറിച്ചും ഖുര്‍ആന്‍ പലയിടങ്ങളിലും വിശദീകരിക്കുന്നുണ്ട്. ചില യുദ്ധസംഭവങ്ങളെ ആധാരമാക്കി ഖുര്‍ആന്‍ നടത്തുന്ന വിലയിരുത്തലുകള്‍ ശ്രദ്ധേയമാണ്.
 
1) ‘നിങ്ങള്‍ അശക്തരായിരിക്കെ അല്ലാഹു നിങ്ങളെ ബദറില്‍ സഹായിച്ചിട്ടുണ്ട്’ (ആലുഇംറാന്‍:123) ഇവയെല്ലാം അല്ലാഹുവിന്റെ അനുവാദത്തോടെയും സഹായത്തോടെയുമാണ് നടന്നത്. മാത്രമല്ല കൃത്യമായ ആസൂത്രണങ്ങള്‍ ഇവക്ക് പിന്നിലുണ്ട്. എന്തെങ്കിലും പ്രയാസങ്ങള്‍ മുസ്‌ലിങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ അതിനും കാരണങ്ങളും പാഠങ്ങളും ഉണ്ടാവും. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കുതോന്നി. അപ്രകാരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.’ സത്യവിശ്വാസികളെ ചിലത് പഠിപ്പിക്കലായിരുന്നു ഇവിടെ ഉദ്ദേശം. ഇതും അല്ലാഹുവിന്റെ സഹായത്തിന്റെ ഒരു ഇനമാണ്.

2) ദൈവസഹായം ലഭ്യമാകാന്‍ ചില നിബന്ധനകള്‍ പ്രവാചകന്‍ എടുത്തുപറയുന്നുണ്ട്. അല്ലാഹുവിനെ സഹായിക്കാന്‍ സന്നദ്ധനാവുകയെന്നതാണ് ഒന്നാമത്തെത്. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.’
തന്റെ വാഗ്ദാനവും വിശ്വാസവും സത്യപ്പെടുത്തുകയെന്നതാണ് രണ്ടാമത്തെ കാര്യം. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.’
മൂന്നാമത്തെ സുപ്രധാന നിബന്ധനയാണ് ക്ഷമ. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ കാലങ്ങളോളം ക്ഷമയോടെ അതിജീവിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിജയത്തിലെത്താനാവൂ. ‘പ്രവാചകന്‍ നിരാശനാകുന്നതുവരെ’ (യൂസുഫ്:110) എന്നാണ് ക്ഷമയുടെ പരിധിയെകുറിച്ച് ഒരു സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ പറയുന്നത്. മറ്റൊരിടത്ത് ‘ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ദൈവ സഹായം എപ്പോഴാണുണ്ടാവുകയെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി.’ (അല്‍ബഖറ:214) എന്നാണ് മുന്‍ സമൂഹങ്ങളുടെ ക്ഷമയെകുറിച്ച് പറയുന്നത്.

യഥാര്‍ഥത്തില്‍ പരീക്ഷണങ്ങള്‍ സത്യത്തെ മിഥ്യയില്‍ നിന്നും വേര്‍ത്തിരിക്കാനുള്ള ഉരക്കല്ലാണ്. ഈ പരീക്ഷണങ്ങളില്‍ ആര്‍ ക്ഷമിച്ച് വഴിതെറ്റാതെ നിലനില്‍ക്കുന്നുവോ അവരാണ് സഹായത്തിന് അര്‍ഹമായവര്‍. അവര്‍ വിജയത്തിലെത്തുകതന്നെ ചെയ്യും. ഇത്തരത്തില്‍ വിശ്വാസത്തിലടിയുറച്ച് ക്ഷമിക്കുന്നവര്‍ക്ക് സഹായം നല്‍കുകയെന്നത് അല്ലാഹുവിന്റെ കടമയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ‘സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.’ (അര്‍റൂം:47)
പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ശക്തമാവുകയാണെങ്കില്‍ അല്ലാഹുവിന്റെ സഹായം സമീപസ്ഥമാണെന്നാണ് അതിനിര്‍ഥം. അല്ലാഹു പറയുന്നു: ‘അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ദൈവ സഹായം എപ്പോഴാണുണ്ടാവുകയെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.’ (അല്‍ബഖറ:214)

അല്ലാഹു അവന്റെ യുക്തിക്ക് യോജിക്കുന്ന തരത്തില്‍ സമൂഹങ്ങളെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. അവസാനമായി പറയാനുള്ളത് ഇപ്പോള്‍ എന്ത് പ്രയാസകരമായ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ക്ഷമിച്ച് ധീരരായി മുന്നോട്ട് പോവുകയാണെങ്കില്‍ തീര്‍ച്ചയായും പ്രതാപവും അഭിമാനവും നമ്മുടെത് തന്നെയാണ്. വിശ്വാസവും അല്ലാഹുവിലും അവന്റെ പ്രവാചകനിലുമുള്ള പ്രതീക്ഷയും വേണമെന്ന് മാത്രം. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളെ വെടിഞ്ഞ് സത്യനിഷേധികളെ ആത്മമിത്രങ്ങളായി സ്വീകരിക്കുന്നവരാണവര്‍. സത്യനിഷേധികളുടെ അടുത്തുചെന്ന് അന്തസ്സ് നേടിയെടുക്കാമെന്ന് അവര്‍ കരുതുന്നുവോ? എന്നാല്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്.’ ‘ എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.’

അതിനാല്‍ തന്നെ ഇഹലോക ജീവിതത്തില്‍ ലാഭകരമായ കച്ചവടങ്ങള്‍ നടത്താന്‍ തയ്യാറാകുക. ഐഹിക സുഖത്തിന് വേണ്ടി വിശ്വാസത്തെയും കര്‍മങ്ങളെയും വില്‍കരുത്. പകരം ലാഭകരമായ പരലോക സൗഖ്യത്തിന് വേണ്ടി ഇഹലോകത്തെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും വെടിയാന്‍ നിങ്ങള്‍ സന്നദ്ധരാകണം. ഇതാണ് വിജയത്തിലേക്കുള്ള ഒന്നാമത്തെ ചുവട്. ‘അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ.’ (9:111)
 
വിവ. ജുമൈല്‍ കൊടിഞ്ഞി  
 

Related Articles